Thursday 08 February 2018 03:24 PM IST : By നസീല്‍ വോയ്സി

മുപ്പതു രാജ്യങ്ങള്‍ ഒന്നിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജിന്റെ വിശേഷങ്ങൾ

gate_dubai ചിത്രങ്ങള്‍: നസീല്‍ വോയ്സി

തുർക്കിയിൽ നിന്നിറങ്ങി നേരെ അമേരിക്കയിലേക്ക് വച്ചു പിടിച്ചു. അവിടെ നിന്ന് റഷ്യ വഴി പാക്കിസ്ഥാൻ. പിന്നെ മരുഭൂമിയിലെ വിസ്മയമായ യുഎഇ വഴി ചൈനയിലേക്ക്. ഇടയ്ക്ക് തായ്‌ലൻഡിലും ഇറാനിലും ഇത്തിരി നേരം ഷോപ്പിങ്’’ – സുഹൃത്തിന്റെ വിവരണം കേട്ടപ്പോൾ ചിരിയടക്കാനായില്ല. ടെലിവിഷനിൽ ‘ജാലിയൻ കണാരന്റെ’ ‘ബഡായി’ കേട്ടിട്ടുണ്ട്. എങ്കിലും ഇമ്മാതിരി ബഡായി ആദ്യമായിട്ടാണ്.

‘‘ചിരിക്കേണ്ട. സംഭവം സത്യമാണ്. പല ഭൂഖണ്ഡങ്ങളിലായി ചിതറിക്കിടക്കുന്ന 30 രാജ്യങ്ങിലൂടെ സഞ്ചരിക്കാനും സംസ്കാരങ്ങൾ അടുത്തറിയാനും ഒരൊറ്റ കവാടം കടന്നാൽ മതി – ദുബായ് ഗ്ലോബൽ വില്ലേജിന്റെ മാന്ത്രിക കവാടം ’’ – സംശയത്തിന്റെ വായ് മൂടിക്കെട്ടി സുഹൃത്ത് പറഞ്ഞു.

ബർ ദുബായിലെ അൽ ഖുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ‘ഗ്ലോബൽ വില്ലേജ്’ എന്നെഴുതിയ 104ാം നമ്പർ ബസിലിരിക്കുമ്പോഴും മനസ്സിൽ സംശയമായിരുന്നു. ഇത്രയും രാജ്യങ്ങളിലെ സാംസ്കാരിക വൈവിധ്യവും ഷോപ്പിങ് അനുഭവങ്ങളും എങ്ങനെയാണ് ഒരിടത്ത് ഒരുമിപ്പിക്കാനാവുക...?

അര മണിക്കൂർ യാത്രയ്ക്കൊടുവിൽ ‘ദുബാ യ് ഗ്ലോബൽ വില്ലേജ്’ എന്നെഴുതിയ ഭീമൻ ക വാടത്തിനു മുന്നിലെത്തി. പതിനഞ്ചു ദിർഹമിന്റെ ടിക്കറ്റെടുത്ത് ആ മാജിക് കവാടം കടന്നതോടെ സംശയങ്ങൾക്ക് തിരശ്ശീല വീണു. ബുർജ് ഖലീഫ, കൊളോസിയം, താജ് മഹൽ, ഐഫൽ ടവർ, പിസാ ഗോപുരം... ലോകാത്ഭുതങ്ങളാണ് ഇരുവശത്തും തലയുയർത്തി നിൽക്കുന്നത്. അതിനിടയിലൂടെ നോക്കുമ്പോൾ പ ല രാജ്യങ്ങളുടെ പതാക പാറിപ്പറക്കുന്ന വലിയൊരു ലോകം. സുഹൃത്ത് പറഞ്ഞത് മനസ്സിൽ ശരിവച്ചു – മാജിക് കവാടം തുറക്കുന്നത് ലോകം മുഴുവൻ വിരുന്നെത്തുന്ന ഒരു വലിയ ഗ്രാമത്തിലേക്കാണ്.

താജ്മഹലിനു മുന്നിൽ തുർക്കി

‘‘1.7 കോടി ചതുരശ്രയടിയാണ് ‘ഗ്ലോബൽ വില്ലേജി’ന്റെ വിസ്തീർണം. ലോകത്തിന്റെ പല കോണുകളിൽ നിന്നുള്ള കാഴ്ചകള്‍ ഒരുമിക്കുന്ന വില്ലേജിൽ 30 രാജ്യങ്ങളുടെ പവലിയനുണ്ട്. ഓരോ പവലിയനിലും ആ നാടിന്റെ കാഴ്ചകൾ കാണാം. സംസ്കാരം അടുത്തറിയാം. ഷോപ്പിങ് നടത്താം’’– കാഴ്ചകൾ എവിടെയാരംഭിക്കണമെന്നു ചോദിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. എന്നിട്ട് ഒരു ഗൈഡിനെ പോലെ ‘തുർക്കി’യിലേക്ക് വിരൽ ചൂണ്ടി – ‘‘അവിടെ തുടങ്ങുന്നതാണ് എളുപ്പം.’’താജ്‌മഹലിനു മുന്നിലൂടെ തുർക്കി കവാടത്തിലേക്കു നടന്നു. കൈവഴക്കം കൊണ്ടു വിസ്മയിപ്പിച്ച് ആഹ്ലാദാരവങ്ങൾ മുഴക്കുന്ന ‘തുർക്കിഷ് ഐസ്ക്രീം’ കച്ചവടക്കാരാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. വർണ വിസ്മയം തീർക്കുന്ന ബൾബുകളും വസ്ത്രങ്ങളും വിൽക്കുന്ന കടകൾ ധാരാളം. മണികിലുക്കവുമായി റോന്തുചുറ്റുന്ന ചായക്കച്ചവടക്കാരാണ് മറ്റൊരാകർഷണം. പവലിയനകത്തും പുറത്തും അ വർ ചിരി പടർത്തുന്നു.

gv03

റഷ്യയുടെയും അമേരിക്കയുടെയും കവാടങ്ങളാണ് അടുത്തുള്ളത്. തനതു വാസ്തുശൈലിയിലാണ് ചുവന്ന റഷ്യൻ കവാടം. അതിനടുത്ത് തങ്ങളുടെ കടകളിലേക്ക് സഞ്ചാരികളെ ക്ഷണിക്കുന്ന സുന്ദരികളായ റഷ്യൻ യുവതികൾ. വസ്ത്രങ്ങളും തടിയിൽ തീർത്ത ‘മാട്രിയോഷ്ക പാവ’കളുമാണ് ഹൈലൈറ്റ്സ്. പടുകൂറ്റൻ കൗ ബോയ് ശിൽപത്തിന്റെ കാലിനടിയിലൂടെയാണ് അമേരിക്കയിലേക്കുള്ള പ്രവേശനം. വാഷിങ്ങ്ടണിലെ കാപിറ്റോളിന്റെയും മെക്സിക്കോയിലെ കത്ത്രീഡലിന്റെയും മാതൃകയിലുള്ള കെട്ടിടങ്ങൾ ഇവിടെ കാണാം. അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള 48 രാജ്യങ്ങളിലെ രുചികളും ജീവിത‍രീതികളും അവതരിപ്പിക്കുന്നുണ്ട്.

‘കൗ ബോയ്’ കവാടം വിട്ടിറങ്ങിയത് തുകൽ ഉത്പന്നങ്ങളുടെ ലോകത്തേക്കാണ്. അലങ്കരിച്ച ചരക്കു ലോറിയുടെ മാതൃകയും ഉറുദുവിലുള്ള നീട്ടിവിളികളും – ആകെപ്പാടെ നമ്മുടെ തലസ്ഥാന നഗരിയിലെ മാർക്കറ്റിലെത്തിയ ഫീൽ. കവാടത്തിലെ പേര് അപ്പോഴാണ് ശ്രദ്ധിച്ചത് – പാക്കിസ്ഥാൻ. തുകൽ ജാക്കറ്റുകളും ബാഗുകളും ചുരിദാറുകളുമൊക്കെയാണ് ‘പാക്കിസ്ഥാനിൽ’ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്.

യുഎഇയുടെ ഇന്നലെകൾ

ദുബായിയുടെ വർണക്കാഴ്ചകളും ആഘോഷങ്ങളും പ്രതീക്ഷിച്ചാണ് യുഎഇയുടെ ‘കോട്ട കവാടം’ കടന്നത്. പക്ഷേ കാത്തിരുന്നത് വേറിട്ട അനുഭവങ്ങളായിരുന്നു. പരമ്പരാഗത ജീവിതരീതി ഓർമിപ്പിക്കുന്ന കൽവീടുകൾ. അതിനു മുൻപിൽ ഈന്തപ്പനയോല കൊണ്ട് പായയുണ്ടാക്കുന്ന അറബിക ൾ. കുന്തിരിക്കത്തിന്റെ മണമുള്ള കാറ്റ്... യുഎഇയുടെ ഇന്നലെകളെ ഓർമിപ്പിക്കുന്ന ‘ഹെറിറ്റേജ് കാഴ്ച’കളാണ് ചുറ്റിലും. പുരാതന വാസ്തുശൈലി സഞ്ചാരികൾക്കു മുന്നിൽ അവതരിപ്പിക്കുന്ന ചെറുകെട്ടിടങ്ങളും സുഗന്ധവ്യഞ്ജന കടകളും ഇവിടെയുണ്ട്.

gv04

പുറത്ത് വൈകുന്നേരത്തിന്റെ ആവേശം മുറുകിത്തുടങ്ങിയിരുന്നു. സഞ്ചാരികളെ ആകർഷിക്കാൻ വേഷം കെട്ടിയാടുന്നവർക്കിടയിലൂടെ കൂകിവിളിച്ചുകൊണ്ട് വലിയ കളിത്തീവണ്ടിയോടുന്നുണ്ട്. കുട്ടികൾക്കു വേണ്ടിയാണ് ട്രാക്കില്ലാത്ത ഈ ‘മിനി ട്രെയിൻ’. ക്ലോക്ക് ടവർ അലങ്കരിക്കുന്ന കെട്ടിടത്തിന്റെ ഒരു വശത്ത് ഫ്രാൻസിന്റെയും ജർമനിയുടെയും പവലിയനുകൾ. യൂറോപ്യൻ കാഴ്ചകളിൽ നിന്നു നടന്നു കയറിയത് ‘ബാങ്കോക് നഗര’ത്തിന്റെ ചെറുരൂപത്തിലേക്കാണ്. കുറഞ്ഞ വിലയ്ക്ക് ഷോപ്പിങ് സാധ്യമാക്കുന്ന ലേലം വിളികളാണ് തായ്‌ലൻഡ് പവലിയനെ ആകർഷകമാക്കുന്നത്. ടീ ഷർട്ടുകൾ, ഷൂ, തായ് ഫ്രൂട്സ് തൊട്ട് മസാജ് കേന്ദ്രങ്ങൾ വരെയുള്ള അപൂർവ സഞ്ചാരാനുഭവങ്ങൾ ഇവിടെയൊന്നിക്കുന്നു. ചുവപ്പ് കോട്ടയിലൊളിച്ചു നിൽക്കുന്ന ‘സ്പെയിനാ’യിരുന്നു അ ടുത്ത ലക്ഷ്യം. വൈകുന്നേര വെളിച്ചത്തിൽ പവലിയന്റെ പുറം കാഴ്ച ടുമാറ്റോ ഫെസ്റ്റിവലിനെ ഓർമിപ്പിക്കുന്നു.

രാജ്യങ്ങൾ പലതു കയറി നടക്കുന്നതിനിടെയാണ് വിശ്രമ ബഞ്ചിനരികിലെ കാഴ്ച ശ്രദ്ധയിൽ പെട്ടത്– നമ്മുടെ സ്വന്തം ഓട്ടോറിക്ഷയുടെ രൂപത്തിലൊരു ജ്യൂസ് കട. ആപ്പിളും അനാറും മാങ്ങയുമെല്ലാം നിരത്തിവച്ചിരിക്കുന്നു. ആ വശ്യത്തിനനുസരിച്ച് ഉണ്ടാക്കിക്കൊടുക്കും. ഫിലിപ്പൈനി പെൺകുട്ടിയാണ് നടത്തിപ്പുകാരി. കാഴ്ച ക്യാമറയിൽ പകർത്തി അടുത്ത രാജ്യത്തിലേക്ക് നടത്തം തുടർന്നു.

ഇന്ത്യ – നിറങ്ങളുടെ കോട്ട

‘ബഹ്റൈനി’ കാഴ്ചകളും ഖത്തറും പിന്നിട്ട് ഈജിപ്ത് കോട്ടയിലേക്കു കയറി. പിരമിഡിന്റെയും മമ്മിയുടെയും മാതൃകകൾ, പുരാതന ലിപി ആലേഖനം ചെയ്ത കൂറ്റൻ സ്തൂപം, കുഞ്ഞു ഫറോവ ശിൽപങ്ങൾ...എന്നിങ്ങനെ പൗരാണിക കാഴ്ചകൾ ഈ പവലിയനിൽ സമ്മേളിക്കുന്നു. രാജപരമ്പരയുടെ അടയാളങ്ങൾ നിറഞ്ഞ ഈജിപ്തിൽ നിന്നിറങ്ങിച്ചെന്നത് ഒരു കനാലിന്റെ കരയിലേക്കാണ്. പാലത്തിനക്കരെ വലിയൊരു കോട്ട. അതിനു മുകളിൽ പാറിപ്പറക്കുന്ന മൂവർണക്കൊടി – ഇന്ത്യ.

പാവക്കൂത്തിന്റെ കാഴ്ചകളൊരുക്കുന്ന പുറംചുമരുകളിൽ ഇന്ത്യൻ കാഴ്ച തുടങ്ങി. സഞ്ചാരികൾ തിക്കിത്തിരക്കുന്ന കവാടത്തിലൂടെ അകത്തു ചെന്നു. പട്ടും കൈത്തറി വസ്ത്രവും ആഭരണങ്ങളും കാഴ്ചയൊരുക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ. ചെറുശിൽപങ്ങൾ വിൽക്കുന്ന രാജസ്ഥാനി സ്ത്രീകൾ. വിശ്രമിക്കാനൊരുക്കിയിട്ട കയർ കട്ടിലുകൾ... ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ആതിഥേയ മര്യാദയും സമ്മേളിക്കുന്ന കാഴ്ചകൾ. മുന്നൂറിലധികം സ്റ്റാളുകളാണ് ഇന്ത്യൻ പവലിയനിലുള്ളത്. തിരിച്ചിറങ്ങുമ്പോൾ കവാടത്തിനരികിൽ ഒരു കൂട്ടംകൂടൽ – പഞ്ചാബി വേഷമണിഞ്ഞ് നിൽക്കുന്ന കാവൽക്കാരോടൊപ്പം സെൽഫിയെടുക്കാനുള്ള തിരക്കാണ്.

വേറിട്ട അനുഭവം പകരുന്ന ബോട്ടിങ് ഇന്ത്യ ൻ പവലിയനു മുൻപിൽ നിന്നാണാരംഭിക്കുന്നത്. അലങ്കരിച്ച തോണിയിൽ വിവിധ ദേശങ്ങളിലെ കാഴ്ചകൾ ആസ്വദിച്ച് ജലയാത്ര നടത്താം. കനാലിനു മറുവശത്താണ് ചൈനയും ആഫ്രിക്കയും. പവിഴക്കാഴ്ചകളുടെ വൈവിധ്യമൊരുക്കുന്ന ചൈനയിൽ സാംസ്കാരിക പരിപാടികളും അരങ്ങേറുന്നു. പതിനഞ്ചു രാജ്യങ്ങളിലെ കാഴ്ചകൾ ഒരൊറ്റ പവലിയനിലെത്തുന്ന അനുഭവമാണ് ‘ആ ഫ്രിക്ക’. കെനിയ, ടാൻസാനിയ, സൗത്ത് ആഫ്രിക്ക, നൈജീരിയ തുടങ്ങി ഒരുപാട് രാജ്യങ്ങളിലെ കരവിരുതും ആഘോഷങ്ങളും ഇ വിടെയൊരുങ്ങുന്നു. മഹാഗണിയിലും റോസ് വുഡിലും തീർത്ത ഫർണിച്ചറുകളും ഷോപ്പിങ് പ്രേമികളെ ലക്ഷ്യംവച്ച് ഒരുക്കിയിട്ടുണ്ട്.

gv02

പല നിറങ്ങളിൽ മിന്നിത്തിളങ്ങുന്ന രാജ്യകവാടങ്ങൾ. കാഴ്ചകളെ ആവേശമാക്കുന്ന പല ദേശക്കാരായ സഞ്ചാരികൾ. കളിച്ചു നടക്കുന്ന കുട്ടികൾ... ലോകം മുഴുവൻ ഒരുമിക്കുന്ന ഗ്രാമത്തിനു രാത്രിയാവുമ്പോൾ ജീവൻ കൂടി വരുന്നു. ‘സൗദി അറേബ്യ’യിൽ നിന്നും ലഭിച്ച കവയും ഈന്തപ്പഴവും രുചിച്ച് കുവൈത്തിന്റെ കാഴ്ചകളിലേക്കു നടന്നു കയറി. ആകർഷകമായ പുറംചുവരിലെ നീലവെളിച്ചം പോലെ മനോഹരമാണ് കുവൈത്തിന്റെ അകക്കാഴ്ചകളും. അബായകളും സുഗന്ധവ്യഞ്ജനങ്ങളുമാണ് പ്രധാന കച്ചവടവസ്തുക്കൾ. അതോടൊപ്പം ഹെറിറ്റേജ് കാഴ്ചകൾ കൂടിയാവുമ്പോൾ ‘കുവൈത്ത് യാത്ര’ സമ്പൂർണമാവുന്നു.

കളിചിരികളുടെ ‘ഫാന്റസി ദ്വീപ്’

ഇനിയേതു രാജ്യം സന്ദർശിക്കുമെന്ന് സംശയിച്ച് തുർക്കിഷ് ഐസ്ക്രീം നുണഞ്ഞിരിക്കുമ്പോഴാണ് ‘ഫാന്റസി ഐലൻഡി’ന്റെ ആരവം ശ്രദ്ധിച്ചത്. ജലധാരയുടെ അരികിലൂടെ ആഘോഷം തുളുമ്പുന്ന ദ്വീപിലേക്കു നടന്നു. പവലിയനുകൾ പോലെ അത്യാകർഷകമാണ് ‘ഫാന്റസി ഐലൻഡ്’. കുട്ടികൾക്കും കുടുംബങ്ങൾക്കും സാഹസികപ്രിയർക്കുമെല്ലാമുള്ള റൈഡുകൾ പൂർണ സുരക്ഷയോടെ സജ്ജമാക്കിയിരിക്കുന്നു.

കുട്ടികൾക്ക് ‘ഹൈ റോപ്സ്’, ‘ബേബി ഏവിയേറ്റർ’, ‘മിനി വീൽ’ തുടങ്ങി പത്തിലേറെ റൈഡുകളുണ്ട്. ‘വീൽ ഓഫ് ദ് വേൾഡ്’, ‘വ്രൂം യുഎഇ,’ ‘ജങ്കിൾ റിവർ’,‘സ്ലിങ് ഷോട്ട്’,‘എറൗണ്ട് ദി വേൾഡ്’ തുടങ്ങി കുടുംബങ്ങൾക്കും സാഹസിക സഞ്ചാരികൾക്കും വേണ്ടിയുള്ള വിനോദങ്ങളുമുണ്ട്. വർണവിളക്കുകൾ വെളിച്ചം വിതറുന്ന ഫാന്റസി ഐലൻഡിന് അടുത്തായാണ് കലാപാരിപാടികൾ അരങ്ങേറുന്ന വേദി. ലോകത്തിന്റെ പല കോണിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാർ ഈ വേദിയിൽ ഒരുമിക്കുന്നു.

സാംസ്കാരിക വൈവിധ്യവും ഷോപ്പിങ്ങും ഒന്നിക്കുന്ന കാഴ്ചകളോടൊപ്പം ലോകത്തിലെ വേറിട്ട രുചികൾ അടുത്തറിയാനുള്ള അവസരവും ഗ്ലോബൽ വില്ലേജിലുണ്ട്. വഴിയോരത്തെ ഐസ്ക്രീം കടകളും ചായക്കച്ചവടക്കാരും പ്രശസ്തമായ17 റസ്റ്ററന്റുകളും ചേർന്ന് രുചിയുടെ മാമാങ്കമൊരുക്കുന്നു.

കാഴ്ചകളുടെ ലഹരിയിൽ മതിമറന്ന് നടക്കുന്നതിനിടെ രാത്രി വൈകിയിരുന്നു. ഇനിയും കാഴ്ചകളിൽ മതിമറന്നാൽ തിരികെ പോകാനുള്ള ബസ് കിട്ടില്ല. പ്രധാന കവാടം ലക്ഷ്യമാക്കി നടന്നു. വിസ്മയങ്ങളൊളിപ്പിച്ച കവാടം കടന്നു പോകുമ്പോൾ ഒന്നു തിരിഞ്ഞു നോക്കി. അങ്ങോട്ടു പോകുമ്പോഴുണ്ടായിരുന്ന വെളുപ്പു നിറമല്ല ഇപ്പോൾ, നീല നിറമാണ്. ഒരു നിമിഷം കഴിഞ്ഞപ്പോൾ നീല ചുവപ്പിനു വഴിമാറി. അടുത്ത നിമിഷത്തിൽ മഞ്ഞ. അങ്ങനെ കവാടത്തിന്റെ നിറം മാറിക്കൊണ്ടേയിരിക്കുന്നു. ‘ഓരോ ദിവസവും ഓരോ ലോകമൊരുക്കുന്ന’ ഗ്രാമത്തിനു ചേർന്ന മാജിക് കവാടം തന്നെ!