Friday 19 January 2018 04:33 PM IST : By ആശ തോമസ്

ഒരു നേരത്തെ ഭക്ഷണത്തില്‍ നിയന്ത്രണം മതി; പെട്ടെന്നു തടി കുറയ്ക്കാനുള്ള കുറുക്കു വഴി

bmi മോഡല്‍ - നാസിയ, ചിത്രം - സരുണ്‍ മാത്യു

അമിതവണ്ണം രൂപപ്പെടുന്നത് നമ്മൾ പോലുമറിയാതെയാണ്. പക്ഷേ, കുറയ്ക്കണമെങ്കിൽ നമ്മൾ അറിഞ്ഞു തന്നെ ശ്രമിക്കണം. ശരീരഭാരം കണക്കാക്കുന്നത് ബോഡിമാസ് ഇൻഡക്സ് വഴിയാണ്. ഉയരവും ശരീരഭാരവും തമ്മിലുള്ള അനുപാതമാണ് (ഭാരം കി.ഗ്രാം/ (ഉയരം മീറ്ററിൽ)2) ബോഡി മാസ് ഇൻഡക്സ്.  ബോഡി മാസ് ഇൻഡക്സ്  അഥവാ ബിഎംഐ 18. 5നും 24.9നും ഇടയിലാകുന്നതാണ് ഉത്തമം. ബിഎംഐ 25 നു മുകളിലായാൽ അമിതഭാരവും 30 നു മുകളിലായാൽ പൊണ്ണത്തടിയുമായി കണക്കാക്കും.   


∙ ദിവസവും 500 കാലറി കുറവുവരണം ഭാരം കുറയ്ക്കാൻ. 300 കാലറി ഭക്ഷണ നിയന്ത്രണത്തിലൂടെയും 200 കാലറി വ്യായാമത്തിലൂടെയും കുറയ്ക്കണം.  ഇതോടെ ഒരാഴ്ചയിൽ 3500 കാലറി കുറയും.  ഫലമായി ശരീരഭാരം അര കിലോ കുറയും.  ഒരു മാസം കൊണ്ട് 2–3 കിലോ കുറയും.  ഇങ്ങനെ ആറു മാസം കൊണ്ട് 12 കിലോ കുറയ്ക്കാം.

∙ അമിതവണ്ണം കുറയ്ക്കുന്നതിൽ പ്രധാന പങ്ക് ഭക്ഷണനിയന്ത്രണത്തിനാണ്.  നമ്മുടെ അധ്വാനവും കഴിക്കുന്ന ഭക്ഷണവും തമ്മിൽ പൊരുത്തം വേണം. ശാരീരികാധ്വാനം കുറവാണെങ്കിൽ അതനുസരിച്ച് ഭക്ഷണവും കുറയ്ക്കണം. സംസ്കരിച്ച ഭക്ഷണം, മധുരപലഹാരങ്ങൾ, വറുത്ത ഭക്ഷണം
എന്നിവ ഒറ്റയടിക്ക് ഒരുപാട് കാലറി ശരീരത്തിലെത്താൻഇടയാക്കും. ഇവ ഒഴിവാക്കുക.

∙ കാർബോഹൈഡ്രേറ്റ് കുറഞ്ഞ, പ്രോട്ടീൻ കൂടിയ ഭക്ഷണമാണ്
ശരീരഭാരം കുറയ്ക്കാൻ അനുയോജ്യം. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പെങ്കിലും രാത്രി ഭക്ഷണം കഴിക്കണം. ദിവസവും ഒരേ സമയങ്ങളിൽ കഴിച്ചാൽ വിശപ്പു നിയന്ത്രിതമാകും.

∙ വിശപ്പും ദാഹവും തിരിച്ചറിയാതെ പോകുന്നത് അമിത ഭക്ഷണത്തിന് ഇടയാക്കാം. അതുകൊണ്ട് ദിവസവും 8–10 ഗ്ലാസ്സ് വെള്ളം കുടിച്ചിരിക്കണം. ഇതിൽ 5–6 കപ്പ് പച്ചവെള്ളം തന്നെയാകണം.

∙ ഒരു നേരത്തെ പ്രധാനഭക്ഷണം മാറ്റി പകരം ഒരു ഡ്രിങ്ക് ആക്കിയാൽ എളുപ്പം ഭാരം കുറയും. ഇല്ലെങ്കിൽ പഴങ്ങൾ ചേർത്തതോ മുളപ്പിച്ച പയറുകൊണ്ടുള്ളതോ ആയ സാലഡ് കഴിക്കാം.  മധുരമുള്ള തണ്ണിമത്തൻ, മുന്തിരി പോലുള്ള പഴങ്ങൾ കുറയ്ക്കുക. പേരയ്ക്ക, ആപ്പിൾ, പപ്പായ ഒക്കെ കഴിക്കാം.

∙ രാവിലെ ഡീടോക്സ് വെള്ളം കുടിക്കാം. വെള്ളരിക്ക, നാരങ്ങ, പുതിന എന്നിവ അരിഞ്ഞത് തലേന്ന് ശുദ്ധജലത്തിൽ ഇട്ടുവച്ച് രാവിലെ ആ വെള്ളം കുടിച്ചാൽ ചെറിയ ഫലം ലഭിക്കുന്നതായി കാണുന്നു.

∙ അമിതഭാരം കുറയ്ക്കുന്നതോടൊപ്പം ശരീരാകൃതി വടിവൊത്തതാകണമെങ്കിൽ വ്യായാമം കൂടിയേ തീരൂ. ജിമ്മിൽ പോകണമെന്നു നിർബന്ധമില്ല. ദിവസവും മുപ്പത് മിനിറ്റ് നടക്കുന്നതോ ഷട്ടിൽ കളിക്കുന്നതോ ഒക്കെ നല്ല വ്യായാമമാണ്. ഇല്ലെങ്കിൽ ട്രെഡ്മിൽ ചവിട്ടാം.

∙ ഗ്രീൻ ടീ ശരീരത്തിലെ ഉപാപചയപ്രവർത്തന നിരക്ക് വർധിപ്പിച്ച്കാലറി എരിക്കൽ കൂട്ടും. എന്നാൽ, വെറും വയറ്റിൽ കുടിക്കരുത്.