Friday 27 July 2018 10:44 AM IST : By സ്വന്തം ലേഖകൻ

വിവാഹവീട്ടിലെ ഗാനമേള ശബ്ദത്തിൽ ട്രെയിന്റെ ചൂളം വിളി കേട്ടില്ല; മരണത്തിലും ഒന്നിച്ച് ഈ സുഹൃത്തുക്കൾ

friends

ഉറ്റസുഹൃത്തുക്കളായിരുന്നു ജിപിനും ലിഥിനും മിലനും. സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം ഒരുമിച്ച് പങ്കിട്ടവർ. വലിയ സൗഹൃദവലയമുള്ള ഈ മൂന്നു കൂട്ടുകാരും തങ്ങളുടെ അടുത്ത സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ തലേന്ന് സൽക്കാരത്തിന് പോയി വരും വഴിയായിരുന്നു ആ സംഭവം. സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം ദേശീയപാതയിലേക്കു വരാനായി റെയില്‍വേ പാളം മുറിച്ചുകടക്കുമ്പോൾ മൂവരെയും ട്രെയിന്‍ ഇടിച്ചുതെറിപ്പിച്ചു. വളവുള്ള സ്ഥലമായതിനാല്‍ ട്രെയിന്‍ കണ്ണില്‍പ്പെട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. മാത്രമല്ല വിവാഹ വീട്ടിലെ ഗാനമേളയുടെ ശബ്ദത്തിൽ അവർ ട്രെയിനിന്റെ ശബ്ദം കേൾക്കാതെ പോയതാകാമെന്നും നാട്ടുകാർ പറയുന്നു.

ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ അരൂര്‍ അമ്മനേഴത്ത് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. അരൂര്‍ പഞ്ചായത്ത് 21-ാം വാര്‍ഡില്‍ കിഴക്കേ വേലിക്കകത്ത് വര്‍ഗീസിന്റെ മകന്‍ ജിപിന്‍(24), കടവന്ത്രയില്‍ വാടകയ്ക്കു താമസിക്കുന്ന അരൂര്‍ ചേനാത്ത് വീട്ടില്‍ പരേതനായ ജോസഫിന്റെ മകന്‍ ലിഥിന്‍(23), എറണാകുളം കടവന്ത്ര മാതാനഗര്‍ ലെയ്‌നില്‍ ഒറ്റനിലത്ത് ആന്റണിയുടെ മകന്‍ മിലന്‍(22) എന്നിവരാണു സംഭവ സ്ഥലത്തു തന്നെ മരിച്ചത്.

മരണദൂതുമായി പാഞ്ഞെത്തിയ ട്രെയിന്റെ ചൂളംവിളി ഈ കൂട്ടുകാരിൽ ഒരാളും കേട്ടില്ല. കനത്ത മഴ കാരണം യാത്ര മാറ്റിവയ്ക്കാന്‍ ആലോചിച്ചെങ്കിലും ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തലേന്നുള്ള സല്‍ക്കാരമായതിനാല്‍ പോകാന്‍ മൂവരും ഒന്നിച്ച് തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം കല്യാണവീട്ടിലെത്തിയ അവർ ഒരുപാട് സമയം സുഹൃത്തുക്കളുമൊക്കെയായി ആർത്തുലസിച്ചിരുന്നു.

സൃഹുത്തുക്കളുടെ ഏതാവശ്യങ്ങളിലും സഹായിക്കാനായി മുന്നിട്ടിറങ്ങുമായിരുന്നു മിലനും ലിഥിനും. അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ നിരവധി പേരാണ് മൂവരുടെയും മൃതദേഹങ്ങള്‍ അവസാനമായി കണ്ടുമടങ്ങിയത്.