Thursday 13 September 2018 11:15 AM IST : By സ്വന്തം ലേഖകൻ

കൂട്ടുകാരെയും ബന്ധുക്കളെയും വിസ്മയിപ്പിച്ച് വീട്ടിൽ തന്നെ പാർട്ടിയൊരുക്കാം, വഴികളിതാ

parties1

കാര്യം ഒരു ചെറിയ ബർത്ഡേ പാർട്ടിയാണ്. എന്നാലും വീട്ടിൽ വേണ്ട, ഏതെങ്കിലും റസ്റ്ററന്റിലോ ചെറിയ ഹാളിലോ നടത്താം എന്നു പറഞ്ഞാൽ വീട്ടമ്മ മാത്രമല്ല കുട്ടികളും അപ്പൂപ്പനും അമ്മൂമ്മയും കസിൻസും അടക്കം എല്ലാവരും കൈയടിച്ച് പാസ്സാക്കും. എത്ര അതിഥികൾ വന്നാലും കാർ പാർക്കിങ് പ്രശ്നമേയല്ലെന്ന് അച്ഛൻ, കുട്ടികൾക്ക്  എന്റർടെയ്ൻമെന്റ് സ്പേസ് ഉള്ളതുകൊണ്ട് അങ്ങോട്ടോടി ഇങ്ങോട്ടോടി ഉണ്ടാക്കുന്ന പൊല്ലാപ്പുകളേ ഇല്ലെന്ന് ഗ്രാന്‍ഡ് പേരന്റ്സ്, വിഭവങ്ങളുണ്ടാക്കിയാൽ മാത്രം മതിയോ വിളമ്പണം, പിന്നെ, വൃത്തിയാക്കണം... ഇതെല്ലാം ഒാർക്കുമ്പോൾ റസ്റ്ററന്റ് തന്നെ ഭേദം എന്ന് അമ്മ.  ശരിയായിരിക്കാം, എങ്കിലും ഒന്ന് ആലോചിച്ചു നോക്കൂ, വീട്ടിൽ തന്നെ ഒരുക്കുന്ന പാർട്ടികൾക്ക് സ്നേഹവും സന്തോഷവും ഒാർമയിലെ മധുരവും അൽപം കൂടുതൽ തന്നെയല്ലേ?. അൽപം പ്ലാനിങ് മാത്രം മതി, മനസ്സിന് പൂർണ സംതൃപ്തി നൽകുന്ന അടിപൊളി പാർട്ടി വീട്ടിലൊരുക്കാൻ.


 ഒരാഴ്ച മുമ്പേ തുടങ്ങാം


∙ വിളിക്കേണ്ട അതിഥികളുടെ ലിസ്റ്റ് തയാറാക്കുക. കൂടുതലും ഒരേ ഗ്രൂപ്പിൽ പെടുന്നവരായാൽ നല്ലത്. മാനേജ് ചെയ്യാൻ എളുപ്പമുണ്ടാകും. അല്ലെങ്കിൽ ഓരോരുത്തരെയായി സന്തോഷിപ്പിക്കാൻ  ഓടി നടന്ന്, ഒറ്റയ്ക്കിരിക്കുന്ന ആന്റിക്ക് കമ്പനി കൊടുക്കാൻ പറ്റാതെ ടെൻഷനടിക്കും.
∙ അതിഥികളുടെ എണ്ണം എപ്പോഴും മാനേജ് ചെയ്യാൻ പറ്റുന്നതായിരിക്കണം.നമുക്കും നമ്മുടെ വീടിനും.
∙ ഭൂരിപക്ഷം ആളുകൾക്കും സൗകര്യമുള്ള തീയതി ഉറപ്പിക്കുക. ഓരോരുത്തരെയും നേരിട്ടു തന്നെ വിളിക്കണം. അതിനു ഫോ ണോ, ഇ–മെയിലോ, കാർഡോ ഉപയോഗിക്കാം.
∙ വീട്ടിലുള്ള  ഒാരോ അംഗങ്ങൾക്കും ഓരോ ചുമതലകൾ നൽകുക. ഒരാൾക്ക് വീട് അലങ്കരിക്കുന്നതിനുള്ള ചുമതല, ഒരാൾക്ക് വർണകടലാസുകൾകൊണ്ട് സമ്മാനങ്ങൾ പൊതിയുന്ന ചുമതല, വെൽക്കം ഡ്രിങ്ക്സ് കൊടുക്കുന്നത്... കുറച്ച് അതിഥികൾ മാത്രമാണെങ്കിൽ വീടിന്റെ ഒരു കോണിലോ പുൽത്തകിടിയിലോ കൊച്ചു പാർട്ടി സ്പേസ് ഒരുക്കാം.  
∙ അതിഥികളിൽ വെജിറ്റേറിയൻ നോൺവെജിറ്റേറിയൻ എന്നിങ്ങനെയുള്ളവരുടെ എണ്ണമെടുക്കണം. മാംസാഹാരത്തോട് അലർജിയുള്ളവർ, ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും മതപരമായ ചടങ്ങുകളുടെ പേരിലും ചില ഭക്ഷണം ഉപയോഗിക്കാൻ പറ്റാത്തവർ ഇവരെയല്ലാം കൃത്യമായി അറിഞ്ഞിരിക്കണം. എല്ലാവർക്കും ചേർന്നു പോകുന്നൊരു മെനുവോ, ഒന്നിൽ കൂടുതൽ  മെനുവോ തയാറാക്കാം.


അന്നു പരീക്ഷണം വേണ്ട


∙ പൂരി – ബാജി, അപ്പം – ചിക്കൻസ്റ്റ്യൂ, പാസ്താ – സൂപ്പ് എന്നിങ്ങനെ നിങ്ങളിലെ കുക്കിങ് എക്സ്പേർട്ടിനു പുറത്ത് വരാനുള്ള അവസരം കൂടിയാണിത്. പലതവണ ഉണ്ടാക്കിയിട്ടുള്ള വിഭവം മാത്രമേ തിരഞ്ഞെടുക്കാവൂ. വെറൈറ്റിയാകട്ടെ എന്നു കരുതി പുതിയൊരു റെസിപ്പി പരീക്ഷിക്കാൻ അന്നേ ദിവസം ശ്രമിക്കുന്നത് വലിയ റിസ്കാണ്.
∙ പാർട്ടിക്ക് എന്തെങ്കിലും തീം ഉണ്ടെങ്കിൽ അതിനനുസരിച്ചും മെനു തയാറാക്കാം. കാലാവസ്ഥയും പരിഗണിക്കേണ്ടതാണ്.നല്ല മഴക്കാലത്ത് ഐസ്ക്രീം പോലെയുള്ള തണുത്ത ഡിസേർട്ടുകൾക്കു പകരം ഗുലാബ് ജാമുൻ പരീക്ഷിക്കാം. മെനു തയാറായാൽ വീട്ടിൽ തന്നെ ട്രയൽ ചെയ്തു നോക്കാം.
∙ നോർത്ത് ഇന്ത്യൻ മെനുവാണെങ്കിൽ ഒന്നോ രണ്ടോ നോൺവെജ് വിഭവങ്ങളും  വെജ് വിഭവങ്ങളും, സലാഡ്, ചോറ്, റോട്ടി, തൈര്, പനീർ കറി, ദാൽ കറി.... എന്നിങ്ങനെ വിളമ്പാം. റോട്ടി
കുഴക്കാനും പരത്താനും ബുദ്ധിമുട്ടു തോന്നുന്നുവെങ്കിൽ അതു മാത്രം പുറത്തു നിന്നു വാങ്ങാം. ചോറ് റൈസ് കുക്കറിൽ തയാറാക്കാൻ നേരത്തെ റെഡിയാക്കാനും വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കാനും കഴിയും. ഗ്രേവി, മസാലക്കൂട്ടുകൾ എന്നിവ നേരത്തെ തയാറാക്കി വച്ചാൽ എളുപ്പമുണ്ട്. വേവിച്ച കഷണങ്ങൾ മാത്രം ചേർത്താൽ മതി.
∙ സ്നാക്സ് കരുതാൻ മറക്കരുത്. അതുപോലെ ടാർട്ട് ഷെല്ലും പീത്‌സ ബേസും നാക്കോസും ഗാർലിക് ബ്രെഡുമൊക്കെ കരുതിയാൽ അതിൽ നിറയ്ക്കാനുള്ള ഫില്ലിങ്സ് വീട്ടിൽത്തന്നെ തയാറാക്കി വിളമ്പാം.
∙എണ്ണയിൽ പൊരിച്ചെടുക്കുന്ന പലഹാരങ്ങൾ ഒഴിവാക്കാം.കൊറിക്കുന്ന പലഹാരങ്ങൾ ആദ്യം  നൽകിയാൽ വിശപ്പും കഴിക്കാനുള്ള താൽപര്യവും കുറയും. വിരുന്നിന് ഒടുവിൽ വിളമ്പേണ്ട ഡിസേർട്ട് നേരത്തേ തയാറാക്കി വയ്ക്കുകയോ പുറത്തുനിന്നു വാങ്ങുകയോ ചെയ്യാം.അല്ലെങ്കിൽ  ഐ സ്ക്രീം വാങ്ങി പഴങ്ങൾ നുറുക്കിയതോ, ചോക്‌ലേറ്റ്, മേപ്പിൾ സിറപ്പുകളോ സോസുകളോ ഡ്രൈ ഫ്രൂട്ട്സോ ഇട്ടു വിളമ്പാം.


രണ്ടു ദിവസം മുമ്പ് വീട് വൃത്തിയാക്കാം


∙ ആവശ്യസാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. അതിൽ ഭക്ഷണം തയാറാക്കാനാവശ്യമായ സാധനങ്ങൾ, പേപ്പർ കപ്പ്, ടിഷ്യു,വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ,കുട്ടി അതിഥികൾക്ക് കൊടുക്കാനുള്ള    സമ്മാനങ്ങൾ എന്നിങ്ങനെ ഓരോ സാധനങ്ങളും ഉൾപ്പെടുത്തുക.
∙ വീടും പരിസരവും വൃത്തിയാക്കുക. അതിഥികൾ എല്ലായിടത്തും കയറിയിറങ്ങാം  എന്നതുകൊണ്ട് ഒരിടവും  അടുക്കിവയ്ക്കാതെയിരിക്കരുത്.
∙ അതിഥികൾ കാണുന്നതിൽ നിന്ന് ഒഴിവാക്കേണ്ട കാര്യങ്ങ ൾ (അടിവസ്ത്രങ്ങൾ, മരുന്നുകൾ തുടങ്ങിയവ) ശരിയായ രീതിയിൽ സൂക്ഷിച്ചുവെയ്ക്കുക.
∙ വിളമ്പാനുള്ള പാത്രങ്ങൾ കഴുകി ഉണക്കി വയ്ക്കുക.


തലേ ദിവസം ഷോപ്പിങ് പൂർത്തിയാക്കാം


∙ പച്ചക്കറികൾ അടക്കം വാടിപ്പോകുന്നവ വാങ്ങേണ്ട ദിവസമാണിന്ന്. ഷോപ്പിങ് തലേ ദിവസം തന്നെ പൂർത്തിയാക്കുക. പാർട്ടിയുടെ അന്ന് ഷോപ്പിങ്ങിനായി ഒാടുന്നത് തീർത്തും ഒഴിവാക്കാം.
∙ ഭക്ഷണ ശേഷം വിളമ്പേണ്ട ഡിസർട്ട് തയാറാക്കി വയ്ക്കാം.
∙ പുരട്ടിവയ്ക്കാനുള്ള മസാല, ചട്നികൾ, മുക്കി വറുക്കാനുള്ള മാവ് എന്നിവയെല്ലാം  തയാറാക്കി വെക്കാം.
∙ വീടിന്റെ ഇന്റീരിയറിന് അവസാന മിനുക്കു പണികൾ ചെയ്ത് മനോഹരമാക്കാം.
∙ ഐസ് ട്രേയിലെ ഐസുകട്ടകൾ പ്ലാസ്റ്റിക് ബാഗിലേക്കോ തെർമൽ ഫ്ലാസ്കിലേക്കോ മാറ്റി വീണ്ടും വെള്ളം നിറച്ചു വയ്ക്കാം.

parties4

ഉണരാം അൽപം നേരത്തെ


∙ പാർട്ടിയുള്ള ദിവസം പതിവിലും അൽപം നേരത്തേ ഉണരാം. ജോലികളെല്ലാം ചിട്ടയോടെ ചെയ്തു തീർക്കുക.
∙ ആദ്യം  വെൽക്കം ഡ്രിങ്ക്സിനുള്ള ജ്യൂസ്  തയാറാക്കി വയ്ക്കുക. കൂടുതൽ ഐസ് ആവശ്യമാണെന്നു തോന്നുന്നുവെങ്കിൽ വീണ്ടും ട്രേകൾ നിറച്ചുവെക്കുക.
∙ സ്നാക്ക്സ് ചൂടുപോകാത്ത കാസറോളിൽ നിറച്ച് ഒരുക്കിവെക്കുക.
∙ ഡസ്റ്റ്ബിന്നുകൾ നിശ്ചിത ഇടങ്ങളിൽ വെക്കുക. ടവൽ, സോപ്പ്, ടിഷ്യു ഇവയെല്ലാം  അതാതു സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പാക്കണം. വാഷിങ് ഏരിയയിൽ ടവൽ കൂടാതെ പേപ്പർ നാപ്കിൻ റോളും വയ്ക്കാം.
∙ഉപയോഗിച്ച പാത്രങ്ങളും ഗ്ലാസ്സുകളും സമയത്തുതന്നെ മാറ്റാൻ ഏർപ്പാടാക്കണം.
∙ കഴിയുമെങ്കിൽ പാർട്ടി തുടങ്ങുന്നതിനു മുമ്പ് രണ്ടു മണിക്കൂറെങ്കിലും വിശ്രമിക്കാൻ ശ്രദ്ധിക്കുക. അത് ഉത്സാഹത്തോടെയും പ്രസരിപ്പോടെയും അതിഥികളോട് ഇടപെടാൻ സഹായിക്കും.


ട്രെൻഡാണ് പോട്ട്ലക് ‍ഡിന്നർ


ആതിഥേയ വിഭവങ്ങളൊരുക്കി കഷ്ടപ്പെടുകയോ പാർട്ടിയുടെ ചെലവ്  മുഴുവൻ ഒറ്റയ്ക്കു വഹിക്കുകയോ വേണ്ട. പാർട്ടിയിൽ പങ്കെടുക്കുന്ന ഓരോ കുടുംബവും ഒരു വിഭവം കൊണ്ടുവരിക. ‘വാട്ട് അൻ െഎഡിയ’  എന്നു ത്രില്ലടിച്ചു പോകുന്ന പോട്ട്ലക് ഡിന്നറാണ് ന്യൂജെൻ ഫാമിലീസിലെ ഇപ്പോഴത്തെ ട്രെൻഡ്. പക്ഷേ, നന്നായി പ്ലാൻ ചെയ്യണമെന്നു മാത്രം. സാധാരണ പാർട്ടികളിൽ ആതിഥേയർ മാത്രമാണ് ടെൻഷനടിക്കുന്നതെങ്കിൽ ഇത്തരം പാർട്ടികളിൽ അതിഥികൾക്കുമുണ്ട് തുല്യ ഉത്തരവാദിത്തം. നല്ല ടീം വർക് ഉണ്ടെങ്കിൽ കിടിലൻ പോട്ട്ലക് പാർട്ടി തയാറാക്കാം.


തീം തിരഞ്ഞെടുക്കാം


ഏതു മെനു വേണമെന്ന് അതിഥികളും ആതിഥേയരും ചേർന്നു തീരുമാനിക്കുക. കേരള, നോർത്ത് ഇൻഡ്യന്‍,ചൈനീസ്... എന്നിങ്ങനെ എല്ലാവർക്കും തയാറാക്കാൻ പറ്റുന്ന വിഭവങ്ങൾ മതിയാകും. ഉച്ചഭക്ഷണമാണോ ഡിന്നറാണോ വേണ്ടതെന്ന് ആദ്യം തീരുമാനിക്കാം. അതിനു ശേഷം ഓരോരുത്തരും തങ്ങൾക്ക് ചെയ്യാൻ പറ്റുന്ന വിഭവം തിരഞ്ഞെടുക്കുക. എത്ര പേർക്കുള്ളത് തയാറാക്കണമെന്നും ഐഡിയ വേണം. അല്ലെങ്കിൽ പാർട്ടി കഴിഞ്ഞും നാലു ബൗൾ പാസ്തയും രണ്ടു ട്രേ പുഡ്ഡിങ്ങും മേശയിൽ ബാക്കിയാക്കും. ബാക്കിയായ ഭക്ഷണം മാനേജ് ചെയ്യുക എന്നത് ഡിന്നറൊരുക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായി മാറും.

parties2

പെണ്ണുങ്ങളേ നിങ്ങൾക്കൊരുക്കാം കിറ്റി പാർട്ടി


പിരിമുറുക്കവും ഓഫിസ് ടെൻഷനും കുടുംബഭാരവുമെല്ലാം മറന്ന് ആഘോഷത്തിമിർപ്പോടെ കൂട്ടുകാരുമൊത്ത് ഒത്തുകൂടാറുണ്ടോ? സ്ത്രീകളുടെ ഈ ഒത്തുകൂടലിന്റെ പേരാണ് കിറ്റി പാർട്ടി.
 പെൺ പാർട്ടിക്ക് കിറ്റി പാർട്ടി എന്നു പേരു വന്നതെന്തു കൊണ്ടെന്നോ? പാർട്ടിയിലെത്തുന്ന എല്ലാവരും ചെറിയൊരു തുക വീതം പങ്കിട്ട് ഒരു ‘ഭാഗ്യവതി’ക്കു നൽകും. ഈ ചെറിയ തുകയാണ് ‘കിറ്റി’.  ഈ കൂട്ടായ്മയിലെ ഓരോ അംഗങ്ങളും പാർട്ടിയുടെ ആതിഥേയരാകണമെന്നും എല്ലാവർക്കും തുക കിട്ടണമെന്നതുമാണ് അലിഖിത നിയമം. പാർട്ടിക്കുള്ള ചെലവിനു വേണ്ട തുക തുല്യമായി പങ്കിട്ടെടുത്തു ആതിഥേയയ്ക്കു നൽകുന്ന രീതിയുമുണ്ട്.
∙ഒരേ ഫ്ലാറ്റിൽ താമസിക്കുന്നവർ, സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നവർ, ഒരേ ഓഫിസിൽ ജോലി ചെയ്യുന്നവർ, മക്കളുടെ സുഹൃത്തുക്കളുടെ അമ്മമാർ   എന്നു വേണ്ട ഒരേ വാട്ട്സ് ആപ് ഗ്രൂപ്പിലെ അംഗങ്ങൾക്കുവരെ ഇണങ്ങും കിറ്റി പാർട്ടി.
∙വീട്ടിൽ വച്ചായിരുന്നു മുമ്പ് ഈ പാർട്ടികളെങ്കിൽ ഇന്നത് ഔട്ട്ഡോറിലേക്കും ഹോട്ടലിലേക്കും  മാറ്റാവുന്നതേയുള്ളൂ. ചായയുടെ സമയത്താണ് ഒരുമിച്ചു കൂടുന്നതെങ്കിൽ ടീ പാർട്ടിയാക്കാം. ചൂടു ചായയോ കാപ്പിയോ നുണഞ്ഞ് പലഹാരങ്ങളുമായി കഥകൾ പറഞ്ഞിരിക്കാം.
∙ പെൺ പാർട്ടിയെ ഡാൻസ് പാർട്ടി ആക്കി മാറ്റാൻ ഡാൻസൊന്നും പഠിക്കേണ്ടതില്ല. കൂട്ടുകാരൊരുമിച്ച് രുചിയുള്ള ഭക്ഷണം കഴിക്കുകയും തളരും വരെ നൃത്തം ചെയ്യുകയും ചെയ്താൽ  ഏതു ടെൻഷനും അലിഞ്ഞില്ലാതാകും. വിഷമിച്ചിരിക്കുന്ന കൂട്ടുകാരിയെ ഉഷാറാക്കാനും ഫുഡും ഗെയിമും ഫണ്ണുമായി ഒരടിപൊളി പാർട്ടി നടത്തുകയുമാകാം.


ബർത്‍ഡേ പാർട്ടി ഫോർ കുട്ടീസ്

കുട്ടികൾക്കുള്ള ബർത്ഡേ പാർട്ടി നടത്തുമ്പോൾ മറ്റു പാർട്ടികളേക്കാൾ കൂടുതൽ ശ്രദ്ധവേണം. ചുറുചുറുക്കോടെ ഓടിനടക്കുന്ന ‘ലിറ്റിൽ ചാംപ്യരാ’യിരിക്കും അതിഥികൾ. കുഞ്ഞിമുഖത്ത് പുഞ്ചിരി വിരിയിച്ച് യാത്രയാക്കണമെങ്കിൽ നല്ലൊരു തീം പാർട്ടി തന്നെ വേണം.
∙ ആൺകുട്ടികൾക്ക് സ്പൈഡർമാൻ,സൂപ്പർമാൻ, ഡിസ്നി കാർസ്,മിക്കി മൗസ് എന്നിങ്ങനെയുള്ളവയും .പെൺകുട്ടികൾക്ക് സിൻഡ്രല്ല, മോന, മിനിയൻസ്, ഡോറ, ഫെയറി ക്യൂൻ ക്യാരക്ടറുകളും തിരഞ്ഞെടുക്കാം.തീം ഉറപ്പിക്കും മുമ്പ് ബർത്ത്ഡേ കുട്ടിയുടെ ഇഷ്ടം കണക്കിലെടുക്കാൻ മറക്കല്ലേ.തീമിനനുസരിച്ചുള്ള ഡ്രസ് കോഡ് തിരഞ്ഞെടുക്കുക. പാർട്ടിക്കു വരുന്ന കുട്ടി അതിഥികൾക്കും ഡ്രസ് കോഡ് നൽകാം.സ്പൈഡർമാനാണെങ്കിൽ ചുവപ്പും നീലയും സിൻഡ്രല്ലയ്ക്ക് പിങ്ക്,പർപ്പിൾ നിറത്തിലുള്ള ഫ്രോക്കുകൾ എന്നിങ്ങനെ നമ്മുടെ ഭാവനക്കനുസരിച്ച് തീരുമാനിക്കാം.
∙ പൈറേറ്റ്സ് അഥവാ കൊള്ളക്കാർ എന്നാണ് തീം എന്നു കരുതുക. കടൽ കൊള്ളക്കാരന്റെ മുഖമുള്ള ക്ഷണപ്പത്രം തയാറാക്കാം. ഇൻവിറ്റേഷൻ കാർഡ് ഓൺലൈനിൽ നിന്നു ഓർഡർ ചെയ്യുകയോ, സ്വയം തയാറാക്കുകയോ ചെയ്യാം.
∙ ബ്ലാക്കും റെഡും നിറത്തിലുള്ള ബലൂണുകൾ ഹാളിൽ കെട്ടി തൂക്കിയിടുക. പൈറേറ്റ്സ് തീം ഉള്ള ബർത്ഡേ ബാനർ തയാറാക്കുക.അതുപോലെ കൊള്ളക്കാരുടെ മാസ്ക്കുകൾ വാങ്ങി കെട്ടിത്തൂക്കിയിട്ട് അതിഥികളെത്തുമ്പോൾ പൊട്ടിച്ചു നല്കാം. കറുപ്പോ ചുവപ്പോ നിറത്തിലുള്ള ടേബിൾ ക്ലോത്ത് വിരിച്ച് അതിൽ ഗോൾഡ് കോയിൻ പോലുള്ള ചോക്‌ലേറ്റ് കോയിൻസ് വിതറുക. പറ്റുമെങ്കിൽ ടേബിൾ ക്ലോത്തിൽ കൊള്ള സങ്കേതത്തിന്റെ സൂചന നൽകുന്ന കാര്യങ്ങൾ വരച്ചു വെയ്ക്കാം. പേപ്പർ പ്ലേറ്റ്സ്, കപ്പുകൾ,നാപ്കിന്‍സ്,സ്ട്രോ, കാൻഡിൽസ്, തൊപ്പികൾ, പലതരം ഹോണുകൾ എന്നിവയും തീമനുസരിച്ച് വാങ്ങാം.
∙ പൈറേറ്റ് ഷിപ്പിന്റെയോ  ആകൃതിയിലുള്ള കേക്കോ വാങ്ങുക.റാസ്ബെറി ജെല്ലി മിക്സ് വാങ്ങി ബോട്ടിന്റെ ഷേപ്പിലുള്ള ജെല്ലി ഉണ്ടാക്കാം. തലയോട്ടിയുടെ ആകൃതിയിൽ കുക്കീസ് ബേക്ക് ചെയ്യാം. മഫിൻസിൽ റെഡ് കളറിലുള്ള ക്രീം  ഉപയോഗിച്ച് ഡെക്കറേറ്റ് ചെയ്യാം. റെഡ് ലാവാ കേക്കുണ്ടാക്കി വിസ്മയിപ്പിക്കാം. തണ്ണിമത്തൻ  ജ്യൂസോ അനാർ ജ്യൂസോ സോഡാ ഡ്രിങ്ക്സോ നല്കാം.
∙ കടൽക്കൊള്ളക്കാരനു താടി വരച്ചു കൊടുക്കാനുള്ള പാർട്ടി ഗെയിം നടത്താം. ബോർഡിലെ കടൽക്കൊള്ളക്കാരനു  കണ്ണു കെട്ടി താടി വരയ്ക്കാൻ ആവശ്യപ്പെടുക.
∙ ട്രഷർ ഹണ്ട് ആണെങ്കിൽ സൂചനകൾ പരുപരുത്ത പേപ്പറിൽ പഴയ ടൈപ്പ്റൈറ്റിങ് ഫോണ്ട് ഉപയോഗിച്ച് ടൈപ്പു ചെയ്യുക.പേപ്പറിന്റെ അറ്റം കത്തിച്ചും റെഡ് ഇങ്ക് കുടഞ്ഞും സ്പെഷൽ ഇഫക്ടുണ്ടാക്കാംഏറ്റവും  നന്നായി   പൈറേറ്റിന്റെ    വേഷം കെട്ടി വരുന്ന വർക്കും സമ്മാനം നൽകാം.

parties3


പാർട്ടിക്കു ശേഷം


∙താങ്ക്സ് ഗിവിങ് ഗിഫ്റ്റ് തയാറാക്കിയിട്ടുണ്ടെങ്കിൽ അവ നൽകി സന്തോഷത്തോടെ അതിഥികളെ യാത്രയാക്കാം.
∙ ബാക്കിവന്ന ഭക്ഷണം വേണ്ടതുപോലെ സൂക്ഷിക്കുകയോ അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ അയൽക്കാ ർക്കോ കൊടുത്തു വിടുകയോ ആകാം. ഭക്ഷണാവശിഷ്ടങ്ങൾ നീക്കി പാത്രങ്ങൾ കഴുകാം. ക്ഷീണം തോന്നുന്നുണ്ടെങ്കിൽ പാത്രങ്ങൾ കഴുകുന്നത് പിറ്റേദിവസത്തേക്ക് നീക്കിവയ്ക്കാം. വീട് വൃത്തിയാക്കലും പിറ്റേന്നു മതി.
∙ അതിഥികൾക്ക് നന്ദി പറഞ്ഞുള്ള സന്ദേശം മെയിൽ ചെയ്യുകയോ മെസ്സേജയക്കുകയോ ചെയ്യാം. അതവരെ കൂടുതൽ സന്തോഷിപ്പിക്കും.                             ∙

ആതിഥേയർക്കു വേണ്ട കരുതലുകൾ


അതിഥികൾ കൊണ്ടുവരുന്ന വിഭവം ചൂടാക്കാനുള്ള സൗകര്യം, തണുപ്പിക്കേണ്ട ഭക്ഷണമുണ്ടെങ്കിൽ ഫ്രീസർ ഇവയെല്ലാം റെഡിയായിരിക്കണം. വിളമ്പാനുള്ള പാത്രങ്ങൾ, സ്പൂണുകൾ എന്നിവയുടേയും എണ്ണത്തെക്കുറിച്ച് ആതിഥേയർക്ക് ധാരണയുണ്ടാകണം. ഡിഷുകൾ നിരത്താനുള്ള മേശ, ടേബിൾ മാറ്റ്, ടവലുകൾ, നാപ്കിൻ,പ്ലേറ്റ്,സൂപ്പു കുടിക്കാനും ഐസ്ക്രീം വിളമ്പാനുമുള്ള കപ്പ്, വെള്ളം കുടിക്കാൻ ഗ്ലാസ്സ്...  എന്നിവയും തയാറാക്കി വെക്കണം.


അതിഥികൾ ശ്രദ്ധിക്കേണ്ടത്


കൂടുതൽ സമയം മൈക്രോവേവ് ചെയ്യേണ്ടതും ചൂടാക്കേണ്ടതുമായവ കൊണ്ടുവന്ന് ആതിഥേയയെ ബുദ്ധിമുട്ടിക്കാതിരിക്കുക. വിഭവങ്ങൾ കൊണ്ടുവരുന്ന പാത്രങ്ങൾ വൃത്തിയുള്ളതാണന്ന് ഉറപ്പു വരുത്തുക. ഭക്ഷണം കാണുമ്പോൾ തന്നെ കൊതിയൂറും വിധം മനോഹരമായി അലങ്കരിക്കണം. കൃത്യ സമയത്ത് എത്തിച്ചേരാൻ ശ്രദ്ധിക്കണം. ഭക്ഷണത്തെക്കുറിച്ച് മറ്റുള്ളവരുടെ കമന്റുകളെ സഹിഷ്ണുതയോടെ കേൾക്കാനും അടുത്ത തവണ കൂടുതൽ മികച്ചതാക്കാനുള്ള ടിപ്സ് നേടിയെടുക്കാനും ശ്രമിക്കാം.