Thursday 16 August 2018 04:40 PM IST : By സ്വന്തം ലേഖകൻ

ഇത് ഒറിജിനലിനെ വെല്ലും കെഎസ്ആർടിസി ബസുകൾ! ശ്യാംകുമാറിന്റെ മിനിയേച്ചർ നിർമാണം കാണാം, വിഡിയോ

syam1

നാട്ടുവഴികളിലൂടെയും മലയിടുക്കുകളിലൂടെയുമെല്ലാം മഴയത്തും കാറ്റത്തുമെല്ലാം ഓടി നടക്കുന്ന ആനവണ്ടി എന്ന് സ്നേഹത്തോടെ പേരിട്ടു വിളിക്കുന്ന കെഎസ്ആർടിസി ബസുകൾക്ക് ഏറെ രൂപമാറ്റം സംഭവിച്ചിരിക്കുന്നു. ഇടയ്ക്കെങ്കിലും വഴിയിലിട്ടിട്ടുണ്ടെങ്കിലും കെഎസ്ആർടിസി ബസുകളോട് മലയാളികൾക്ക് വല്ലാത്ത ഒരു അടുപ്പമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ച ഈ ചിത്രങ്ങൾ കണ്ട് എല്ലാവരും എടുത്തുനോക്കി. പലരും വീണ്ടും ഒന്ന് എടുത്തു നോക്കി. ഇതേതോ പഴയ സിനിമയിലെ സീൻ അല്ലേ....അല്ലേ...അല്ലല്ലേ.

syam2

‘എന്റെമ്മോ ഇതേതോ പയയ്ൻ ഉണ്ടാക്കീതാണെന്ന്...സമ്മതിച്ചു കൊടുക്കണം.’ പലരും പറഞ്ഞു. അതേ ശ്യാം കുമാർ എന്ന യുവാവിന്റെ വീട്ടിൽ ഉണ്ടാക്കിയ സെറ്റ് ആണ് ഇത്. കൊന്റ്കെ ഓട്ടോമൊബൈൽസ് എന്ന പേരിൽ ശ്യാംകുമാര്‍ ആചാര്യ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും അത്രമേല്‍ നിങ്ങളെ അത്ഭുതപ്പെടുത്തും തീര്‍ച്ച. കെഎസ്ആർടിസി ബസുകളുടെ മിനിയേച്ചർ ുണ്ടാക്കുന്നതിൽ ഒരു എക്സ്പേർട്ട് ആണ് ശ്യാം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശ്യാം ബസുകളുടെ ചെറുരൂപങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്.

syam4

ആദ്യം ചെറുതായി നിര്‍മ്മാണം ആരംഭിച്ച ശ്യാമിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓരോ ബസുകള്‍ നിര്‍മ്മിച്ച് കഴിയുമ്പോഴും പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് തന്നെ. അങ്ങനെ കെ.എസ്.ആര്‍.ടി.സി.യുടെ പഴയ രൂപം മുതല്‍ ഇങ്ങോട്ട് ജൻ‌റം, എസി ബസുകള്‍ വരെ ഈ 27 കാരന്‍ നിര്‍മ്മിച്ചു. കൂടാതെ ബസുകളോടുള്ള പ്രണയം മൂത്ത് പ്രൈവറ്റ് ബസുകളേയും നിര്‍മ്മിക്കുന്നുണ്ട് ശ്യാം. നാട്ടില്‍ നിന്നും പ്രൈവറ്റ് ബസ് അസോസിയേഷന്റേതും അല്ലാതെയമൊക്കെയായി ശ്യാമിനെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി.

syam6

യൂട്യൂബില്‍ ബസ് നിര്‍മ്മിക്കുന്നതിന്റെ മെയ്ക്കിങ് വീഡിയോ ഉള്‍പ്പെടെ ശ്യാം പോസ്റ്റ് ചെയ്തതോടെ വീഡിയോ കണ്ട ആളുകള്‍ ഇപ്പോള്‍ അന്തം വിട്ടിരിക്കുകയാണ്. കാരണം അത്രമേല്‍ തന്‍മയത്വത്തോടെയാണ് ശ്യാം തന്റെ കരവിരുത് കാണിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ബസുണ്ടാക്കാനായി ഭീമമായ തുക ചെലവിടുന്നില്ല ഈ കലാകാരന്‍ എന്നതാണ് ശ്യാമിനെ വ്യത്യസ്തനാക്കുന്നതും. ഉപയോഗം തീര്‍ന്ന എണ്ണ പാട്ടകള്‍ പിന്നെ നമ്മുടെ ചുറ്റുപാടില്‍ നിന്ന് കിട്ടുന്ന വസ്തുക്കള്‍ പെയിന്റ് പശ തുടങ്ങി പണം തുച്ഛമായി ചെലവിട്ടാണ് നിര്‍മ്മാണം. നല്ലൊരു ആര്‍ട്ടിസ്റ്റാകണം സിനിമാ മേഖലയില്‍ എത്തണം എന്നതൊക്കെയാണ് ശ്യാം സ്വപ്നം കാണുന്നത്. കടുത്തുരുത്തി ഞീഴൂര്‍ സ്വദേശിയായ ശ്യംകുമാർ ആചാര്യ റിട്ട: അധ്യാപകനായ സുകുമാരന്റെയും ഓമനയുടെയും മകനാണ്.