Friday 09 February 2018 10:08 AM IST : By സ്വന്തം ലേഖകൻ

ഒാരോ പ്രായത്തിലും കുട്ടികൾക്ക് യോജിച്ച സമ്മാനം എങ്ങനെ തിരഞ്ഞെടുക്കാം?

gifts

സ്വർണക്കടലാസിൽ പൊതിഞ്ഞ് സാറ്റിൻ റിബണിട്ടു മുറുക്കി ഭംഗിയാക്കിയ സമ്മാനപ്പൊതി. കടലാസ് തുറക്കുമ്പോൾ കാണാം നക്ഷത്രക്കണ്ണിൽ സന്തോഷം വിരിയുന്നത്. കുട്ടികൾക്ക് സമ്മാനം തിരഞ്ഞെടുക്കുമ്പോൾ പ്രായം, ഇഷ്ടം, ആവശ്യം ഇവ പരിഗണിച്ച് വിനോദത്തോടൊപ്പം അറിവും കൂടി പകരുന്നവ തിരഞ്ഞെടുക്കാം.

1 വയസ്സുവരെ

തൊട്ടിലിൽ കിടക്കുന്ന കുട്ടികൾക്ക് അതിൽത്തന്നെ കെട്ടിത്തൂക്കി ഇടാൻ പറ്റുന്ന നിറങ്ങളുള്ള കളിപ്പാട്ടങ്ങളും പാവകളും ഇ മ്പമുള്ള കിലുക്കങ്ങളും നല്ലതാണ്. മൂന്നുമാസം കഴിഞ്ഞാൽ കൈയിൽ കിട്ടിയതെന്തും വായിലിടുമെന്നതുകൊണ്ട് ദോഷകരമലലാത്ത മെറ്റീരിയലിലുള്ള കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുക. അറ്റം കൂർത്തതോ മുത്ത്, ബട്ടൻസ് എന്നിവ പിടിപ്പിച്ചതോ ആയിരിക്കരുത്. കൃത്രിമ മുടി പിടിപ്പിച്ച പാവകൾ, രോമകുപ്പായങ്ങളുളള ബൊമ്മകൾ എന്നിവയും ഈ പ്രായത്തിൽ വാങ്ങരുത്. അലർജിയുണ്ടാവാൻ സാധ്യത കൂടുതലാണ്.

കുഞ്ഞുടുപ്പുകളാണെങ്കിൽ കുട്ടികൾ പെട്ടെന്ന് വളരുമെന്നതുകൊണ്ട് കുറച്ചു വലുത് തിരഞ്ഞെടുക്കുക. ഫ്ലാനൽസ്, ടവലുകൾ, വിരിപ്പുകൾ, ഡയപ്പേഴ്സ്, ബേബി ആൽബം ഇവയും തിരഞ്ഞെടുക്കാം.

1 – 3 വയസ്സുവരെ

നടക്കാൻ തുടങ്ങിയവർക്ക് വലിച്ചുകൊണ്ടു നടക്കാവുന്ന കളിപ്പാട്ടങ്ങൾ, കീ കൊടുത്താൽ ഓടുന്ന കളിപ്പാട്ടങ്ങൾ, പന്തുകൾ തുടങ്ങിയവ സമ്മാനിക്കാം. ഇവയോടൊപ്പം നടക്കുന്നതും ഓടുന്നതുമെല്ലാം കുഞ്ഞിനെ ഊർജ്ജസ്വലനാക്കുന്നു. രണ്ടുവയസ്സു തുടങ്ങിയുള്ളവർ പ്രീ സ്ക്കൂളിൽ പോകാൻ തയാറെടുക്കുമെന്നതിനാൽ അറിവു പകരാനും കൂടിയുള്ള കളിപ്പാട്ടങ്ങൾ നൽകാം. നമ്പറുകളും ആൽഫബെറ്റും അടങ്ങിയ ബ്ലോക്ക്സെറ്റുകൾ, മൃഗങ്ങളും പക്ഷികളും നിറങ്ങളും ഉള്ള ചിത്രപുസ്തകങ്ങൾ, കിച്ചൻ സെറ്റ്, ക്രയോൺസ്, മ്യൂസിക്കൽ ടോയ്സ്, സൈക്കിൾ, കാറുകൾ തുടങ്ങി കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചുള്ളവ സമ്മാനിക്കാം. വലിച്ചെറിയുന്ന പ്രായമായതുകൊണ്ട് പെട്ടെന്നു പൊട്ടാത്തതു വേണം തിരഞ്ഞെടുക്കാൻ.

3 – 6 വയസ്സുവരെ

കൗതുകവും അനുകരണപ്രവണതയുമുള്ള പ്രായമാണിത്. ക ണ്ടിട്ടില്ലേ, സ്പൈഡർമാനും സൂപ്പർമാനുമാവുന്നത്. അതിനാവശ്യമായ വേഷങ്ങൾ കളിക്കോപ്പുകൾ, ചിത്രം വരക്കാനുള്ള കളർ പെൻസിലുകളും പുസ്തകവും, ആകൃതികളും നിറങ്ങളും പഠിക്കാനുള്ള ടോയ്സ്, വിഷാംശങ്ങളില്ലാത്ത ക്ലേ, ചെറിയ സംഗീതോപകരണങ്ങൾ എന്നിവയെല്ലാം നൽകാം.

6 –12 വയസ്സുവരെ

കൂട്ടുകൂടി കളിക്കാനുള്ള പ്രവണത കൂടുന്നതുകൊണ്ട് ക്രിക്കറ്റ്, ഫുട്ബോൾ, സ്കേറ്റിങ്, ചെസ്സ്, കാരംസ്, എന്നിവയെല്ലാം ഇഷ്ടപ്പെടുന്ന പ്രയമാണിത്. ബാർബിസെറ്റ്, പസ്സിൽസ്, ക്രാഫ്റ്റ്സ് എന്നിവ പെൺകുട്ടികൾക്ക് നൽകാം.മൂന്നുവയസ്സുമുതൽ ഏതു പ്രായക്കാർക്കും പുസ്തകങ്ങൾ സമ്മാനിക്കാം. കുട്ടികളുടെ മാസികകളുടെ സ ബ്സ്ക്രിപ്ഷനും നല്ലതാണ്.

പ്രായവും ഇഷ്ടവും പ്രധാനം

∙ആയിരങ്ങൾ കൊടുത്തു വാങ്ങിക്കുന്ന ഹെലികോപ്റ്ററിനേക്കാൾ പച്ചയോല മെടഞ്ഞുണ്ടാക്കുന്ന പമ്പരം കുട്ടിയെ ആഹ്ലാദിപ്പിക്കാം. അതുകൊണ്ടു കുട്ടിയുടെ പ്രായത്തിനും ഇഷ്ടത്തിനും പ്രത്യേക പ്രാധാന്യം കൊടുക്കുക. ∙ഒരേപോലെയുള്ള കളിപ്പാട്ടങ്ങള്‍ കിട്ടുമ്പോൾ അതിലൊന്നു മറ്റുള്ള കൂട്ടുകാർക്ക് കുട്ടിയെക്കൊണ്ടുത്തന്നെ കൊടുപ്പിക്കാം. പങ്കുവയ്ക്കുക എന്ന മൂല്യം കുഞ്ഞ് അ തിൽനിന്നു പഠിക്കും.