Tuesday 06 February 2018 05:08 PM IST : By ഡോ.ജി നന്ദകുമാർ

കൺമഷി, ഐലൈനര്‍ എന്നിവ ഉപയോഗിക്കുന്നത് ദോഷകരമായി ബാധിക്കുമോ? ഷാംപ‍ൂ വെള്ളം ചേർത്ത് ഉപയോഗിക്കണോ?ഇതാ പത്ത് സൗന്ദര്യ സംശയങ്ങൾക്ക് മറുപടി

health_beauty

സൗന്ദര്യസംരക്ഷണത്തിൽ ശ്രദ്ധയില്ലാത്ത മനുഷ്യരില്ല. അതു സ്ത്രീകളായ‍ാലും പുരുഷനായാലും. സൗന്ദര്യവുമായി ബന്ധപ്പെട്ട ഒട്ടെറേ സംശയങ്ങൾ നമുക്കുണ്ട്. പലതും ചെറിയ വിഷയങ്ങളാകാം. ദിവസേനയുള്ള സൗന്ദര്യപരിപാലനവുമായി ബന്ധപ്പെട്ടുള്ള സംശങ്ങൾക്കുള്ള വിശദമായ ഉത്തരം അറിയാം.

രാത്രി കിടക്കുന്നതിനു മുമ്പ് ശരീരത്തിൽ മോയിസ്ചറൈസർ തേക്കുന്നതു നല്ലതെന്നു വായിച്ചു. ഇതു ശരിയാണോ? ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണം എന്താണ്?

രാത്രി കിടക്കുന്നതിനു മുമ്പ് മോയിസ്ചറൈസർ തേക്കുന്നത് ചർമത്തിനു നല്ലതാണ്. കിടക്കുന്നതിനു മുമ്പ് കുളി കഴിഞ്ഞ് ശരീരത്തിലെ ഈർപ്പമെല്ലാം തു‌ടച്ചെടുത്തിട്ടു വേണം മോയിസ്ചറൈസർ തേക്കാൻ. സൂര്യപ്രകാശം ഏൽക്കുന്നില്ല എന്നതുകൊണ്ട് ഇങ്ങനെ ചെയ്യുന്നതു വഴി ശരീരത്തിൽ ഈർപ്പം തങ്ങി നിൽക്കും. ഇതു ചർമം മൃദുലവും മയമുള്ളതുമായി ഇരിക്കും. ര‍ാത്രി എസി ഉപയോഗിക്കുന്നവരിൽ ചർമം വരളാൻ സാധ്യത കൂടുതലാണ്. ഇതു തടയാനും മോയിസ്ചറൈസർ സഹായിക്കും. ചർമം വരളുന്നത് ത്വക്കിന്റെ സൗന്ദര്യത്തെ ബാധിക്കും. തുടർന്ന് ചൊറിച്ചിൽ ഉണ്ടാവുകയും എക്സിമ എന്ന ചർമരോഗത്തിൽ എത്തിക്കുകയും ചെയ്യും. സാധാരണ ചർമമുള്ളവർക്ക് ഏതുതരം മോയിസ്ചറൈസറും ഉപയോഗിക്കാം. എന്നാൽ വരണ്ട ചർമമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഉൽപന്നം മാത്രമേ പുരട്ടാവൂ. കുട്ടികൾക്കു മാത്രമ‍ായി ഉപയോഗിക്കാവുന്ന മോയിസ്ചറൈസറും ലഭ്യമാണ്.

രാത്രി കിടക്കുന്നതിനു മുമ്പ് മുടി കെട്ടി വയ്ക്കണമെന്നും അല്ല മുടി അഴിച്ചിട്ടാൽ മതിയെന്നും കേൾക്കുന്നു. ഇതിൽ ഏതാണ് യാഥാർഥ്യം?

കിടക്കുന്നതിനു മുമ്പ് മുടി നന്നായി ചീകി, കെട്ടി വയ്ക്കുന്നതാണ് മുടിയ‍ു‌ടെ ആരോഗ്യത്തിനുത്തമം. അഴിച്ചിട്ട് കിടന്നാൽ കെട്ടു പിണയാനോ മുടി പൊട്ടാനോ സാധ്യത ഉണ്ട്. മുടി പിന്നിയിടുകയോ നെറുകയിൽ കെട്ടിവയ്ക്കുകയോ ആവാം. ജോലിസ്ഥലങ്ങളിലോ പുറത്തോ പകൽ സമയം ചെലവഴിക്കുന്നവർ രാത്രി മുടി കഴുകുന്നത് നല്ലതാണ്. രാത്രിയിൽ ഷാംപൂവോ മറ്റോ ഉപയോഗ‍ിച്ച് കഴുകണമെന്നില്ല. കഴുകിയ മുടി നന്നായി ഉണങ്ങിയശേഷം കെ‍ട്ടിവയ്ക്കാം. നനഞ്ഞ മുടിയോടെ കിട‍ക്കുന്നതു മുട‍‍ിയിലും തലയോട്ടിയിലും ഫംഗസ് വരാൻ കാരണമാകും.

ദിവസേന സ്ക്രബ് ഉപയോഗിക്കുന്നത് ചർമം വരണ്ടതാക്കുമോ?

സ്ക്രബ് ദിവസവും ഉപയോഗിക്കുന്നത് ചർമം വരണ്ടതാക്കും. തരികൾ ഉള്ള ദ്രാവകം പോലുള്ള സ്ക്രബ് ഉപയോഗിച്ചാൽ ത്വക്കിനു താൽക്കാലിക തിളക്കം ലഭിക്കും. പക്ഷ‍െ സ്ഥിരോപയോഗം ത്വക്കിന്റെ ആരോഗ്യത്തെ ബാധിക്കും. ഉപയോഗിക്കുന്ന സ്ക്രബിന്റെ അളവ് അനുസരിച്ച് വരൾച്ചയും കൂടും. സ്ക്രബ് മൂന്നു ദിവസത്തിലൊരിക്കൽ ഉപയോഗിച്ചാൽ മതി. സ്ക്രബു കൂടാതെ മുഖചർമത്തിൽ അടിഞ്ഞു കൂടുന്ന അഴുക്കു കളയാൻ ഉപയോഗിക്കുന്ന ഒന്നാണ് പീൽ ഒാഫ്. ദ്രാവക രൂപത്തിലുള്ള ഇവ മുഖത്ത് തേച്ചു പിടിപ്പിച്ചശേഷം പാ‌ട പോലെ വലിച്ചെ‌ടുക്കുകയാണ് ചെയ്യുന്നത്. പീൽ ഒാഫാണെങ്കിലും ആഴ്ചയിൽ ‌ഒന്ന് മതി. വളരെ കുറച്ച് അളവിൽ മാത്രം.

30 വയസ്സ് കഴിയുന്നതോടെ കവിളുകളിൽ കറുത്ത രാശി പടരുന്നു. ഇത് സൗന്ദര്യപ്രശ്നമാണോ?

കവിളുകളിലും മറ്റും കറുത്തരാശി പടരുന്നത് സൗന്ദര്യപ്രശ്നമെന്നതിലുപരി ആരോഗ്യപ്രശ്നം കൂട‍ിയാണ്. 30–35 വയസ്സു കഴിഞ്ഞ സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. ഈ നിറവ്യത്യാസം വരുന്ന അവസ്ഥയുടെ ശാസ്ത്രീയനമം മെലാസ്മ എന്നാണ്. ഗർഭകാലത്തും ഇതു സംഭവിക്കാം. ഇതിനെ കൊള‍‍ാസ്മ എന്നാണ് പറയുന്നത്. പാരമ്പര്യം, സൂര്യപ്രകാശം കൂടുതൽ ഏൽക്കുന്നത് എന്നിവയാണ് പ്രധാന കാരണങ്ങൾ. ചെറിയ ശതമാനം പേരിൽ ഹോർമോൺ വ്യതിയാനം കാരണവും ഈ രോഗാവസ്ഥ സംഭവിക്കാം. ഗർഭിണികളിലെ ഈ അവസ്ഥയ്ക്കു കാരണം ഈ ഹോർമോൺ വ്യതിയാനമാണ്. പ്രസവത്തോടെ മാറുകയും ചെയ്യും. പുറമെ പുരട്ട‍ാനുള്ള മരുന്ന്, ഗുളിക, ലേസർ എന്നീ മാർഗങ്ങളലൂടെ മെലാസ്മ ഫലപ്രദമായി ചികിത്സിക്കാം. ഈ പ്രശ്നമുള്ളവർ നിർബന്ധമായും സൺസ്ക്രീൻ ഉപയോഗിക്കണം.

കൈയിലും കാലിലും വാക്സ് ചെയ്താൽ മുടി കൂടുതൽ കട്ടിയോടെ വളരുമോ? ഹെയർ റിമുവറുകളിലെ ഘടകങ്ങൾ അലർജി ഉണ്ടാക്കുമോ?

വാക്സും മറ്റും ചെയ്തതിനുശേഷം ശരീരത്തിലെ രോമം കൂടുതൽ കട്ടിയോ‌െട വളരുമെന്നു പറയുന്നതിൽ ശാസ്ത്രീയ അടിത്തറ ഒന്നു മില്ല. വാക്സിങ് ചെ‍യ്യുന്നതു കാരണം രോമക‍ൂപങ്ങളിൽ അണുബാധ വരാൻ സാധ്യതയുണ്ട് പ്രത്യേകിച്ച് വാക്സ് ഗുണമേന്മ കുറഞ്ഞതാണെങ്കിൽ. അണുബാധ ഉണ്ട‍ായ ഭാഗത്തു നിറവ്യത്യാസം വരാം. വിപണിയിൽ ലഭ്യമായ ഹെയർ റിമൂവിങ് ക്രിമുകൾ ത്വക് അലർജിക്കു കാരണമാകാം. ഇവ ഉപയോഗിക്കുന്നതിനു മുമ്പ് കൈയിലോ മറ്റോ കുറച്ച് പുരട്ടി നോക്കി അലർജി ഇല്ലെന്ന് ഉറപ്പുവരുത്തണം. കക്ഷത്തിലെ ചർമം വളരെ സെൻസിറ്റീവ് ആണ്. അതുകൊണ്ട‍ു തന്നെ ആ ഭാഗങ്ങളിൽ ഹെയർ റിമൂവറുകൾ തേക്കുന്നത് അലർജി സാധ്യത കൂട്ടുന്നു.

പ്ലക്കർ കൊണ്ട് മുഖത്തെ രോമം പിഴുതെടുക്കുമ്പോൾ കൂ‍ടുതൽ കട്ട‍ിയോടെ വീണ്ടും വളരുന്നു എന്തു കൊണ്ടാണിത്?

പ്ലക്കർ പോലുള്ളവ കൊണ്ട് ഒരിക്കലും രോമത്തെ വേരോടെ പറിച്ചടുക്കാൻ സാധിക്കില്ല. പുറമെയുള്ള മുടി മാത്രമാണ് പിഴുതെ‌ടുക്കുന്നത്. രോമത്തിന്റെ ശേഷ‍ിപ്പ് അഥവാ ഹെയർ ഫോളിക്കിൾ ചർമത്തിൽ തുടരും. വീണ്ടും കട്ടിയോടെ വളരുമെന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. സ്ഥിരമായി പ്ലക്കർ ഉപയോഗിച്ചാൽ തുടർന്ന് വളരുന്ന മുടിയുടെ ഘടന തെറ്റായിരിക്കാം. ഇത് അണുബാധയ്ക്കും മറ്റു പ്രശ്നങ്ങൾക്കും കാരണമാകാം.

കൈയിലും കാലിലും തുടർച്ച‍ായി നെയിൽ പോളിഷ് ഉപയോഗിക്കാമോ? ഇതു നഖങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ?

നഖം എന്നത് മൃതകോശമാണ്. അതിനാൽത്തന്നെ നെയിൽ പോളിഷ് ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. ഈ നെയിൽ പോളിഷ് ഒരുതരത്തിൽ സംരക്ഷണകവചമായി പ്രവർത്തിക്കാറുണ്ട്. നെയിൽ പോളിഷ് ഇടുന്നതില‍ൂടെ നഖവും ചർമവുമായി ചേരുന്ന ഇടത്ത് ഈർപ്പവും സോപ്പുവെള്ളവും മറ്റും അധികം കയറില്ല. ഇതു കാരണം നഖങ്ങളിലും ചുറ്റുമുള്ള ചർമത്തിലും ഫംഗൽ അണ‍ുബാധയും ഉണ്ടാവുകയില്ല. എ‍ന്നാൽ നെയിൽ പോളിഷിലെ ദോഷകരമായ ഘടകങ്ങൾ കാരണം നഖത്തിനു ചു‍റ്റുമുള്ള ചർമത്തിൽ പ്രശ്നങ്ങളുണ്ടാവാം. ഇത്തരം സാഹചര്യത്തിൽ നിലവിൽ ഉപയോഗിക്കുന്ന ബ്രാൻ‍ഡ് മാറ്റി വേറെ ഉപയോഗിച്ചു നോക്കുക. പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കിൽ വൈദ്യസഹായം തേടണം. നെയിൽ പോളിഷ് റിമൂവർ തുടർച്ചയായി ഉപയോഗിക്കുന്നത് നഖങ്ങളുടെ തിളക്കം നഷ്ടപ്പെടുത്തും.

ഷാംപ‍ൂ വെള്ളം ചേർത്ത് ഉപയോഗിക്കണമെന്നു പറയുന്നത് ശരിയാണോ?

ഷാംപൂ നേർപ്പിച്ചോ അല്ലാതെയോ ഉപയോഗിക്കുന്നതിലല്ല മറിച്ച് എടുക്കുന്ന അളവിലാണ് കാര്യം. വളരെ കുറച്ച് മാത്രം എടുത്താൽ മതി. വെള്ളം ചേർക്കണമെന്നു നിർബന്ധമില്ല. മെഡിക്കേറ്റഡ് ഷാപൂ ഒരിക്കലും നേർ‍പ്പിച്ച് ഉപയോഗിക്കരുത്. അതിന്റെ ഗുണം കുറയും.

ക്രീമുകൾ വാങ്ങുമ്പോൾ അടപ്പിനു താഴെ ചെറിയ സിൽവർ നിറത്തിൽ കവറിങ് കാണാറുണ്ട്. ഇതു മുഴുവനായി കളയണോ?

അന്തരീക്ഷത്തിലെ ഈർപ്പം, പൊടിപാടലങ്ങൾ എന്നിവയിൽ നിന്ന് ക്രീമിനെ സംരക്ഷിക്കുന്ന കവചമാണ് വെള്ളി നിറത്തിലുള്ള കടലാസ്. അന്തരീക്ഷ താപനില വ്യതിയാനം ക്രീമിനെ ബാധിക്കാതിരിക്കാനും ഇതു സഹായി‍ക്കും. അതുകൊണ്ട് ഇവ പൂർണമായും നീക്കം ചെയ്യാതിരിക്കുന്നതാണ് നല്ലത‍്. ഈ കടലാസ് പകുതി മാത്രം തുറന്ന്, ക്രീം എടുത്തശേഷം കടലാസോടു കൂടി അടച്ചുവയ്ക്കാം.

കൺമഷി, ഐലൈനര്‍ എന്നിവ ഉപയോഗിക്കുന്നത് കണ്ണിനെ ദോഷകരമായി ബാധിക്കുമോ? വീട്ടിൽ തന്നെ തയാറാക്കുന്ന കൺമഷി ഉപ‍യോഗിക്കാമോ?

കൺമഷിയോ ഐലൈനറോ ഉപയോഗിച്ച് കണ്ണെഴുതുമ്പോൾ അലർജി ഉണ്ടാകാത്തിടത്തോളം അതുകൊണ്ട് ദോഷമില്ല. എന്നാൽ ക‍ണ്ണിന്റെ ഉള്ളിലേക്ക് അവ അധികം പുരളാതെ ശ്രദ്ധിക്കണം ആവശ്യമുള്ളപ്പോൾ മാ‍ത്രം അവ ഇട്ടാൽ മതി. ഇവ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള അസ്വാസ്ഥ്യം കണ്ണിന് അനുഭവപ്പെട്ടാൽ ഉപയോഗം നിർത്തണം. തുടർന്നു തണുത്ത വെള്ളത്തിൽ കണ്ണ് കഴുകുന്നത് നല്ലതാണ് വിപണിയിൽ ലഭ്യമായിട്ടുള്ള കൺമഷിയിലും ‍ഐലൈനറിലും രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകാമെന്നതിനാൽ വീട്ടിൽ തയാറാക്കുന്ന കൺമഷി ഒരു പരിധിവരെ നല്ലതാണ്. പക്ഷെ എത്രത്തോളം ശുചിത്വം പാലിച്ചാണ് ഇവ തയാറാക്കുന്നത് എന്നതും പ്രധാനമാണ്.

ഡോ.ജി നന്ദകുമാർ, അസി.പ്രഫസർ -പതോളജി വിഭാഗം, ഗവ.മെഡിക്കൽകോളജ്, തിരുവനന്തപുരം