Friday 09 November 2018 04:03 PM IST : By എം എസ് അനൂപ്

വനിത വുമൺ ഓഫ് ദി ഇയർ 2017 സിസ്റ്റര്‍ സുധ വര്‍ഗീസ്; കാരുണ്യക്കടലായ ‘െെസക്കിള്‍ ദീദി’

sudha1

രണ്ടു വർഷം മുമ്പ്, ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്ര സം ഘടനയുടെ സമ്മേളനവേദി. മൈക്കിനു മുന്നിലെത്തിയ പൂനംകുമാരിയെന്ന ആറാം ക്ലാസുകാരിയെ സദസ് ‍കൗതുകത്തോടെ നോക്കി നിന്നു. വാക്കുകളുടെ തിരയിളികിത്തുടങ്ങി. അവൾ സംസാരിച്ചത് ബീഹാറിലെ  ഒരു ഗ്രാമത്തിലെ, അവളുൾപ്പെടുന്ന മുസഹറുകള്‍ എന്ന മഹാദലിത് വിഭാഗത്തിന്റെ ഉയർത്തെഴുന്നേൽപ്പിനെക്കുറിച്ചായിരുന്നു.


ഒരുകാലത്ത് വിശന്നു പൊരിയുമ്പോള്‍ അര വയര്‍ നിറയാന്‍ എലികളെ ഭക്ഷിച്ചിരുന്ന  മുസഹറുകള്‍. പരിഹാസങ്ങളുടെയും ചൂഷണങ്ങളുടെയും മുൾവേലിക്കെട്ടുകള്‍ക്കുള്ളില്‍ എരിഞ്ഞമർന്നു പോയ ഒരു കൂട്ടം മനുഷ്യ ജീവിതങ്ങൾ. ബാല്യത്തിന്റെ പൂവിതളുകൾ പിച്ചിയെറിഞ്ഞ്  വിവാഹം ചെയ്തയക്കുന്ന നാട്ടാചാരങ്ങൾ. കുടിവെള്ളം പോലും മറ്റുള്ളവരുടെ ദയ ആയി ലഭിച്ചിരുന്ന ജനങ്ങള്‍.


അവരുെട  ഉയിര്‍പ്പിന്‍റെ കഥയാണ് അന്നവിെട പൂനംകുമാരി പറഞ്ഞത്. പുഞ്ചിരിക്കുന്ന പുതിയ നാട്. സ്വന്തം വരുമാന മാർഗമുള്ള സ്ത്രീകൾ, മികച്ച വിദ്യാഭ്യാസം, പദവികള്‍, താമസ സൗകര്യം, ഭക്ഷണം, ആരോഗ്യപരിപാലനം.... ആ നാടിന്‍റെ പ്രതീകമായിരുന്നു, പൂനംകുമാരി. മുസഹര്‍ സമുദായത്തില്‍ നിന്ന് ആദ്യമായി യുഎന്നില്‍ പ്രസംഗിസക്കാന്‍ അവസരം കിട്ടിയ പെണ്‍കുട്ടി. അവളുെട അനുഭവങ്ങളുടെ തിരയൊച്ച നിലച്ചപ്പോൾ സദസ്സ് കണ്ണീരണിഞ്ഞ് കൈയടിച്ചു.

sudha4


‌നാടിെന്‍റ പുഞ്ചിരിയും മാറ്റങ്ങളും കണ്ട് ഏറ്റവും സന്തോഷിക്കുന്ന ഒരു മലയാളി വനിതയുണ്ട്. സിസ്റ്റര്‍ സുധാ വര്‍ഗീസ്. നാട്ടുകാരുെട പ്രിയപ്പെട്ട െെസക്കിള്‍ ദീദി. കോട്ടയം കാഞ്ഞിരത്താനത്തു നിന്ന് മുപ്പതു വർഷം മുൻപ് ബിഹാറിലെത്തി ആരുമില്ലാത്ത ഒരു ജനതയ്ക്കായി പൊരുതിയ മഹനീയ വനിത. വെയിലിൽ വാടി പോവേണ്ടിയിരുന്ന ഒരുപാടു ജീവിതങ്ങളെ മാറോടു ചേർത്തു പിടിച്ച് അഭയം നൽകിയ ആ ‘അമ്മ’യ്ക്കാണ് ഈ വര്‍ഷത്തെ വനിത വുമണ്‍ ഒാഫ് ദ ഇയര്‍ പുരസ്കാരം. േസവനത്തിന്‍റെ െകാടുമുടി കയറിയ പ്രവര്‍ത്തനങ്ങള്‍ക്ക് വനിതകളുെട സുഹൃത്തും വഴികാട്ടിയുമായ ‘വനിത’ നല്‍കുന്ന ആദരം.


നാരിഗുഞ്ജൻ അഥവാ സ്ത്രീകളുടെ ശബ്ദം


ബിഹാറിന്റെ തലസ്ഥാനമായ പട്‌നയില്‍ നിന്ന് 15 കിലോമീറ്റ ര്‍ അകലെയാണ് ദാനാപ്പൂര്‍. ഇന്ത്യന്‍ മിലിട്ടറിയുടെ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്ന ചെറുപട്ടണം. ഇവിടെ ലാല്‍കോട്ടിയിലുള്ള  രണ്ടു നില കെട്ടിടത്തിലാണ് സന്നദ്ധ സംഘടനയായ 'നാരിഗുഞ്ജന്റെ' പ്രവര്‍ത്തനം. നൂറ്റന്‍പതോളം മുസഹര്‍ പെണ്‍കുട്ടികള്‍ താമസിച്ചു പഠിക്കുന്ന ബാലികാ വിദ്യാലയവും ഇവിടെയാണ്. രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ച, അശരണര്‍ക്കായി സ്വയം സമര്‍പ്പിച്ച സിസ്റ്റര്‍ സുധാ വര്‍ഗീസിന്റെ നിരന്തര പ്രയത്‌നത്തിനുള്ള സ്മാരക ശിലകളെന്നും ഇവയെ വിശേഷിപ്പിക്കാം.

sudha6


ബാലികാ വിദ്യാലയത്തിന്റെ ഓഫിസ് മുറിയിലെ പോസ്റ്റര്‍ ആരുേടയും ശ്രദ്ധയില്‍ െപടും. ചുരുട്ടിയ മുഷ്ടിയുെട ചിത്രം. ഒപ്പം  ഏറ്റവും ശക്തമായ ഒരു വാചകവും. ‘എ ലൈഫ് ഫ്രീ ഓഫ് വയലന്‍സ് ഈസ് ഔര്‍ റൈറ്റ്.’ പോസ്റ്ററിനു ചുവട്ടിലെ കസേരയിലിരുന്ന് സിസ്റ്റര്‍ സുധാ വര്‍ഗീസ് സ്വന്തം ജീവിതം മെല്ലെ ഓര്‍ത്തെടുക്കുകയാണ്...
കോട്ടയം കാഞ്ഞിരത്താനം ചേന്നംപറമ്പില്‍ വീട്ടില്‍ കര്‍ഷകനായ ഏബ്രഹാം വര്‍ക്കിയുടെയും ഏലിക്കുട്ടിയുടെയും എ ട്ടുമക്കളില്‍  മൂത്തയാളായിരുന്നു സുധാ വര്‍ഗീസ്. 1962-ല്‍ കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി നില്‍ക്കുമ്പോഴാണ് പട്‌നയിലെ നോത്ര്ദാം സഭയില്‍ കന്യാസ്ത്രീയാകാനുള്ള അവസരം ലഭിക്കുന്നത്. ആ യാത്ര  സുധാ വര്‍ഗീസിന്റെ ഓര്‍മകളില്‍ ഇപ്പോഴും മായാതെ നില്‍ക്കുന്നുണ്ട്.


‘‘വീട്ടിലെ മൂത്ത കുട്ടിയായതിനാല്‍ കന്യാസ്ത്രിയാകാന്‍ വിടുന്നതില്‍ അപ്പച്ചനും അമ്മച്ചിക്കും തീരെ താൽപര്യമില്ലായിരുന്നു. നിരുത്സാഹപ്പെടുത്താന്‍ ‘വേണ്ട മോളേ...’ എന്നു  വ ഴിയിലുടനീളം അപ്പച്ചന്‍ പറയുന്നുണ്ടായിരുന്നു. പാവപ്പെട്ടവ ര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ ശക്തമായിരുന്നു. ഞാന്‍  തീരുമാനത്തില്‍ ഉറച്ചു നിന്നു. അങ്ങനെ പതിനാറാം വയസില്‍ നോത്ര്ദാം സഭാകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നു.  


പഠനത്തിനുശേഷം വിവിധ സ്‌കൂളുകളിലായി പത്തു വ ര്‍ഷത്തെ അധ്യാപന ജീവിതം. അപ്പോഴെല്ലാം മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. പണക്കാരുടെ മക്കളെ പഠിപ്പിച്ച് ജീവിതം പാഴാക്കുന്നെന്ന തോന്നല്‍. ധന്‍ബാദിലെ സ്‌കൂളില്‍ ജോലി നോക്കുമ്പോള്‍ സമീപമുള്ള ബൗറ കോളനിയിലെ കുഷ്ഠരോഗികളെ ശുശ്രൂഷിക്കാന്‍ അവസരം ലഭിച്ചു. പിന്നീടു സസറമിലെ ജോലിക്കാലത്ത് ദലിത് കോളനികളില്‍ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയപ്പോള്‍ ലഭിച്ച സന്തോഷം മനസ്സുനിറച്ചു.’’ സിസ്റ്റര്‍ ഓര്‍ക്കുന്നു.
താമസിയാതെ അധ്യാപനം ഉപേക്ഷിച്ച് മുംഗേര്‍ ജില്ലയിലെ മുസഹറുകള്‍ക്കിടയില്‍ സേവനം തുടങ്ങി. ഇതിനിടെയാണ് ദാനാപ്പൂരിനു സമീപം മുസഹറുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ജംസത്ത് ഗ്രാമം സിസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുന്നത്. മ‍‍ൃഗതുല്യമായ ജീവിതം നയിക്കുന്ന ഒരുപിടി മനുഷ്യര്‍. ഇതോടെ ജംസത്ത് ഗ്രാമത്തില്‍ സ്ഥിരതാമസമാക്കാന്‍ ഉറപ്പിച്ചു. നീണ്ട 21 വര്‍ഷം ജംസത്തിലെ ഒറ്റമുറി വീട്ടില്‍ സിസ്റ്റര്‍ അവരിലൊരാളായി ജീവിച്ചു. ദാനാപ്പൂരിനും ജംസത്ത് ഗ്രാമത്തിനുമിടയില്‍, സഭാവസ്ത്രങ്ങളില്ലാതെ, സാധാരണ വേഷം ധരിച്ച് സൈക്കിളില്‍ സഞ്ചരിക്കുന്ന സുധാ വര്‍ഗീസിനെ ‘സൈക്കിള്‍ ദീദി’ എന്നു മുസഹറുകള്‍ സ്‌നേഹത്തോടെ വിളിച്ചു.  

sudha3


എലിയെ തിന്നുന്ന മുസഹറുകള്‍


‘‘എല്ലാ അനുഭവങ്ങളും വ്യത്യസ്തവും അപൂര്‍ വവും ആയിരുന്നു.’’ സിസ്റ്റര്‍ പറയുന്നു. ‘‘ഒരിക്കൽ  വയലിനരികിലൂടെ നടക്കുമ്പോള്‍ ചെറുപ്പക്കാരുടെ ഒരു സംഘം നില്‍ക്കുന്നു. ചുട്ട എലിയുണ്ട് അവരുെട െെകയില്‍. ദീദിയും കഴിക്കാന്‍ ഒപ്പംകൂടണമെന്ന് അഭ്യര്‍ഥന. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവുമില്ല. ഉപ്പു കുടുതല്‍ ചേര്‍ത്ത ഭക്ഷണമാണ് കഴിക്കാറുള്ളതെന്ന് പറഞ്ഞ് ഒഴിയാന്‍ നോക്കി. അവര്‍ വിടാനുള്ള ഭാവമില്ല. അവരിലൊരാള്‍ അടുത്തുള്ള വീട്ടില്‍ പോയി ആവശ്യത്തിന് ഉപ്പുമായി തിരിച്ചെത്തി. അങ്ങനെ അന്നാദ്യമായി ചുട്ട എലിയെ തിന്നു.
മുസഹര്‍ കുടിലുകളില്‍ നിന്ന് എലി വിഭവങ്ങള്‍ ലഭിക്കുന്നത് ഇതോടെ പതിവായി. മസാലപുരട്ടി ചുട്ടും കറിവച്ചുമുള്ള എലി വിഭവങ്ങള്‍ ഇപ്പോഴും കിട്ടിയാല്‍ കഴിക്കും.’’ സാഹചര്യമാണ് ശീലങ്ങളെ രൂപപ്പെടുത്തുകയെന്ന ഓര്‍മപ്പെടുത്തലോടെ സിസ്റ്റര്‍ ചിരിക്കുന്നു.


‘‘1986ലാണ് ഞാന്‍ ജംസത്ത് ഗ്രാമത്തിലെത്തുന്നത്. തികച്ചും പരിതാപകരമായ ജീവിതസാഹചര്യങ്ങളാണ് അവിെട കണ്ടത്. പന്നിക്കൂട്ടങ്ങള്‍ മേഞ്ഞുനടക്കുന്ന, അഴുക്കുവെള്ളം കെട്ടിനില്‍ക്കുന്ന, ചെളിനിറഞ്ഞ ഗ്രാമവഴികള്‍. അതിനരികില്‍ ഒരുറപ്പും ഇല്ലാത്ത കുടിലുകള്‍. അവര്‍ക്കൊപ്പം ജീവിക്കാന്‍ തന്നെയായിരുന്നു എന്‍റെ തീരുമാനം.
കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങളും നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. നെല്ലും കടുകും കൃഷിചെയ്യുന്ന വയലുകളുടെ സമീപമാണ് ജംസത്ത് ഗ്രാമം. പാടത്തു പണിയെടുത്താല്‍ ഇവര്‍ക്ക് ദിവസം ലഭിച്ചിരുന്ന കൂലി അഞ്ചു രൂപയാണ്. ശൈശവ വിവാഹമായിരുന്നു, മുസഹറുകള്‍ നേരിട്ടിരുന്ന മറ്റൊരു പ്രധാന പ്രശ്‌നം. പെണ്‍കുട്ടികളെ 12 വയസാവുമ്പോഴേക്കും വിവാഹം കഴിച്ചയക്കും. സ്‌കൂളിലെ കുട്ടികള്‍ അവധിക്കു നാട്ടില്‍ പോയാല്‍ പലപ്പോഴും മടങ്ങിവരാറില്ല. കല്യാണം കഴിഞ്ഞിട്ടുണ്ടാകും.


സ്ഥലത്തെ ജന്മിമാര്‍ യാദവരും കുറുമികളും കൊയ്‌രികളുമാണ്. പാടത്ത് എല്ലുമുറിയെ പണിയെടുപ്പിച്ച് തുച്ഛമായ വേതനം നല്‍കുന്നവര്‍, അടിമകളെ പോലെയാണ് മുസഹറുകളെ കണക്കാക്കിയിരുന്നത്. അവരുടെ കുട്ടികളെ സ്‌കൂളിന്റെ പരിസരത്തെത്തിയാല്‍ അടിച്ചോടിക്കും. റേഷന്‍   കടകളില്‍ പോകാന്‍ പോലും അനുമതിയില്ലായിരുന്നു.
രാത്രിയാകുമ്പോള്‍ ഈ ജന്മിമാര്‍ തന്നെ മദ്യപിക്കാന്‍ മുസഹര്‍ കുടിലുകളിലെത്തും. പുരുഷന്‍മാരുടെ പ്രധാന ജോലി വ്യാജവാറ്റാണ്. മഹുവ മരത്തിന്റെ പൂക്കള്‍ വാറ്റി നിര്‍മിക്കുന്ന മദ്യത്തിന്റെ വില്‍പ്പനയായിരുന്നു പ്രധാന വരുമാന മാര്‍ഗം. മദ്യപിച്ച ശേഷം കശപിശ പതിവാണ്. പുരുഷന്‍മാര്‍ മദ്യത്തിന്റെ അടിമകളായതിന്റെ ദുരന്തം പേറിയിരുന്നത് സ്ത്രീകളും കുട്ടികളും. മദ്യം നല്‍കി ബോധംകെടുത്തിയോ ഭീഷണിപ്പെടുത്തിയോ മര്‍ദിച്ചോ പുരുഷന്‍മാരെ വരുതിയിലാക്കും. തുടര്‍ന്ന് നിസഹയരായ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മാനം കവരുന്നതിലായിരുന്നു ജന്‍മിമാര്‍ ആഹ്ലാദം കണ്ടെത്തിയിരുന്നത്. പീഡനം ഏറ്റു വാങ്ങുകയെന്നത് നിയോഗമായി കരുതിയിരുന്ന സ്ത്രീകളെ പ്രതിരോധത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ഏറെ പാടുപെട്ടു.’’


കണ്ണിലെ കരടായി, പിന്നാലെ ഭീഷണികളും


മുസഹറുകള്‍ക്കെതിരായ അക്രമങ്ങളെ നിയമപരമായി നേരിടാന്‍ സിസ്റ്റര്‍ സുധാ വര്‍ഗീസ് ശ്രമമാരംഭിച്ചതോടെ യാദവരുടെ ഭീഷണി ശക്തമായി.  വയലിലെ ജോലിക്കു കൂടുതല്‍ കൂലി വേണമെന്ന ആവശ്യവുമായി മുസഹര്‍ സ്ത്രീകളെ സിസ്റ്റര്‍ സമരരംഗത്തിറക്കി. അഞ്ചു രൂപയില്‍ നിന്ന് 14 രൂപയായി കൂലി ഉയര്‍ത്തണമെന്നായിരുന്നു ആവശ്യം.
സമരം ശക്തമായതോടെ ജന്‍മിമാര്‍ വിരട്ടല്‍ തുടങ്ങി. പ്രഭാതകൃത്യം നിർവഹിക്കാന്‍ വയലുകളിലെത്തുന്ന മുസഹര്‍ സ്ത്രീകളെ വെടിവയ്ക്കുമെന്നായിരുന്നു ഭീഷണി. കുഴല്‍ക്കിണറുകളില്‍ നിന്ന് വെള്ളമെടുക്കാന്‍ അനുവദിക്കില്ലെന്നും മുന്നറിയിപ്പ്. ഇതോടെ പരിഭ്രാന്തിയിലായ മുസഹര്‍ സ്ത്രീകള്‍ സമരത്തില്‍ നിന്നു പിൻവാങ്ങി. എങ്കിലും പില്‍ക്കാലത്ത് കൂലിയിലുണ്ടായ വര്‍ധനയ്ക്കു പ്രേരകമായത് മുസഹര്‍ സ്ത്രീകളുടെ സമരമാണെന്ന് സിസ്റ്റര്‍ പറയുന്നു.

sudha2


മാനഭംഗക്കേസുകള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്യപ്പെടാന്‍ തുടങ്ങിയതോടെ അക്രമികളുടെ രോഷം സിസ്റ്ററിനു നേ രെ തിരിഞ്ഞു. തന്നെ വകവരുത്താന്‍ നീക്കമുള്ളതായ ചില സൂചനകള്‍ സിസ്റ്ററിനു ലഭിച്ചു. പക്ഷേ, സിസ്റ്റർ പിന്മാറിയില്ല. മുസഹറുകളുടെ കേസു വാദിക്കാന്‍ വക്കീലന്‍മാര്‍ തയാറാവാതിരുന്നത് സിസ്റ്ററെ ഏറെ വലച്ചു. ‘‘അതോടെയാണ് നിയമം പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചത്.’’ പ്രതിസന്ധികള്‍ അവസരങ്ങളായതിനെക്കുറിച്ചു സിസ്റ്റര്‍ പറഞ്ഞു തുടങ്ങി. ‘‘ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2009ല്‍ എല്‍എല്‍ബി ഫസ്റ്റ് ക്ലാസില്‍ പാസായി. തുടര്‍ന്ന് ദാനാപ്പൂര്‍ കോടതിയില്‍ കേസു വാദിക്കാന്‍ തുടങ്ങി. ദലിത്, സ്ത്രീ പീഡന കേസുകളാണ് ഏറ്റെടുത്തത്.  പല കേസുകളിലും പ്രതികളെ അറസ്റ്റു ചെയ്യിക്കാനും ജയിലില്‍ അടയ്ക്കാനും സാധിച്ചു.  പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ നല്‍കിയ പിന്തുണയാണ് തുണയായത്.’’


‘നാരിഗുഞ്ജ’ന്റെ തുടക്കം


‘നാരിഗുഞ്ജന്‍’ എന്ന ഹിന്ദി വാക്കിന്റെ അര്‍ഥം ‘സ്ത്രീകളുടെ ശബ്ദം’ എന്നാണ്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള തന്റെ സന്നദ്ധസംഘടനയ്ക്ക് സിസ്റ്റര്‍ സുധാ വര്‍ഗീസ് കണ്ടെത്തിയ പേരും അതുതന്നെ. 1987ലാണ് നാരിഗുഞ്ജന്‍റെ  തുടക്കം. 2006ല്‍ ലാല്‍കോട്ടിയിലെ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതോടെയാണ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായത്. ഇവിടെയുള്ള കെട്ടിടത്തിലേക്ക് സിസ്റ്റർ താമസം മാറ്റി. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന നൂറ്റന്‍പതോളം മുസഹര്‍ പെണ്‍കുട്ടികളുടെ സംരക്ഷണ ചുമതലയുള്ളതിനാല്‍ ഏറെ നേരവും സിസ്റ്റര്‍ ഇവിടെത്തന്നെ.


സഭയുടെയും സര്‍ക്കാരിന്റെയും പിന്തുണയുണ്ടെങ്കിലും തികച്ചും സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളാണ് സിസ്റ്ററുടേത്. യൂനിസെഫ്, ചില എന്‍ജിഒകള്‍ എന്നിവയുടെ പിന്തുണ നാരിഗുഞ്ജന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായകമാവുന്നുണ്ട്. ബിഹാറിലെ ന്യൂനപക്ഷ കമ്മിഷന്‍ ഉപാധ്യക്ഷയായി പ്രവര്‍ത്തിച്ച 2012 മുതല്‍ മൂന്നുവര്‍ഷത്തെ കാലയളവില്‍ ദലിത്, സ്ത്രീ വിഷയങ്ങളില്‍ സിസ്റ്റര്‍ ഫലപ്രദമായി ഇടപെട്ടിരുന്നു.


ജംസത്ത് ഗ്രാമത്തിലെ ഓടിട്ട ഒറ്റ മുറിയാണ് സിസ്റ്ററിന്റെ വീട്. പന്ത്രണ്ടു വര്‍ഷം മുന്‍പ് സ്ഥിരതാമസം ഉപേക്ഷിച്ചെങ്കിലും   ഇടയ്ക്കിടെ സിസ്റ്റര്‍ ഇവിടെയെത്തി സ്വന്തം മുറി തുറന്ന് കുറച്ചു നേരമിരിക്കും. സിസ്റ്റര്‍ വന്നതറിഞ്ഞ് ഗ്രാമവസികള്‍ ‘പ്രണാം ദീദീ..’ എന്നു പറഞ്ഞ് തൊഴുെെകകളോെട മുന്നിലെത്തുന്നു. ഒരോരുത്തേരയും സ്േനഹത്തോെട ചേര്‍ത്തു നിര്‍ത്തി കുശലങ്ങള്‍ ചോദിക്കുന്നു, പരാതികള്‍ കേള്‍ക്കുന്നു, പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു.


‘ബിഹാറില്‍ ഞാന്‍ വന്നിട്ട് 54 വര്‍ഷമായി. ഇതില്‍ 21 വര്‍ഷം ഞാന്‍ ജീവിച്ചത് ഈ ഗ്രാമത്തിലെ പാവങ്ങളോടൊപ്പമാണ്. അവരുടെ ദുഃഖവും സന്തോഷവും പങ്കുവച്ചാണ് സേവനത്തിന്റെ ഉദാത്തമായ പാഠങ്ങള്‍ ഞാന്‍ ഉള്‍ക്കൊണ്ടത്. ’ സിസ്റ്റര്‍ സുധാ വര്‍ഗീസിന്റെ കണ്ണുകളില്‍ നനവു പടരുന്നു. മലയാളിയായ ഈ ബിഹാറി ഇന്ന് മുസഹറുകളുടെ 'ദീദി' മാത്രമല്ല അമ്മ കൂടിയാണ്.  കരിന്തിരി കത്തിയ മുസഹറുകളുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ പ്രകാശ നാളമായ് ജ്വലിക്കുന്ന സൗമ്യ സാന്നിധ്യം.


സേവന വഴിയിലെ നേട്ടങ്ങള്‍

∙ മുസഹര്‍ സ്ത്രീകളുെട ഉന്നമനം ലക്ഷ്യമിട്ടുള്ള സന്നദ്ധ സംഘടനയായ ‘നാരിഗുഞ്ജന്‍’ െന്‍റ തുടക്കം.
∙ മുസഹര്‍ പെണ്‍കുട്ടികള്‍ക്ക് പത്താംക്ലാസുവരെ താമസിച്ചു പഠിക്കാന്‍ ദാനാപ്പൂര്‍ ലാല്‍കോട്ടിയിലും ഗയയിലും ഹോസ്റ്റല്‍ സൗകര്യമുള്ള ബാലികാ വിദ്യാലയങ്ങള്‍. പ്രത്യേക ട്യൂഷന്‍, കംപ്യൂട്ടര്‍ ക്ലാസ്, സംഗീത ക്ലാസ്, കരാട്ടെ പരിശീലനം. ലാല്‍കോട്ടിയില്‍ 150, ഗയയില്‍ 100 കുട്ടികള്‍ താമസിച്ചു പഠിക്കുന്നു.
∙ മാതാ സമിതിയെന്ന പേരില്‍ അമ്മമാരുടെ സമിതി.
∙ ബിഹാറിലാകെ  40 അങ്കണവാടികള്‍ ( ആനന്ദ് ശിക്ഷാ കേന്ദ്രം). ഓരോന്നിലും 40 വീതം കുട്ടികള്‍.
∙ തെരുവില്‍ എത്തപ്പെടുന്ന പെണ്‍കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും വിവിധ സംരക്ഷണ കേന്ദ്രങ്ങള്‍.
∙ മുസഹര്‍ കുടുംബങ്ങളെ സഹായിക്കാന്‍ കന്നുകാലി വളര്‍ത്തല്‍, പച്ചക്കറിത്തോട്ടം, കോഴിക്കൃഷി.
∙ മുസഹര്‍ ചെറുപ്പക്കാരുടെ കായിക പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് കിറ്റ് വിതരണം. ∙കൊച്ചുകുട്ടികൾക്കായി ‘കിഷോരി കേന്ദ്ര’.
∙ സ്ത്രീകള്‍ക്കായി ലഘുഭക്ഷണ നിര്‍മാണ കേന്ദ്രം, നാപ്കിന്‍ നിര്‍മാണത്തില്‍ പരിശീലനം.