Thursday 16 August 2018 05:00 PM IST

സ്വർഗമായിരുന്നു ഞങ്ങളുടെ വീട്! രാജാറാമിന്‍റെ ഒാര്‍മകളില്‍ താരാ കല്യാണും സൗഭാഗ്യയും

Lakshmi Premkumar

Sub Editor

thara1 സൗഭാഗ്യ, താര ചിത്രങ്ങള്‍- സരിന്‍ രാംദാസ്

ആശുപത്രിയിലെ തണുത്തുറഞ്ഞ ഐസിയുവിൽ നിന്നു രാജാറാമിന്റെ ശരീരം പുറത്തേക്കെടുത്തപ്പോൾ താരാ കല്യാൺ മനസ്സില്‍ പതിയെ പറഞ്ഞു, ‘ഞാൻ ക്ഷമിച്ചു, ദൈവത്തോട്...’ ഒമ്പത് ദിവസം ആ ചില്ലുകൂടിനു മുന്നില്‍ നിന്ന് വിളിക്കാത്ത ദൈവങ്ങളില്ല. ഒരു തവണയെങ്കിലും ആശ്വാസത്തിന്റെ ഒരു ചെറിയ സന്ദേശം എത്തുമെന്ന് കൊതിച്ചു. പക്ഷേ, കേൾക്കാനിഷ്ടമില്ലാത്ത കാര്യങ്ങൾ മാത്രമേ ഡോക്ടർമാർക്ക് പറയാനുണ്ടായിരുന്നുള്ളൂ. ‘‘എല്ലാം വിധിയാണ്. അല്ലെങ്കിൽ ഒരു പനി പിടിച്ച് ഇക്കാലത്ത് ആരെങ്കിലും മരിക്കുമോ?’’ കണ്ണുകൾ പരസ്പരം ഉടക്കാതെ ശ്രദ്ധിച്ച് താരാ കല്യാണും അമ്മ സുബ്ബലക്ഷ്മിയും പറയുന്നു.

‘‘അച്ഛന്റെ വാച്ച് കെട്ടിയേ ഞാന്‍ പരീക്ഷകൾ എഴുതാൻ പോകാറുള്ളൂ.’’ സൗഭാഗ്യ ഒാര്‍ക്കുന്നു. ‘‘അതു കൂടെയുണ്ടെങ്കിൽ ഏത് വിഷമമുള്ള പരീക്ഷയും ജയിക്കുമെന്ന ധൈര്യമായിരുന്നു എനിക്ക്. സാക്കുട്ടി എന്നാണ് അച്ഛൻ ആളുകളുടെ മുന്നിൽവച്ചു വിളിക്കാറ്. അല്ലാത്ത സമയങ്ങളിലെല്ലാം കിളവി എന്നും.

സ്വർഗമായിരുന്നു ഞങ്ങളുടെ വീട്. അമ്മ മിക്കപ്പോഴും ഡാന്‍സിന്‍റെയും സീരിയലിന്‍റെയും ഒക്കെ തിരക്കിലായിരിക്കും. എപ്പോഴും തമാശ പറയുന്ന, ചിരിക്കുന്ന അച്ഛനെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഭയങ്കര ബ്യൂട്ടി കോൺഷ്യസായിരുന്നു. സൗന്ദര്യം ഇല്ലാതാകുന്ന ഒരു പരിപാടിക്കും നിന്നു തരില്ല. എന്നെ സ്കൂളിൽ കൊണ്ടു വിടുമ്പോള്‍ എല്ലാവരും ചോദിക്കും ‘ആങ്ങളയാണോ’ എന്ന്. അതൊക്കെ കേൾക്കുന്നത് ഭയങ്കര ഇഷ്ടമായിരുന്നു. എന്നോടു പറയും. ‘കെളവീ, നീയെന്തിനാ അച്ഛനാണെന്ന് പറഞ്ഞത്, ബോയ്ഫ്രണ്ടാണെന്ന് പറഞ്ഞാൽ പോരാരുന്നോ...?’’

തിരുവനന്തപുരത്തെ ഡാൻസ് സ്കൂളിന് ‘ശിവാലയ’ എ ന്നു പേര് നൽകിയത് രാജേട്ടനായിരുന്നുവെന്ന് താര. ‘‘പിന്നീട് കൊച്ചിയിലേക്ക് വന്നപ്പോൾ താരാ കല്യാൺ സ്കൂൾ എന്നാക്കി. കൊച്ചിയിൽ ബ്രാൻഡ്നെയിമിനേ മൂല്യമുണ്ടാകൂവെന്ന് രാജേട്ടന് അറിയാമായിരുന്നു. സ്വന്തം കാര്യത്തിൽ ഭാഗ്യം അൽപം കുറവാണെങ്കിലും രാജേട്ടൻ തൊടുന്നതെല്ലാം പൊന്നായിരുന്നു. പരിപാടി സംഘടിപ്പിക്കുന്നതും പോസ്റ്റർ ഡിസൈൻ ചെയ്യുന്നതും എല്ലാം അദ്ദേഹം തന്നെ. എനിക്കും മോൾക്കും ഡാൻസ് കളിച്ചാൽ മാത്രം മതി. ഇനി വരുന്ന നവരാത്രിക്ക് എന്തു ചെയ്യണമെന്ന് ഞങ്ങൾക്ക് ഒരു പിടിയുമില്ല.’’

thara4 രാജാറാം

സൗഭാഗ്യ: പനി കൂടി ഐസിയുവിൽ കിടക്കുന്ന ഒരു ദിവസം അച്ഛൻ പറഞ്ഞു, ‘ഈ സിസ്റ്റർമാരെല്ലാം എന്നെ അച്ഛാ എന്നാ വിളിക്കുന്നത്. എന്റെയൊരു നല്ല ഫോട്ടോ നീ കാണിച്ചു കൊടുക്ക്. എനിക്കത്ര പ്രായമൊന്നുമില്ലെന്ന് അറിയട്ടെ.’

ഐസിയുവിൽ ആറേഴ് ദിവസം കിടന്നതു െകാണ്ടു താടി യൊക്കെ വളർന്നിരുന്നു. അച്ഛന്റെ നിർബന്ധപ്രകാരം ഒ രു ബ്യൂട്ടീഷ്യനെ കൊണ്ടുവന്ന് താടിയൊക്കെ കളഞ്ഞു. അച്ഛൻ പറഞ്ഞതനുസരിച്ച് അപ്പോൾ ഐസിയുവിലുണ്ടായിരുന്ന എല്ലാവരേയും താടിയൊക്കെ കളഞ്ഞ് സുന്ദരക്കുട്ടപ്പൻമാരാക്കി.

ജോലികള്‍ തന്നെ പ്രധാനം

താര: വൈറ്റിലയിൽ ഒരു ഇവന്റ് ഏറ്റെടുത്ത് ചെയ്യുന്നതിനിടയിലാണ് വൈറല്‍പനി വന്നത്. ഔട്ട്ഡോർ വർക്കായിരുന്നു. മഴയൊന്നും വകവയ്ക്കാതെ ജോലി ചെയ്തു. പനിയുള്ള ദിവസം വീട്ടിലിരുന്നു വിശ്രമിക്കാന്‍ ഞാൻ പറഞ്ഞതാണ്. പക്ഷേ, ജോലിയായിരുന്നു പ്രധാനം. പനി കൂടിയും കുറഞ്ഞും വന്നു. ഡോക്ടറെ കാണിച്ചപ്പോൾ എല്ലാ ടെസ്റ്റുകളും നെഗറ്റീവായിരുന്നു. ഡെങ്കിയോ മഞ്ഞപ്പിത്തമോ ഒന്നും ഉണ്ടായിരുന്നില്ല. ജലദോഷപ്പനിയാകുമെന്നു കരുതി ഞങ്ങളും സമാധാനിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ശ്വാസം മുട്ടൽ തുടങ്ങി. പരിശോധനകളിൽ ശ്വാസകോശം ക്ലിയറാണെന്നാണ് റിസൽറ്റ്.

കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് അണുബാധയായി. അപ്പോൾത്തന്നെ അമൃത ആശുപത്രിയിലേക്ക് മാറ്റി. മുക്കാൽ ഭാഗത്തോളം ശ്വാസകോശവും അണുബാധയിലാണെന്ന് അപ്പോഴാണ് അറിയുന്നത്. ഒമ്പതു ദിവസം ഐസിയുവിൽ കിടന്നു. സ്ഥിതി മോശമായപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റി. അപ്പോഴും രാജേട്ടനു ബോധമുണ്ടായിരുന്നു. മോളോട് പറഞ്ഞു. ‘അമ്മയെ നന്നായി നോക്കണം’.

ഞാനില്ലാതെ ഇതുവരെ രാജേട്ടൻ എവിടേക്കും പോയിട്ടില്ല. ഇപ്പോഴും മോളില്ലായിരുെന്നങ്കിൽ ഞാനും രാജേട്ടനൊപ്പം പോകുമായിരുന്നു. ഞങ്ങൾ ഒന്നിച്ചു കളിച്ചു ചിരിച്ചു നടന്ന വീട്ടിൽ നിന്ന് ഒരാൾ പെട്ടെന്നങ്ങ് ഇല്ലാതാവുക. എന്റെ ദുഃസ്വപ്നങ്ങളിൽ പോലും അങ്ങനെയൊരു ചിന്തയുണ്ടായിരുന്നില്ല. പക്ഷേ, പൊരുത്തപ്പെടണം. എന്റെ മകൾക്ക് എന്നെ വേണം.

അവൾ ചിലപ്പോള്‍ അച്ഛനെ തമ്പി എന്ന് വിളിക്കും. എന്നിട്ടു പറയും, ‘ഡാഡി എനിക്ക് ചിന്ന ബ്രദർമാതിരി’ എന്ന്. ആദ്യ ദിവസങ്ങളിൽ അവൾ ഒരുപാടു കരഞ്ഞു. വീട്ടിൽ എന്നേക്കാൾ‌ കൂടുതൽ സമയം അച്ഛനോടൊപ്പം ചെലവഴിക്കുന്നത് അവളാണ്. അച്ഛനില്ലാത്ത വീടിനെക്കുറിച്ച് അവൾക്കു ചിന്തിക്കാനാകില്ലായിരുന്നു. പക്ഷേ, പിന്നീട് ഞാൻ വിഷമിക്കേണ്ടെന്ന് കരുതിയാകും അവള്‍ സ്ട്രോങ്ങായി. ഡാഡിക്ക് അവസാനം കൊടുത്ത വാക്കു പോലെ എന്റെ നിഴലായി...

അവൻ മരുമകനല്ലൈ, മകൻ താൻ

സുബ്ബലക്ഷ്മി: ഒരിക്കൽ പോലും രാജയെ മരുമകനായി ക ണ്ടിട്ടില്ല. രാജയുടെ അമ്മ ആകെ പറഞ്ഞിട്ടുള്ളത് ‘എന്റെ മക ൻ ഉനക്ക് മകനായിരിക്ക വേണം’ എന്നാണ്. അത് എപ്പോഴും ഞാൻ പാലിച്ചിട്ടുണ്ട്. രാജ വീട്ടിൽ വന്നാല്‍ പിന്നെ ഉത്സവമേളമാണ്. ആദ്യമായി ഞാൻ അഭിനയിക്കുന്നതു പോലും രാജാ പറഞ്ഞിട്ടാണ്. ഒരു ദിവസം അവൻ ചോദിച്ചു, ‘മാമീ ഉങ്കൾക്ക് അഭിനയിക്കണമാ?’ ഞാൻ പറഞ്ഞു ‘ഓക്കെ’ എന്തിനും റെഡി.

ഭാഗവതരായും പൊലീസായും വിവിധ വേഷങ്ങൾ കെട്ടിപാടാനും ആടാനുമെല്ലാം പറഞ്ഞു. അതെല്ലാം ക്യാമറയിൽ പകർത്തി. ഞാൻ അഭിനയിക്കുന്നതും സംസാരിക്കുന്നതുമെല്ലാം എന്നേക്കാൾ നന്നായി രാജ കാണിക്കും. എല്ലാവരേയും ചിരിപ്പിക്കാനുള്ള അപൂർവ കഴിവുണ്ടായിരുന്നു. അതൊന്നും എവിടേയും അംഗീകരിക്കപ്പെട്ടില്ലെന്ന സങ്കടം ഞങ്ങൾക്ക് ഒരിക്കലും മാറില്ല. വീടിന്റെ വിളക്ക് അണഞ്ഞു. ഇനിയൊരിക്കലും ആ വെളിച്ചമുണ്ടാകില്ലല്ലോ. പക്ഷേ, കരഞ്ഞിരിക്കുന്ന ഞങ്ങളെ രാജക്കിഷ്ടമല്ല.

സൗഭാഗ്യ: അമ്മമ്മയെ കളിപ്പിക്കുന്നതായിരുന്നു അച്ഛന്റെ ഏറ്റവും വലിയ വിനോദം. ഒരു ഏപ്രിൽ ഫൂളിന് അച്ഛൻ ചിമ്പുവിന്റെ ശബ്ദത്തിൽ അമ്മമ്മയെ വിളിച്ചു. ‘വിെെണ്ണതാണ്ടി വരുവായാ’ രണ്ടാം ഭാഗം എടുക്കുകയാണ്. അതിൽ തൃഷ യുടെ വയസ്സായ രൂപം ചെയ്യുന്നത് അമ്മമ്മയാണെന്നൊക്കെ പറഞ്ഞു. അമ്മമ്മ ആകെ എക്സൈറ്റഡായി. ‘റൊമ്പ നന്ദ്രി ഡാ കണ്ണാ, മുത്തേ..’ എന്നൊക്കെ പറയുന്നത് ഫോണിലൂടെ കേൾക്കാം. ഫോൺ തൃഷയ്ക്ക് കൊടുക്കാമെന്നു പറഞ്ഞ് അ ച്ഛൻ എനിക്കു തന്നു. ഞാൻ സത്യം പറഞ്ഞു. കുറച്ച് ദിവ സം കഴിഞ്ഞ് യഥാർഥ ഗൗതം മേനോൻ ഒരു സിനിമയുടെ കാര്യം പറയാൻ വിളിച്ചു. ഉടൻ അമ്മമ്മ ‘നീ രാജായല്ലേ, എന്നെ പറ്റിക്കാൻ നോക്കണ്ടെടാ കണ്ണേ...’ എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

thara2 സുബ്ബലക്ഷ്മി, താരാകല്യാൺ, സൗഭാഗ്യ

പൊട്ടിച്ചിരികളുടെ മാത്രം വീട്

രാത്രി പന്ത്രണ്ടു മണിയായാലും ഞങ്ങളുടെ വീട്ടിൽ ചിരി ബഹളമാണ്. അച്ഛൻ പറയുന്ന കോമഡികള്‍ പിന്നെ, പല ചാനലുകളിലെ സ്കിറ്റുകളില്‍ കേൾക്കുമ്പോൾ ഞാൻ പറയും ‘ദേ അച്ഛൻ പണ്ടു പറഞ്ഞ കോമഡി.’ അപ്പോൾ അച്ഛൻ ചുറ്റും േനാക്കി, ‘ഞാൻ പറഞ്ഞില്ലേ എന്റെ ക്രിയേറ്റിവിറ്റി കട്ടോണ്ട് പോകാൻ ആരോ ഇവിടെ ഒളിച്ചു നിൽക്കുന്നുണ്ട്.’ എന്നു പറഞ്ഞ്, കള്ളനെ പിടിക്കാൻ പോകുന്നപോലെ അഭിനയിക്കും. ചിലപ്പോൾ എന്റെ ക്രൂരയായ അമ്മായിഅമ്മയായി അഭിനയിക്കും. ഞാനും അമ്മയും ചിരിയോട് ചിരിയാരിക്കും. ഞങ്ങളായിരുന്നു അച്ഛന്റെ ഏറ്റവും നല്ല പ്രേക്ഷകർ.

താര: ടെലിവിഷൻ സജീവമായ കാലത്ത് ആൽബവും ടെലിസീരിയലുകളും ചെയ്ത് വിജയിപ്പിച്ചയാളാണ് അദ്ദേഹം. അഭിനയിക്കും, പാട്ടു പാടും, സംവിധാനം ചെയ്യും, കഥയെഴുതും മൃദംഗം വായിക്കും, നൃത്തം ചെയ്യും. പക്ഷേ, എവിടേയും എത്തിയില്ല. അംഗീകരിക്കപ്പെട്ടില്ല. രാജേട്ടന്റെ ആത്മാവ് സങ്കടപ്പെടുന്നുണ്ടെങ്കിൽ അത് ഈ കാര്യത്തിൽ മാത്രമായിരിക്കും. പലരും അവസരം നൽകാം എന്ന് പറഞ്ഞ് മോഹിപ്പിച്ച് ചതിച്ചു. പലരും അവരുടെ വഴികൾ നന്നാക്കാൻ ഉപയോഗിച്ച് ഉപേക്ഷിച്ചു.

പക്ഷേ, ഒരിക്കലും രാജേട്ടൻ സങ്കടപ്പെട്ടിട്ടില്ല. രാജേട്ടൻ ന ൽകിയ അവസരത്തിലൂടെ വളർന്നവരുടെ അഭിമുഖം ടിവിയി ൽ വരുമ്പോൾ അദ്ദേഹം ഇരുന്നു കാണും. ഒരുവട്ടമെങ്കിലും രാജയുടെ പേര് പറയുന്നുണ്ടോ എന്നറിയാൻ. ആരും പറയില്ല. അപ്പോൾ രാജേട്ടൻ പറയും, ഞാൻ വലിയൊരു ആളായിരുന്നെങ്കിൽ എല്ലാവരും എന്റെ പേര് പറയുമായിരുന്നു. അടുത്ത ജന്മത്തിലെങ്കിലും ഞാൻ എന്റെ ആഗ്രഹങ്ങൾ നേടിയെടുക്കും.

മരിച്ചപ്പോഴും പല പത്രങ്ങളും വിശേഷിപ്പിച്ചത് ജൂനിയർ ആർട്ടിസ്റ്റ് എന്നാണ്. നായകനായും വില്ലനായും രാജേട്ടൻ താരമായിരുന്ന ഇരുപതോളം സീരിയലുകളുടെ കാര്യം എല്ലാവരും മറന്നു. പല സ്ഥലത്തു നിന്നും ഒരുപാട് അവഗണനക ൾ ഉണ്ടായിട്ടുണ്ട്, പക്ഷേ, അതിലൊന്നും തളർന്നു പോകുന്നയാളായിരുന്നില്ല. ഓരോ ദിവസവും എന്തെങ്കിലും ക്രിയേറ്റീവായിട്ടുള്ള പരിപാടിയുടെ ഐഡിയ കണ്ടുപിടിക്കും. അഭിനയിച്ച് മമ്മൂട്ടിയെ പോലെയാകുകയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മോഹം. ഡബ്സ്മാഷ് വിഡിയോ എന്ന ആശയം വന്നപ്പോൾ അതിൽ ഏറ്റവും സന്തോഷിച്ച വ്യക്തി രാജേട്ടനായിരിക്കും. അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെല്ലാം വിഡിയോയിലൂടെ പൂർത്തിയാക്കുകയായിരുന്നു.

thara3

എപ്പോഴും ചിരിക്കാന്‍ െകാതിച്ച്

രാജേട്ടന് അച്ഛനും അമ്മയും നഷ്ടപ്പെട്ടതാണ്. മൂത്ത ചേച്ചി രാജലക്ഷ്മിയാണ് അമ്മയുടെ സ്ഥാനത്ത്. അവസാനമായി രാജേട്ടൻ ഉറങ്ങുന്നതും ആ വീട്ടിലാണ്.

അമ്പത് വയസ് വരെയേ ജീവിക്കൂ എന്ന് രാജേട്ടൻ ഇടക്കിടെ പറയുമായിരുന്നു. മരിക്കുമ്പോൾ കൃത്യം അൻപത്തി മൂന്ന് വയസ്. വീട്ടിൽ ഒരു തമിഴ് സ്ത്രീ ജോലിക്കു വരാറുണ്ട്. അവർ രാജേട്ടനെ കാണുമ്പോൾ എപ്പോഴും പാട്ടു പാടും. ഒരു ദിവസം രാജേട്ടൻ അവരോടു പറഞ്ഞു, മാമീ , ഒരു ദിവസം ഞാനീ ഹാളിൽ മരിച്ച് കിടക്കും. അന്നു നിങ്ങൾ വന്ന് ‘അയ്യോ എൻ പാപ്പാ സത്ത് പോയിട്ടേൻ’ എന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് കരയണം എന്ന്. എങ്ങനെ ചെയ്യണമെന്ന് അഭിനയിച്ച് കാണിച്ചു കൊടുക്കുകയും ചെയ്തു. അന്ന് എല്ലാവരും ഒരുപാടു ചിരിച്ചു. വാക്കുകള്‍ അറംപറ്റുമെന്ന് തോന്നിയില്ല. രാജേട്ടൻ മരിച്ച ദിവസം ആ സ്ത്രീ വന്നു, പണ്ടു പറഞ്ഞു െകാടുത്ത പോലെ കരഞ്ഞു.

ഞാൻ രാജേട്ടനെ ആദ്യമായി കാണുമ്പോൾ അദ്ദേഹം ഒരു സ്‌റ്റേജിൽ കൃഷ്ണ വേഷത്തിൽ നൃത്തമാടാൻ പോവുകയാണ്. ഞാൻ രാധയും. ആരോ എനിക്ക് പരിചയപ്പെടുത്തി തന്നു ഇതാണ് താരയുടെ കൃഷ്ണനെന്ന്. ഞാൻ നോക്കുമ്പോൾ മേലാകെ നീലച്ചായമൊക്കെയണിഞ്ഞ് നിൽക്കുന്നു. ഞാൻ ശ്രീ പത്മനാഭന്റെ കടുത്ത ഭക്തയാണ്. ആറടി നീളത്തിൽ രാജേട്ടന്റെ കൃഷ്ണവേഷം കണ്ടപ്പോൾ എനിക്ക് പത്മനാഭനെ ഓർമ വന്നു. അന്ന് തുടങ്ങിയ സൗഹൃദമാണ്. വർഷങ്ങൾക്കിപ്പുറം വെന്റിലേറ്ററിൽ കിടക്കുമ്പോഴും രാജേട്ടന്‍റെ ശരീരത്തിനു നീല നിറമാണെന്ന് എനിക്കു തോന്നി. സാക്ഷാല്‍ കാര്‍മുകില്‍ വര്‍ണന്‍ മുന്നിൽ കിടക്കുന്ന പോലെ. ഞാൻ ആദ്യം കണ്ടപ്പോഴുള്ള അതേ രാജേട്ടൻ.

ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും പ്രവർത്തനം നിലച്ചിട്ടും രാജേട്ടന്റെ പ്രാണൻ ശരീരം വിട്ട് പോയിട്ടുണ്ടായിരുന്നില്ല, എന്നോടും മോളോടും മുതിര്‍ന്നവര്‍ ഉപദേശിച്ചു, ‘അദ്ദേ ഹത്തോട് സംസാരിച്ച് പ്രാണനെ പറഞ്ഞു വിടാൻ.’ ഞങ്ങൾ അരികിൽ ചെന്നിരുന്നു. രാജേട്ടന്റെ കൈകളെടുത്ത് ഞാന്‍ മുറുകെ പിടിച്ചു.

സൗഭാഗ്യ പറയുന്നുണ്ടായിരുന്നു, ‘ഡാഡി സൂപ്പർ സ്റ്റാറായി അടുത്ത ജന്മത്തിൽ തിരിച്ചു വരണം. ഞങ്ങളെക്കുറിച്ചു വിഷമിക്കേണ്ട. അമ്മയ്ക്കൊപ്പം നിഴൽപോലെ ഞാനുണ്ടാകും. സമാധാനത്തോടെ പൊയ്ക്കോളൂ.’ ആ കണ്ണുകള്‍ പൂര്‍ണമായും അടയുന്നത് ഞെട്ടലോടെ ഞാൻ കണ്ടു.

അച്ഛന്റെ വലിയ സ്വപ്നം

എല്ലാ അച്ഛന്മാരെയും പോലെ സൗഭാഗ്യയുെട കല്യാണമായിരുന്നു രാജാറാമിന്‍റെ ഒരു വലിയ സ്വപ്നം. പക്ഷേ, മകളെ പിരിയുന്നത് ഒാര്‍ക്കുന്നതു പോലും വിഷമമവും. ‘‘എപ്പോഴും എന്നോട് പറയും, നീ കല്യാണമൊന്നും കഴിക്കേണ്ട, അമ്മയെ നോക്കി ജീവിച്ചാൽ മതിയെന്ന്. ഇതേ അച്ഛൻ തന്നെ എന്റെ വിവാഹ ദിവസത്തെ കുറിച്ച് സ്വപ്നങ്ങൾ മെനയുകയും ചെയ്യും.’’ സൗഭാഗ്യ ഒാര്‍ക്കുന്നു.

sakkuty

‘‘ഇടയ്ക്കിടയ്ക്കു പറയുന്ന മറ്റൊരു കാര്യമാണ്. വിവാഹപന്തലിലേക്കുള്ള അച്ഛന്റെ എൻട്രി. ആദ്യം അ നൗൺസ്മെന്‍റുകള്‍ മുഴങ്ങും. ‘പെണ്ണ് ഇതാ, ഇറങ്ങാന്‍ പോവുകയാണ്...’ എന്ന്. ഉടൻ തന്നെ ലൈറ്റുകൾക്കിടയിലൂെട സ്ക്രീനില്‍ അച്ഛന്റെ വിവിധ ഫോട്ടോകൾ പ്രത്യക്ഷപ്പെടും. പിന്നെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഹാളിന്റെ സൈഡില്‍ അച്ഛൻ പ്രത്യക്ഷപ്പെടും. പുറകിൽ ഞാനും. ചുറ്റും ലൈറ്റുകൾ വെളിച്ചം വിതറും.

‘ഇതിനൊക്കെയുള്ള കാശുണ്ടോ െെകയില്‍’ എന്നു ചോദിച്ചാൽ പറയും, ‘ലൈറ്റൊന്നും ഇല്ലെങ്കിൽ നമുക്ക് പരസ്പരം ടോർച്ചടിച്ച് പിടിച്ചു കൊണ്ട് രാജകീയമായി എൻട്രി ചെയ്യാമെടീ കിളവീ..’ എന്ന്.

പഴമക്കാർ പറയും വീട്ടിൽ പൂച്ച വന്നു കേറിയാൽ അ വിടൊരു കല്യാണം നടക്കുമെന്ന്. ഒരു ദിവസം അച്ഛൻ ആരോടോ ഭയങ്കര ബഹളം. ‘എന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോടാ.. വൃത്തികെട്ടവനേ..’ എന്നൊക്കെ പറഞ്ഞ്. ഞാ ൻ ഓടിച്ചെന്നു നോക്കിയപ്പോൾ ഒരു പാവം പൂച്ചയോടാണ്. എവിടുന്നോ വഴി തെറ്റി കയറി വന്നതാണ്. ‘എന്റെ മോളെ കെട്ടിച്ചയക്കാൻ വേണ്ടി കയറി വന്നിരിക്കുന്നു. ’ എന്നും പറഞ്ഞു െെക ചൂണ്ടി ആ പൂച്ചയെ അച്ഛന്‍ കുറേനേരം ചീത്ത വിളിച്ചു.

കാറിനുള്ളിലെ പാട്ട്

‘‘രാജാറാം നന്നായി പാടുമായിരുന്നു.’’ താരാ കല്യാണ്‍ ഒാര്‍ക്കുന്നു. ‘‘വീട്ടിൽ പാട്ടുകച്ചേരി തുടങ്ങിയാൽ ഞാനും മോളും ഒാടിക്കളയും. അവസാനം അദ്ദേഹമൊരു വഴി കണ്ടെത്തി. ഞങ്ങളറിയാതെ പാട്ടു പാടി റെക്കോർഡ് ചെയ്യും. എന്നിട്ട് യാത്ര പോകുമ്പോള്‍ കാറിലിട്ട് ഞങ്ങളെ കേൾപ്പിക്കും. അതാകുമ്പോൾ ഇറങ്ങിയോടില്ലല്ലോ. ഇപ്പോള്‍ ഞാൻ ഓർക്കാറുണ്ട്, ഇത്ര വേഗം പോകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ എല്ലാ പാട്ടുകളും കേൾക്കാന്‍ കൂടെയിരുന്നേനേ.’’