Friday 27 July 2018 11:48 AM IST : By സ്വന്തം ലേഖകൻ

ആംബുലൻസ് ലഭിച്ചില്ല, നടന്ന് തളർന്ന് ആശുപത്രിയിലെത്തിയപ്പോൾ പൂട്ടിക്കിടക്കുന്നു; യുവതി സ്കൂൾ ഗ്രൗണ്ടിൽ പ്രസവിച്ചു

delivery

ഇന്ത്യയിൽ ശരിയായ ചികിത്സ കിട്ടാതെയും ആംബുലൻസ് കിട്ടാതെയും ആളഉകൾ വലയുന്ന സംഭവങ്ങൾ തുടരുകയാണ്. മൃതദേഹം വീട്ടിൽ എത്തിക്കാൻ ആംബുലൻസോ വാഹനമോ കിട്ടാതെ ചുമന്നു കൊണ്ട് പോകുന്ന ദൃശ്യങ്ങളും മനം മടുപ്പിക്കുകയാണ്. പ്രസവ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാതെ വലയുന്നവരും നിരവധി. ഇതാ പ്രസവ സമയത്ത് അടച്ചിട്ടതിനെത്തുടര്‍ന്ന് യുവതി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രസവിച്ച വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഛത്തീസ്ഗഡിലെ ജഷ്പൂര്‍ സ്വദേശിയായ സംപടി ഭായി എന്ന യുവതിയാണ് എത്തിപ്പെടാൻ കഴിയുന്ന ഒരേ ഒരു ആശുപത്രി അടച്ചിട്ടതിനാൽ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രസവിച്ചത്.

യുവതിയ്ക്ക് പ്രസവവേദന ആരംഭിച്ചത് മുതല്‍ ആംബുലന്‍സ് സൗകര്യത്തിനായി കുടുംബം ശ്രമിച്ചിട്ടും സേവനം ലഭിച്ചിരുന്നില്ല. എമർജൻസി ആംബുലന്‍സ് സർവീസുകൾ മാറി മാറി വിളിച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. സമീപത്തെങ്ങും സ്വകാര്യ വാഹനങ്ങളും ഉണ്ടായിരുന്നില്ല. രണ്ട് കിലോമീറ്റര്‍ നടന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രി അടച്ചിട്ടിരിക്കുകയായിരുന്നു.’ പിന്നീട് വീട്ടിലേക്ക് നടക്കും വഴി പ്രസവ വേദന കടുക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.

ജീവനക്കാരില്ലാത്തതിനാല്‍ ആണ് ആശുപത്രി അടച്ചിട്ടതെന്നായിരുന്നു വിവരം. സംഭവത്തില്‍ ആശുപത്രി അധികൃതരില്‍ നിന്ന് വിശദീകരണം തേടിയതായി കളക്ടര്‍ പ്രിയ ശുക്ല അറിയിച്ചു. ഞായറാഴ്ച ദിവസമായിട്ടും ജീവനക്കാര്‍ ഉണ്ടായിരുന്നെന്നും ആശുപത്രി തുറന്നിരുന്നെന്നുമാണ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. പ്രസവശേഷം ആശുപത്രി ജീവനക്കാരാണ് യുവതിയെ പരിചരിച്ചതെന്നും മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. രാജ്യത്തെ ആരോഗ്യപരിപാലനത്തിന്റെ പരിതാപകരമായ മറ്റൊരു വശമാണ് ഈ സംഭവം വെളിവാക്കുന്നത്.