Tuesday 12 June 2018 03:39 PM IST : By സ്വന്തം ലേഖകൻ

സ്ത്രീവിരുദ്ധ പരാമര്‍ശം; സെന്‍കുമാറിനെതിരെ വനിതാക്കമ്മീഷന് പരാതി നല്‍കുമെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്

wcc

സെന്‍കുമാറിനെതിരെ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ മുന്‍ ഡിജിപി സെന്‍കുമാര്‍ ഫോണില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഉയര്‍ത്തിക്കാട്ടുന്നത്. ഈ പരാമര്‍ശങ്ങളുടെ പേരില്‍ വനിതാക്കമ്മീഷനെ സമീപിക്കും എന്ന് ഫെയ്സ്ബുക്ക് പേജിലൂടെ ഇവര്‍ അറിയിച്ചു..

മുസ്ലിം സമൂഹത്തിന് നേരെ നടത്തിയ പ്രസ്താവനകളുടെ പേരില്‍ സെന്‍കുമാര്‍ വീണ്ടും വെട്ടിലാവുകയാണെന്നാണ് സൂചന. നേരത്തെയും ചില പരാമര്‍ശങ്ങളുടെ പേരില്‍ സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തിയിരുന്നു.

വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍.

ഞങ്ങളുടെ സഹപ്രവർത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുൻ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണിൽ നടത്തിയ ചില പരാമർശങ്ങൾ ഞങ്ങളുടെ സഹപ്രവർത്തകയെയും ഒപ്പം ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്. പ്രസ്തുത കേസിന്റെ ചുമതലക്കാരനായിരുന്ന പോലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമർശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് ഞങ്ങൾ കേട്ടത്.

മലയാള ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും ഉയർത്തി പിടിക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വവും ദിശാബോധവും നല്കുന്ന ഒരു കൂട്ടായ്മ എന്ന നിലയിൽ മുൻ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത ഈ പരാമർശത്തെ ഞങ്ങൾ അങ്ങേയറ്റം അപലപിക്കുന്നു. മാത്രവുമല്ല, ഒരു ഭാഗത്ത് പോലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്തുത കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ മുൻ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഞങ്ങൾ കരുതുന്നു.

അതിക്രമത്തെ സധൈര്യം അതിജീവിച്ച ഞങ്ങളുടെ സഹപ്രവർത്തകയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു നില്ക്കണമെന്ന് മാധ്യമങ്ങളോടും wcc അഭ്യർത്ഥിക്കുന്നു. മുൻ പോലീസ് മേധാവിയുടെ ഇത്തരം പരാമർശങ്ങൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് wcc വനിതാ കമ്മിഷനെ സമീപിക്കും’