Tuesday 11 September 2018 02:20 PM IST : By സ്വന്തം ലേഖകൻ

കാഞ്ചീപുരം ക്ഷേത്രത്തിൽ ഭിക്ഷയെടുത്ത് റഷ്യൻ യുവാവ്; സഹായം ഉറപ്പാക്കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

russian-begging

കഴിഞ്ഞ ചൊവ്വാഴ്ച തമിഴ്‌നാട്ടിലെ കാഞ്ചീപുരം ക്ഷേത്രത്തിലെത്തിയ ഭക്തർ ഒന്ന് ഞെട്ടി. ക്ഷേത്രനടയിൽ ഭിക്ഷയിരിക്കുന്ന റഷ്യക്കാരനെ കണ്ടാണ് എല്ലാവരും അന്തംവിട്ടു നിന്നത്. തലയിൽ വച്ച തൊപ്പി ഊരി ഭിക്ഷ യാചിക്കുന്ന ആ റഷ്യക്കാരൻ 24 വയസുകാരനായ എവ്‌ജിനി ബേർഡ്നിക്കോവ് ആയിരുന്നു.

എവ്‌ജിനിയുടെ ഈ ദുരവസ്ഥയ്ക്ക് കാരണം എടിഎം കാർഡ് ലോക്കായതാണ്. പലതവണ തെറ്റായി പിൻ നമ്പർ അടിച്ചതാണ് കാർഡ് ലോക്കാവാനുള്ള കാരണം. ഇതോടെ പണമെടുക്കാൻ കഴിയാതെ വന്നു. പണത്തിനു മറ്റു നിവൃത്തിയില്ലാതെ വന്നപ്പോഴാണ് എവ്‌ജിനി ഭിക്ഷയെടുക്കാൻ തയാറായത്.

ചിലർ എവ്‌ജിനിക്ക് ഭിക്ഷ നൽകാൻ തയാറായി. മറ്റു ചിലരാണ് സംഭവം പൊലീസിൽ അറിയിച്ചത്. ഇതോടെ അവർ സംഭവ സ്ഥലത്തെത്തി എവ്‌ജിനിയെ കസ്റ്റഡിയിൽ എടുത്തു. എവ്‌ജിനിയുടെ പാസ്‌പോർട്ടും രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം അദ്ദേഹത്തെ റിലീസ് ചെയ്തു. ഇതിനിടെ എവ്‌ജിനി ഭിക്ഷ യാചിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

സംഭവം വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ റഷ്യൻ യുവാവിന് രക്ഷയായി. റഷ്യൻ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സുഹൃത്താണെന്നും, തന്റെ ഒഫിഷ്യൽസ് ഉടൻ ചെന്നൈയിൽ എത്തുമെന്നും, എവ്‌ജിനിക്ക് തിരിച്ചുപോകാനുള്ള എല്ലാ സൗകര്യവും ഒരുക്കി നൽകുമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. സെപ്റ്റംബർ 24 നാണ് എവ്‌ജിനി ഇന്ത്യയിലെത്തിയത്.