Thursday 04 October 2018 02:56 PM IST : By ഉണ്ണി കെ. വാരിയർ

‘കിട്ടുമെന്നുറപ്പുണ്ടെങ്കിൽ കാത്തിരുന്നു കൂടെ..’; നീണ്ട പന്ത്രണ്ട് വർഷം, കാലത്തെ കരളുകൊണ്ട് ഉരുക്കിക്കളഞ്ഞ പ്രണയം!

sujith-remya

എന്തൊരു പ്രണയമാണിത്. കാലത്തെ കരളുകൊണ്ടു ഉരുക്കിക്കളഞ്ഞ പ്രണയം. ആദ്യം കേട്ടവർ ഇവനു വട്ടാണെന്നു പറഞ്ഞു. കല്യാണമുറപ്പിച്ചെന്നു കേൾക്കുമ്പോൾ അറിയാതെ പറഞ്ഞുപോകും, ‘നമ്മടെ സുജിത് കലക്കി’. പെരിങ്ങോട്ടുകര വടക്കുംമുറി ഏങ്ങണ്ടി ശങ്കരന്റെ  വീട്ടിൽ മകൻ ഇ.എസ്. സുജിത് കല്യാണം കഴിക്കുകയാണ്.

ചെമ്മാപ്പിള്ളി പൂക്കാട്ട് രാമചന്ദ്രന്റെ മകൾ രമ്യയെ. 12 കൊല്ലത്തിനിടയിൽ 48 തവണ നേരിൽ കണ്ടിട്ടും ഒരു വാക്കുപോലും സംസാരിച്ചില്ലെങ്കിലും നെഞ്ചിൽ കൊണ്ടു നടന്ന പ്രണയം. ഇരുകാലുകളും തളർന്നിട്ടും ജീവിതത്തെ പ്രസാദത്തോടെ കണ്ട രമ്യയ്ക്കു കാലം നൽകിയ സമ്മാനം. രമ്യയെ ഓട്ടോയിൽ  സ്കൂളിൽ കൊണ്ടുപോയി വിട്ടു അമ്മ അവിടെ കാത്തിരിക്കുമായിരുന്നു. രണ്ടു കാലുകൾക്കും തളർച്ച ബാധിച്ച കുട്ടിയെ തനിച്ചാക്കി പോകാൻ കഴിയില്ലല്ലോ? പത്താം ക്ലാസുവരെ അങ്ങനെയാണു പഠിച്ചത്.

തെങ്ങുകയറ്റ തൊഴിലാളിയായ രാമചന്ദ്രൻ  സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ചികിൽസയ്ക്കായി  ഉപയോഗിച്ചു. രമ്യയ്ക്കു ട്യൂഷൻ എടുക്കാനെത്തിയിരുന്ന സുജിത് ക്ലാസ് അവസാനിപ്പിച്ചു പോകുന്ന ദിവസം  പറഞ്ഞു ‘കല്യാണം കഴിക്കുന്നുവെങ്കിൽ അതു നിന്നെ മാത്രമാകുമെന്ന്. ഇല്ലെങ്കിൽ പിന്നെ തനിക്ക് വിവാഹമില്ലെന്ന്.’ എടുത്തു ചാട്ടമാണെന്നാണ് രമ്യയുടെ വീട്ടുകാർക്കും തോന്നിയത്. അവർ വിലക്കി. പരസഹായമില്ലാതെ  പുറത്തുപോകാൻ പറ്റാത്ത രമ്യയെ പിന്നീട് നേരിൽ കാണുന്നത് പോലും പ്രയാസമായി.

രണ്ടു ക്ഷേത്രങ്ങളിലെ നാലു ആഘോഷങ്ങൾക്കെത്തുമ്പോൾ  വർഷത്തിൽ നാലു തവണ ദൂരെനിന്നു ഇരുവരും കാണും. 12 വർഷത്തിനിടയിൽ കണ്ടതു 48 തവണ. പക്ഷേ പരസ്പരം ഒന്നും മിണ്ടിയില്ല.  അടുത്ത കാലത്തു സുജിത്തിന്റെ സുഹൃത്തു വീണ്ടും രമ്യയുടെ വീട്ടിലെത്തി കല്യാണക്കാര്യം പറഞ്ഞു. ടൈൽ പണിക്കാരനാണ് ഇന്ന് സുജിത്.

വീടു വച്ചു. 12 വർഷം കാത്തിരുന്ന പയ്യനെയും രമ്യയെയും കണ്ടില്ലെന്നു നടിക്കാൻ വീട്ടുകാർക്കായില്ല.  അതോടെ കല്യാണം നിശ്ചയിച്ചു.  പ്രണയംതന്നെ ആഘോഷമാക്കിയ ഇവരുടെ വിവാഹം വളരെ ലളിതമായ ചടങ്ങളോടെ നടക്കും. കാത്തിരിപ്പിനെക്കുറിച്ചു സുജിത്തിനു പറയാനുള്ളതു ഇത്രമാത്രം, ‘കിട്ടുമെന്നുറപ്പുണ്ടെങ്കിൽ കാത്തിരുന്നു കൂടെ.’

കൂടുതൽ വായനയ്ക്ക്