Tuesday 06 February 2018 05:32 PM IST : By പ്രീതി ആര്‍ നായര്‍

വൃക്കയ്ക്ക് ഭീഷണിയുണ്ടോ? ആഹാരം ശ്രദ്ധിക്കാം...

kidney1

ഓരോ വർഷവും നമ്മുടെ കൊച്ചുകേരളത്തിൽ വൃക്കരോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് ഉണ്ടാകുന്നുവെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ജീവൻ നിലനിർത്താൻ ഡയാലിസിസിനെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടുന്നു. വൃക്കരോഗങ്ങൾ വിവിധതരമുണ്ട്. അതു കൊണ്ടു തന്നെ ഒാരോ വൃക്കരോഗിയും തങ്ങളെ ബാധിച്ചിരിക്കുന്ന രോഗത്തെ അടിസ്ഥാനമാക്കി ഭക്ഷണം ക്രമീകരിക്കണം.രക്താതിസമ്മർദ രോഗികൾക്കു ഡാഷ് ഡയറ്റു പോലെ വൃക്ക രോഗികൾക്ക് ഒരു സവിശേഷ ഡയറ്റ് ഇല്ല. പകരം ഒരു ഡയറ്റ് മോഡിഫൈ ചെയ്തു നൽകുകയാണു ചെയ്യുന്നത്. അതായത് വിദഗ്ധ ഡോക്ടറുടേയും പോഷകാഹാര വിദഗ്ധരുടെയും  നിർദേശപ്രകാരം ഒാരോ രോഗിക്കും വ്യത്യസ്ത ഭക്ഷണക്രമീകരണമായിരിക്കും. അതേക്കുറിച്ചുള്ള  പൊതു നിർദേശങ്ങളാണിവിടെ നൽകുന്നത്.

എങ്ങനെ ക്രമീകരിക്കണം?


ഊർജം, പ്രോട്ടീൻ, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, ജലം എന്നിവയെ പരിഗണിച്ചാണ്  വൃക്ക തകരാറിലായ രോഗിയുടെ ഭക്ഷണം ചിട്ടപ്പെടുത്തേണ്ടത്.  ഇവ ദൈനംദിന ആഹാരത്തിൽ സന്തുലിതമാകുമ്പോൾ രോഗം വഷളാകാതെ തടയാനാകും.


ഊർജം നൽകും ആഹാരം


നമ്മുടെ ശരീരത്തിന്  ഊർജം നൽകുന്നതു  കൊഴുപ്പും അന്നജവുമാണ്. ശരീരത്തിന് അടിസ്ഥാനപരമായി ഊർജം ലഭിക്കുന്നത് അന്നജത്തിൽ നിന്നാണെന്നു പറയാം. പ്രമേഹം, അമിതവണ്ണം എന്നിവയുള്ള വൃക്കരോഗികൾ ആഹാരത്തിൽ അന്നജത്തിന്റെ അളവു നിയന്ത്രിക്കണം. ഊർജം ആവശ്യത്തിനു ലഭിക്കുന്നില്ലെങ്കിൽ ശരീരം പ്രോട്ടീനെ ഊർജത്തിനായി ഉപയോഗിക്കും. അതു നല്ലതല്ല. അതുകൊണ്ട് ആവശ്യത്തിന് ഊർജം ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണക്രമം സ്വീകരിക്കണം.
ഉൗർജം ലഭിക്കുന്നതിനായി ധാന്യങ്ങൾ–ഗോതമ്പ്, അരി, ഒാട്സ് ഇവ ഉൾപ്പെടുത്താം. ഗോതമ്പ്, അരി, എന്നിവ കൊണ്ടുള്ള ചോറ് കഴിക്കാം. അളവുകൾ രോഗാവസ്ഥയ്ക്കനുസരിച്ച് വ്യത്യാസപ്പെടാം. ഒാട്സ് വെള്ളത്തിൽ വേവിച്ച് കഴിക്കാം.


പ്രോട്ടീൻെറ പ്രാധാന്യം


ശരീരകോശങ്ങളുടെ നിർമാണ പ്രക്രിയയിൽ സുപ്രധാന പങ്ക് വഹിക്കുന്ന പ്രോട്ടീൻ  കൈകാര്യം ചെയ്യുന്നതിൽ വൃക്കകൾക്കു താളപ്പിഴകളുണ്ടാകാം;പ്രത്യേകിച്ചും വൃക്കയുടെ പ്രവർത്തനത്തിൽ തകരാറുകൾ  തുടങ്ങുമ്പോൾ. ഒാരോ വ്യക്തിക്കും ആവശ്യമായ ദൈനംദിന പ്രോട്ടീൻെറ അളവ് രോഗലക്ഷണങ്ങളെ അനുസരിച്ചു വ്യത്യസ്തമായിരിക്കും. വൃക്കരോഗികൾക്കു പൊതുവെ വിശപ്പു കുറവാണ്. അവരുടെ ശരീരത്തിൽ പ്രോട്ടീൻ  കുറയുമ്പോൾ വിശപ്പില്ലായ്മ, ഭാരക്കുറവ്, പൊതുവെയുള്ള ഉത്സാഹക്കുറവ്,  
പ്രതിരോധശക്തി കുറയൽ എന്നിവയിലേക്കെത്തിച്ചേരും. പ്രോട്ടീൻ കുറഞ്ഞുപോയാൽ പേശികൾക്കു ബലക്ഷയവും ക്ഷീണവും അനുഭവപ്പെടാം. എന്നാൽ പ്രോട്ടീൻ ശരീരത്തിൽ കൂടുതലായാൽ യൂറിയയുടെ അളവു കൂടുകയും അതുവഴി തികട്ടൽ, ഛർദി, രുചിവ്യത്യാസം എന്നിവ ഉണ്ടാകുകയും ചെയ്യാം.

 വൃക്കരോഗമുള്ളവരിൽ യൂറിയ വൃക്ക വഴി പുറന്തള്ളാതെ ശരീരത്തിനുള്ളിൽ കെട്ടിക്കിടക്കുന്ന രോഗാവസ്ഥയെ യുറീമിയ എന്നു വിളിക്കുന്നു. ആഹാരത്തിലെ പ്രോട്ടീന്റെ അളവിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ ഈ അവസ്ഥയെ ഒഴിവാക്കാം. ആവശ്യമായ  പ്രോട്ടീൻ ലഭിക്കുന്നതിന്  മത്സ്യം, മുട്ടയുടെ വെള്ള, കൊഴുപ്പു കുറഞ്ഞ ഇറച്ചി വർഗങ്ങൾ എന്നിവ നിയന്ത്രണവിധേയമായി ഉപയോഗിക്കുക. പയർവർഗങ്ങൾ, കശുവണ്ടി, ബദാം, നിലക്കടല എന്നിവയിലും പ്രോട്ടീൻ ഉണ്ട്. എങ്കിലും അതിലുള്ള പൊട്ടാസ്യത്തിന്റെയും പ്രോട്ടീനിന്റെയും അളവു കൂടുതലായതിനാൽ നിയന്ത്രണവിധേയമായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

kidney2

സോഡിയം നിയന്ത്രിക്കാം

രക്തസമ്മർദത്തെയും രക്തത്തിന്റെ അളവിനെയും നിയന്ത്രിക്കുന്നതിൽ ഉപ്പ് ഒരു പ്രധാന പങ്കു വഹിക്കുന്നു. വൃക്ക ഉപ്പിന്റെ അളവിനെയും നിയന്ത്രിക്കുന്നു. വൃക്കരോഗികളിൽ വൃക്ക പ്രവർത്തനരഹിതമാകുമ്പോൾ ഉപ്പ് ശരീരത്തിൽ നിന്നു പുറന്തള്ളപ്പെടാതെ വരും. അങ്ങനെ ഉപ്പും ജലവും ശരീരത്തിൽ തങ്ങുന്നു. ഉപ്പ് ശരീരത്തിൽ ആവശ്യത്തിലധികമാകുമ്പോൾ നീര്, ശ്വാസംമുട്ടൽ, രക്താതിസമ്മർദം എന്നിവ ഉണ്ടാകുന്നു. അതുകൊണ്ടു സോഡിയത്തിന്റെ അളവു നിയന്ത്രണവിധേയമാക്കണം.  
ഉപ്പ് (സോഡിയം ക്ലോെെറഡ്), ബേക്കിങ് സോഡ, അജിനോമോട്ടോ (മോണോസോഡിയം ഗ്ലൂട്ടാമേറ്റ്, സോസുകൾ, ജാം, ജെല്ലി, സ്ക്വാഷ് (പ്രിസർവേറ്റീവ് ചേർത്തത്) ഉപ്പു കൂടുതൽ ചേർത്തിട്ടുള്ള ഉപ്പേരികൾ, നട്സ്, പോപ്കോൺ, പപ്പടം, ഉപ്പുബിസ്കറ്റ്, കോള പോലുള്ള പാനീയങ്ങൾ, സൂപ്പ് ക്യൂബ്സ്, ചോക്കലേറ്റ്, പാനീയങ്ങൾ, മസാലവർഗങ്ങൾ എന്നിവ േസാഡിയം കൂടുതൽ ഉള്ള ആഹാരസാധനങ്ങളാണ്. അതിനാൽ വൃക്കരോഗികൾ ഇവയെല്ലാം ഒഴിവാക്കാൻ ശ്രദ്ധിക്കണം.  വൃക്കരോഗികൾ ആഹാരം പാചകം ചെയ്യുമ്പോൾ ഉപ്പില്ലാതെ പാകപ്പെടുത്തുക. ഡോക്ടർ ഒരു ദിവസത്തേക്ക് നിർദേശിച്ച അളവിലുള്ള ഉപ്പു ചേർത്ത് ആഹാരം കഴിക്കാം.
പരിമിതമായി


പൊട്ടാസ്യം


പഴങ്ങളിലും പച്ചക്കറികളിലും പൊട്ടാസ്യത്തിന്റെ അളവു കൂടുതലാണ്. പൊട്ടാസ്യം നിയന്ത്രിച്ചുപയോഗിക്കുന്നത് ഹൃദയത്തിനു കൂടി  സംരക്ഷണമേകും. പച്ചക്കറികളിലെ പൊട്ടാസ്യത്തിന്റെ അളവു കുറയ്ക്കാൻ പാകം ചെയ്യുമ്പോൾ കൂടുതൽ വെള്ളം ചേർത്തു തിളപ്പിച്ചു വെള്ളം ഊറ്റിക്കളഞ്ഞ് ഉപയോഗിക്കുക.
തിളപ്പിച്ചൂറ്റേണ്ടാത്ത പച്ചക്കറികൾ ആണു വെള്ളരിക്ക, പടവലങ്ങ, പച്ചമാങ്ങ, പീച്ചിങ്ങ, ചുരയ്ക്ക എന്നിവ. ഇവ ഒഴികെയുള്ള പച്ചക്കറികളെല്ലാം  തിളപ്പിച്ചൂറ്റി ഉപയോഗിക്കാവുന്നതാണ്. കിഴങ്ങുവർഗങ്ങൾ (ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കപ്പ, ചേന, ചേമ്പ്), പച്ച പപ്പായ, ഇലക്കറികൾ, വഴുതനങ്ങ എന്നിവ വൃക്കരോഗികൾ ഒഴിവാക്കണം
എല്ലാ പഴങ്ങളിലും പൊട്ടാസ്യം ഉണ്ട്. പൊട്ടാസ്യം കുറവുള്ള പഴങ്ങൾ ആപ്പിൾ, പേരയ്ക്ക, പിയർ, പപ്പായ,  െെപനാപ്പിൾ എന്നിവയാണ്.  ഇവയുടെ അളവ്  പോഷകാഹാരവിദഗ്ധയുടെ നിർദേശത്തോടെ ക്രമീകരിക്കാം.  


സുഗന്ധവ്യഞ്ജനങ്ങളിലും  കാപ്പി, ശർക്കര, ചോക്കലേറ്റ്, കൊക്കോപൗഡർ എന്നിവയിലും പൊട്ടാസ്യം കൂടുതലാണ്. കരിക്കിൻവെള്ളം, നെല്ലിക്ക, ചെറുനാരങ്ങ, മുസംബി, ഒാറഞ്ച്, കൂവരക് (റാഗി), തക്കാളി എന്നിവയും ഒഴിവാക്കണം. കശുവണ്ടി, ബദാം, കപ്പലണ്ടി എന്നിവയിൽ കൂടുതൽ പൊട്ടാസ്യം ഉണ്ട്. അവയും നിയന്ത്രിക്കണം.
പൊട്ടാസ്യം ഇല്ലാത്ത ആഹാരസാധനങ്ങൾ പഞ്ചസാര, തേൻ, ആരോറൂട്ട്, ചവ്വരി, ഉപ്പില്ലാത്ത വെണ്ണ, നെയ്യ്, എണ്ണകൾ എന്നിവയാണ്. അവ നിർദേശപ്രകാരം കഴിക്കാം.

ഫോസ്ഫറസ്  അധികമാകേണ്ട


എല്ലും പല്ലും ശക്തി പ്രാപിക്കാൻ ഫോസ്ഫറസ് അത്യന്താപേക്ഷിതമാണ്. ശരീരത്തിന് ആവശ്യമില്ലാത്ത ഫോസ്ഫറസിനെ പുറംതള്ളുന്നതു വൃക്കയാണ്. അതിനാൽ രക്തത്തിൽ ഫോസ്ഫറസിന്റെ അളവു കുറവാണ്. 4.00-5.5 mg/dl ആണ് ശരീരത്തിലെ ഫോസ്ഫറസിൻെറ സാധാരണ അളവ്.
 വൃക്കരോഗികൾ ഫോസ്ഫറസ് കലർന്ന ഭക്ഷണം കൂടുതൽ കഴിച്ചാൽ അതു മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നില്ല. രക്തത്തിൽ ഫോസ്ഫറസ് ഉയരുകയും  എല്ലിൽ നിന്നും കാൽസ്യം വലിച്ചെടുക്കുന്ന സ്ഥിതിവിശേഷവും ഉണ്ടാകാം. തന്മൂലം എല്ലിനും പല്ലിനും ബലക്ഷയം സംഭവിക്കുന്നു.
പാൽ, പാൽ ഉൽപന്നങ്ങൾ, െഎസ്ക്രീം, കശുവണ്ടി, ബദാം, കപ്പലണ്ടി, കോളാപാനീയങ്ങൾ, ബീയർ, ഇലക്കറികൾ, കാരറ്റ്, മധുരക്കിഴങ്ങ്, ചോളം, മാംസം, മീൻ, മുട്ട എന്നിങ്ങനെ സാധാരണയായി പ്രോട്ടീൻ (മാംസ്യം) കൂടുതൽ ഉള്ള ഭക്ഷണങ്ങളിൽ ഫോസ്ഫറസിന്റെ അളവും കൂടുതലാണ്.
എന്നാൽ മുട്ടയുടെ വെള്ളയിൽ പ്രോട്ടീന്റെ അളവു കൂടുതലും ഫോസ്ഫറസിന്റെ അളവു കുറവുമാണ്. ആഹാരത്തിൽ കുറഞ്ഞ അളവിലുള്ള ഫോസ്ഫറസിന്റെ ഉപയോഗം രക്തക്കുഴലുകളെ സംരക്ഷിക്കും. കൂടുതലുള്ള ഫോസ്ഫറസിന്റെ ഉപയോഗം ഹൃദയത്തിനും എല്ലുകൾക്കും നല്ലതല്ല.


വെള്ളം  കുടിക്കുമ്പോൾ


ശരീരത്തിൽ ജലാംശം ആവശ്യത്തിനു നിലനിർത്തുന്നതും പുറംതള്ളുന്നതും വൃക്കയുടെ ജോലിയാണ്. വൃക്കയുടെ പ്രവർത്തനം കുറയുമ്പോൾ വെള്ളം ശരീരത്തിൽ കെട്ടിക്കിടക്കുകയും മൂത്രത്തിന്റെ അളവു കുറയുകയും അതുവഴി രക്തസമ്മർദം ഉണ്ടാവുകയും ചെയ്യും. വെള്ളം ഡോക്ടറുടെ നിർദേശപ്രകാരം നിശ്ചിത അളവിൽ ഉപയോഗിക്കണം.
ഒരോ രോഗിയുടെയും മൂത്രത്തിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണ് വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നത്.
വെള്ളം എന്ന് ഉദ്ദേശിക്കുന്നത് കുടിക്കുന്ന ശുദ്ധജലം മാത്രമല്ല, ചായ, കാപ്പി, കറികൾ, ജ്യൂസ്, സൂപ്പ്, മോര് എന്നിവയെല്ലാം  അതിൽ ഉൾപ്പെടും. ഉപ്പ്, എരിവ്, പുളി, വറുത്ത ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കുക. ഇവ ദാഹമുണ്ടാക്കും. ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുക.ദിവസേന കുടിക്കുന്ന വെള്ളത്തിൻെറ അളവിലും വൃക്കരോഗികൾ ശ്രദ്ധിക്കേണ്ടതുണ്ട്.  ദാഹിക്കുമ്പോൾ ഒരു കഷണം െഎസ് വായിലിടുക. വെള്ളത്തെക്കാൾ ദാഹമകറ്റാൻ നല്ലത് െഎസ് ആണ്. വായ് ഉണങ്ങാതിരിക്കാൻ ഒരു കവിൾ വെള്ളം കൊണ്ട് കുലുക്കൊഴിയുന്നതു നല്ലതാണ്. മോരും വെള്ളം ഇടയ്ക്കു കുടിക്കുന്നതിനു കുഴപ്പമില്ല. പ്രമേഹരോഗികൾക്ക് ദാഹം കൂടുതലാണ്. അതുകൊണ്ടു പ്രമേഹരോഗികളായ വൃക്കരോഗികൾ പ്രമേഹം നിയന്ത്രിച്ചുനിർത്തണം.


സ്നാക്കുകൾ കഴിക്കാം


വൃക്കരോഗികൾ  ഭക്ഷണം കഴിക്കാതിരിക്കരുത്. അതു ഛർദിക്കണമെന്നുള്ള തോന്നൽ ഉണ്ടാക്കും. മാത്രമല്ല,  ദിവസവും പ്രധാനപ്പെട്ട മൂന്നു നേരത്തെ ആഹാരത്തിനിടയിൽ മൂന്നു പ്രാവശ്യമായി  ചെറിയ ആഹാരവും (സ്നാക്കുകൾ) കഴിക്കുന്നതു നല്ലതാണ്.    ഗോതമ്പ്, നുറുക്കുഗോതമ്പ് , ഒാട്സ് ഇവ കൊണ്ടുള്ള ഉപ്പുമാവ് , ചപ്പാത്തി എന്നിവയൊക്കെ വൃക്ക
രോഗികൾക്കു സുരക്ഷിതമായ സ്നാക്കുകളാണ്. ഗോതമ്പു കൊണ്ടു തയാറാക്കുന്ന പാൻകേക്കും നല്ലൊരു സ്നാക്കാണ്. ഡയാലിസിസ് രോഗികൾക്ക് മുട്ടവെള്ള കൊണ്ടുള്ള ഒാംലെറ്റ് നല്ലതാണ്.

വിളർച്ചയെ നിയന്ത്രിക്കുക


വൃക്കരോഗത്തിൻെറ അവസാനഘട്ടത്തിൽ വിളർച്ച കണ്ടുവരുന്നുണ്ട്. ഡയാലിസിസ് രോഗികളിലാകട്ടെ ഡയാലിസിസിൻെറ ഭാഗമായി രക്ത നഷ്ടം ഉണ്ടാകുന്നുണ്ട്. അതിനാൽ അയൺ, ഫോളിക് ആസിഡ്, വൈറ്റമിൻ B12,  എന്നിവ അടങ്ങിയ ആഹാരം വിളർച്ചയെ തടയാൻ സഹായിക്കും. പച്ചക്കറികൾ, യോഗർട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം.