Thursday 08 February 2018 04:25 PM IST : By K.M. Pradeep

43 ഹെയർപിൻ കയറി ഊട്ടിയിലേക്ക് ഒരു തണുപ്പുള്ള യാത്ര!

ooty03 മുള്ളി–മഞ്ചൂർ റോഡ്. Photo :Madhu K.T., K. M. Pradeep

കോയമ്പത്തൂർ, മേട്ടുപ്പാളയം, കൂനൂർ വഴി ഊട്ടി എന്ന സ്ഥിരം റൂട്ട് ഒന്നു മാറ്റിപ്പിടിക്കാം. കാടും മഞ്ഞും കാഴ്ചകളും നിറഞ്ഞ പുതിയൊരു പാത... മണ്ണാർക്കാട്– മുള്ളി– മഞ്ചൂർ– ഊട്ടി.

കൂനൂരിനെക്കാൾ മനോഹരമായ കാഴ്ചകളുള്ള മലമ്പ്രദേശത്തുകൂടി ഊട്ടിയിലേക്കൊരു റോഡുണ്ട്. മഞ്ഞണിഞ്ഞ ഊര് എന്നു മലയാളത്തിൽ പറയാവുന്ന ‘മഞ്ചൂർ.’
മണ്ണാർക്കാടാണു ജനിച്ചു വളർന്നതെങ്കിലും ഞങ്ങൾക്ക് അട്ടപ്പാടിയിലൂടെ ഊട്ടിയിലേക്ക് മലമ്പാതയുള്ള കാര്യം അജ്ഞാതമായിരുന്നു. ഗൂഗിൾ മാപ്പിൽ മഞ്ചൂർ ഗ്രാമം തെളിഞ്ഞു കണ്ടപ്പോൾ ഞങ്ങളിൽ യാത്രാ മോഹം ഉദിച്ചു. അങ്ങനെ ആഴ്ചാവസാനം ഒരു അവധി ദിനത്തിൽ കാറുമായി മഞ്ചൂരിലേക്ക് യാത്ര പുറപ്പെട്ടു.

നെല്ലിപ്പുഴപ്പാലത്തിനടുത്തു നിന്നാണ് അട്ടപ്പാടിയിലേക്ക് വഴി തിരിയുന്നത്. വടക്കൻമലയിൽ നിന്ന് ഉത്ഭവിച്ചൊഴുകുന്ന നെല്ലിപ്പുഴ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലാണ്. നെല്ലിപ്പുഴ ജംക്‌ഷൻ കടന്നാൽ തെങ്കര. അതു കഴിഞ്ഞ് ആനമൂളി. അവിടം മുതൽ അട്ടപ്പാടിയിലേക്ക് ഹെയർപിൻ ആരംഭിക്കുന്നു. ആനമൂളി ബസ് സ്‌റ്റോപ്പിനടുത്ത് കുമാരൻ എന്നയാൾ നടത്തുന്ന ചായക്കടയിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചു. മുപ്പത്താറു വർഷം മുൻപ് കുടുംബത്തിന്റെ വേര് പാലായിൽ നിന്ന് ആനമൂളിയിലേക്കു പറിച്ചു നട്ടെങ്കിലും കുമാരന്റെ ‘കോട്ടയം സ്ലാങ് ’ വിട്ടു മാറിയിട്ടില്ല. ആ കടയിൽ നിന്ന് അവലോസുണ്ടയും ഏത്തപ്പഴവും പൊതിഞ്ഞു വാങ്ങി.

ooty02 മുള്ളി ചെക്ക്പോസ്റ്റ്

മഞ്ഞുരുകും പൂക്കാലം

ചെക്പോസ്റ്റ് കടന്ന് ഹെയർപി ൻ റോഡിലേക്ക് വാഹനം ഇരമ്പിക്കയറി. മദംപൊട്ടി എന്ന സ്ഥലത്ത് പാറയുടെ മുകളിൽ നിന്നൊരു വെള്ളച്ചാട്ടം റോഡിനു കുറുകെ മറുവശത്തേക്ക് ഒഴുകുന്നതു കണ്ടു. എത്രയോ തവണ ആ വഴിയിലൂടെ പോയിട്ടുണ്ട്. എങ്കിലും അട്ടപ്പാടിയുടെ സൗന്ദര്യം മടുപ്പുണ്ടാക്കിയില്ല. ഒമ്പതു ഹെയർപിൻ വളവുകൾ കടന്ന് മുക്കാലിയിലെത്തി. സൈലന്റ് വാലിയിലക്കുള്ള പ്രവേശന കവാടം മുക്കാലിയിലാണ്. ഇവിടെയുള്ള ഫോറസ്റ്റ് ഓഫിസിൽ നിന്ന് അനുമതി വാങ്ങിയ ശേഷമേ സൈലന്റ് വാലിയിലേക്കു പോകാൻ കഴിയൂ. ഞങ്ങളുടെ ലക്ഷ്യം മഞ്ചൂരാണ്. സൈലന്റ് വാലിയെ മനപ്പൂർവം മറന്നു വണ്ടി നേരേ വച്ചു പിടിച്ചു. ചെമ്മണ്ണൂർ വഴി താവളം കടന്ന് അഗളിയും കോട്ടത്തറയും താണ്ടിപ്പോകുന്ന വഴി കോയമ്പത്തൂരിലേക്കാണ്. ഞങ്ങളുടെ യാത്ര ആ വഴിക്കല്ല.

താവളത്തു നിന്ന് ഇടത്തോട്ടു ഭവാനിപ്പുഴയ്ക്കു കുറുകെയുള്ള പാലം കടന്നാൽ മഞ്ചൂരിലേക്കുള്ള റോഡ്. പുതൂർ പഞ്ചായത്തിലാണ് വഴി ചെന്നു ചേരുന്നത്. ഞങ്ങളുടെ വാഹനം പുതൂരിൽ നിന്നു ചാവടിയൂരിലേക്കു കയറി. ഭവാനിപ്പുഴയുടെ തീരത്തുകൂടിയുള്ള യാത്ര രസകരമായ അനുഭവമായി. ആട്ടിൻപറ്റങ്ങളുമായി നീങ്ങുന്ന ആദിവാസികൾ അങ്ങിങ്ങായി വിശ്രമിക്കുന്നുണ്ടായിരുന്നു. കുറ്റിക്കാടുകളാണ് ഇവിടത്തെ ആകർഷണം. ചെടിത്തലപ്പുകളിൽ വിവിധയിനം പക്ഷികളെ കണ്ടു. ചുറ്റീന്തൽക്കിളി, കൽമണ്ണാത്തി, മൽഹോക്ക, ചെന്തലയൻ, പാറ്റപിടിയൻ പക്ഷി എന്നിവ യെ കൂട്ടത്തോടെ പലയിടങ്ങളിൽ കണ്ടു. കിളികളുടെ കളകളാരവം കേട്ട് ചാവടിയൂർ കടന്നു ഞങ്ങൾ മുള്ളിയിലേക്കു പ്രവേശിച്ചു. കേരളം – തമിഴ്നാട് അതിർത്തിയാണു മുള്ളി. ഇവിടെയൊരു ചെക്പോസ്റ്റുണ്ട്. വാഹനം നിറുത്തിയിട്ട് പൊലീസുകാർ പരിശോധന നടത്തി. വണ്ടിയുടെ രേഖകളും ഡ്രൈവറുടെ ലൈസൻസും വാങ്ങി നോക്കി. ആയുധങ്ങൾ, മദ്യം എന്നിവ ചെക്പോസ്റ്റ് കടത്താൻ അനുമതിയില്ലെന്ന് പൊലീസുകാരൻ ഓർമിപ്പിച്ചു.

ooty06 ഗദ്ദയിൽ നിന്നാണ് മഞ്ചൂരിലേക്കുള്ള ഹെയർപിൻ

നിയമപ്രകാരമുള്ള യാത്രയ്ക്ക് അനുമതി കിട്ടി. തമിഴ്നാട്ടിലേക്കു കടന്നു. മഞ്ചൂർ–കോയമ്പത്തൂർ റോഡിലൂടെയാണ് തുടർയാത്ര. പില്ലൂർ ഡാമിലേക്കു വഴി തിരിയുന്നത് ഇവിടെ നിന്നാണ്. ഞങ്ങൾ മഞ്ചൂർ റോഡിലൂടെ നീങ്ങി. നാട്ടിൻപുറങ്ങൾ അവസാനിച്ചു. കാടിന്റെ കാഴ്ചകളിലേക്കു കടന്നു. റോഡ് വിജനം. ആനയും കാട്ടു പോത്തുമുള്ള കാടിനു നടുവിലൂടെയാണ് സഞ്ചാരം. ഗദ്ദ ഡാം എന്നെഴുതിയ ബോർഡിനു മുന്നിൽ വണ്ടി നിർത്തി. കനേഡിയൻ സഹായത്തോടെ നിർമിച്ചതാണ് ഗദ്ദ. കന്ദ അണക്കെട്ടിൽ നിന്നുള്ള വെള്ളം  പെൻസ്റ്റോക് പൈപ്പിൽ മലഞ്ചെരിവുകളിലൂടെ ഗദ്ദയിലെത്തിച്ച് അവിടെ നിന്നു പീലൂർ അണക്കെട്ടിലേക്കു വേറെ പൈപ്പ് ഘടിപ്പിച്ച് വെള്ളം കൊണ്ടു പോകുന്നത് അതിസാങ്കേതികത തന്നെ.

അണക്കെട്ടിന്റെ നിർമാണ രഹസ്യം മറ്റുള്ളവർ അറിയാതിരിക്കാനാണോ, വെള്ളം കൊണ്ടു പോകുന്നതിന്റെ തന്ത്രം പുറത്തു വിടാൻ ഭയപ്പെട്ടിട്ടാണോ എന്നറിയില്ല, അവിടെ ഫോട്ടൊ എടുക്കാൻ അനുമതിയില്ല.

ooty07 മഞ്ചൂർ ഊട്ടി റോഡ്

ഹെയർപിൻ റോഡ് കയറാം

ഗദ്ദയിൽ നിന്നാണ് മഞ്ചൂരിലേക്കുള്ള ഹെയർപിൻ ആരംഭിക്കുന്നത്. അവിടെ നിന്നു നാൽപ്പത്തിമൂന്നു കൊടുംവളവുകൾക്കപ്പുറത്താണ് ഊട്ടിപ്പട്ടണം. കാട്ടുപോത്തും ആനയുമാണ് മഞ്ചൂർ കാടിന്റെ ഉടമകൾ. റോഡിന്റെ ഒരു ഭാഗത്ത് താഴ്‌വര. മറുവശത്ത് പുൽമേടുകൾ. നിരയായി മലകൾ. മഴയും വെയിലുമില്ലാത്ത കാലാവസ്ഥ.

ഉച്ചയായപ്പോഴേക്കും ഹെയർപിന്നുകൾ പിന്നിട്ടു. തേയിലത്തോട്ടങ്ങൾക്കു നടുവിലുള്ള ഒരു വഴിയിലാണ് ചെന്നിറങ്ങിയത്. ഇവിടത്തെ അണ്ണാമലൈ ക്ഷേത്രം പ്രസിദ്ധം. ക്ഷേത്രത്തിനു മുന്നിലെ മണ്ഡപത്തിൽ നിന്ന് കൊടുംവളവുകളെ ക്യാമറയിൽ പകർത്തി. അമ്പലമുറ്റത്തു നിന്ന് കാട്ടിലേക്കു നോക്കിയപ്പോൾ വലിയൊരു വെള്ളച്ചാട്ടം കണ്ടു. നാലര കിലോമീറ്റർ കാട്ടുപാതയിലൂടെ യാത്ര ചെയ്താൽ വെള്ളച്ചാട്ടത്തിനടുത്ത് എത്താമെന്ന് പൂജാരി പറഞ്ഞു.

ooty08 അപ്പർ ഭവാനിയിലെ വെള്ളച്ചാട്ടം. അപ്പർ ഭവാനിയിലേക്കുള്ള വഴി.

വെൽക്കം ടു മഞ്ചൂർ

മുള്ളി – മഞ്ചൂർ റോഡിലൂടെ യാത്ര ചെയ്യുന്നവർ എത്തിച്ചേരുന്നത് മഞ്ചൂർ – ഊട്ടി റോഡിലാണ്. അവിടെ നിന്നു വലത്തോട്ടു തിരിഞ്ഞാൽ എമറാൾഡ് വഴി ഊട്ടി – മേട്ടുപ്പാളയം റോഡിലെത്താം.

ഞങ്ങൾ മഞ്ചൂരിലെത്തി. നാലഞ്ചു ചെറിയ കടകളും ലോ‍ഡ്ജും മാത്രമുള്ള നാട്ടിൻപുറമാണു മഞ്ചൂർ. വീതിയില്ലാത്ത റോഡിൽ ഗതാഗതക്കുരുക്ക് പതിവാണ്. ദൂരെയൊരിടത്ത് കാറൊതുക്കിയ ശേഷം ചായക്കടയിൽ കയറി ഊണു കഴിച്ചു. അതിനു ശേഷം മേൽകുന്ദയിലൂടെ അപ്പർ ഭവാനിയിലേക്ക് തിരിച്ചു. തേയിലത്തോട്ടങ്ങളുടെ നാടാണ് അപ്പർ ഭവാനി. കോടമഞ്ഞിൽ പുതഞ്ഞ് നിരന്നു നിൽക്കുന്ന തേയിലച്ചെടികൾ ഉണർവു പകർന്നു. കിണ്ണക്കരയിലേക്കും അപ്പർ ഭവാനിയിലേക്കും വഴി തിരിയുന്നിടത്ത് കുറച്ചു നേരം വിശ്രമിച്ചു. ചെറിയ ഗ്രാമമാണ് കിണ്ണക്കര.

ooty05 അണ്ണാമലൈ ക്ഷേത്രം

ചായത്തോട്ടവും അവിടെ ജോലി ചെയ്യുന്നവരെ ആശ്രയിച്ചു കഴിയുന്ന കുറച്ചു കടകളും മാത്രമാണ് ആ ഗ്രാമത്തിന്റെ മുഖം. 2014ൽ ഈ പ്രദേശത്തു നീലക്കുറിഞ്ഞി പൂത്തു. അതോടെ കിണ്ണക്കര കാണാൻ സഞ്ചാരികൾ എത്തിത്തുടങ്ങി. ആന, കാട്ടുപോത്ത്, കരിങ്കുരങ്ങ്, മ ലയണ്ണാൻ എന്നിവയുടെ നിത്യസാന്നിധ്യമുള്ള സ്ഥലമാണു കിണ്ണക്കര. കോടമഞ്ഞു പുകയുന്ന സമയത്തു മൃഗങ്ങൾ റോഡിലേക്കിറങ്ങും. ഞങ്ങൾ അപ്പർ ഭവാനിയിലേക്കു പോകാൻ തീരുമാനിച്ചു. അതായത്, മഞ്ചൂരിലൂടെ പൂക്കളുടെ നാടായ ഊട്ടിയിലേക്ക്.
തേയിലത്തോട്ടങ്ങൾ, കാബേജ് വിളയുന്ന കൃഷിയിടങ്ങൾ, ക്യാരറ്റ്, ചോളം, കടല... പലയിനം കാർഷിക വിഭവങ്ങൾ വഴിയുടെ ഇരുവശത്തും നിറഞ്ഞു നിന്നു. കോയമ്പത്തൂരിൽ നിന്നു കൂനൂർ വഴി ഊട്ടിയിലേക്കു പോയാൽ ക്യാരറ്റ് കാണാം. പക്ഷേ, മഞ്ചൂരിന്റെ വഴിക്കാഴ്ചയോളം സമൃദ്ധിയുണ്ടാകില്ല.

മഞ്ചൂരിൽ നിന്ന് ഊട്ടിയിലേക്കുള്ള പാത അതിമനോഹരമാണ്. ഹെയർപിൻ വളവുകളിൽ നിന്നാൽ മഞ്ഞണിഞ്ഞ ഊട്ടിയെ മുഴുവനായും ക്യാമറയിൽ പകർത്താം. കുന്ത തടാകത്തിനു മുൻപുള്ള സ്ഥലങ്ങളെല്ലാം ഞങ്ങൾ ശരിക്കും ആസ്വദിച്ചു. കുന്ത തടാകത്തിനു കുറുകെയുള്ള റോഡിലൂടെ പോയാൽ എമറാൾഡ് വഴി ഊട്ടി തടാകത്തിലെത്താം.
ഇതിനു മുൻപുള്ള ഊട്ടി യാത്രകളെല്ലാം കൂനൂരിന്റെ ദൃശ്യഭംഗി ആസ്വദിച്ചുകൊണ്ടിയിരുന്നു. മ ഞ്ചൂർ മലയിടുക്കുകളിലൂടെ ഊട്ടിയിലെത്തിയപ്പോൾ തീർത്തും വ്യത്യസ്തമായ അനുഭവമായി.

ooty04 മേൽക്കുണ്ടയിൽ നിന്നുള്ള കാഴ്ച

കാട്, പുഴ, മലഞ്ചെരിവുകൾ, കൊടുംവളവുകൾ, കനത്ത മഞ്ഞ്, വിശാലമായ കൃഷിയിടങ്ങൾ... എല്ലാംകൊണ്ടും രസകരമായിരുന്നു യാത്ര. ഇനി ഊട്ടിക്കു പോകുന്നവർ മഞ്ചൂർ റോഡ് തിരഞ്ഞെടുക്കണം. ആ കാഴ്ച ഒരിക്കലും നിരാശപ്പെടുത്തില്ല, ഞങ്ങൾ സാക്ഷി.

യാത്രാസംഘം: കെ.എം. പ്രദീപ് (അസി. കോഴിക്കോട് സർവകലാശാല), കെ. സുരേഷ് (ഹെൽത്ത് ഇൻസ്പെക്ടർ, സംസ്ഥാന ആരോഗ്യ വകുപ്പ്), എൻ. രഞ്ജിത്ത് (അഡ്മിൻ, ഖത്തർ).

പിന്നിട്ട വഴികൾ: മണ്ണാർക്കാട് – മുള്ളി : 56 കി.മീ.മുള്ളി – മഞ്ചൂർ : 29 കി.മീ.മഞ്ചൂർ – കിണ്ണക്കര : 30 കി.മീ.മഞ്ചൂർ – അപ്പർഭവാനി : 36 കി.മീ. മഞ്ചൂർ–ഊട്ടി : 33 കി.മീ.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്:

അഗളിയിൽ കടന്നാൽ താവളം വഴി മഞ്ചൂരിലേക്കുള്ള റോഡിൽ പെട്രോൾ പമ്പ് ഇല്ല. യാത്രയ്ക്ക് ആവശ്യമായ ഇന്ധനം വാഹനത്തിലുണ്ടെന്ന് ഉറപ്പു വരുത്തുക. ടയർ നന്നാക്കുന്ന കടകൾ അഗളിയിലും പുത്തൂരും മാത്രം. മുള്ളിയിൽ നിന്നു മഞ്ചൂർ വരെ വിജനമായ വഴിയാണ്. വാഹനം സഞ്ചാരയോഗ്യമെന്ന് ഉറപ്പു വരുത്തിയേ പുറപ്പെടാവൂ. മഴക്കാലത്ത് മരങ്ങൾ പൊട്ടി വീണ് റോഡ് തടസ്സപ്പെടും. മൃഗങ്ങളുടെ ശല്യമുണ്ടാകും. വൈകിട്ട് അഞ്ചു മണിക്കു ശേഷം മഞ്ചൂർ വഴി യാത്ര ഒഴിവാക്കണം. അപ്പർ ഭവാനിയിലേക്കുള്ള യാത്ര വനത്തിലൂടെയാണ്. പ്രവേശിക്കന്നതിന് ഊട്ടി ഡിഎഫ്ഒയുടെ മുൻകൂർ അനുമതി നിർബന്ധം. ശരാശരി നിലവാരത്തിൽ താഴെയുള്ള ഭക്ഷണ സൗകര്യങ്ങളെ ഈ വഴിക്കുള്ളു. അണ്ണാമലൈ ക്ഷേത്രം, ഗദ്ദ അണക്കെട്ട്, അപ്പർഭവാനി, കിണ്ണക്കര, ഊട്ടി കുന്ത ഡാം എന്നിവ പ്രധാന കാഴ്ചകൾ.

സഹായത്തിന്

സൈലന്റ് വാലി ഇൻഫർമേഷൻ സെന്റർ : 04924 253225
ശങ്കർ വൃന്ദാവൻ കോട്ടേജ് (മഞ്ചൂർ) : 9488775215
അഗളി പൊലീസ് സ്റ്റേഷൻ: 04924 25422

ooty01