Tuesday 06 February 2018 05:14 PM IST : By സ്വന്തം ലേഖകൻ

ചെറിയ അസുഖങ്ങൾ പോലും വലിയ ബുദ്ധിമുട്ടുകളിലേക്കു നയിച്ചേക്കാം; ഗർഭാവസ്ഥയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

pregnancy

അമ്മയാകുന്നതും കുഞ്ഞിനു ജന്മം നൽകുന്നതും തികച്ചും ദൈവികമായ അനുഭവമായാണ് നാം കരുതുന്നത്. എന്നാൽ തന്നെ ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന ചില അസുഖങ്ങൾ പലപ്പോഴും വലിയ ബുദ്ധിമുട്ടുകളിലേക്കു നയിച്ചേക്കാം.

രക്തസമ്മര്‍ദം ശ്രദ്ധിക്കണം

ഗർഭിണികളിൽ വരാവുന്ന രോഗങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതും ഹാനികരമായതും അമിതരക്തസമ്മര്‍ദമാണ്. 140/90 mm Hg യോ അതിനു മുകളിലോ ആണ് രക്തസമ്മർദമെങ്കിൽ സൂക്ഷിക്കണം. മൂത്രത്തിലൂടെ ആൽബുമിൻ നഷ്ടപ്പെടുന്ന അവസ്ഥയായ പ്രോട്ടീന്യൂറിയ ഉയർന്ന രക്തസമ്മർദത്തിന്റെ ലക്ഷണമാണ്. ഉയർന്ന ബിപി പ്രസവാനന്തര രക്തസമ്മർദത്തിലേക്കും, പ്രീ എക്ലാംസിയ എന്ന അപകടകരമായ അവസ്ഥയിലേക്കും വഴിതെളിക്കാം ഇതിനൊപ്പം അപസ്മാരം വന്നാൽ എക്ലാംസിയ എന്ന അവസ്ഥയിലേക്കു നയിക്കും.

ഗർഭകാലത്തു മാത്രം ഉണ്ടകുന്ന ഉയർന്ന ബിപിക്കുള്ള പ്രധാന കാരണമായി പറയുന്നത് ഗർഭിണികളിൽ മറുപിള്ള നല്ലരീതിയില്‍ വളരാതിരിക്കുക എന്നതാണ്. ഇതു കാരണം വൃക്ക. കരൾ എന്നീ അവയവങ്ങൾക്കു തകരാറും തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിനും രക്തസ്രാവം ഉണ്ടാകുന്നതിനും കാരണമാകാം. ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ് തലവേദന, കാഴ്ചമങ്ങല്‍, വയറുവേദന, ഛർദി, കാലുകളിലെ നീര്, മൂത്രത്തിന്റെ അളവുകുറയൽ, ഭാരക്കൂടുതൽ എന്നിവ. ഇതിനൊപ്പം ശ്വാസകോശത്തിൽ നീർക്കെട്ടു വന്നു ശ്വാസകോശത്തകരാറും കാണപ്പെടാം.

എല്ലാ ഗർഭിണികളും പ്രത്യേകിച്ചും അപകടസാധ്യത കൂടിയവർ (ആദ്യമായി ഗർഭിണി ആയവർ, പ്രായം കൂടിയ സ്ത്രീകൾ, മുൻ ഗർഭങ്ങളിൽ അമിത രക്തസമ്മര്‍ദമുള്ളവർ) ഈ അവസ്ഥയെക്കുറിച്ചു കൃത്യമായി മനസ്സിലാക്കിയിരിക്കുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. അമിതരക്തസമ്മർദത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണണം.

പ്രമേഹം നേരത്തെ കണ്ടെത്തണം

ഗർഭാവസ്ഥയിൽ ആദ്യമായി കാണപ്പെടുന്ന പ്രമേഹത്തെ ജെസ്റ്റേഷനൽ ഡയബെറ്റിസ് എന്നാണ് പറയുന്നത്. പ്രമേഹമുള്ള സ്ത്രീകളാണെങ്കിൽ ഗർഭം ധരിക്കുന്നതിനു മുമ്പേ പ്രമേഹം നിയന്ത്രണപരിധിയില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്, അല്ലാത്ത പക്ഷം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അംഗവൈകല്യങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ജെസ്റ്റേഷനൽ ഡയബറ്റിസ് ഉള്ളവരിൽ ഈ സാധ്യത കുറവായിരിക്കും. പക്ഷേ, ഗർഭകാല പ്രമേഹം ഉള്ളവരിൽ അണുബാധ, പ്രീഎക്ലാംസിയ, ഡയബറ്റിക് കീറ്റോ അസിഡോസിസ് (പ്രമേഹനില വളരെ കൂടി നിൽക്കുന്നതു കാരണം ഉണ്ടാകുന്ന മാരക അവസ്ഥ), കുഞ്ഞുങ്ങളിൽ ഭാരം കുറയൽ, വളർച്ചക്കുറവ്, മാസം തികയാതെയുള്ള പ്രസവം, അമ്നിയോട്ട് ദ്രാവകം കൂടുക എന്നിവയ്ക്ക് സാധ്യതയേറെയാണ്. വർധിച്ചു വരുന്ന സിസേറിയൻ പോലുള്ള ഓപ്പറേഷനുകൾക്ക് ഇതൊരു കാരണമാണ്. ഇതു മാത്രമല്ല, മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾ പലതരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. അതിന് ഉദാഹരണമാണു മഞ്ഞപ്പിത്തം. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ.

ഗർഭിണികളും 24–28 ആഴ്ചയ്ക്കിടയിൽ ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് (OGTT) ചെയ്യണം. മുമ്പു സൂചിപ്പിച്ച അപകടസാധ്യത കൂടുതലുള്ളവർ (പ്രായം കൂടിയവര്‍, മുൻ ഗര്‍ഭങ്ങളിൽ ജെസ്റ്റേഷനൽ ഡയബറ്റിസ്, അടുത്ത ബന്ധുക്കളിൽ പ്രമേഹം) ഈ പരിശോധന നിർബന്ധമായും ഗർഭാവസ്ഥയുടെ തുടക്കത്തിൽ തന്നെ ചെയ്യണം. പ്രമേഹം കഴിവതും നേരത്തെ തന്നെ കണ്ടുപിടിക്കുന്നതാണ് നല്ലത്.

ഗർഭം അലസിപ്പോവുക

ഗർഭം അലസാൻ പല കാരണങ്ങളുണ്ട്. കുഞ്ഞിന്റെ ക്രോമസോം പ്രശ്നങ്ങൾ, അമ്മയിലെ തൈറോയ്ഡ് പ്രശ്നം, അണുബാധ, പരിസ്ഥിതിയിലുള്ള മാലിന്യങ്ങള്‍ (ലെഡ്, പുകവലി), ഗർഭപാത്രത്തിലെ മുഴകൾ, ഗർഭപാത്രത്തിലെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം പ്രശ്നത്തിനു പിന്നിലുണ്ട്.

മാസം തികയാതെയുള്ള പ്രസവം

ഗര്‍ഭിണി മാസം തികയാതെ പ്രസവിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ്. പോഷകാഹാരക്കുറവ്, വൈറ്റമിനുകളുടെ കുറവ് (സിങ്ക്, ഫോളിക് ആസിഡ്) അമ്മയുടെ തൂക്കക്കുറവ്, മാനസിക പിരിമുറുക്കങ്ങളും വിഷമങ്ങളും, കുടുംബപ്രശ്നങ്ങൾ, പുകവലി എന്നിവയാണത്. തുടർച്ചയായി വരുന്ന വയറുവേദനയോ. വയറുമുറുക്കമോ, വെള്ളം പോകുമ്പോൾ രക്തം കലര്‍ന്നിരിക്കുക ഇതൊക്കെ അപകടസൂചനകളാവാം. ഗർഭകാലത്തെ നല്ല ശുശ്രൂഷയും അണുബാധ കണ്ടുപിടിച്ചാൽ ഉടനെ തന്നെയുള്ള ചികിത്സയുമാണ് മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാനുള്ള ഏറ്റവും ഉത്തമമായ വഴികള്‍.

അമ്നിയോട്ടിക് ദ്രാവകം

ഗർഭസ്ഥശിശുവിനു ചുറ്റുമുള്ള അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവു കൂടുതലായി കാണുന്ന ഒരവസ്ഥയാണ് പോളിഹൈഡ്രമ്നിയോസ് (Polyhydramnios). ഈ അവസ്ഥ കാരണം അമ്മയ്ക്ക് ശ്വാസതടസ്സം, വയറുവേദന, കാലുകളിൽ നീര്, വെരിക്കോസ് വെയിൻ തുടങ്ങിയവ ഉണ്ടാവാം. ഇതു കൂടാതെ മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകാം. അതിൽ തന്നെ ഏറിയ പങ്കും സിസേറിയനായിരിക്കും.

കുഞ്ഞിനു ചുറ്റുമുള്ള ദ്രാവകത്തിന്റെ അളവു കുറയുന്ന അവസ്ഥയാണ് ഒലിഗോഹൈഡ്രമ്നിയോസ് (Oligohydramnios). കുഞ്ഞിനു വളർച്ചക്കുറവുള്ള അവസ്ഥയിലാണ് ഇതു സാധാരണയായി കാണുന്നത്. കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ സ്ഥലം കിട്ടാതെ വരികയും കാലുകൾക്കും കൈകൾക്കും വൈകല്യങ്ങളുണ്ടാവുകയും ചെയ്യാം. മാത്രമല്ല ശ്വാസകോശത്തിന്റെ വളര്‍ച്ചക്കുറവ്, മാസം തികയാതെയുള്ള പ്രസവം, മറുപിള്ള വിട്ടുപോകാനുള്ള സാധ്യത എന്നിവ പലമടങ്ങ് കൂടുതലാണ്.

മറുപിള്ള താഴെ വന്നാൽ

മറുപിള്ള (Placenta) ഗർഭപാത്രത്തിന്റെ താഴ്‌വശത്തു കാണപ്പെടുന്ന അവസ്ഥയാണ് പ്ലാസന്റാ പ്രീവിയ (Placenta praevia). ഈ അപകടകരമായ അവസ്ഥയിൽ സുഖപ്രസവം അസാധ്യമാകുന്നു, രക്തസ്രാവം ഉണ്ടായി സിസേറിയൻ സാധ്യത വർധിക്കുന്നു. തുടർന്നുള്ള ഗർഭങ്ങളിൽ മറുപിള്ള ഗർഭപാത്രത്തിന്റെ താഴ് വശത്തു മൂത്രസഞ്ചിയോടു ചേർന്ന് ഒട്ടിപ്പിടിക്കാൻ ഇടവരുന്നു.

ഗർഭപാത്രത്തിൽ നിന്നു മറുപിള്ള വിട്ടു പോരുന്ന അവസ്ഥയുണ്ട്. ഇതിനെ അബ്റപ്ഷിയോ പ്ലാസന്റാ (Abruptio Placentae) എന്നാണ് പറയുന്നത്. അമിത രക്തസമ്മർദം, ഫോളിക് ആസിഡിന്റെ കുറവ്, പുകവലി, വെള്ളം നേരത്തെ പോവുക, ഗര്‍ഭകാലത്തെ വീഴ്ച ഇതൊക്കെ കാരണങ്ങളാണ്.

സിസേറിയൻ ചെയ്യുന്നത്

സാധാരണ പ്രസവം സാധ്യമാകാതെ സിസേറിയൻ തിരഞ്ഞെടുക്കേണ്ട സങ്കീർണാവസ്ഥ ഉണ്ടാകാം. പ്ലാസന്റാ പ്രീവിയ, മറുപിള്ള വിട്ടു പോരുക, ഇരട്ടയോ അതിൽ കൂടുതലോ കുഞ്ഞുങ്ങളുള്ള ഗർഭം, കുഞ്ഞിന്റെ തല താഴേക്കു വരാത്ത അവസ്ഥ, പ്രമേഹമോ രക്തസമ്മർദമോ, വേദന വന്നിട്ടും ഗർഭാശയഗളം തുറക്കാതിരിക്കുക എന്നിവയാണ് അവസ്ഥകൾ.

പൊക്കിൾക്കൊടിയുടെ പ്രശ്നങ്ങൾ

പ്രസവത്തിനു മുമ്പ് പൊക്കിൾക്കൊടി പുറത്തേക്കു വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അമ്നിയോട്ടിക് ദ്രാവകം കൂടുതലുള്ള അവസ്ഥ, കുഞ്ഞ് താഴേക്കു തിരിഞ്ഞു വന്നാൽ, പ്രസവതീയതിക്കു മുമ്പെ വേദന വന്നാൽ ഈ അവസ്ഥ ഉണ്ടാകാം. ഈ സന്ദർഭത്തിൽ കുട്ടിക്കു ഹൃദയസ്തംഭനം വന്ന് മരണം വരെ സംഭവിക്കാം. ആയതിനാൽ പ്രസവവേദന വരുകയോ വെള്ളം പോവുകയോ ചെയ്താൽ ഉടനെ ആശുപത്രിയിൽ എത്തണം.

ഗർഭപാത്രത്തിൽ മറുപിള്ളയുടെ സ്ഥാനം മാറുന്നത് കുഞ്ഞുങ്ങളിൽ വളർച്ചാക്കുറവിനു വരെ സാധ്യത ഉണ്ടാക്കുന്നു. കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റുന്നത് മറ്റൊരു സങ്കീർണതയാണ്. ചില അവസരങ്ങളിൽ അതു തനിയെ മാറും. അല്ലാത്തപക്ഷം സിസേറിയൻ ആവശ്യമായി വരും.

രക്തസ്രാവം ശ്രദ്ധിക്കുക

പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടാകുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന് പ്രസവശേഷം ഗർഭപാത്രം ചുരുങ്ങാതിരിക്കുന്ന അവസ്ഥയിൽ. ഇരട്ടക്കുട്ടികൾ, കുഞ്ഞിനു വലുപ്പം കൂടുക, അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവ് കൂടുക തുടങ്ങിയ അവസ്ഥകളിലാണ് ഗർഭപാത്രം ചുരുങ്ങാതിരിക്കുന്നത്. പ്രസവശേഷം ഗർഭപാത്രം ചുരുങ്ങിയാൽ സാധാരണ അളവിലെ രക്തസ്രാവമുണ്ടാകൂ. എന്നാൽ പ്രസവസമയത്തുള്ള ക്ഷതങ്ങൾ വഴി അമിത രക്തസ്രാവമുണ്ടാകാം.

അമിതവണ്ണമുള്ള ഗർഭിണി

ഗർഭിണികൾ നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ് അമിതവണ്ണം. ഇതോടൊപ്പം ഗർഭസ്ഥ ശിശുവിന്റെ ഭാരം കൂടും. ഇതു സാധാരണ പ്രസവത്തിനു തടസ്സമുണ്ടാക്കാം. വർധിച്ചുവരുന്ന സിസേറിയൻ ശാസ്ത്രക്രിയകൾക്ക് ഇതൊരു കാരണമാണ്. അമിതവണ്ണം കാരണം ഗർഭിണിക്ക് ഉണ്ടാകുന്ന മറ്റു ബുദ്ധിമുട്ടുകളാണ് അമിത രക്തസമ്മർദം, പ്രമേഹം എന്നിവ.

തയാറാക്കിയത്: ഡോ. ശബ്നംഎസ്. നമ്പ്യാർ, അസിസ്റ്റന്റ് പ്രഫസർ, ഗൈനക്കോളജി വിഭാഗം

പരിയാരം മെഡി.കോളജ്, കണ്ണൂർ