Friday 09 February 2018 05:31 PM IST : By സ്വന്തം ലേഖകൻ

മക്കളുടെ നന്മയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എങ്കിൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

parent_children

മക്കളുടെ നന്മയ്ക്കായി എന്തും മനസ്സറിഞ്ഞ് ചെയ്യുന്നവരാണ് അച്ഛനമ്മമാർ. എന്നാൽ മക്കളെ സന്തോഷിപ്പിക്കാൻ എന്ത് ചെയ്താലും അത് കുട്ടികൾക്ക് നല്ലതേ വരുത്തുകയുള്ളു എന്ന വിശ്വാസം ശരിയാണോ?  നമ്മൾ അവരുടെ നന്മയ്ക്കായി ചെയ്യുന്നതെല്ലാം നല്ലതാണോ? എന്നാല്‍ മാതാപിതാക്കൾ മക്കളുടെ നല്ലതിനു വേണ്ടി ചെയ്യുന്ന പലതും ദോഷമായി മാറിയേക്കാം. ഇതാ അങ്ങനെ അറിയാതെ ചെയ്യുന്ന ചില അബദ്ധങ്ങൾ. അവ എങ്ങനെ ഒഴിവാക്കാമെന്നും പരിഹരിക്കാമെന്നും നമുക്ക് നോക്കാം.

വാശികൾ അനുവദിക്കുക

കുട്ടികളുടെ ചെറിയ വാശികൾക്ക് കണ്ണടയ്ക്കുന്നത് അച്ഛനമ്മമാർ സ്ഥിരം ചെയ്യുന്ന കാര്യമാണ്. കുട്ടികൾ കളിയായാലും ാര്യമായാലും എല്ലാം കരഞ്ഞാണ് സാധിക്കാറ്. എന്നാൽ തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ കരയുന്ന എല്ലാ കാര്യങ്ങളും സാധിച്ചു നൽകിയാൽ സ്വയം നിയന്ത്രിക്കാനുള്ള അവരുടെ കഴിവ് നഷ്ടമാകും. മുതിർന്നാലും അവർ അങ്ങനേ വളരൂ. പിടിവാശികൾ അനുവദിക്കരുത്. ആവശ്യമുള്ളവയും അനാവശ്യമായവയും തിരിച്ചറിയിക്കുക.

താരതമ്യം ചെയ്യൽ

മറ്റു കുട്ടികളുടെ കഴിവുകളുമായി കുട്ടിയെ താരതമ്യം ചെയ്യരുത്. ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ നമ്പർ വാങ്ങി വച്ച് കുട്ടിയെക്കുറിച്ചുള്ള വിമർശനങ്ങൾ പറയുന്നവരുണ്ട്. ഇത് കുട്ടികളിൽ വെറുപ്പ് ഉണ്ടാക്കും. എല്ലാ കുട്ടികളും വ്യത്യസ്തരാണെന്ന് അറിയുക.

അധിക കുറ്റപ്പെടുത്തൽ

കുഞ്ഞുങ്ങളാകുമ്പോൾ അവർക്ക് എല്ലാത്തിനും സമയവും ക്ഷമയും ആവശ്യമാണ്. ശാസനയും അനാവശ്യ വിമർശനവും അവരുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കും.

സംസാരങ്ങളെ വകവയ്ക്കാതിരിക്കുക

മിക്ക കുട്ടികളും അച്ഛനമ്മമാരോട് പറയുന്നത് ക്ഷമയോടെ കേൾക്കാൻ അവർ സമയം കണ്ടെത്താറില്ല. എന്നാൽ അങ്ങനെ ചെയ്യരുത്. ഇത് അവരുടെ ആശയവിനിമയത്തെ ബാധിക്കുകയും മാതാപിതാക്കളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും. മാത്രമല്ല സൗഹൃദം ഉണ്ടെങ്കിലേ അവർ നിങ്ങളോട് പ്രശ്നങ്ങളും തുറന്നു പറയൂ എന്നറിയുക.

അമിത ഉത്ഘണ്ഠ

രണ്ട് മുതൽ ഏഴ് വയസുവരെയുള്ള കാലത്താണ് കുഞ്ഞുങ്ങൾ പലതും പഠിക്കുന്നത്. അവരെ സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും അനുവദിക്കണം. അല്ലാതെ നിരീക്ഷണങ്ങളും കൊച്ചു കൊച്ചു പരീക്ഷണങ്ങളും നടത്തുന്നതിൽ നിന്നും അവരെ പിൻതിരിപ്പിക്കരുത്.

ശരീരത്തെ കുറിച്ച് പറയാതിരിക്കുക

മനുഷ്യ ശരീരവും സെക്സ് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളും വളരുന്ന കുട്ടികളിലെ മാറ്റങ്ങളുമെല്ലാം കുട്ടികളിൽ സംശയങ്ങൾ ഉണ്ടാക്കും. ശരീര അവയവങ്ങളെയും സെക്സിനെയു കുറിച്ചൊക്കെ അവരോട് അവർക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കാം. അത് നിങ്ങളിൽ നിന്നു തന്നെ അവർ അറിയട്ടെ.

എന്തിനും തല്ലുക

എന്തിനുമേതിനും കുട്ടികളെ തല്ലുന്നവരുണ്ട്. ഇത് അവരെ നല്ലവരാക്കുകയല്ല മറിച്ച് അവരിൽ ചുറ്റുമുള്ള സമൂഹത്തോട് വെറുപ്പും അകൽച്ചയുമുണ്ടാക്കും. തെറ്റുകളെ ശാസിക്കുക. നല്ല കാര്യങ്ങൾക്ക് പ്രശംസ നൽകുക.