Friday 09 February 2018 11:23 AM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്ക് ഉടുപ്പു വാങ്ങുമ്പോൾ ഓര്‍മിക്കാന്‍ 6 കാര്യങ്ങള്‍

kids_fashion

വീട്ടിൽ നിന്ന് അമ്മയും മകളുമായി പുറത്തിറങ്ങുന്നതാണ് രംഗം. അമ്മ പെട്ടെന്ന് അണിയിക്കാവുന്ന ഉടുപ്പിട്ട് മകനെയോ മകളെയോ ഒരുക്കുന്നു. കാഴ്ചയിൽ അമ്മയുടെ ഉടുപ്പിന്റെ അതേ നിറം. എന്നാൽ പാതി വഴിയെത്തയപ്പോൾ കുട്ടി ആ ഉടുപ്പിനോടുള്ള ഇഷ്ടക്കേടും അസ്വസ്ഥതയും കാണിച്ചു തുടങ്ങി. പിന്നീട് പതിയെ ആ ഇഷ്ടക്കേട് കരച്ചിലായി പരിണമിക്കുകയും ചെയ്തു. ഇത് എല്ലാ അമ്മമാരുടെയും ജീവിതത്തിൽ സംഭവിക്കാവുന്ന ഒന്നു തന്നെ. പക്ഷെ സീൻ കോൺട്രാ ആകാൻ അത്ര സമയമൊന്നും വേണ്ട. കാഴ്ച്ചയിൽ ഭംഗിയുള്ള വസ്ത്രങ്ങളും കുട്ടികളുടെ സ്റ്റൈലിഷ് സാമഗ്രികളും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്.

1. കാണാൻ മാത്രമല്ല വസ്ത്രം

കാണാൻ നല്ല ഭംഗിയുള്ള വസ്ത്രങ്ങൾക്ക് എപ്പോഴും മികച്ച നിലവാരമുണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. കോട്ടണ്‍ വസ്ത്രങ്ങളായാലുംസിന്തറ്റിക് വസ്ത്രങ്ങൾ ആണെങ്കിലും വസ്ത്രങ്ങൾ മികച്ച നിലവാരത്തിലുള്ളവയാണെന്ന് ഉറപ്പാക്കണം. കുട്ടികളുടെ ചര്‍മ്മം ലോലമായതിനാൽ നിലവാരം കുറഞ്ഞ വസ്ത്രങ്ങള്‍ അലർജി പോലുള്ള അസുഖങ്ങളുണ്ടാക്കും.

2. നിറങ്ങളും സുരക്ഷിതമാകണം

കടുത്ത നിറങ്ങൾ തിരഞ്ഞെടുക്കാം പക്ഷെ നിറം നല്‍കുന്ന രാസപദാര്‍ത്ഥങ്ങൾ എപ്പോഴും ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്ക് ഉറപ്പാക്കാൻ കഴിയില്ല. കളർ ഗാരണ്ടി ഇല്ല എന്നുള്ള വസ്ത്രങ്ങൾ കുട്ടികൾക്ക് വേണ്ട. കാരണം കുറഞ്ഞ ഡൈകൾ ഉപയോഗിച്ചുള്ള ഇവ ശരീരത്തിന് ഹാനികരമാണ്.

3. ബ്രാൻഡിലും കാര്യമുണ്ട്

കുട്ടികളുടെ വസ്ത്രങ്ങളിൽ ബ്രാൻഡ് കോൺഷ്യസ് ആവേണ്ട മുൻനിര ബ്രാൻഡുകളുടെ വസ്ത്രങ്ങൾ പരിശോധനകൾക്ക് ശേഷമാണ് വിപണിയിലെത്തുന്നത് എന്നതിനാൽ അവയാണ് കൂടുതൽ സുരക്ഷിതം.ബ്രാൻഡ് ഉടുപ്പുകൾ തന്നെ വേണമെന്നില്ല എന്നാലും നിലവാരം കുറഞ്ഞത് കുഞ്ഞുടുപ്പുകളിൽ വേണ്ട.

4. ചൊറിച്ചിലും മുറിവുകളും ഉണ്ടാകുന്ന വസ്ത്രങ്ങൾ

പിറന്നാളിനും മറ്റും കുട്ടികളെ ധരിപ്പിക്കുന്ന വസ്ത്രങ്ങളിലെ മുത്തുകളും സീക്വൻസുകളും ദേഹത്ത് പോറലുകളും മുറിവുകളും ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇത് പിന്നീട് അണുബാധയ്ക്ക് കാരണമായേക്കാം. അതിനാൽ തന്നെ കഴിവതും അത്തരത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കാം.

5. കുട്ടി ഫാഷൻ സ്വപ്നങ്ങൾ

കുട്ടികളുടെ പ്രായത്തിനിണങ്ങിയതും നിറത്തിന് യോജിക്കുന്നതുമായ ഡിസൈനുകള്‍ വേണം തെരഞ്ഞെടുക്കാൻ. വസ്ത്രങ്ങളിലെ എഴുത്തുകൾക്കും ചിത്രങ്ങൾക്കും ദ്വയാ‍ര്‍ത്ഥങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുകയും വേണം. വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കുട്ടികളുടെ ഇഷ്ടങ്ങൾക്കും പരിഗണന നല്‍കണം. അതുപോലെ തന്നെ അമിതമായി ആഭരണങ്ങൾ ധരിപ്പിക്കുന്നതും കുട്ടികൾക്ക് ഇഷ്ടപ്പെടാറില്ല. ലൈറ്റ് വെയ്റ്റ് ആയ സ്വർണാഭരണങ്ങളും അരമില്ലാതെ സോഫ്റ്റ് ആയവയും തിരഞ്ഞെടുക്കാം.

6. ഒരുപോലുള്ള വസ്ത്രങ്ങൾ വേണ്ട

വീട്ടിൽ ഒന്നിലധികം കുട്ടികളുണ്ടെങ്കിൽ അവരെ ഇരട്ടകളെപ്പോലെ വസ്ത്രം ധരിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. കുട്ടികൾക്ക് അവരുടേതായ ഇഷ്ടങ്ങളും ഫാഷൻ താത്പര്യങ്ങളുമുണ്ടെന്നത് മറക്കരുത്. അത് മുൻ നിർത്തി അഭിപ്രായങ്ങൾ ചോദിക്കാം. എന്നാൽ പൂർണമായും ഡ്രസ് സെലക്ഷൻ അവർക്ക് വിട്ടു കൊടുക്കരുത്. പെൺ കുട്ടികൾക്ക് ട്രഡിഷണൽ വസ്ത്രങ്ങളെ്കകാൾ കാഷ്വൽ വിയറുകൾ സാധാരണ ഉപയോഗിക്കാൻ വാങ്ങാം. കൂൾ കളേഴ്സ് ആണ് എപ്പോഴും ട്രെൻഡ്.