Friday 09 March 2018 09:55 AM IST : By സ്വന്തം ലേഖകൻ

കേരളം പ്രാർഥനയോടെ വിട നൽകും, ഐ.വി. ശശിയുടെ സംസ്കാരം ഇന്നു ചെന്നൈയിൽ

ivsasi

സിനിമകളെ ഉൽസവങ്ങളാക്കി വെള്ളിത്തിരയിലും തിയറ്ററിലും ആൾക്കൂട്ടമെത്തിച്ച സൂപ്പർ ഹിറ്റ് സംവിധായകൻ ഐ.വി.ശശിയുടെ (69) സംസ്കാരം ഇന്ന്. സാലിഗ്രാമിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം വൈകിട്ട് ആറിനു പൊരൂർ വൈദ്യുതി ശ്മശാനത്തിലാണു സംസ്കാര ചടങ്ങുകൾ. നടി സീമയാണു ഭാര്യ. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് അനി, അനു എന്നിവരാണു മക്കൾ. മരുമകൻ: മിലൻ നായർ. മകളെ കാണാൻ ചൊവ്വാഴ്ച വൈകിട്ട് ഓസ്ട്രേലിയയിലേക്കു പോകാനിരിക്കെയായിരുന്നു അന്ത്യം. ദീർഘകാലമായി കരൾ അർബുദത്തിനു ചികിൽസയിലായിരുന്നു.

മലയാളത്തിൽ ഏറ്റവുമധികം ചിത്രങ്ങൾ സംവിധാനം ചെയ്ത രണ്ടു സംവിധായകരിൽ ഒരാളാണ് ഐ.വി.ശശി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാലു പതിറ്റാണ്ടിനിടെ നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. 1948 മാർച്ച് 28നു കോഴിക്കോട്ടു ജനിച്ച ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ.വി.ശശി കലാസംവിധായകനായാണു ചലച്ചിത്രലോകത്തെത്തിയത്. ഉൽസവമാണ് (1975) ആദ്യ ചിത്രം. വില്ലനായി തിളങ്ങിനിന്ന ഉമ്മറായിരുന്നു നായകൻ. റാണി ചന്ദ്ര നായിക. 1978ൽ ‘അവളുടെ രാവുകളി’ലൂടെ ഹിറ്റ് മേക്കറായി.

ivsasi2



വാണിജ്യ സിനിമകളിൽ പുതുവഴി തെളിച്ച ഐ.വി.ശശി നടൻമാരെ സൂപ്പർ താരങ്ങളാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച സംവിധായകനാണ്. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015ൽ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. 1968ൽ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് തുടക്കം. മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷമാണു സിനിമയിലെത്തിയത്.