Thursday 08 February 2018 04:27 PM IST : By സാലി പാലോട്

സാറന്മാരേ, കല്ലാന കഥയല്ല!

agasthya1 ഫോട്ടോ: സാലി പാലോട്

ഔഷധമണമുള്ള കാറ്റ്, അപൂർവ ജൈവവൈവിധ്യം, കാഠിന്യമേറിയ ട്രെക്കിങ്, ഒരു ജനതയുടെ വിശ്വാസം... അഗസ്ത്യ വനത്തിലേക്കുള്ള യാത്രയിൽ സാലി പാലോട് കണ്ടത്...

ഓരോ തവണ അഗസ്ത്യാർകൂടത്തിലേക്കു പോകുമ്പോഴും ഓരോരോ പുതിയ കാഴ്ചകൾ കാത്തിരിക്കുന്നുണ്ടാകും. അഗസ്ത്യമുനിയുടെ ശിൽപ്പം ശിരസ്സിലേന്തിയ വനത്തിലേക്ക് ഇതിപ്പോൾ മുപ്പതാമത്തെ യാത്രയാണ്. സ്ത്രീ സ്പർശമേറ്റിട്ടില്ലാത്ത അഗസ്ത്യപീഠം ഗോത്രവർഗക്കാരുടെ വിശ്വാസങ്ങളിൽ ശബരിമല പോലെ പവിത്രമാണ്. അഗസ്ത്യനെ കണ്ടു വണങ്ങണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവർ മാത്രമേ അഗസ്ത്യാർകൂടത്തിന്റെ ഒത്ത നെറുകയിൽ എത്തുകയുള്ളൂ എന്നാണ് ‘കാണിക്കാരുടെ’ വിശ്വാസം. കാടിന്റെ നേരും നെറിയും തൊട്ടറിഞ്ഞവരാണ് ‘കാണികൾ’. അവരുടെ കുലത്തിൽ പിറന്ന മല്ലൻ എന്ന ചെറുപ്പക്കാരനാണ് ഇത്തവണ അഗസ്ത്യനിലേക്കു വഴി കാണിക്കുന്നത്.

agasthya8

പുഴകൾ, പൂവനങ്ങൾ...

രാവിലെ ഏഴു മണിക്ക് ബോണക്കാടെത്തി. മൂന്നു പേർക്കുള്ള പെർമിറ്റ് എടുത്തിരുന്നു. നബീൽ, കിരൺ എന്നിവരാണ് സഹയാത്രികർ. അര മണിക്കൂർ മുമ്പെത്തിയ മല്ലൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. മലദൈവങ്ങൾക്കു തിരി തെളിച്ചാണു കാണിക്കാർ അഗസ്ത്യാർകൂടത്തിലേക്കു നടത്തം തുടങ്ങുക. പ്രാർഥനയിൽ ഞങ്ങളും പങ്കെടുത്തു. ആകാശം കാണാൻ പറ്റാത്ത വിധം പന്തലിച്ചു നിൽക്കുന്ന പടുകൂറ്റൻ മരങ്ങൾക്കിടയിലൂടെ കാനന യാത്ര ആരംഭിച്ചു.  പായലിന്റെ പച്ച പുതച്ച ഉരുളൻ കല്ലുകളിൽ കാലമർന്നപ്പോൾ ഉ ടലാകെ കുളിരു പടർന്നു.

അരുവികളും പാറക്കൂട്ടങ്ങളുമുള്ള ഒരു സ്ഥലത്തെത്തി. പക്ഷികളുടെ ഈണം ആസ്വദിച്ച് ഞങ്ങൾ പാറപ്പുറത്തിരുന്നു. കാട്ടു ചോല യുടെ കുളിരിൽ മുഖം കഴുകിയ ശേഷം നടത്തം തുടർന്നു. ഞങ്ങൾ ശബ്ദമുണ്ടാക്കാതെയാണു നടന്നത്. എന്നിട്ടും പക്ഷികൾ കൂട്ടത്തോടെ ഒച്ചവച്ചു. പുൽച്ചാടികളും മരയോന്തും ക്യാമറയ്ക്കു മുന്നിൽ നിശ്ചലം നിന്നു. പരസ്പരം കൈകോർത്തു പിടിച്ച് ഞങ്ങൾ കരമനയാറിന്റെ തീരത്തേക്കു കുതിച്ചു. മൂന്നു ക ല്ലുകൾ പുറംതിരിച്ചു വച്ച് മല്ലൻ അടുപ്പുണ്ടാക്കി. വെള്ളം തിളപ്പിച്ച് കാപ്പിവച്ചു. അ‍ഞ്ചു കിലോമീറ്റർ നടന്നതിന്റെ ക്ഷീണം ചൂടു കാപ്പിയുടെ രുചിയിൽ ആവിയായി.

agasthya6

ബോണോ വെള്ളച്ചാട്ടം

സിംഹവാലൻ കുരങ്ങുകളുടെ കളിസ്ഥലത്തുകൂടിയാണ് യാത്ര. നേരേ ചെന്നിറങ്ങിയത് ബോണോ വെള്ളച്ചാട്ടത്തിനരികിലാണ്. മലഞ്ചെരിവിൽ നിന്നു കുത്തനെ വന്നു വീഴുന്ന നീർച്ചാലാണു ബോണോ. കരമനയാറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. മഴക്കാലത്ത് ബോണോ കൂടുതൽ ശക്തിയിൽ ഒഴുകും. അട്ടയുടെ ശല്യം കാരണം ജൂൺ – ഓഗസ്റ്റ് മാസങ്ങളി ൽ ബോണോ വെള്ളച്ചാട്ടത്തിന്റെ അടിവാരം വരെ എത്തിപ്പെടാൻ വലിയ ബുദ്ധിമുട്ടാണ്. കാടിനു കനം കൂടിക്കൊണ്ടിരുന്നു. മഴക്കാറു മൂടിക്കെട്ടിയപോലെ നട്ടുച്ചയ്ക്കും ഇരുട്ട്.

കുന്നും മലകളും താണ്ടി. അട്ടയാറിന്റെ തീരത്ത് ഉച്ചയൂണിനു തമ്പടിച്ചു. പുഴവക്കത്തിരുന്ന് മാങ്ങ അച്ചാർ കൂട്ടി ചോറുണ്ണുമ്പോൾ ഇത്രയും സ്വാദുള്ള ഭക്ഷണം അടുത്തകാലത്തൊന്നും കഴിച്ചിട്ടില്ലെന്നു തോന്നി. വലിയ മരങ്ങൾ. ചീവിടുകളുടെയും കിളികളുടെയും ശബ്ദം. പല നിറത്തിലുള്ള ചിത്രശലഭങ്ങൾ. മണമുള്ളതും ഇല്ലാത്തതുമായ പലതരം പൂക്കൾ. ചതുപ്പിൽ കുളമ്പുകൾ പൂഴ്ത്തി പാഞ്ഞു നടക്കുന്ന കാട്ടു പോത്തുകൾ. ഇലപൊഴിയും കാട്. നിത്യം പച്ചപുതച്ച കാട്. പുല്ലു നിറഞ്ഞ മേട്. മഴക്കാട്, കൊടുംകാട്.... എല്ലാ ഭാവങ്ങളും കൂടിച്ചേർന്ന വനമാണ് അഗസ്ത്യാർകൂടം. ഈ സൗന്ദര്യം ആത്മാർഥമായി ഉൾക്കൊള്ളുന്നവർക്ക് വന്യജീവികളെ ഉപദ്രവിക്കാനാവില്ല. കാട്ടുവള്ളിയെപ്പോലും നുള്ളി നോവിക്കാൻ മനസ്സു വരില്ല.

agasthya2 അഗസ്ത്യനിലേക്കുള്ള യാത്രയ്ക്കിടെ കാണികളുടെ ആചാരനൃത്തം.

പൊങ്കാലയിടുന്ന പാറ

അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്രയെ നാലായി തിരിക്കാം. ബോണോ ഫാൾസ്, അതിരുമല, പൊങ്കാലപ്പാറ, അഗസ്ത്യാർകൂടം. ഒമ്പതു മണിക്കൂർ നടന്ന് ഞങ്ങൾ അതിരുമലയിലെത്തി. വൈകിട്ട് നാലു മണിയോടെ ആദ്യ ദിവസത്തെ ദൗത്യം അവസാനിപ്പിച്ചു. അതിരുമലയിലാണ് രാത്രി ക്യാംപ്. ഇവിടെ ഫോറസ്റ്റ് ഓഫിസ് ഉണ്ട്. അതിനോടു ചേർന്നു തന്നെ അതിഥികൾക്കു താമസിക്കാനുള്ള മുറിയുമുണ്ട്. പേപ്പാറയിലുള്ള ബോണക്കാട് ഫോറസ്റ്റ് സെന്ററിൽ നിന്ന് വനയാത്രയ്ക്കു പെർമിറ്റ് എടുത്തവർക്കു മാത്രമേ ഇവിടെ താമസിക്കാൻ അനുമതി ലഭിക്കുകയുള്ളൂ. വനപാലകരുടെ അനുവാദം കൂടാതെ അഗസ്ത്യാർകൂടത്തിൽ പ്രവേശിക്കുന്നത് കുറ്റകരം.

കാടിനു നടുവിലെ ഒരു കുന്നാണ് അതിരുമല. കുന്നിനു മുകളിലുള്ള ചെറിയെ കെട്ടിടമാണു ഫോറസ്റ്റ് ക്യാംപ്. വയർലെസ് സ്റ്റേഷനും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വാതിലുകളും ജനലും മുറുകെ അടച്ചിട്ടും മുറിയുടെ ഉള്ളിലേക്ക് തണുപ്പ് അരിച്ചിറങ്ങി.

നെയ്യാറിൽ കുളിച്ചാണു പ്രഭാതം ആരംഭിച്ചത്. ബ്രേക്ക് ഫാസ്റ്റ് കഴിച്ച ശേഷം അഗസ്ത്യനെ കാണാൻ പുറപ്പെട്ടു. കുത്തനെയുള്ള മലയാണ് ഇനി നടന്നു കയറാനുള്ളത്. പാറക്കെട്ടുകളും വേരുകളുമാണ് ചവിട്ടു പടി. വള്ളികളിലും പാറയിലും അള്ളിപ്പിടിച്ച് ഞങ്ങൾ ഓരോരുത്തരായി മല കയറി. പൊങ്കാലപ്പാറയെ ലക്ഷ്യമാക്കി കുതിക്കുകയാണ് മല്ലൻ. തീർഥാടകന്റെ ഭക്തി നിറഞ്ഞ ആവേശം മല്ലന്റെ ഓട്ടത്തിനു വേഗത വർധിപ്പിച്ചു.

മല്ലൻ ഉൾപ്പെടുന്ന ഗോത്രവാസികൾക്കു വിശ്വാസത്തിന്റെ കേദാരമാണ് അഗസ്ത്യാർകൂടം. അഗസ്ത്യമുനി തപസ്സു ചെയ്ത മല കയറാൻ കഠിന വ്രതമെടുക്കണമെന്നാണ് ഗോത്രങ്ങളിലെ വിശ്വാസം. സസ്യാഹാരം മാത്രം കഴിച്ച് നോമ്പു നോറ്റാണ് ‘കാണിക്കാർ’ മല കയറുക. കാട്ടിലേക്കു പ്രവേശിക്കുന്ന സ്ഥലത്ത് തിരി കൊളുത്തുന്നതാണ് ആദ്യ ചടങ്ങ്. പൂർവികർ സ്ഥാപിച്ച പ്രതിഷ്ഠകളിൽ വിളക്കു വയ്ക്കുന്നതാണ് പൂജ. പൊങ്കാലപ്പാറയിൽ നിവേദ്യം വച്ചുണ്ണലാണ് മറ്റൊരു ആചാരം.

വിസ്താരമുള്ള പാറയാണ് പൊങ്കാലപ്പാറ. വലിയ കുറേ പാറകൾക്കിടയിൽ പൊങ്ങി നിൽക്കുന്ന പരപ്പൻപാറ. മുമ്പു മല കയറിയവർ തീകൂട്ടിയ അടുപ്പുകളിലൊന്നിൽ മല്ലൻ തീ കൊളുത്തി. പൊങ്കാലപ്പാറയ്ക്കു താഴെയുള്ള നദിയിൽ കുളിച്ച്, അരി കഴുകി വെള്ളത്തിലിട്ടു. പൊങ്കാല തിളച്ചൊഴുകിയ ശേഷം ഞങ്ങളെല്ലാവരും പാറപ്പുറത്തിരുന്നു ‘നിവേദ്യം’ കഴിച്ചു. കരിമ്പാറയുടെ മുകളിലേക്കു വലിഞ്ഞു കയറാനുള്ള ശക്തി നേടാനുള്ള പൂജയാണ് പൊങ്കാലയർപ്പണം.

agasthya7

അഗസ്ത്യൻ ശരണം

കാണിക്കാരുടെ വിശ്വാസപ്രകാരം ഇനിയുള്ള ദൂരം  ചെരിപ്പിട്ടു നടക്കാൻ പാടില്ല. നൂറ്റാണ്ടുകളായി മല്ലന്റെ പൂർവികർ പിന്തുടരുന്ന രീതി ഞങ്ങളും അനുസരിച്ചു. കാൽമുട്ട് താടിയിൽ ഇടിക്കുന്നത്രയും കുത്തനെയുള്ള കയറ്റം. അഗസ്ത്യനെ കാണുകയെന്ന ലക്ഷ്യത്തിനു മുന്നിൽ വഴിയുടെ കാഠിന്യം മറന്നു. ചെറിയൊരു നിരപ്പിലെത്തിയപ്പോൾ അൽപ്പ നേരം വിശ്രമിച്ചു. ഉയരമുള്ള ഒരു പാറയുടെ ചുവട്ടിലായിരുന്നു വിശ്രമം.

തൂങ്ങിക്കിടക്കുന്ന കയറിൽ പിടിച്ചു വേ ണം പാറയുടെ മുകളിലെത്താൻ. അവിടെയാണ് അഗസ്ത്യമുനിയുടെ ശിൽപ്പം. പൊങ്കാലപ്പാറയിൽ നിന്ന് എട്ടു കിലോമീറ്റർ നടന്നാണ് അഗസ്ത്യൻ തപസ്സു ചെയ്ത ശിലയുടെ ചുവട്ടിൽ എത്തിയിട്ടുള്ളത്. ഇനി കയറാനുള്ള പാറയുടെ ചെരിവു നോക്കിയാൽ പിന്നിട്ട വഴികൾ എത്രയോ ചെറുതാണ്.

ഏണി വച്ചു കയറുന്നത്രയും കുത്തനെയുള്ള പാറയ്ക്കു മുകളിലാണ് അഗസ്ത്യ സന്നിധാനം. പാറയുടെ മുകളിൽ നിന്നു താഴേക്കു തൂങ്ങിക്കിടക്കുന്ന കയറിൽ പിടിച്ച് കാലുകൾ പാറയിൽ ഉറപ്പിച്ച് പതുക്കെ മുകളിലേക്ക് ചുവടുവച്ചു. തെന്നി വീഴാതെ, കയറിൽ നിന്നു പിടിവിടാതെ ശ്വാസമടക്കിപ്പിടിച്ച് ഓരോരുത്തരായി മുകളിലേക്ക് കയറി. അഗസ്ത്യനെ കാണാൻ പോയവരിലാർക്കും ഇന്നുവരെ യാതൊരു അപകടവും പറ്റിയിട്ടില്ല. ആ വിശ്വാസം മനസ്സിലുറപ്പിച്ച് ഇത്തവണയും ഞങ്ങൾ അഗസ്ത്യന്റെ സവിധത്തിൽ കാലുകുത്തി.

അഗസ്ത്യന്റെ പ്രതിമ നിലനിൽക്കുന്ന പാറയുടെ മുകൾഭാഗം നിരപ്പായ കാടാണ്. ഇതിനിടയിൽ ശിരസ്സുയർത്തി നിൽക്കുന്നു അഗസ്ത്യ ശിൽപ്പം. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള വനയാത്രികർ സമർപ്പിച്ച കാണിക്കകൾ അവിടെ ചിതറിക്കിടക്കുന്നു. അംഗവൈകല്യങ്ങൾ മാറാൻ ബന്ധുക്കൾക്കു വേണ്ടി മല കയറിയവർ സമർപ്പിച്ച മെതിയടികൾ. മംഗല്യ ഭാഗ്യത്തിനു വേണ്ടി ചെറുപ്പക്കാർ സമർപ്പിച്ച രാമച്ച മാലകൾ. നേർച്ചയിട്ടു മല കയറിയവർ സമർപ്പിച്ച നിലവിളക്കുകൾ. അഗസ്ത്യമുനിക്കു കാണിക്കയർപ്പിച്ച വസ്ത്രങ്ങൾ... അനുഗ്രഹം ചൊരിയുന്ന ദൈവമായി അഗസ്ത്യ മുനിയെ പ്രാർഥിക്കുന്നവർ നിരവധിയെന്നതിന് ഈ കാണിക്കകൾ സാക്ഷി.

agasthya3 അഗസ്ത്യാർകൂടത്തിന്റെ നെറുകയിലുള്ള അഗസ്ത്യമുനിയുടെ ശിൽപ്പത്തെ വണങ്ങുന്ന ഭക്തൻ.

പെണ്ണ് മല കയറിയാൽ കുലംമുടിയും...!

പാറക്കെട്ടിന്റെ തെക്കേയറ്റത്തുള്ള പുൽമേടിൽ ഞങ്ങൾ വിരിവച്ചു. ഇവിടെ നിന്നു താഴേക്കു നോക്കിയാൽ പേച്ചിപ്പാറ, നെയ്യാർ, പേപ്പാറ അ ണക്കെട്ടുകൾക്ക് ചെറിയ കുളങ്ങളുടെ വലുപ്പമേയുള്ളൂ. കേരളവും തമിഴ്നാടും ഒരു മരത്തിന്റെ രണ്ട് ഇലകൾ പോലെ കാണാം. പച്ചപുതച്ച കാടിന്റെ അതിരിനപ്പുറം അഞ്ചിലപ്പൊതി മലയാണ്. തമിഴ്നാടിന്റെ അധികാരപരിധിയിലുള്ള റിസർവ് ഫോറസ്റ്റാണ് അഞ്ചിലപ്പൊതി. പുലിയും കടുവയും കരടിയുമുള്ള കാടാണ് അത്.

അഗസ്ത്യാർകൂടത്തിന്റെ മുക്കുംമൂലയും അറിയുന്ന കാണിക്കാർ നിരവധിയുണ്ട്. ചാത്തൻകോട്, പൊടിയം, കുന്നത്തുതേരി എന്നിവിടങ്ങളിലെ സെറ്റിൽമെന്റുകളിലാണ് അവർ താമസിക്കുന്നത്. നാലോ അഞ്ചോ മാസത്തിലൊരിക്കൽ നാട്ടിലേക്കിറങ്ങി അരിയും വീട്ടു സാധനങ്ങളും വാങ്ങി മടങ്ങുന്നതാണ് അവരുടെ രീതി. ഞങ്ങൾക്കു വഴി കാട്ടിയായി എത്തിയ മല്ലൻ സ്ഥിരമായി അഗസ്ത്യാർകൂടത്തിലേക്കു വഴി കാണിക്കുന്ന ഗോത്രവർഗക്കാരനാണ്. മല്ലന്റെ അച്ഛനും അമ്മയുമെല്ലാം ഈ കാട്ടിൽ ജനിച്ചു വളർന്നവർ. കാടാണ് ലോകമെന്നും കാട് ചതിക്കില്ലെന്നും മല്ലനെ പറഞ്ഞു പഠിപ്പിച്ചത് അവരാണ്. മലയുടെ മുകളിൽ കുടികൊള്ളുന്ന അഗസ്ത്യൻ ഗോത്രവാസികൾക്കു ദൈവമാണ്. അവരുടെ കൂട്ടത്തിലെ കുട്ടികൾ പാട്ടും നൃത്തവും പഠിച്ച് അരങ്ങേറ്റം നടത്തുന്നത് അഗസ്ത്യനു മുന്നിലാണ്.

സ്ത്രീകൾ അഗസ്ത്യപീഠത്തിൽ കയറരുതെന്നാണ് കാണികളുടെ വിശ്വാസം. ശബരിമല ശാസ്താവിനെപ്പോലെ, ഗോത്രവാസികളുടെ വിശ്വാസങ്ങളിൽ അഗസ്ത്യമുനി ബ്രഹ്മചാരിയാണ്. അതുകൊണ്ടുതന്നെ സ്ത്രീകൾ മല കയറരുതെന്നാണ് കാണിക്കാരുടെ ചട്ടം. ‘കുടുംബത്തിനും കുലത്തിനും ദോഷം വരാതിരിക്കാൻ’ മല്ലനുൾപ്പെടെയുള്ള പുതുതലമുറ ആ ചിട്ട പിന്തുടരുന്നു.

agasthya5 ക്യാമറ കള്ളം പറയില്ല... കാട്ടിൽ പഠനത്തിനെത്തിയ വിദഗ്ധർ ഇല്ലെന്ന് റിപ്പോർട്ടെഴുതിയ കല്ലാന. അടിപ്പറമ്പിൽ നിന്നു സാലി പാലോട് പകർത്തിയ ചിത്രം.

സാറന്മാരേ, കല്ലാന കഥയല്ല

അഗസ്ത്യമുനിയുടെ ശിൽപ്പത്തിനു മുന്നിലിരുന്ന് മല്ലൻ സ്വന്തം കുലത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും വാതോരാതെ വിവരിച്ചു. ഇതിനിടെയാണ് ‘കല്ലാന’യെക്കുറിച്ച് ഓർമിപ്പിച്ചത്. നിരവധി തവണ കല്ലാനയെ കണ്ടിട്ടുള്ളയാളാണ് മല്ലൻ.  പ്രായപൂർത്തിയായിട്ടും ഉയരം വയ്ക്കാത്ത ‘കുള്ളൻ’ ആനകളെയാണ് കല്ലാന എന്നു പറയുന്നത്. ഇന്ത്യയിൽ അഗസ്ത്യ പർവതത്തിൽ മാത്രമേ കല്ലാനകൾ ഉള്ളൂ. ഗോത്രവാസികൾ കല്ലാനയെ കണ്ട വിവരം അറിയിച്ചതിനെ തുടർന്ന് ഇവിടെയെത്തിയ പ്രത്യേക സംഘം കല്ലാനകളെക്കുറിച്ചു പഠനം നടത്തി. നിർഭാഗ്യകരമെന്നു പറയട്ടെ, കല്ലാന എന്നൊരു ‘ജീവി’ ഇല്ലെന്നായിരുന്നു ഗവേഷക സംഘത്തിന്റെ കണ്ടെത്തൽ.

2005 ൽ ചാത്തൻകോട് സെറ്റിൽമെന്റിനടുത്ത് ഒരു പിടിയാന ചെരിഞ്ഞു. ഉയരം കുറഞ്ഞ ആനയാണ് ചെരിഞ്ഞതെന്ന് അറിഞ്ഞാണു ഞാൻ സ്ഥലത്തെത്തിയത്. ജീവൻ നഷ്ടപ്പെട്ട ആനയ്ക്കൊപ്പം അതേ വലുപ്പത്തിലുള്ള മറ്റൊരു ആന ഉണ്ടായിരുന്നുവെന്ന് കാണിക്കാർ പറഞ്ഞു. ഇണയെ പിരിഞ്ഞ ആന ഉൾക്കാടിലേക്ക് പെട്ടന്നു തിരിച്ചു കയറില്ല. ഞാൻ തൊട്ടടുത്തുള്ള കാട്ടിലേക്കു കയറി. ലക്ഷ്യം പിഴച്ചില്ല. ഇണയെ പിരിഞ്ഞ് അലഞ്ഞു തിരിയുന്ന കല്ലാനയെ അടിപ്പറമ്പ് മേഖലയിലെ ചെളിക്കുഴിയിൽ കണ്ടു. ഗവേഷകർ നിഷേധിച്ച സത്യം ഞാൻ ക്യാമറയിൽ പകർത്തി.

പിന്നീട്, പേപ്പാറ അണക്കെട്ടിനു സമീപത്തും കല്ലാനയെ കണ്ടു. ഉയരമില്ലാത്ത കൊമ്പനായിരുന്നു അത്. തുമ്പിയും ചെവിയും വാലും വലിയ ആനകളുടേത്. ചുളിവു വീണ കാലുകൾ, വലിയ നഖങ്ങൾ. പക്ഷേ, ശരീരത്തിന് കുട്ടിയാനയോളം വലുപ്പം. ഇതാണു കല്ലാന. അതിന്റെ ഫോട്ടോയും വിഡിയോയും പിന്നീട് അധികൃതരെ കാണിച്ചു. പക്ഷേ, ഗവേഷക സംഘമോ വന്യജീവി വകുപ്പോ ചിത്രങ്ങൾ അംഗീകരിച്ചില്ല. കല്ലാന ഇല്ലെന്നു തന്നെയാണ് ഇപ്പോഴും അധികൃതരുടെ നിലപാട്.

കല്ലാനയെപ്പോലെ ‘അഗസ്ത്യന്റെ മക്കൾ’ ഇങ്ങനെ പലവിധമുണ്ട്. അതിൽ പകുതിപോലും ഇപ്പോഴും മനുഷ്യരുടെ കൺവെട്ടത്തെത്തിയിട്ടില്ല. യാത്ര തിരിക്കാൻ സമയമായെന്നു മല്ലൻ പറഞ്ഞു. പോറൽ പോലുമേൽക്കാതെ ഇത്തവണയും ഞാനും സംഘവും മൂന്നു മണിയോടെ അതിരുമലയിലെത്തി. തണുത്ത കാറ്റിന്റെ കുളിരിൽ ഒരു രാത്രി കൂടി ക്യാംപിൽ അന്തിയുറങ്ങി. അഗസ്ത്യനെ കണ്ടതിന്റെ സുകൃതവുമായി പിറ്റേന്നു ബോണക്കാട്ടേക്കു  മടങ്ങി.

agasthya9