Friday 09 February 2018 10:06 AM IST : By സ്വന്തം ലേഖകൻ

കണക്കു പഠിക്കാൻ ഈസി; മക്കൾക്ക് കണക്കിനോടുള്ള മടുപ്പ് മാറ്റിയെടുക്കാൻ വഴികളുണ്ട്

maths

ഏറ്റവും ഇഷ്ടമുള്ള വിഷയമേതാണെന്ന് ചോദിച്ചാൽ ഇംഗ്ലീഷ്, മലയാളം, സയൻസ്, സാമൂഹ്യപാഠം എന്നിങ്ങനെ നീളും ഉത്തരങ്ങൾ. അപ്പോ കണക്കോ? ‘അയ്യോ, കണക്കോ..അത് മാത്രം വേണ്ട’ എന്നാണോ? കുട്ടികൾക്ക് ചെറിയ പ്രായത്തിലേ കണക്കിനോട് പേടിയുണ്ടെങ്കിൽ അത് ഒഴിവാക്കാനും കണക്കിനെ ഇഷ്ടപ്പെടാനും അവരെ പഠിപ്പിക്കാം.

കണക്കിനെ കളികളാക്കി മാറ്റാം

ക്ലാസ്സിലും വീട്ടിലുമുള്ള കുട്ടികളുടെ കളികളിൽ കണക്കിനെ ഉൾപ്പെടുത്താം. നിസ്സാരമായി കാണുന്ന പല കളികളിലൂടെയും കണക്ക് പഠിക്കാൻ സാധിക്കും. കണക്കുകൾ എഴുതി പഠിപ്പിക്കുന്നതിനേക്കാൾ ഫലപ്രദമായ മാർഗമാണ് കളികളിലൂടെയുള്ള പഠനം. അക്കങ്ങളെ തമ്മിൽ കൂട്ടാനും കുറയ്ക്കാനും ഏറ്റവും നിസ്സാരമായി പഠിപ്പിക്കുന്ന മാർഗമാണ് പാമ്പും കോണിയും. ബിൽഡിങ് ബ്ലോക്സ്, നമ്പർ കാർഡ്സ്... ഇവയും വീട്ടിൽ കരുതാം.

വീട്ടുജോലികൾക്കിടയിലും

പാചകം ചെയ്യുമ്പോൾ കുട്ടികളെയും ഒപ്പം കൂട്ടാം. ഭക്ഷണംപാകം ചെയ്യുമ്പോൾ ചേരുവകളുടെ അളവും, കുക്കറിലെ വിസിലിന്റെ എണ്ണവും, അവ്ന്റെ ടൈമിങ്ങുമെല്ലാം അവരോട് പറയുക. പിന്നീട് പാചകം ചെയ്യുമ്പോൾ അളവുകളും കണക്കുകളും പറയേണ്ടത് കുട്ടികളുടെ ജോലിയാക്കുക. ‘നാലു വിസിലിനു ശേഷം കുക്കർ ഓഫ് ചെയ്യണം. ഇപ്പോള്‍ മൂന്ന് വിസിലായി. ഇനിയെത്ര ബാക്കി.’ ഇത്തരത്തിലുള്ള ചെറിയ ചോദ്യങ്ങളിലൂടെയും കണക്ക് പഠിപ്പിക്കാം.

യാത്രകൾക്കിടയിൽ

ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം എത്രയാണെന്ന് ആദ്യം കുട്ടിയോട് പറയുക. യാത്രയ്ക്കിടയിൽ വാഹനത്തിന്റെ മീറ്ററിൽ നോക്കി പിന്നിട്ട ദൂരവും ബാക്കിയുള്ള ദൂരവും പറയിക്കുക. ഉത്തരം തെറ്റാണെങ്കിൽ വീണ്ടും ആലോചിക്കാൻ പറയുക. എത്ര മീറ്ററാണ് ഒരു കിലോമീറ്റർ, എത്ര മിനിറ്റാണ് ഒരു മണിക്കൂർ, എന്നിങ്ങനെയുള്ള കാര്യങ്ങളും ഇങ്ങനെ പഠിപ്പിക്കാം.

ഷോപ്പിങ്ങിന്റെ കണക്ക്

ഷോപ്പിങ്ങിന് കുട്ടികളെയും ഒപ്പം കൂട്ടാം. വാങ്ങുന്ന സാധനങ്ങളുടെ വില, ഡിസ്കൗണ്ട്, ലാഭം എന്നിവയെല്ലാം പറഞ്ഞു കൊടുക്കുക. സാധനം വാങ്ങേണ്ട അളവുകൾ പറഞ്ഞ് വാങ്ങിപ്പിക്കുക. ബില്ല് വാങ്ങി പണം കൊടുക്കുന്ന ജോലിയും കുട്ടികളെ ഏൽപിക്കുക. ബാക്കി പണം കൃത്യമായി വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുക.

പട്ടികയെന്ന എളുപ്പവഴി

അക്കങ്ങളെ ഗുണിക്കാൻ പഠിപ്പിച്ചതിനു ശേഷം കുറച്ചുകൂടി എളുപ്പത്തിൽ ഗുണനം പഠിക്കാനുള്ള സൂത്രം എന്ന രീതിയിൽ വേണം ഗുണനപ്പട്ടികയെക്കുറിച്ച് കുട്ടിയോട് പറയാൻ. പട്ടിക പഠിച്ചാൽ വലിയ കണക്കുകൾ പോലും നിസ്സാരമായി ചെയ്യാൻ സാധിക്കുമെന്നത് കുട്ടിയെ സംബന്ധിച്ച് വലിയൊരു മാജിക്കായിരിക്കും. മനക്കണക്കുകൾ കൂട്ടാനും പട്ടിക സഹായിക്കും.

അൽപം മുതിർന്ന കുട്ടികൾക്ക് ചോദ്യത്തെ പോലിസായും ഉത്തരത്തെ കള്ളനായും പരിചയപ്പെടുത്താം. പോലിസ് ശരിയായ വഴിയിൽ പോയി കള്ളനെ പിടിക്കുന്നതു പോലെ കൃത്യമായ സമവാക്യങ്ങളിലൂടെ പോയാലേ ചോദ്യത്തിന് ഉത്തരത്തെ കണ്ടെത്താനാവൂ. ഇത്തരത്തിൽ കണക്കിനെ കുട്ടിക്ക് പ്രിയപ്പെട്ടതാക്കാം. സാക്ഷാൽ ഐൻസ്റ്റീൻ കണക്ക് പഠിച്ച മാർഗമാണിത്.