Thursday 16 August 2018 05:09 PM IST : By സ്വന്തം ലേഖകൻ

നിങ്ങൾക്ക് നല്ല ഒരു ഭർത്താവാകണോ? ഇതാ ഭാര്യ ആഗ്രഹിക്കുന്ന 5 കാര്യങ്ങൾ അറിയാം

couple_love

ദാമ്പത്യ ജീവിതം പഴയ സങ്കല്‍പ്പത്തില്‍ നിന്നും മാറി രണ്ട് പേര്‍ക്കും തുല്യ പങ്കാളിത്തമുള്ള പുതിയ രീതികളിലേക്ക് കൂടുമാറിക്കഴിഞ്ഞു. അത് പോലെ ചെറിയ പിണക്കങ്ങൾ പോലും വേർപിരിയലിൽ കലാശിക്കുന്ന ഇന്നത്തെ കാലത്ത് നിങ്ങളുടെ ദാമ്പത്യ ബന്ധം ദൃഢമായി മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ ചിലകാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. രണ്ട് വ്യക്തികൾ ഒന്നാകുമ്പോൾ രണ്ട് ചിന്താഗതികളും രണ്ട് ജീവിതശൈലിയുമെല്ലാം ഒരുപോലെ കൊണ്ട് പോകാൻ വളരെ ശ്രദ്ധ നൽകണം. തുടക്കത്തിൽ നിങ്ങൾ നിങ്ങളെ തന്നെ പൂർണമായി പങ്കാളിക്ക് മുന്നിൽ അവതരിപ്പിക്കില്ലായിരിക്കാം. പക്ഷെ പിന്നീട് തനിസ്വഭാവം പുറത്തുവന്നു തുടങ്ങും. ഇതു തെറ്റല്ല, നിങ്ങൾ ജെനുവിൻ ആണ് എന്നതുകൊണ്ട് തന്നെയാണ്. ഭാര്യമാർ അഡ്ജസ്റ്റ് ചെയ്യും എന്ന കടുത്ത വിശ്വാങ്ങളുടെ കാലം കഴിഞ്ഞു.

രാമന്റെ ഏദൻതോട്ടത്തിലെ മാലിനിയെപ്പോലെ സ്വന്തം വ്യക്തിത്വം ആരുടെയും മുന്നിൽ അടിയറവ് വയ്ക്കാത്ത ഭാര്യമാരുടെ സമൂഹത്തിലാണ് നിങ്ങൾ ജീവിക്കുന്നത്. ഭർത്താവ് വീട്ടിലെ ഏറ്റവും ഒന്നാമത്തെ ആൾ എന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ തിരികെ എത്ര പരിഗണന കിട്ടുന്നു എന്ന് അളന്നു നോക്കുന്നിടത്താണ് പാകപ്പിഴകൾ തുടങ്ങുന്നത്. നല്ല ഭര്‍ത്താവ് ആകാൻ അഭിനയിക്കേണ്ട. നിങ്ങളുടെ ഉള്ളിലുള്ള ചില നല്ല സ്വഭാവങ്ങൾ കാണിച്ചാൽ മതി.

സ്നേഹ പ്രകടനം

പുരുഷന്മാർക്ക് വൈകാരിക തലങ്ങൾ ഉയർന്നതാണെങ്കിലും പലപ്പോഴും സ്നേഹപ്രകടനങ്ങൾ എങ്ങനെ, എപ്പോൾ എന്നതിനെക്കുറിച്ച് വലിയ ഐഡിയ ഒന്നുമില്ലെന്നാണ് മനശാസ്ത്രജ്ഞർ പറയുന്നത്. എല്ലാ സ്ത്രീകളും ഒരു പോലെ ആഗ്രഹിക്കുന്ന ഒന്നാണ് സ്‌നേഹവും കരുതലും. മനസ്സില്‍ സ്‌നേഹം ഒളിപ്പിച്ച് നടക്കുന്ന ഭര്‍ത്താവിന് ഭാര്യയുടെ ഹൃദയവും കാണാന്‍ കഴിയില്ല. സ്നേഹം തുറന്ന് പ്രകടിപ്പിക്കുന്നത്‌ സ്ത്രീകള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും. സുഖമില്ലാതിരിക്കുന്ന സമയത്തും, ഒറ്റക്കായിരിക്കുമ്പോഴും വിളിച്ച് കാര്യങ്ങൾ തിരക്കുന്നതിലുമെല്ലാം പിശുക്കുകാണിക്കേണ്ട. സ്നേഹം കാണിക്കാൻ അവസരങ്ങൾ നമ്മെ തേടിയെത്തില്ല. അവസരങ്ങളെ നമ്മൾ സൃഷ്ടിക്കണം.

ജോലി സ്ഥിരത

സാമ്പത്തിക ഭദ്രത എന്നത് സ്ത്രീകളുടെ മനസ്സമാധാനത്തിന്റെ നട്ടെല്ലാണ്. നല്ല ഒരു ജോലിയും വരുമാനവും ഭര്‍ത്താവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം കുറച്ച് സമ്പാദിക്കാനും കഴിയുന്ന വരുമാനം ഭര്‍ത്താവിനുണ്ടായിരിക്കണം. ഒരുപാട് ആര്‍ഭാടങ്ങള്‍ ഇല്ലെങ്കിലും സ്വന്തമായി ഒരു വീടും വാഹനവും ഉണ്ടാവുക എന്നത് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതാണ്. സ്വകാര്യ സൗകര്യങ്ങൾ ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും. മാത്രമല്ല ഭാവിയെക്കുറിച്ചുള്ള ആശങ്ക അവരെ അസ്വസ്ഥരാക്കും.

ദുശ്ശീലങ്ങൾ മാറ്റാം

മദ്യപിക്കുകയോ പുകവലിക്കുകയോ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യുന്ന പുരുഷനെ സ്ത്രീകള്‍ ഇഷ്ടപ്പെടില്ല എന്നല്ല. ഏതു ലഹരിയുടെയും അമിതോപയോഗം സ്ത്രീകളിൽ വെറുപ്പു മാത്രമാകും നൽകുക. പുരുഷനില്‍ ഏറ്റവും വെറുക്കുന്ന കാര്യം തിരക്കിയാൽ അറിയാം ഭൂരിഭാഗം പേരും പറയുന്നത് അവരിലെ ദുശ്ശീലങ്ങളാകും. ഇതൊന്നും വലിയ തെറ്റല്ലെന്ന് ചിന്തിക്കുന്നവരും ഉണ്ടെങ്കിലും ഭൂരിഭാഗം സ്ത്രീകളും ഇത്തരം ദുശ്ശീലങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.

കുറ്റപ്പെടുത്താതെ ചേർത്തു നിർത്താം

ആളും അരങ്ങും നോക്കാതെയാണ് പുരുഷന്മാർ സംസാരിക്കുക എന്ന് പണ്ടുള്ളവർ പറയുന്നത് ചിലരുടെ കാര്യത്തിലെങ്കിലും സത്യമാണ്. എന്തിനും ഏതിനും മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഭാര്യയെ കുറ്റപ്പെടുത്തുന്ന ഭര്‍ത്താവിനെ ഒരിക്കലും ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല. മറിച്ച് അവളെ ജോലിയിലോ പഠനത്തിലോ കലാരംഗത്തോ ചെറിയ പാചക പരീക്ഷണങ്ങളിലോ ഒക്കെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഭര്‍ത്താവ് അവള്‍ക്ക് പ്രിയപ്പെട്ടവനായിരിക്കും. നല്ല കാര്യങ്ങളെ പ്രശംസിക്കുകയോ ചെറിയ സമ്മാനങ്ങൾ നൽകുകയോ ആകാം.

ആദ്യ പരിഗണന

എല്ലാവർക്കും ജോലിയും സൗഹൃദവുമൊക്കെ ഉണ്ട് എന്നാലും വിവാഹ ശേഷം കുടുംബത്തിന് പ്രാധാന്യം നല്‍കാനാണ് എല്ലാ വ്യക്തികളും സമയം കണ്ടെത്തേണ്ടത്. പ്രത്യേകിച്ചും അവധി ദിവസങ്ങളില്‍. ഒരുമിച്ചുള്ള യാത്രകള്‍, ഷോപ്പിംങ്, വല്ലപ്പോഴും പുറത്ത് നിന്നുള്ള ഭക്ഷണം, വര്‍ഷത്തിലൊരിക്കലെങ്കിലും ഉല്ലാസ യാത്ര എന്നിവയും പലരും ആഗ്രഹിക്കുന്നതാണ്. ചില യാത്രകളെങ്കിലും ഭാര്യ, ഭര്‍ത്താവ് എന്നിങ്ങനെ ഒതുങ്ങുന്നത് നല്ലതാണ്.