Monday 19 March 2018 05:18 PM IST : By സ്വന്തം ലേഖകൻ

കൂടുതൽ മാർക്ക് നേടാം ടെക്നിക്കുകളിലൂടെ; പ്രത്യേകിച്ച് പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ

Asian boy be bored doing his homework

പരീക്ഷാച്ചൂട് കൂടി തുടങ്ങി. അവസാനവട്ട തയാറെടുപ്പിനായി ഒരുങ്ങുകയാണ് പലരും. പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും െപാതുപരീക്ഷ എഴുതേണ്ട കുട്ടികൾ ടെൻഷനിലാണ്. എൻട്രൻസ് പരീക്ഷയ്ക്കു തയാറാകുന്നവരാണ് വളരെയേറെ പിരിമുറുക്കം അനുഭവിക്കുന്ന മറ്റൊരു കൂട്ടർ. ആദ്യ തവണ എൻട്രൻസ് കിട്ടാതെ വന്ന് ഒരു വർഷം എൻട്രൻസ് പരിശീലനത്തിനുവേണ്ടി ചെലവഴിച്ച കുട്ടികളായിരിക്കും ഏറെ മാനസിക സമ്മർദം അനുഭവിക്കുന്നത്.
പരീക്ഷകൾക്കും എൻട്രൻസിനുമൊക്കെ അവസാനവട്ട തയാറെടുപ്പുകൾ വളരെ സുപ്രധാനമാണ്. പരമാവധി മാർക്കിനായി ശ്രദ്ധാപൂർ‌വമുള്ള തയാറെടുപ്പുവേണം. ഇതിനായി ചില പ്രത്യേക പഠനമാര്‍ഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്.


ഏകാഗ്രതകൂട്ടാൻ ടൈംപീസ് !


പഠിക്കാൻ ശ്രമിക്കുമ്പോൾ മനസ്സിലേക്കു മറ്റു പല ചിന്തകളും കയറിവരുന്നു. ഉറക്കം വരുന്നു, ഇടയ്ക്കിടെ എണീറ്റുപോകാൻ തോന്നുന്നു തുടങ്ങിയ പ്രയാസങ്ങൾ പല കുട്ടികളും പറയാറുണ്ട്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് പലരുടെയും അവസാനവട്ട തയാറെടുപ്പുകളെ ബാധിക്കാറുണ്ട്.
ചുറ്റുപാടുമുള്ള സംവേദനങ്ങളെ ഒഴിവാക്കി ഒരു കാര്യത്തിലേക്ക് ഇന്ദ്രിയങ്ങളെ കേന്ദ്രീകരിക്കാനുള്ള  കഴിവാണ് ‘ശ്രദ്ധ’ (attention). ദീർഘനേരം ഒരു സംഗതിയിലേക്ക് ഇങ്ങനെ കേന്ദ്രീകരിക്കാനുള്ള കഴിവാണ് ‘ഏകാഗ്രത’ (Concentration).
പഠനത്തിൽ ഏകാഗ്രത െെകവരിക്കാൻ സഹായിക്കുന്ന ഒരു വ്യായാമമാണ് ‘െെടംപീസ് വ്യായാമം.’ ഒരു ടൈപീസ് അല്ലെങ്കിൽ ക്ലോക്ക് മേശപ്പുറത്തു വയ്ക്കുക. അതിന്റെ െസക്കൻഡ് സൂചിയിലേക്കുതന്നെ ദീർഘനേരം ശ്രദ്ധിക്കുക. തുടർച്ചയായി അഞ്ചുമിനിറ്റെങ്കിലും എന്നും െെവകിട്ട് ഇതു പരിശീലിക്കണം. ചലിക്കുന്ന സെക്കൻഡ് സൂചിയിലേക്കു ശ്രദ്ധിക്കുമ്പോൾ, മനസ്സ് മറ്റു ശബ്ദങ്ങളിലേക്കു പതറിപ്പോകാമെങ്കിലും ഉടൻ തന്നെ മനസ്സിനെ സൂചിയുടെ ചലനത്തിലേക്ക് മടക്കിക്കൊണ്ടുവരാം.

ഒാർമയുടെ മുന കൂർപ്പിക്കാൻ


പഠിച്ച കാര്യങ്ങൾ പലതും പരീക്ഷയ്ക്ക് ഒാർമയില്ലാതെ വരുന്നത് പല കുട്ടികളുടേയും പ്രതിസന്ധിയാണ്. വായിക്കുന്ന കാര്യങ്ങൾ ഒാർമയിൽ എളുപ്പം നിലനിർത്താൻ സഹായിക്കുന്ന ചില രീതികൾ മനസ്സിലാക്കാം.
∙ ചിട്ടയായി നോട്ടുകൾ തയാറാക്കി സൂക്ഷിച്ചുവയ്ക്കുക. ടെക്സ്റ്റ് ബുക്കുകളിലെ പോലെ നീളൻ ലേഖനങ്ങൾക്കു പകരം വേഗം മനസ്സിലേക്കു കയറുന്ന ചെറുകുറിപ്പുകളുടെ രൂപത്തിലുള്ള നോട്ടുകളായിരിക്കും കൂടുതൽ പ്രയോജനകരം.
∙ ഈ ചെറുകുറിപ്പുകൾ പരീക്ഷയ്ക്കു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ, അതു മാത്രം വേഗത്തിൽ വായിച്ചുപോയാൽ മതിയാകും. ‌ഒാേരാ വിഷയത്തിന്റെയും നോട്ടുകൾ സൂക്ഷിക്കാൻ പ്രത്യേകം ഫയലുകൾ വയ്ക്കാം.
∙ നോട്ടുകൾ കംപ്യൂട്ടറിൽ തയാറാക്കി വയ്ക്കുന്ന ശീലമുള്ളവർ അവ ഒാേരാ ഫോൾഡറിലാക്കി സൂക്ഷിക്കുക. ഒാേരാ ദിവസവും തയാറാക്കുന്ന നോട്ടുകൾക്ക് തീയതി രേഖപ്പെടുത്തിവയ്ക്കണം.
∙ കഴിഞ്ഞുപോയ പരീക്ഷകളുടെ ചോദ്യക്കടലാസുകൾ, ഉത്തരക്കടലാസുകൾ എന്നിവ ഒരു പ്രത്യേക ഫയലിൽ സൂക്ഷിക്കുക. പഴയ ചോദ്യക്കടലാസുകൾ നോക്കേണ്ടിവരുന്ന പക്ഷം, ആ ഫയൽ മാത്രമെടുത്തു നോക്കിയാൽ മതിയാകും.

study_tips2


മനോഭൂപടം നിർമിക്കാം


ഭൂരിപക്ഷം കുട്ടികളും കാര്യങ്ങൾ ദൃശ്യങ്ങളുടെ രൂപത്തിൽ ഒാർത്തുവയ്ക്കാൻ കഴിവുള്ളവരാണ്. ഇവർ ചിത്രരൂപത്തിൽ കുറിപ്പുകൾ തയാറാക്കിവയ്ക്കുന്നതാണ് നല്ലത്. ആവർത്തിച്ചു വായിക്കുമ്പോൾ, ചുരുങ്ങിയ സമയം കൊണ്ട് ഈ ഭാഗങ്ങളിലൂടെ കടന്നുപോകാൻ ഇതുവഴി കഴിയുന്നു.


∙ മനസ്സിലുള്ള വിവരങ്ങളെ, അഥവാ വായിച്ചു മനസ്സിലാക്കുന്ന കാര്യങ്ങളെ, ഒരു പ്രത്യേക ക്രമത്തിൽ ചിത്രരൂപത്തിൽ അടുക്കിവയ്ക്കുന്ന
രീതിയെയാണ് ‘മനോഭൂപടം’ (Mind map) എന്നു വിളിക്കുന്നത്.
∙ മനോഭൂപട നിർമാണത്തിനു പലവിധ മാർഗങ്ങളുണ്ടെങ്കിലും വളരെഎളുപ്പമുള്ള മാർഗമാണ് ‘ചിലന്തിക്കുറിപ്പുകൾ’ (Spider notes) തയാറാക്കുക എന്നുള്ളത്.
പഠിക്കാനിരിക്കുമ്പോൾ എപ്പോഴും 'A4' െെസസ് വലിപ്പമുള്ള കടലാസുകൾ ഒരുവശത്തായി വച്ചിരിക്കണം. വായിക്കുന്ന പാഠഭാഗങ്ങളുടെ തലക്കെട്ട് അല്ലെങ്കിൽ ആ ഭാഗത്തിന്റെ പ്രധാന ആശയം ആ കടലാസിന്റെ മധ്യഭാഗത്തു വലിയ അക്ഷരത്തിൽ എഴുതിവയ്ക്കാം. ആ വാക്കിനു ചുറ്റും ഒരു വൃത്തം വരയ്ക്കാം. ആ വൃത്തത്തിന്റെ ചുറ്റിലേക്കും വിവിധ ദിശകളിലേക്കു ചില രേഖകൾ വരയ്ക്കാം. എത്ര ഉപആശയങ്ങൾ അഥവാ വസ്തുതകൾ നാം രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നോ എന്നതിനനുസരിച്ച് എത്ര വരകൾ വേണമെങ്കിലും വരയ്ക്കാമെങ്കിലും നാലു മുതൽ പന്ത്രണ്ടു വരെ വരകൾ വരയ്ക്കുന്നതാണ് ഉത്തമം.
ഒാേരാ വരയുടെയും അറ്റത്തായി നാം ഒാർത്തിരിക്കാൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ ചെറിയ വാക്കുകളായി എഴുതിവയ്ക്കാം. വ്യക്തമായി, കണ്ടാൽ മനസ്സിലാകുന്ന രീതിയിൽ, ചുരുങ്ങിയ വാക്കുകളോ സംഖ്യയോ കൊണ്ട് ഉദ്ദേശിക്കുന്ന പോയിന്റുകൾ എഴുതുക.
ഒരു ചിലന്തിയുടെ തലയും കാലുകളും പോലെയുള്ള ആകൃതി ഈ കുറിപ്പുകൾക്ക് ഉള്ളതുകൊണ്ടാണ് നാം ഇതിനെ ‘ചിലന്തിക്കുറിപ്പുകൾ’ എന്നു വിളിക്കുന്നത്.
∙ ചിലന്തിക്കുറിപ്പുകൾ തയാറാക്കുമ്പോൾ, പല നിറത്തിലുള്ള പേനകൾ ഉപയോഗിക്കാം. പ്രധാന ആശയം ചുവപ്പു മഷികൊണ്ടെഴുതിയാൽ, ഉപ ആശയങ്ങൾ നീല, കറുപ്പ്, മഞ്ഞ, പച്ച, ഒാറഞ്ച്, പിങ്ക് എന്നീ വ്യത്യസ്ത നിറങ്ങളുപയോഗിച്ചെഴുതാം. ഇങ്ങനെയെഴുതിയാൽ വർണശബളമായൊരു ചിത്രംപോലെ ആ കുറിപ്പ് മനസ്സിൽ ആഴത്തിൽ പതിയും. പരീക്ഷ അടുക്കുമ്പോൾ ഈ ചിലന്തിക്കുറിപ്പുകൾ വായിച്ചാൽ പാഠഭാഗങ്ങൾ വേഗം ഒാർമയിൽ തെളിഞ്ഞുവരും.

ആട്ടിയോടിക്കാം പരീക്ഷാപ്പേടി


നന്നായി പഠിക്കുന്ന കുട്ടികൾ പോലും ചിലപ്പോൾ പരീക്ഷയെ വല്ലാതെ ഭയപ്പെടാറുണ്ട്. പരീക്ഷയുടെ തലേന്ന് ഒട്ടും ഉറങ്ങാതെ, പിറ്റേന്നു രാവിലെ ഭക്ഷണം പോലും കഴിക്കാതെയാകും പരീക്ഷയെഴുതാൻ പോകുന്നത്. പരീക്ഷാഹാളിൽ ചെന്നിരിക്കുമ്പോൾ പഠിച്ചതൊന്നും ഒാർമിക്കാനാകാതെ വെപ്രാളപ്പെട്ട് തളർന്നുപോകുന്നവരുമുണ്ട്. ഇത്തരം പ്രയാസങ്ങൾ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
പരീക്ഷ ഒരു ഭീകരസംഭവമാണെന്ന മുൻവിധിയാണു പലരെയും കടുത്ത മാനസികസമ്മർദത്തിൽ കൊണ്ടെത്തിക്കുന്നത്. എന്നാൽ, പരീക്ഷ ഏറെ ആഹ്ലാദകരമായ ഒരനുഭൂതിയാണെന്നു മനസ്സിനെ ബോധ്യപ്പെടുത്തുന്ന ചില ദൃശ്യവത്കരണരീതികൾ പരിശീലിച്ചാൽ, കാര്യങ്ങൾ സുഗമമാകും.
പരീക്ഷാപ്പേടി അകറ്റാൻ സഹായിക്കുന്ന ഒരു ദൃശ്യവത്കരണരീതി പഠിക്കാം. രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, കണ്ണടച്ചു കിടന്നിട്ടു പരീക്ഷാഹാളിലേക്കു നിങ്ങൾ നടന്നുപോകുന്ന രംഗം മനസ്സിൽ കാണുക. സിനിമയിലെ സ്‌ലോമോഷൻ രംഗം േപാലെ നിങ്ങൾ പരിക്ഷാഹാളിലേക്കു മന്ദഗതിയിൽ നടന്നുപോകുന്നു.
പരീക്ഷാകേന്ദ്രത്തിലെത്തി, സ്വന്തം രജിസ്റ്റർ നമ്പർ ഉള്ള മുറിയേതെന്ന് മനസ്സിലാക്കുന്നു. അതിനുശേഷം പരീക്ഷാഹാളിലേക്കു നിങ്ങൾ കടന്നുചെല്ലുന്നതായി മനസ്സിൽ കാണാം. സ്വന്തം സീറ്റ് കണ്ടെത്തി ഇരിക്കുന്നു. തുടർന്നു സൂപ്പർവൈസർ, ചോദ്യക്കടലാസുകളും ഉത്തരക്കടലാസുകളും നിങ്ങളുടെ െെകയിൽ കൊണ്ടു തരുന്ന രംഗം മനസ്സിൽ കാണാം.
എല്ലാ ചോദ്യങ്ങളും നിങ്ങൾക്ക് അറിയാവുന്നവ തന്നെയാണ്. നിങ്ങൾ ശാന്തമായ മുഖത്തോടെ സാവധാനം ചോദ്യങ്ങൾക്ക് ഉത്തരമെഴുതുന്ന ദൃശ്യം സങ്കല്പിക്കാം. പരീക്ഷയ്ക്കു ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും നിങ്ങൾ കൃത്യമായ ഉത്തരമെഴുതിക്കഴിഞ്ഞു. തുടർന്ന്, ചിരിക്കുന്ന മുഖത്തോടെ, സന്തോഷത്തോടെ, നിങ്ങൾ പരീക്ഷാഹാളിൽ നിന്നു പുറത്തേക്കിറങ്ങുന്ന രംഗം മനസ്സിൽ കാണാം. നല്ല സന്തോഷത്തോടെ, സഹപാഠികളോട് പരീക്ഷയെക്കുറിച്ചു നിങ്ങൾ സംസാരിക്കുന്നതും മനസ്സിൽ കാണാം.
എന്നും ഉറങ്ങാൻ കിടക്കുമ്പോൾ ഈ രംഗങ്ങൾ മനസ്സിൽ കണ്ടാൽ, പതിയെ പരീക്ഷയെക്കുറിച്ചുള്ള ഉത്കണ്ഠ കുറഞ്ഞുവരും. ഒരു മാസമെങ്കിലും തുടർച്ചയായി എല്ലാ രാത്രികളിലും കിടക്കുമ്പോൾ ഇതു പരിശീലിക്കുന്നത് പരീക്ഷാപ്പേടി ഗണ്യമായി കുറയ്ക്കും.

ഉറക്കം, ഭക്ഷണം


∙ പരീക്ഷയുടെ തലേന്നു പോലും ചുരുങ്ങിയത് ആറു മണിക്കൂർ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. പകൽ സമയത്തു പഠിച്ചു മനസ്സിലാക്കുന്ന കാര്യങ്ങൾ ഒാർമയിൽ വ്യക്തമായി പതിയാൻ ഇതാവശ്യമാണ്.
∙ പരീക്ഷാ ദിവസം രാവിലെ നന്നായി ഭക്ഷണം കഴിക്കണം. അല്ലാത്തപക്ഷം പരീക്ഷ എഴുതുന്നതിനിടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറഞ്ഞ് അസ്വസ്ഥതയുണ്ടാകാം.
∙ പരീക്ഷയ്ക്കു തയാറെടുക്കുന്ന ദിവസങ്ങളിൽ നന്നായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

Asian man reading book on couch

സമയക്രമീകരണം


പരീക്ഷയടുത്ത ദിനങ്ങളിൽ പഠിക്കുമ്പോൾ സമയക്രമീകരണം പ്രധാനമാണ്, പ്രത്യേകിച്ചും എൻട്രൻസ് പരീക്ഷകളിൽ. തയാറെടുപ്പു തുടങ്ങിമ്പോൾ തന്നെ ഒാേരാ കാര്യത്തിനും നിശ്ചിതമായൊരു സമയപ്പട്ടിക നിശ്ചയിക്കണം.
∙ പരീക്ഷ തീയതി പ്രഖ്യാപിക്കപ്പെടുമ്പോൾ ത്തന്നെ മുഴുവൻ പാഠഭാഗങ്ങളും പഠിച്ചുതീർക്കാനാകുന്ന രീതിയിലുള്ള െെടംേടബിൾ തയാറാക്കാം.
∙ എല്ലാ ദിവസവും ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും പഠനത്തിനായി നീക്കിവയ്ക്കാം. അവധി ദിനങ്ങളിൽ ഇത് ആറു മുതൽ പത്തു മണിക്കൂർ വരെയാകാം.
∙ ഒാേരാ ദിവസവും വ്യത്യസ്ത വിഷയങ്ങൾ പഠിക്കാൻ ശ്രമിക്കാം.  ഒരു വിഷയം രണ്ടു മണിക്കൂറിലധികം തുടർച്ചയായി വായിക്കാതിരിക്കുന്നതാണു നല്ലത്.
∙ പരീക്ഷയടുക്കുന്നതോടെ ഇന്റർനെറ്റിന്റെയും ടിവിയുടെയും മൊബൈലിന്റെയും ഉപയോഗം കുറയ്ക്കാം. ഇവയെല്ലാം കൂടി ദിവസേന പരമാവധി അരമണിക്കൂറെന്ന നിലയിൽ നിശ്ചയിക്കാം.

∙വഴക്കിട്ടും തർക്കിച്ചും ശബ്ദമുയർത്തിയും ടെൻഷൻ കൂട്ടാതിരിക്കാൻ ഈ ദിവസങ്ങളിൽ ശ്രദ്ധിക്കാം.


സമയമെന്ന വെല്ലുവിളി


മെഡിക്കൽ–എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾക്കു മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള  ചോദ്യങ്ങളാണുണ്ടാകുക. നിശ്ചിത സമയം കൊണ്ട് എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക എന്നതാണ് വെല്ലുവിളി. 150 ചോദ്യങ്ങൾ രണ്ടു മണിക്കൂർ കൊണ്ട് ഉത്തരമെഴുതുക എന്ന മട്ടിലായിരിക്കും പരീക്ഷകൾ. ഒരു ശരിയുത്തരത്തിന് നാലു മാർക്ക് ലഭിക്കുമ്പോൾ, തെറ്റുത്തരത്തിന് ഒരു മാർക്ക് കുറവു ചെയ്യുന്ന അവസ്ഥ വരും. ഇതുകൊണ്ടുതന്നെ എൻട്രൻസിനു തയാറെടുക്കുമ്പോൾ, നേരത്തേ പരീക്ഷയെഴുതുന്ന രീതി ഒന്നു റിഹേഴ്സ് ചെയ്യുന്നതു നന്നായിരിക്കും. ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിലിരുന്ന് ഒരു റിഹേഴ്സൽ പരീക്ഷയെഴുതി നോക്കാം.


പരീക്ഷാതലേന്നു െെവകിട്ടു ഹാൾ ടിക്കറ്റ്, പേന, െപൻസിൽ, ആവശ്യമായ മറ്റു സാമഗ്രികൾ എന്നിവയൊക്കെ തയാറാക്കി വയ്ക്കാം. പരീക്ഷത്തലേന്ന് നേരത്തേ തയാറാക്കിയ ചിലന്തിക്കുറിപ്പുകൾ മാത്രം ഒാടിച്ചു വായിക്കുന്നതാണു നന്ന്. പരീക്ഷാത്തലേന്ന് ആറു മണിക്കൂർ ഉറക്കം ഉറപ്പുവരുത്തുക. രാവിലെ നല്ല തോതിൽ പ്രാതലും കഴിക്കണം.

 

ഏകാഗ്രത കൂട്ടാം, ഉത്കണ്ഠ കുറയ്ക്കാം

പഠനത്തിൽ ഏകാഗ്രത കൂട്ടാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്ന ഒരു വ്യായാമമാണ് ‘മനോനിറവ് ശ്വസനം’ (Mindful breathing).  ഒരു കസേരയിൽ നിവർന്നിരിക്കുക. തലയും കഴുത്തും നട്ടെല്ലും ഒരു നേർരേഖയിൽ വരുന്ന രീതിയിലായിരിക്കണം ഇരിക്കേണ്ടത്. പാദങ്ങൾ ചേർത്തുവയ്ക്കാം. കണ്ണുകൾ അടയ്ക്കാം. ഇടതുെെക നെഞ്ചിലേക്കും വലതുെെക വയറിന്റെ നടുക്കോട്ടും വയ്ക്കാം. സാധാരണ രീതിയിൽ രണ്ടു മൂക്കിലൂടെയും ശ്വാസം സാവധാനം അകത്തോട്ടു വലിച്ചു പതിയെ വിടാം. ശ്വസനത്തിലേക്കുതന്നെ പൂർണമായും ശ്രദ്ധിക്കാം. മൂക്കിലൂടെ കാറ്റ് അകത്തേക്കൊഴുകി പതിയെ വന്നു നെഞ്ചിലേക്കു നിറയുന്നത് അറിയാം. തിരിച്ചു കാറ്റു മുകളിലേക്ക് ഒഴുകി വരുന്നതും അറിയാം. മനസ്സ് മറ്റെന്തെങ്കിലും ചിന്തകളിലേക്കു മാറിപ്പോയാൽ ഉടൻ തന്നെ ശ്രദ്ധ ശ്വാസത്തിലേക്കു മടക്കിക്കൊണ്ടുവരിക. പഠിക്കാൻ തുടങ്ങുന്നതിനു മുമ്പ് ദിവസേന െെവകിട്ട് 15 മിനിറ്റ് തുടർച്ചയായി ഇതു ചെയ്യുക. ഏകാഗ്രത ക്രമേണ കൂടിവരുന്നതായി അറിയാൻ കഴിയും.

 

Info By: േഡാ. അരുൺ. ബി.നായർ(അസി. പ്രഫസർ, സൈക്യാട്രി വിഭാഗം, മെഡിക്കൽ കോളജ്, തിരുവനന്തപുരം)