Friday 17 August 2018 03:48 PM IST : By സ്വന്തം ലേഖകൻ

‘ഇതാണ് യഥാർത്ഥ കോടീശ്വരൻ!!’ 10 കോടിയുടെ ഓണം ബംപർ മൂട്ടക്കരമ്മൽ മുസ്‌തഫയ്ക്ക്

mustafa-onam ഓണം ബംപറിന്റെ ഒന്നാം സമ്മാനം നേടിയ മുസ്തഫ, സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് മാനേജർ സന്ധ്യയ്ക്ക് കൈമാറുന്നു.

സംസ്‌ഥാന സർക്കാരിന്റെ ഓണം ബംപർ 10 കോടി കിട്ടിയത് പരപ്പനങ്ങാടി മൂട്ടക്കരമ്മൽ മുസ്‌തഫയ്‌ക്ക്(48). സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഭാഗ്യം കടാക്ഷിച്ച എ ജെ 442876 ടിക്കറ്റുമായി മുസ്‌തഫ ബാങ്കിലെത്തിയത്. തേങ്ങാ കച്ചവടക്കാരനായിരുന്ന ഉപ്പയുടെ കൂടെ വണ്ടി ഓടിക്കലായിരുന്നു ജോലി. സ്വന്തമായി തേങ്ങാ കച്ചവടം നടത്താൻ ആലോചിച്ചിരിക്കുമ്പോഴാണ് ഭാഗ്യം കടാക്ഷിച്ചത്. ഭാര്യയും നാലു കുട്ടികളുമുണ്ട്.

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ടിക്കറ്റും ഏറ്റവും വിലമതിപ്പുള്ള സമ്മാനവുമായിരുന്ന ഇത്തവണത്തെ ഓണം ബംപറിന്റെ പ്രത്യേകത. ഒരു ലോട്ടറിക്ക് 250 രൂപയായിരുന്നു വില. ഒന്നാം സമ്മാനമാകട്ടെ, 10 കോടി രൂപയും. നികുതി കിഴിച്ച് ഏകദേശം ആറരക്കോടിയോളം രൂപ മുസ്തഫയ്ക്കു ലഭിക്കും. തിരൂരിലെ കെഎസ് ഏജൻസിയിൽനിന്ന് പരപ്പനങ്ങാടിയിലെ ഐശ്വര്യ സബ് എജൻസി വാങ്ങിയ ഈ ലോട്ടറി കൊട്ടന്തല പൂച്ചേങ്ങൽകുന്നത്ത് ഖാലിദാണ് വിറ്റത്.

സമ്മാനത്തുകയായ 10 കോടി രൂപയിൽ ഏജൻസി കമ്മിഷനായി ഒരു കോടി രൂപ ലഭിക്കും. അതിൽനിന്ന് 10 ലക്ഷം രൂപ നികുതി കിഴിച്ച് ബാക്കി വിൽപനക്കാരനുള്ളതാണ്. നറുക്കെടുപ്പ് കഴിഞ്ഞതു മുതൽ ‘ഇതാണു ഞങ്ങൾ പറഞ്ഞ കോടീശ്വരൻ’ എന്ന അടിക്കുറിപ്പോടെ പലരുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെങ്കിലും യഥാർഥ കോടീശ്വരൻ ഇപ്പോഴാണ് വെളിച്ചത്തു വരുന്നത്.

കൂടുതൽ വായനയ്ക്ക്