Wednesday 07 February 2018 11:13 AM IST : By ആശ തോമസ്

107 കിലോ ഭാരമായിരുന്ന മിഥുൻ 73 കിലോ ആയതിങ്ങനെ

weight_loss_new

പതിനാറാമത്തെ വയസ്സിൽ 107 കിലോയായിരുന്നു മിഥുൻ മോഹന്റെ ഭാരം. കൗമാരത്തിന്റെ നിറപ്പകിട്ടുള്ള ലോകത്തായിരുന്നിട്ടു കൂടി അമിതവണ്ണം കുറയ്ക്കണം എന്ന ചിന്തയൊന്നും അന്നു മിഥുനെ അലട്ടിയേയില്ല. പക്ഷേ, വെയ്സ്റ്റ് സൈസ് 42 ഇഞ്ചായിരുന്നത് തെല്ലൊന്നുമല്ല കുഴപ്പിച്ചത്. ഈ വണ്ണത്തിന്റെ കൂടെ നല്ല ഉയരം കൂടി ഉണ്ടായിരുന്നതുകൊണ്ട് ചേരുന്ന വസ്ത്രം കിട്ടാൻ കൊച്ചിയിലെയും പനമ്പിള്ളി നഗറിലെയും ഏതാണ്ടെല്ലാ കടകളിലും കയറിയിറങ്ങിയിട്ടുണ്ട് പനമ്പിള്ളി നഗർ സ്വദേശിയായ
മിഥുൻ.  

ചെറിയപ്രായത്തിൽ തന്നെ ഭാരത്തിന്റെ സെഞ്ചുറി കടക്കാൻ കാരണമായത് തെറ്റായ ഭക്ഷണശീലമായിരുന്നെന്ന് മിഥുൻ ഒാർമിക്കുന്നു. ‘‘അന്നൊക്കെ ഒറ്റയിരുപ്പിന് എട്ട് ഷവർമ വരെ കഴിക്കുമായിരുന്നു. വീട്ടുകാർക്ക് ഞാൻ തടി കുറച്ചു കാണണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. എന്നുവച്ച് എനിക്കു ഭക്ഷണം തരാതിരിക്കാനും വയ്യ. തടി കുറയ്ക്കണമെന്ന് എനിക്ക് തന്നെ തോന്നിയത് അപ്പോഴാണ്.  

കൊച്ചിയിലെ ഗ്ലാഡിയേറ്റേഴ്സ് ജിമ്മിലാണ് വ്യായാമപരിശീലനത്തിന് ചേർന്നത്. ചെറുപ്പം മുതലേ അടിഞ്ഞുകൂടിയ കൊഴുപ്പായതുകൊണ്ട് കുറയ്ക്കാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരുമെന്ന്  ഇൻസ്ട്രക്ടർ മുന്നറിയിപ്പു തന്നിരുന്നു. തുടർന്നങ്ങോട്ട് നല്ല ഹെവി വർക്ഔട്ട് തന്നെയായിരുന്നു. ഒാരോ ദിവസവും ഒാരോ ശരീരഭാഗത്തിനു വേണ്ട വ്യായാമങ്ങളാണ് ചെയ്തത്. ഉദാഹരണത്തിന് തിങ്കളാഴ്ച നെഞ്ചിനു മാത്രം, ചൊവ്വാഴ്ച ഉദരപേശികൾക്ക്, ബുധനാഴ്ച തുടയിലെ പേശികൾക്ക് എന്നിങ്ങനെ.  കുറച്ചുദിവസം കഴിയുമ്പോൾ ഈ രീതി അങ്ങു മാറ്റും. തിങ്കളാഴ്ച നെഞ്ചിലെ പേശികൾക്കൊപ്പം ബൈസെപ്സിനും വേണ്ട വ്യായാമം ചെയ്യും.  ഇങ്ങനെ വ്യത്യസ്തമാക്കി ചെയ്താലേ വ്യായാമം കൊണ്ട് ഉദ്ദേശിച്ച  ഫലം എളുപ്പം ലഭിക്കൂ...

വയറിനു പ്രത്യേകമായി കാർഡിയോ വ്യായാമങ്ങളുണ്ടായിരുന്നു. പിന്നെ സ്കിപ്പിങ്. ആദ്യമൊക്കെ 10 സെക്കൻഡ് തികച്ച് ചാടാൻ പറ്റിയിരുന്നില്ല. ഇപ്പോൾ തുടർച്ചയായി 15 മിനിറ്റ് വരെ കൂളായി ചെയ്യും.

വ്യായാമമൊക്കെ തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോഴേ പ്രകടമായ മാറ്റം വന്നു. അപ്പോൾ എന്റെ ട്രെയിനറാണ് പറഞ്ഞത് ഭക്ഷണം കൂടി ക്രമീകരിച്ചാൽ ഇരട്ടിഗുണം കിട്ടുമെന്ന്. അങ്ങനെ എന്റെ ഭക്ഷണരീതി മുഴുവൻ മാറ്റി. ചായ, കാപ്പി, മധുരം, വറുത്ത ഭക്ഷണം, ബ്രെഡ് പോലുള്ള ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കി. പ്രോട്ടീനടങ്ങിയ ഭക്ഷണം കൂടുതൽ കഴിച്ചു. രാവിലെയും വൈകിട്ടും മുട്ടവെള്ള കഴിക്കുമായിരുന്നു. ആദ്യമൊക്കെ 4,5 എണ്ണം കഴിച്ചിരുന്നു, മടുപ്പായപ്പോൾ രണ്ടെണ്ണമായി. മുളപ്പിച്ച ചെറുപയർ, സാലഡുകൾ, ഒാട്സ്, പഴം പുഴുങ്ങിയത് ഇവയൊക്കെ കഴിക്കുമായിരുന്നു. മീനും ചിക്കനും ബീഫും ഗ്രില്ല് ചെയ്തോ ബേക്ക് ചെയ്തോ ആവിയിൽ വേവിച്ചോ കഴിക്കും. അമ്മ ഉണ്ടാക്കിത്തന്നിരുന്ന ചിക്കൻ ആവിയിൽ പുഴുങ്ങിയതായിരുന്നു ഇഷ്ടഭക്ഷണം. ആദ്യമൊന്നും ചോറു കഴിക്കാറേയില്ലായിരുന്നു. ട്രെയിനറാണ് പറഞ്ഞത് ഒരു കൈപ്പിടിവച്ച് കഴിച്ചോളാൻ. ചപ്പാത്തിയും നിയന്ത്രിച്ചു കഴിക്കുമായിരുന്നു.

സ്കൂളിലെ ഫൂട്ബോൾ ടീമിലുണ്ടായിരുന്നതിനാൽ രാവിലെ 45 മിനിറ്റ് ഒാട്ടവും ചാട്ടവുമൊക്കെയായി നല്ല വ്യായാമം കിട്ടുമായിരുന്നു.
ഏഴു മാസം കഴിഞ്ഞപ്പോഴേക്കും ഞാൻ 73 കിലോയിലെത്തി.  വണ്ണം കുറഞ്ഞതുകൊണ്ടുള്ള ഗുണം ഏറ്റവും മനസ്സിലായത് ഫൂട്ബോൾ കളിച്ചപ്പോഴാണ്. കളിയിലെ എൻഡുറൻസ് വളരെ വർധിച്ചു. തമാശയ്ക്ക് ഫൂട്ബോൾ തട്ടിയിരുന്ന ഞാൻ ജില്ലാ–സംസ്ഥാനതല മത്സരങ്ങളിൽ ടീമിന്റെ ഭാഗമായി പങ്കെടുത്തു. ഇപ്പോൾ ബോഡിബിൽഡിങ്ങിന്റെ ഭാഗമായി അൽപം കൂടി ശരീരഭാരം കൂട്ടുവാനുള്ള ശ്രമത്തിലാണ്.

107 ൽ നിന്നും എഴുപത്തി മൂന്നു കിലോയിലേക്കുള്ള യാത്രയിൽ ഞാൻ മനസ്സിലാക്കിയ ചില യാഥാർഥ്യങ്ങളുണ്ട്. ഭാരം കുറയ്ക്കാനായി ശ്രമിക്കുന്ന ഒാരോരുത്തരും അറിയേണ്ട ചില കാര്യങ്ങൾ.

∙ വണ്ണം കുറയ്ക്കാൻ ഭക്ഷണക്രമീകരണം തുടങ്ങിയപ്പോഴേ ഒരു വെയിങ് ബാലൻസ് കൂടി വാങ്ങി. ഒാരോ ഭക്ഷണവും അതിൽ തൂക്കി കൃത്യം ഗ്രാമാണ് കഴിച്ചിരുന്നത്. കുറേനാൾ കഴിഞ്ഞപ്പോൾ കാണുമ്പോൾ തന്നെ ഏകദേശ അളവ് മനസ്സിലായിത്തുടങ്ങി. ഇത്രയ്ക്കു വേണോ എന്നു തോന്നാം. പക്ഷേ, കുറഞ്ഞ നാളുകൊണ്ട് ഇത്രയും ഭാരം കുറയ്ക്കാൻ സഹായിച്ചത് ഈ സൂക്ഷ്മത തന്നെയാണ്.
∙ വണ്ണം കുറച്ചിരുന്ന സമയത്ത് ഡയറ്റ് ലോഗ് ബുക്ക് സൂക്ഷിച്ചിരുന്നു. രാവിലെ മുതൽ രാത്രി വരെ കഴിച്ച ഒാരോ ഭക്ഷണവും തൂക്കം സഹിതം അതിൽ രേഖപ്പെടുത്തി. എത്ര ഗ്ലാസ്സ് വെള്ളം കുടിച്ചു എന്നതുപോലും കുറിച്ചു.. പിറ്റേന്ന് ഇതു ട്രെയിനറെ കാണിച്ച് അതനുസരിച്ചാണ് അന്നത്തെ വ്യായാമം തീരുമാനിച്ചിരുന്നത്. ചില ഭക്ഷണങ്ങൾ നമ്മുടെ ഭാരം കുറയ്ക്കലിന് വിലങ്ങു തടിയാകും. അതു കണ്ടെത്താനും ഈ ലോഗ് ബുക്ക് സഹായിക്കും. കോൺഫ്ളേക്സ് പ്രിയനായിരുന്ന ഞാൻ അത് വല്ലപ്പോഴുമാക്കിയത് ഇങ്ങനെയൊരു തിരിച്ചറിവു കൊണ്ടാണ്.
∙ ഭാരം കുറയ്ക്കുന്നതിൽ 30 ശ തമാനം മാത്രമാണ് ജിം വർക് ഔട്ടിന്റെ റോൾ. ബാക്കി 70 ശതമാനവുംഭക്ഷണക്രമീകരണമാണ്. എന്നാൽ പട്ടിണി കിടന്നു വണ്ണം കുറച്ചാൽ അസുഖം വന്നു ക്ഷീണിച്ചതു പോലിരിക്കും. മറിച്ച് വ്യായാമം കൂടി ചെയ്തു കുറച്ചതാണെങ്കിൽ മെലിഞ്ഞാലും നല്ല ആരോഗ്യമുള്ള ലുക്കായിരിക്കും.

∙ എത്ര വണ്ണമുണ്ടെങ്കിലും ആദ്യത്തെ ഒരു മാസം വലിയ വ്യത്യാസം വരും. പക്ഷേ, അടുത്ത രണ്ടു മാസം വളരെ പതുക്കെയേ ഭാരം കുറയൂ. ആദ്യാവേശം തണുത്തുപോകരുത്. ∙ ഇഷ്ടമുള്ളതെന്തും കഴിക്കാം, വാരിവലിച്ചാകരുതെന്നു മാത്രം. കഴിയുമെങ്കിൽ കഴിച്ചയന്നു തന്നെ വ്യായാമം ചെയ്ത് അതുവഴി ലഭിച്ച ഊർജമങ്ങ് എരിച്ചുകളഞ്ഞേക്കുക.∙ ജിമ്മിൽ വഴക്കിയെടുത്ത ശരീരത്തിന് വീണ്ടും തടി വച്ചാലും  വളരെവേഗം കുറയ്ക്കാൻ പറ്റും. കൂട്ടണമെങ്കിലും അങ്ങനെ തന്നെ.

മനോരമ ആരോഗ്യത്തിൽ സ്വന്തം വെയ്റ്റ് ലോസ് അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നവർ ദയവായി ബന്ധപ്പെടുക–
0481 2563721, manoramaarogyam@mmp.in

slim