Wednesday 25 July 2018 02:41 PM IST : By സ്വന്തം ലേഖകൻ

കൊച്ചിയെ സ്തംഭിപ്പിച്ച് സണ്ണി ലിയോൺ ആരാധകർ; ഷോപ്പ് ഉടമയ്ക്കെതിരെ കേസ്

Sunny-Leone---Kochi.jpg.image.784.410 ചിത്രം: റോബർട്ട് വിനോദ്

ബോളിവുഡ് താരം സണ്ണി ലിയോൺ മൊബൈൽ ഷോപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതു മൂലം എംജി റോഡിൽ ഗതാഗതം തടസപ്പെട്ട സംഭവത്തിൽ ഷോപ്പ് ഉടമയ്ക്കെതിരെയും കണ്ടലറിയാവുന്ന ഏതാനും പേർക്കെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പൊതുറോ‍ഡിൽ ഗതാഗതം തടസപ്പെടുത്തിയതിനാണു കേസെടുത്തിരിക്കുന്നത്. അനധികൃതമായി വാഹനം പാർക്ക് ചെയ്തവർക്കു പിഴ ചുമത്തുകയും ചെയ്തതായി സെൻട്രൽ പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയോടെയാണ് സണ്ണി ലിയോൺ എംജി റോഡിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിനു മുന്നിലുള്ള മൊബൈൽ ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയത്. സണ്ണി ലിയോണിനെ ഒരുനോക്കു കാണുന്നതിനായി ആയിരങ്ങൾ ഇവിടെ തടിച്ചു കൂടിയിരുന്നു. തിരക്കു മൂലം പലപ്പോഴും എംജി റോഡിൽ ഗതാഗതം തടസപ്പെട്ടു. എസ്ബിഐ ശാഖയുടെ മുകളിലും അതുവഴി കടന്നു പോയ ബസിന്റെ മുകളിലും കയറിയിരുന്നാണു പലരും താരത്തെ ഒരു നോക്കു കണ്ടത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പൊലീസ് ലാത്തി വീശി.

മെട്രോയുടെ ഭാഗമായി എംജി റോഡിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ബാരിക്കേഡ് തിരക്കിൽ തകർന്നു വീണു. വേദിക്കു തൊട്ടടുത്തുണ്ടായിരുന്ന എടിഎം കൗണ്ടറിനു മുകളിലെ നെയിം ബോർഡിൽ ആളുകൾ കയറിയതോടെ അതു താഴെവീഴുകയും ചെയ്തിരുന്നു. ഇതൊക്കെയാണ് മൊബൈൽ ഷോപ്പ് ഉടമയ്ക്കെതിരെ കേസെടുക്കാൻ കാരണം.

കൂടുതൽ വായനയ്ക്ക്