Saturday 03 November 2018 02:31 PM IST : By സ്വന്തം ലേഖകൻ

ദുബായ് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഇനി എന്തൊക്കെ?

dubai_license

ദുബായ്‌യിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാനായി പുതിയ നിയമങ്ങളും ആർടിഎ നൽകുന്ന സൗകര്യങ്ങളും അറിഞ്ഞേ തീരൂ. പ്രവാസി മലയാളികൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ ആയി ഈ വിവരങ്ങൾ പങ്കുവയ്ക്കൂ.

മാനസികാരോഗ്യ, ഭാഷാ പരീക്ഷകള്‍ പാസാകണം: എല്ലാ വാഹനങ്ങൾക്കും ലൈസന്‍സ് കിട്ടണമെങ്കില്‍ മാനസികാരോഗ്യ, ഭാഷാ പരീക്ഷകള്‍ പാസാകണമെന്ന് ദുബായ് ആര്‍ടിഎ. ഇതിനു വേണ്ടി തയാറാക്കിയ മാന്വലുകള്‍ ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങള്‍ക്ക് ഉടന്‍ നല്‍കും. ഒക്‌ടോബറോടെ സ്ഥാപനങ്ങള്‍ പരിശീലനം ഈ രീതിയിലേക്ക് മാറ്റണം.


ലേണേഴ്‌സ് ലൈസന്‍സിനായി 192 ഭാഷകളിൽ ചോദ്യം: ലേണേഴ്‌സ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്കുള്ള പരീക്ഷയിലെ ചോദ്യങ്ങള്‍ 192 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള സംവിധാനം ദുബായ് ആര്‍.ടി.എ. ഒരുക്കിയിട്ടുണ്ട്. നിലവില്‍ 10ഭാഷകളില്‍ മാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിഭാഷകരാണ് ചോദ്യങ്ങള്‍ പരിഭാഷപ്പെടുത്തി നല്‍കുന്നത്.

ഇംഗ്ലീഷും അറബിയും അറിയാത്തവര്‍ക്കും ലൈസന്‍സ് ലഭിക്കുന്നത് എളുപ്പമാക്കാനാണ് ഈ നടപടി. ഡ്രൈവർ ജോലിക്കായും ഇത്തരക്കാർക്ക് എളുപ്പമാണ്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് 500 പേരാണ്. കൂടുതല്‍ ആളുകളെ ഇതുമായി സഹകരിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇതുവരെ 300 അപേക്ഷകര്‍ 33 ഭാഷകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്.

ചോദ്യങ്ങൾ റെക്കോർഡ് ചെയ്യും: അപേക്ഷകന് ആവശ്യമുള്ളതില്‍ കൂടുതല്‍ സഹായം കിട്ടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇവ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും.

ഒരാഴ്ച മുമ്പ് ബുക്കിങ്:  പ്രാഥമിക പരീക്ഷയ്ക്ക് വിവർത്തനം വേണ്ടവർക്ക്  ഒരാഴ്ച മുമ്പ് ബുക്ക് ചെയ്യണം. 400 ദിര്‍ഹമാണ് ഇതിന് ഫീസ്.