Friday 02 February 2018 03:06 PM IST

വെറും 15 ദിവസം കൊണ്ട് കുറച്ചത് ഏഴു കിലോ; ലെനയുടെ മേക്കോവര്‍ ടിപ്സ്

Asha Thomas

Senior Sub Editor, Manorama Arogyam

lena_weight

രാവിലെ തുടങ്ങിയ ഷൂട്ടാണ്. വൈറ്റ് ഗൗണിൽ നന്നേ മെലിഞ്ഞ് കൂടുതൽ സുന്ദരിയായിരിക്കുന്നു ലെന.  ഉച്ചഭക്ഷണത്തിന്റെ സമയം കഴിഞ്ഞിട്ടും കാമറയുടെ മുന്നിൽ ഒരേ എനർജിയോടെ അനായാസമായി  ഭാവങ്ങൾ വിരിയിക്കുന്നു അവർ. അടുത്ത ഷൂട്ടിനായി കോസ്റ്റ്യൂമും മേക്ക് അപും റെഡിയാക്കുമ്പോഴുമുണ്ട് ഇതേ വേഗത.  നിമിഷവേഗത്തിൽ തിരഞ്ഞെടുക്കലുകൾ. കണ്ടുനിൽക്കുന്നവരെ പോലും എനർജറ്റിക്കാകുന്ന മാന്ത്രികത. ട്രാഫിക്ക്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, എന്നു നിന്റെ മൊയ്തീൻ എന്നിങ്ങനെ ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഇമേജ് നേടിയ ലെന മനോരമ ആരോഗ്യത്തോട് സംസാരിക്കുന്നു.

ജൂഡോ ചാംപ്യൻ

നമ്മൾ ആരോഗ്യം മാത്രം നോക്കിയാൽ മതി. ബാക്കിയെല്ലാം ദൈവം നോക്കിക്കോളും എന്നാണ് എന്റെ പോളിസി.  നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ആരോഗ്യത്തെ ബാധിക്കും. കഴിക്കുന്ന ഭക്ഷണം, നമ്മുടെ ശീലങ്ങൾ...അങ്ങനെ എല്ലാം.  അതുകൊണ്ട് ചെയ്യുന്ന ഒാരോ കാര്യങ്ങളിലും ആ കരുതൽ വേണം. ജൂഡോയും സൈക്ലിങ്ങുമായിരുന്നു ചെറുപ്പത്തിലെ  ഇഷ്ടങ്ങൾ. ജൂഡോയിൽ യൂണിവേഴ്സിറ്റി തലത്തിൽ ചാംപ്യനായിട്ടുണ്ട്.  എന്തെങ്കിലും ഒരു മാർഷ്യൽ ആർട്സ് ഇനം പഠിക്കണമെന്ന് ഇപ്പോഴും മനസ്സിലുണ്ട്. ശാരീരിക ആരോഗ്യത്തേക്കാളുപരി  മനസ്സിന് അത് നൽകുന്ന കരുത്ത് വലുതാണ്.

വണ്ണം കുറച്ച കഥ


വ്യായാമം എനിക്കത്ര താൽപര്യമുള്ള കാര്യമല്ല.  ശരീരത്തിൽ വർക് ഔട്ടിന്റെ ഫലം കാണണമെങ്കിൽ ദിവസങ്ങളോളം നിശ്ചിതസമയം ചെയ്യണം. അതിന് കുറേ ഉപകരണങ്ങൾ വേണം. അല്ലെങ്കിൽ ജിമ്മിൽ പോകണം. ഒരു മാഗസിൻ ഷൂട്ടിനുവേണ്ടി  പെട്ടെന്ന് ഭാരം കുറയ്ക്കേണ്ടി വന്നപ്പോൾ അതുകൊണ്ടു തന്നെ എനിക്കു ടെൻഷനായി. അപ്പോഴാണ് അവിചാരിതമായി ബാല്യകാല സുഹൃത്ത് കൂടിയായ ലൂയിസയെ കാണുന്നത്. അവൾ ഫിറ്റ്നസ് പരിശീലകയാണ്.

ഫിസിയോതെറപ്പി ഉപകരണങ്ങൾ കൊണ്ട് പേശികളെ ഉത്തേജിപ്പിച്ച് കാലറി എരിച്ചുകളയുന്ന ഒരു രീതിയാണ് അവരുടേത്. വേറെ വ്യായാമം ചെയ്യേണ്ട.  വെറും 15 ദിവസം കൊണ്ട് ഏഴു കിലോയാണ് ഈ രീതിയിൽ ഞാൻ കുറച്ചത്. ചർമത്തിന്റെ കാര്യത്തിൽ പ്രത്യേകം കരുതലെടുക്കുന്നതിനാൽ ഭാരം കുറയുന്നതനുസരിച്ച് തൂങ്ങലുണ്ടാകില്ല. ഇതു കൊള്ളാമല്ലോ എന്ന ചിന്തയിൽ നിന്നാണ് ഞാനും ലൂയിസയും വൃന്ദയും നെറ്റോ തോമസും പാർട്ണർമാരായി  ഫിറ്റ്നസ് സംരംഭം പിറന്നത്.


കേക്കും ഡയറ്റിങ്ങും


ഡിസംബറെന്നു കേൾക്കുമ്പോൾ ഒാർമകളിലാകെ കേക്കിന്റെ സുഗന്ധമാണ്. അമ്മ ടീന നന്നായി കേക്കുണ്ടാക്കും. പലതരം രൂപങ്ങളിലും തീമുകളിലുമുള്ള കേക്കുകൾ. ഡിസംബർ ആദ്യം മുതലേ ബേക്കിങ് പരിപാടികൾ തുടങ്ങും.  പ്ലം കേക്കാണ് അമ്മയുടെ മാസ്റ്റർ പീസ്. ഒരു വർഷം മുമ്പേ റമ്മിൽ മുക്കിവച്ച ഡ്രൈ ഫ്രൂട്സ് കൊണ്ടാണ് ഇതുണ്ടാക്കുന്നത്.   
ചെറുപ്പം മുതലേ ജങ്ക് ഫൂഡുകൾ ഒഴിവാക്കുമായിരുന്നു എന്നല്ലാതെ കൃത്യമായ ഒരു ഡയറ്റൊന്നും പിൻതുടരാറില്ല. ഡയറ്റിങ്ങിനല്ല, പോർഷൻ നിയന്ത്രണത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്.  കാർബോഹൈഡ്രേറ്റും കഴിയുന്നത്ര കുറയ്ക്കും.

 ഇന്ന് ഇത്തിരി മധുരം കഴിക്കാൻ തോന്നിയാൽ ഒരു ചെറുകഷണം മധുരം കഴിക്കുക തന്നെ ചെയ്യും. ശരീരത്തിന് ആവശ്യമുള്ളതുകൊണ്ടാണ് അത്തരമൊരു തോന്നൽ നമുക്കുണ്ടാവുന്നത്.  ആ തോന്നലിനെ തൃപ്തിപ്പെടുത്താതിരിക്കുമ്പോഴാണ് പിന്നീടത് ക്രേവിങ് ആയി മാറുന്നത്.

ബ്യൂട്ടിപാർലർ വീട്ടിൽ തന്നെ


ദിവസവും മേക്ക് അപ് ഉപയോഗിച്ചിട്ടും ചർമം ഫ്രെഷ് ആയിരിക്കുന്നതിനു പിന്നിൽ ഗുണമേന്മയുള്ള മേക്ക് അപ് സാധനങ്ങളാണ്. ദിവസവും നാലു ലീറ്ററെങ്കിലും പച്ചവെള്ളം കുടിക്കും.  പഴച്ചാറുകളിൽ അധികവും ഷുഗറായതിനാൽ നിയന്ത്രിച്ചേ കുടിക്കാറുള്ളു. പഴങ്ങൾ കഴിക്കുമ്പോൾ അതിൽനിന്നു രണ്ടു കഷണമെടുത്ത് മുഖത്ത് നന്നായി മസാജ് ചെയ്യും. നാരങ്ങയും ഒാറഞ്ചും ചേർത്ത് ജ്യൂസുണ്ടാക്കുമ്പോൾ ബ്ലെൻഡറിൽ മിച്ചം വരുന്ന നാരുള്ള ഭാഗം അങ്ങനെ തന്നെ ഫ്രീസറിലെടുത്തുവയ്ക്കും.  പുറത്തൊക്കെ പോയി ആകെ ക്ഷീണിച്ചുവരുമ്പോൾ ഈ ഐസ് ക്യൂബ്സ് മുഖത്ത് ഉരസിയാൽ ക്ഷീണമൊക്കെ മാറി പെട്ടെന്നു ഫ്രഷാകും.  കരുവാളിപ്പും മാറും.  ബോഡി സ്ക്രബും വീട്ടിൽത്തന്നെ തയാറാക്കാവുന്നതേയുള്ളു. ഇതിന് ഡികോഷൻ കോഫി ഉണ്ടാക്കുമ്പോൾ മിച്ചം വരുന്ന കോഫി ഗ്രാന്യൂൾസ് മതി. ഇതൽപം പരുപരുത്തതായിരിക്കും.  അൽപം നാരങ്ങാനീരും തേനും ഇതിലേക്ക് ചേർത്താൽ  ബോഡി സ്ക്രബ് ആയി.


ഫിറ്റ്നസ്സും മെഡിറ്റേഷനും


ഫിറ്റ്നസ്സ് എന്നു പറയുന്നത് മനസ്സിൽ നിന്നു തുടങ്ങണം.  മനസ്സിന്റെ ശാന്തത പ്രധാനമാണ്. 20 വർഷത്തിലേറെയായി ഞാൻ മെഡിറ്റേഷൻ ചെയ്യുന്നു. ഒരിക്കൽ മെഡിറ്റേഷൻ എന്ന സ്േറ്ററ്റിൽ എത്തിക്കഴിഞ്ഞാൽ പിന്നെ അതിനുവേണ്ടി പ്രത്യേകസമയം എന്നില്ല. യാത്ര ചെയ്യുമ്പോഴോ തിരക്കിനു നടുവിലിരിക്കുമ്പോഴോ ഒക്കെ ഒാട്ടോമാറ്റിക്കായി നമ്മളാ സ്േറ്ററ്റിലേക്ക് സ്വിച്ച് ചെയ്യും.  സത്യത്തിൽ വെറുതെ ചിന്തിച്ചുകൂട്ടി എത്ര എനർജിയാണ് നമ്മൾ കത്തിച്ചുകളയുന്നത്? മെഡിറ്റേഷന്റെ ഗുണം മൾട്ടിടാസ്കിങ് ശേഷി നന്നാകുമെന്നതാണ്. നാം ഒന്നും ശ്രദ്ധിക്കുന്നില്ല എന്നു തോന്നിപ്പിക്കുമെങ്കിലും പരിസരബോധം വലുതായിരിക്കും.  

സൈക്കോളജി പഠനം


രണ്ടാം ഭാവത്തിൽ അഭിനയിക്കുമ്പോൾ ഡിഗ്രി ഫൈനൽ ഇയർ സൈക്കോളജിക്ക് പഠിക്കുകയായിരുന്നു. സിനിമ മതി എന്നു തീരുമാനിച്ചാണ് ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദത്തിനായി മുംബൈയിലേക്ക് പോയത്. പഠനം കഴിഞ്ഞ് മുംബൈയിലെ ഒരു സ്വകാര്യആശുപത്രിയിൽ  ഇന്റേൺഷിപ്പിനു കയറി. രോഗനിർണമായിരുന്നു ജോലി.
ഒട്ടും ഹോളിസ്റ്റിക് അല്ല നമ്മുടെ മാനസികരോഗചികിത്സ എന്നു മനസ്സിലാക്കിയത് അവിടെ വച്ചാണ്.  അസുഖം മാത്രമാണ് കണക്കിലെടുക്കുന്നത്. ചികിത്സയിൽ വ്യക്തിയെ പരിഗണിക്കുന്നേയില്ല.

lena2

ദിവസവും ആളുകളുടെ സങ്കടങ്ങളും പ്രശ്നങ്ങളുമാണ് കേൾക്കുന്നത്. കലാകാരന്മാരുടെ മനസ്സ് വളരെ സെൻസിറ്റിവായിരിക്കുമല്ലൊ?  മറ്റുള്ളവരുടെ  പ്രശ്നമല്ലേ എന്നു കരുതി മാറ്റിനിർത്താനാകുമായിരുന്നില്ല. എന്നാൽ അവരെ സഹായിക്കാനും സാധിക്കുന്നില്ല.  വ്യക്തിപരമായി ഇതെല്ലാം എന്നെ ബാധിച്ചുതുടങ്ങി.  വല്ലാത്തൊരു നിസ്സഹായാവസ്ഥ. ആ സമയത്താണ് അഭിനയമാണ് അനുയോജ്യമായതെന്ന ബോധോദയം ഉണ്ടായത്. പിന്നെ ഒന്നും നോക്കിയില്ല. തിരികെ പോന്നു.

ഒറ്റയ്ക്കിരിക്കാൻ ഇഷ്ടം


കുട്ടിക്കാലം മുതലേ ഏകാന്തത താൽപര്യമാണ്. എങ്കിലും നിറയെ സുഹൃത്തുക്കളുണ്ട്. അത്രയ്ക്ക് വേണ്ടപ്പെട്ടതാണ് ഒരാൾ എന്ന തോന്നലിൽ വേണ്ടേ ഒരുമിച്ചു കഴിയാൻ? അല്ലാതെ ഭാവിയിൽ അയാളെന്നെ നോക്കുമെന്നു വിചാരിച്ചു ജീവിക്കുന്നത് കാപട്യമാണ്. കുടുംബം, കുട്ടികൾ, അത്തരം ഒത്തുചേരലുകൾ ഒക്കെ ഇഷ്ടമുള്ളവർക്കാണ് ദാമ്പത്യജീവിതം. എന്റെ പോലെ സ്വന്തംസ്പെയ്സും സ്വാതന്ത്ര്യവും പ്രധാനമായവർക്ക്  ഈ ജീവിതമാണ് നല്ലത്.


യാത്രകളും വായനയുമൊക്കെയായി എപ്പോഴും സജീവമാണ്. പ്രഫഷനലായി ട്രെക്കിങ് ചെയ്യുന്നവരുടെ കൂടെ ട്രെക്കിങ്ങിനും പോകാറുണ്ട്.
‘പവിയേട്ടന്റെ മധുരച്ചൂരൽ’,  പ്രണവ് മോഹൻലാൽ നായകനായ ആദി എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ ലെനയുടേതായി റിലീസിന് കാത്തിരിക്കുന്നു. ഒരിക്കൽ സിനിമയെ ഉപേക്ഷിച്ച ആ നായികയെ ഇന്ന് സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ.


മനസ്സറിയാൻ ശരീരഭാഷ


ചെറുപ്പം മുതലേ ഞാൻ ഇൻട്യൂറ്റീവ് ആണ്. ആറാമിന്ദ്രിയം എന്നൊക്കെ പറയുന്നപോലെയൊന്ന്. ജീവിതത്തിൽ പല ഘട്ടങ്ങളിലും ഇതു സഹായിക്കാറുണ്ട്. അതേപോലെ ശരീരഭാഷയും നിരീക്ഷിക്കും.
∙ കള്ളം പറഞ്ഞാൽ
പഠിച്ച കള്ളനല്ലെങ്കിൽ അയാളുടെ ശരീരഭാഷയിൽ തന്നെ പരുങ്ങലുണ്ടാകും. സാധാരണ പോലെയായിരിക്കില്ല കള്ളം പറയുമ്പോഴുള്ള ശ്വാസഗതി. സംസാരിക്കുമ്പോൾ കൃഷ്ണമണികൾ വലതുവശത്ത് മുകളിലേക്കാണ് പോകുന്നതെങ്കിൽ അയാളെന്തോ നുണക്കഥ മെനയുകയാണ്. എന്നാൽ, പഠിച്ച കള്ളനാണെങ്കിൽ ഇതുകൊണ്ടൊന്നും നിങ്ങൾക്കയാളെ കണ്ടുപിടിക്കാനാകില്ല.   
∙ ബോറടിക്കുന്നുണ്ടോ?
കോട്ടുവായിടുക, വെറുതെ തല ചൊറിയുക ഇതൊക്കെ ബോറടിയുടെ സിഗ്നലുകളാണ്. മുഖഭാവം കൊണ്ട് മനസ്സിലാകുന്നില്ലെങ്കിൽ കൈയും കാലും ശ്രദ്ധിക്കുക. കാൽ വെറുതെ ഇളക്കിക്കൊണ്ടിരിക്കുന്നതോ കൈ കൊണ്ട് തെരുതെരെ കൊട്ടുന്നതുപോലുള്ളതോ ആയ ചലനങ്ങളുണ്ടോ? ഉണ്ടെങ്കിൽ  ബോറടിക്കുന്നുണ്ട്.