Friday 09 February 2018 11:06 AM IST : By സ്വന്തം ലേഖകൻ

മക്കളെ ആഹാരം കഴിപ്പിക്കാം

baby_food

മക്കളെ ആഹാരം കഴിപ്പിക്കുന്ന ബുദ്ധിമുട്ട് അമ്മമാർക്കേ അറിയൂ. പിന്നാലെ നടന്നാലും ഒന്നോ രണ്ടോ ഉരുള കഴിച്ചാലായി. കുസൃതിക്കാരെ ഭക്ഷണം കഴിപ്പിക്കാൻ ഇതാ ചില വഴികൾ.

 
∙ ഇഷ്ടവിഭവങ്ങളിൽ പോഷകചേരുവകൾ ചേർക്കാം. ഓംലെറ്റ് ഇഷ്ടമാണെങ്കിൽ അതിൽ പാൽ ചേർക്കാം. നിറവ്യത്യാസം മനസ്സിലാകാത്ത കാബേജ്, കോളിഫ്‌ളവർ, പനീർ എന്നിവ അരിഞ്ഞും തേങ്ങ ചുരണ്ടിയും ചേർക്കാം.
∙ രുചിവ്യത്യാസം കുട്ടിക്കും പിടികിട്ടും. അതുകൊണ്ട് കുറച്ച് മാത്രം മറ്റ് ചേരുവകൾ ചേർക്കുക. ക്രമേണ അളവ് കൂട്ടാം.
∙ പല രൂപങ്ങളിലുള്ള കുക്കീ കട്ടറുകൾ വാങ്ങാൻ കിട്ടും. ചപ്പാത്തിയും ദോശയും ഉണ്ടാക്കി കട്ടറുപയോഗിച്ച് മുറിച്ച് നൽകിയാൽ കുട്ടിക്ക് താൽപര്യം കൂടും. തണ്ണിമത്തനും ആപ്പിളുമെല്ലാം ഇങ്ങനെ പൂവായും പൂമ്പാറ്റയായും മുറിച്ചു നൽകാം.
∙ പുറകേ നടന്ന് നിർബന്ധിച്ച് ഭക്ഷണം നൽകരുത്. വിശക്കുമ്പോൾ മാത്രം നൽകുക. വിശന്നിരിക്കുമ്പോൾ എന്തും കഴിക്കും എന്നു കരുതി ഇഷ്ടമില്ലാത്തവ നൽകുകയുമരുത്. ഈ രണ്ടു കാര്യങ്ങളും ആഹാരത്തോട് മടുപ്പ് ഉണ്ടാക്കാനേ ഉപകരിക്കൂ എന്നോർക്കുക.
∙ കുട്ടിയുടെ പ്രായത്തിന് അനുസൃതമായി പോഷണം കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. നിങ്ങളുടെ സംതൃപ്തി നോക്കി കുട്ടിക്ക് ആഹാരം നൽകുന്നത് നല്ല രീതിയല്ല.
∙ ആഹാരം കഴിപ്പിക്കാൻ മെനക്കെടുന്ന പല അമ്മമാരും വെള്ളം ആവശ്യത്തിനു കൊടുക്കാൻ മറന്നു പോകും. ഒരു വയസ്സു മുതൽ മൂന്നു വയസ്സു വരെയുള്ള ദിവസം നാല്–അഞ്ച് ഗ്ലാസ് വെള്ളം കുടിക്കണം. മൂന്നു വയസ്സു മുതൽ എട്ട്–പത്ത് ഗ്ലാസ് വെള്ളം കുടിക്കണം.
∙ ആറുമാസം വരെ മുലപ്പാൽ മാത്രം നൽകുന്നതാണ് കുഞ്ഞിന്റെ ആരോഗ്യത്തിനും പ്രതിരോധശക്തിക്കും നല്ലത്. ഏഴാം മാസം മുതൽ കട്ടിയാഹാരം നൽകി തുടങ്ങാം. ആദ്യം പഴച്ചാറുകൾ പരിചയപ്പെടുത്താം. പിന്നെ റാഗി, ഏത്തയ്ക്കാപ്പൊടി എന്നിവ കുറുക്കി നൽകാം. എട്ടാം മാസം മുതൽ പയറുപരിപ്പ് വർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവ പേസ്റ്റ് രൂപത്തിലാക്കിയതും ഒമ്പതാം മാസം മുതൽ ചവച്ചു കഴിക്കാവുന്ന മാർദവമേറിയ ആഹാരവും കൊടുത്തു തുടങ്ങാം.
∙ കട്ടിയാഹാരം കഴിച്ചു തുടങ്ങുന്ന പ്രായം മുതൽ കൃത്യമായ ടൈം ടേബിളിൽ കുട്ടിക്ക് ആഹാരം നൽകണം. ചിട്ട ഉണ്ടാക്കിയെടുത്താൽ  വളരുമ്പോൾ ഒരു ആഹാരക്രമത്തിലേക്കു കുട്ടിയെത്തും.