Monday 29 October 2018 12:35 PM IST : By സ്വന്തം ലേഖകൻ

കിടപ്പിലായവരെ പരിചരിക്കുമ്പോൾ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

paliative

രോഗം മൂലമോ അപകടം കാരണമോ പ്രിയപ്പെട്ടവർ കിടപ്പിലാകുമ്പോൾ അടുത്തുള്ളവരുടെ മനസ്സു പതറിപോകുമെന്നുറപ്പാണ്. ഈ അവസ്ഥയെ എങ്ങനെ തരണം ചെയ്യും ഇവരെ എങ്ങനെ ശുശ്രൂഷിക്കും എന്നിങ്ങനെയുള്ള ആശയ കുഴപ്പങ്ങളാകും പിന്നെ, മനസ്സിൽ. കിടപ്പിലായ രോഗികളെ പരിചരിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം.


∙ കിടക്ക വിട്ട് എണീക്കാന്‍ കഴിയാത്ത രോഗികളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ‘ബെഡ് സോർ’. കഴുത്തിന്റെ താഴ്ഭാഗം, തോള്, കൈമുട്ട്, പുറം എന്നിങ്ങനെ കിടക്കയുമായി ചേർന്നു വരുന്ന ശരീര ഭാഗങ്ങളിലുണ്ടാകുന്ന വ്രണങ്ങളാണിത്. പ്രമേഹമുള്ളവരിൽ ഈ വ്രണം പഴുക്കാൻ സാധ്യതയുള്ളതിനാൽ ഏറെ കരുതൽ വേണം.


∙ എല്ലാ ദിവസവും ഇവരെ രണ്ടു വശത്തേക്കും തിരിച്ചു കിടത്തണം. പുറകിൽ തലയിണ വച്ചു താങ്ങു നൽകാം. ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ട് ഇങ്ങനെ കിടത്താം. ശരീരം ചലിപ്പിക്കാൻ കഴിയുന്ന രോഗികളാണെങ്കിൽ സ്വയം ശരീരം അനക്കാൻ പ്രോത്സാഹിപ്പിക്കുക. എഴുന്നേൽപിച്ച് ഇരുത്താൻ കഴിയുമെങ്കില്‍ കൂടുതൽ നല്ലതാണ്. ഡോക്ടറുടെ നിർദേശം ചോദിക്കാൻ മറക്കേണ്ട.


∙ കിടപ്പു രോഗികളെ വാട്ടർ ബെഡ്ഡിൽ കിടത്താം. ഒരേ കിടപ്പു മൂലം പേശികൾക്കുണ്ടാകാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവഴി കഴിയും. ഡോക്ടറോടു അഭിപ്രായം ചോദിച്ചശേഷം വേണം കിടക്ക തീരുമാനിക്കാൻ.


∙ രോഗികളുടെ ശരീരം എന്നും നനഞ്ഞ തുണികൊണ്ട് ശരീരം തുടച്ച്, ഉണങ്ങിയ തുണി കൊണ്ട് വെള്ളമയം ഒപ്പിയെടുത്ത് വസ്ത്രം മാറ്റണം. കിടക്കവിരിയും പുതപ്പും എന്നും മാറ്റിയാല്‍ ഇൻഫെക്ഷനോ അലർജിയോ ഉണ്ടാകാനുള്ള സാധ്യതയും കുറയും.


∙ എളുപ്പത്തിൽ ധരിപ്പിക്കാവുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. കിടത്തിക്കൊണ്ടു തന്നെ അണിയിക്കാവുന്ന ഫ്രണ്ട് ഓപ്പൺ, ബാക് ഓപ്പൺ വസ്ത്രങ്ങൾ മതി. മാക്സി പോ ലുള്ള ഒറ്റ വസ്ത്രത്തേക്കാൾ നല്ലത് ടോപ്പും ബോട്ടവുമായി അണിയാൻ കഴിയുന്നവയാണ്. മൂത്രമൊഴിക്കുകയോ മറ്റോ ചെയ്താൽ വൃത്തിയാക്കാനും എളുപ്പമായിരിക്കും.


∙ കിടപ്പു രോഗികൾക്ക് ഒരാളുടെ സഹായത്തോടെ ചെയ്യാൻ കഴിയുന്ന ലഘു വ്യായാമങ്ങൾ ഡോക്ടറുടെ നി ർദേശപ്രകാരം ചെയ്യിക്കാം. ഹിപ് റൊട്ടേഷൻ, ഹാംസ്ട്രിങ് സ്ട്രച്ച് പോലുള്ളവ പേശികൾക്ക് അയവും ശരീരത്തിന് ഉന്മേഷവുമുണ്ടാകാൻ നല്ലതാണ്.


∙ ശരീരത്തിനു മാത്രമല്ല മനസ്സിനും വേണം പരിപാലനം. അവരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി പാട്ടു വച്ചു നൽകുകയോ പുസ്തകം വായിച്ചു കൊടുക്കുകയോ ആകാം. വിശേഷങ്ങൾ പറഞ്ഞ് അവർക്കൊപ്പമിരിക്കാനും അൽപം സമയം മാറ്റി വയ്ക്കാം.