Thursday 08 February 2018 03:45 PM IST : By ദീപക് രാമചന്ദ്രന്‍

‘ചിങ്കെടെറാ’; ആകാശത്തിനും കടലിനുമിടയിലെ അഞ്ച് ഇറ്റാലിയൻ നഗരങ്ങൾ

italy3 Photo: Deepak Ramachandran

Buongiorno...’’ഗുഡ് മോർണിങ്ങിന്റെ ഇറ്റാലിയൻ പതിപ്പ്. ഈ വാക്കു പോലെ പ്രസന്നമാണ് ഇവിടുത്തെ ഗ്രാമക്കാഴ്ചകളും. സംസ്കാരവും ...

ഇറ്റലിയുടെ വടക്കുപടിഞ്ഞാറെ തീരത്തിനടുത്തുള്ള ‘ലൂക്ക’ നഗരം കാണണം. മനോഹരമായ ടസ്കാനിയുടെ തീരഗ്രാമങ്ങളിലൂടെ നടക്കണം. പ്രശസ്തമായ പിസ ഗോപുരം തൊട്ടറിയണം. ഈ മോഹങ്ങൾ മനസ്സില്‍ കുറിച്ചിട്ട് ഫ്ലോറന്‍സില്‍ നിന്ന് ലൂക്കയിലേക്കുള്ള ലോക്കൽ ട്രെയിൻ പിടിച്ചു. 80 കിലോമീറ്ററാണ് ദൂരം. യാത്രികരിൽ ഭൂരിഭാഗവും ടസ്കാനിയിലെ ഗ്രാമങ്ങളിൽ നിന്ന് ഫ്ളോറൻസ് നഗരത്തിലേക്ക്‌ ദൈനംദിന ആവശ്യങ്ങള്‍ക്ക് വന്നു മടങ്ങുന്നവരാണ്. ഗ്രാമങ്ങളിലെ വിജനമായ സ്റ്റേഷനുകളിലൂടെ ട്രെയിൻ കുതിച്ചു. കാഴ്ചയെത്തുന്നിടത്തെല്ലാം കുറച്ചു വീടുകൾ മാത്രമേയുള്ളൂ. കൂടുതലും കൃഷിയിടങ്ങളാണ്. ലൂക്ക അടുക്കും തോറും ട്രെയിൻ കാലിയായിത്തുടങ്ങി. പടിഞ്ഞാറന്‍ തീരങ്ങളെ റോമും ഫ്ലോറന്‍സുമായും ബന്ധിപ്പിക്കുന്നു എന്നതിനപ്പുറം ചരിത്രപരമായ പ്രത്യേകതകളുള്ള നഗരമാണ് ലൂക്ക.

ഉച്ചയോടെയാണ് ലൂക്കയിലെത്തിയത്. ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരു ചെറിയ സ്റ്റേഷൻ. ഓൺലൈൻ വഴി ബുക്ക്‌ ചെയ്ത വീടിന്റെ ഉടമ സ്റ്റേഷനില്‍ കാത്തു നിൽക്കുന്നുണ്ടായിരുന്നു. പരിചയപ്പെടലിനു ശേഷം പെട്ടികളും ചുമന്നു ഞങ്ങള്‍ വീട്ടുടമസ്ഥയെ പിന്തുടര്‍ന്നു. നഗരത്തിന്റെ ഒത്ത നടുക്കുള്ള കൊച്ചു വീട്ടിലാണെത്തിയത്. തികച്ചും ശാന്തമായ അന്തരീക്ഷം. അടുക്കളയും അവശ്യ സാധനങ്ങളുമുണ്ട്. ഭക്ഷണം പാകം ചെയ്യാം. വീടും സ്ഥലവും പരിചയപ്പെടുത്തി അവർ യാത്ര പറഞ്ഞു. ഉച്ചയായതുകൊണ്ടാവാം തെരുവ് ശാന്തമായിരുന്നു. ചില കഫെകളില്‍ മാത്രം ആളനക്കമുണ്ട്. ചെറിയൊരു വിശ്രമത്തിനു ശേഷം നഗരക്കാഴ്ചകൾ കാണാനിറങ്ങി.

ലൂക്ക അഥവാ പള്ളികളുടെ നഗരം

italy7 അർണോ നദിക്കരയിലെ പള്ളി

ലൂക്കയിലെ പ്രധാന സ്ഥലങ്ങളും പള്ളികളും കാണുകയാണ് ലക്ഷ്യം. സൗകര്യത്തിന് അടുത്തുള്ള കടയില്‍ നിന്ന് സൈക്കിള്‍ വാടകയ്കെടുത്തു. മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത ഈ നഗരത്തിൽ സൈക്കിളുകളാണ് താരങ്ങൾ. ചരിത്രം ഉറങ്ങിക്കിടക്കുന്ന ലൂക്കാ നഗരത്തിന്‍റെ പുറം തെരുവുകളിലൂടെ നീങ്ങി. ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് എട്ടാം നൂറ്റാണ്ട് വരെ പഴക്കമുണ്ട്. ബി.സി. ഇരുന്നൂറില്‍ പണികഴിപ്പിച്ച നാലുവശവും ചുറ്റപെട്ട കോട്ടമതിലിനകത്താണു നഗരം സ്ഥിതി ചെയ്യുന്നത്. വലിയൊരു പ്രവേശന കവാടത്തിലൂടെ ഞങ്ങള്‍ അകത്തേക്കു പ്രവേശിച്ചു. പഴയകാല റോമന്‍ കെട്ടിടങ്ങള്‍, കഫേകള്‍, ആര്‍ട് ഗാലറികള്‍; പല കാലഘട്ടങ്ങളില്‍ പണിത പള്ളികള്‍, പൂന്തോട്ടങ്ങള്‍, മനോഹരമായ ചത്വരങ്ങള്‍. ചുമരുകള്‍ക്കുള്ളിലുള്ള ‘ലൂക്കാ പട്ടണം അതിശയിപ്പിക്കുന്നതായിരുന്നു.

‘Renaissance city walls’ എന്നറിയപ്പെടുന്ന 4 കിലോമീറ്റർ ചുറ്റളവുള്ള ‘നഗര ചുമരുകളാ’ണ് ഈ നാടിന്റെ ഏറ്റവും ആകർഷകമായ കാഴ്ച. നവോഥാന കാലഘട്ടത്തിനു ശേഷം പട്ടണത്തിന് മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും ചുമരുകള്‍ പഴയപടി തന്നെ നിലനിന്നു. റോമന്‍ സാമ്രാജ്യം മുതല്‍ നവോഥാനകലഘട്ടം വരെയുള്ള കഥകൾ പറയുന്ന ഈ മതിലിന് അഭിമുഖമായുള്ള യാത്ര വേറിട്ട അനുഭവമാണ്.

ഇറ്റാലിയന്‍ ശൈലിയില്‍ പണിത 101 പള്ളികളാണ് ലൂക്കയിലെ മറ്റൊരാകർഷണം. ഒരു ചെറിയ നഗരത്തില്‍ ഇത്രയധികം പള്ളികള്‍ സ്ഥിതിചെയ്യുന്നത് അദ്ഭുതാവഹം തന്നെ. ഇതിൽ പ്രശസ്തമായ St. മൈക്കല്‍ ദേവാലയത്തിന്റെ എതിർ വശത്താണ് ഞങ്ങളുടെ ‘ഇറ്റാലിയൻ വീട്’. മുകള്‍ നിലയില്‍ നിന്നാല്‍ അടുത്തുള്ള പള്ളിയും തെരുവും വ്യക്തമായി കാണാം. തെരുവുകളും പൂന്തോട്ടങ്ങളും പിന്നിട്ട് യാത്ര തുടര്‍ന്നു. പ്രശസ്തമായ സാന്‍ മാര്‍ടിനോ ചര്‍ച്ചും പഴമയുടെ പ്രൗഢി റോമന്‍ ആംഫി തിയറ്ററും വഴിക്കാഴ്ചകളൊരുക്കി.

team യാത്രാ സംഘം

വിശപ്പിന്റെ വിളി ഉയർന്നു തുടങ്ങിയിരുന്നു. തനതു വിഭവങ്ങൾക്ക് പേരുകേട്ട ‘ഓസ്റ്ററിയ റോസെല്ലോ’ ഹോട്ടലില്‍ കയറി. ലൂക്കയുടെ സ്വന്തം വിഭവമായ ‘ടസ്കന്‍ ഫറോ സൂപ്പാ’ യിരുന്നു ആദ്യരുചി. തുടർന്ന് ‘റാബിറ്റ്‌ പാസ്ത’യും ഒന്ന് രണ്ടു പിസയും ഓർഡർ ചെയ്തു. വിലയല്‍പം കൂടുതലാണെങ്കിലും ‘ലോക്കൽ ഫൂഡ്’ രുചിച്ചതിന്റെ ത്രില്ലിലായിരുന്നു എല്ലാവരും.

കുഞ്ഞൻ ഗോപുരത്തിന്റെ ചരിവ്

പിസ നഗര സന്ദർശനമായിരുന്നു അടുത്ത പ്ലാൻ. പിസ ഗോപുരവും അടുത്തുള്ള അർണോ നദീ തീരവും പകല്‍ തീരുന്നതിനു മുന്‍പ് സന്ദർശിക്കണം. തൊട്ടടുത്ത നഗരമായതിനാല്‍ ലൂക്കയിൽ നിന്ന് അരമണിക്കൂർ കൊണ്ട് പിസയില്‍ എത്തിച്ചേരാം.ബസ്‌ സ്റ്റേഷൻ ലക്ഷ്യമാക്കി സൈക്കിള്‍ ചവിട്ടി.

italy9 പിസാ ഗോപുരം

അരമണിക്കൂർ യാത്രയ്ക്കു ശേഷം പിസ ഗോപുരത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ചെന്നിറങ്ങി. പിസ കത്തീഡ്രലിനു ചേർന്ന് പതിനാലാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ‘ബെൽ ടവറാ’ണ്‌ ഇന്നു നാം കാണുന്ന ‘ചരിഞ്ഞ ഗോപുരം’. എ.ഡി 1173 ൽ ആരംഭിച്ച ഗോപുരത്തിന്റെ നിർമാണം പൂർത്തിയാവാൻ നീണ്ട 200 വർഷങ്ങൾ വേണ്ടി വന്നു. ‘അത്ഭുതങ്ങളുടെ മൈതാനം’ എന്ന് അർഥം വരുന്ന Piazza Dei Miracoli മൈതാനത്തിലാണ് പിസ ഗോപുരം നില കൊള്ളുന്നത്.

58 മീറ്റർ മാത്രം ഉയരമുള്ള ഈ കുഞ്ഞന്‍ ഗോപുരം ഉണ്ടാക്കിയ പ്രശ്നങ്ങള്‍ നിരവധിയാണ്. ‘ഏറ്റവും പ്രശസ്തമായ ഉയരം കുറഞ്ഞ ഗോപുരം’ എന്ന ചീത്തപ്പേരും ഇതിനുണ്ട്. ആദ്യത്തെ അഞ്ചുവർഷം യാതൊരു ചരിവും ഗോപുരത്തിനുണ്ടായിരുന്നില്ല. മൂന്നാം നിലയുടെ നിർമാണം ആരംഭിച്ചതിന് ശേഷമാണ് ഗോപുരത്തിന്‍റെ ചരിവ്‌ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ ഒരു സംശയം മാത്രമായിരുന്നെങ്കിലും നിർമാണം തുടരവേ ദൂരേ നിന്നുവരെ ചരിവ് കാണാമെന്നായി. തുടർന്ന് പതിറ്റാണ്ടുകൾക്കു ശേഷം പല രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭരുടെ നിരവധി ഗവേഷണങ്ങൾക്കും കഠിന പ്രയത്നങ്ങൾക്കുമൊടുവിൽ ഗോപുരത്തിന്റെ ഉയർന്നു നിൽക്കുന്ന വശത്തു നിന്ന് 70 ടൺ മണ്ണ് നീക്കം ചെയ്താണ് ചരിവ് ഭാഗികമായി പരിഹരിച്ചത്. അറ്റകുറ്റ പണികള്‍ക്ക് ശേഷം 2001 ൽ ഗോപുരം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഗവേഷകരുടെ കണക്കു പ്രകാരം ഇനി ഒരു 300 വർഷത്തേക്കെങ്കിലും ഗോപുരം കൂടുതൽ ചരിയാതെ നിലനിൽക്കും. ഗോപുരവും അടുത്തുള്ള പള്ളിയും ചുറ്റിക്കണ്ടതിനു ശേഷം വൈകുന്നേരം ആഘോഷിക്കാനെത്തിയ ജനങ്ങൾക്കിടയിലൂടെ അർണോ നദി ലക്ഷ്യമാക്കി നടന്നു.

italy5 റിമാജിറോ സ്റ്റേഷനിൽ നിന്നുള്ള ഗ്രാമക്കാഴ്ച

നദിയുടെ ഇരു കരകളിലുമായാണ് പട്ടണം. കലങ്ങി കുതിച്ചൊഴുകുന്ന നദിയോടു ചേർന്നുള്ള വഴികളിലൂടെ നടക്കുമ്പോൾ സുന്ദരമായ തീരവും ഇരുകരകളിലുമുള്ള കെട്ടിടങ്ങളും കാണാം. പഴയ ഒരു പള്ളിയുടെ മുന്നിലാണ് നടപ്പാത അവസാനിക്കുന്നത്. ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. വിജനമായ തെരുവും ചുവന്ന ചക്രവാളവും കലങ്ങിയൊഴുകുന്ന അർണോ നദിയും പള്ളിയും ചേര്‍ന്ന് മനസ്സിൽ എന്നും സൂക്ഷിക്കാനുള്ള ഒരു മനോഹര ചിത്രം സമ്മാനിച്ചു. പല യാത്രകളിലും ലക്ഷ്യസ്ഥാനത്തേക്കാൾ മനോഹരം അപ്രതീക്ഷിതമായി മുന്നിൽ വന്നുപെടുന്ന ഇത്തരം കാഴ്ചകളായിരിക്കും.

italy4 റിമാജിറോ ഗ്രാമത്തിൽ നിന്ന്

ലൂക്കയിൽ തിരിച്ചെത്തിയപ്പോഴേക്കും നേരം വൈകിയിരുന്നു. കഫേകളെല്ലാം അടച്ചിരിക്കുന്നു. തെരുവുകളും പള്ളികളും പിന്നിട്ട് വീടിനടുത്തെത്തി. നല്ല വിശപ്പുണ്ട്. അടുത്തുള്ള ഹോട്ടലിൽ വെളിച്ചം കണ്ടു അങ്ങോട്ടേക്കോടി. കടയുടമ ഷട്ടറിടാനുള്ള തയ്യാറെടുപ്പാണ്. അറിയാവുന്ന ഇറ്റാലിയനിൽ കഴിക്കാൻ എന്തുണ്ട് എന്ന് ചോദിച്ചു. അപ്പോഴതാ അയാളുടെ മറുപടി–‘‘ക്യാ ചാഹിയെ ഭായ്?’’. ബംഗ്ലദേശിയാണ് കക്ഷി! അടുക്കള തുറന്നു. ഇന്ത്യൻ ചപ്പാത്തിയും മസാല കറിയും കൂട്ടി അടിപൊളി ഡിന്നർ. കൂടെ 15 വർഷമായി അവിടെ കച്ചവടം ചെയ്യുന്ന അദ്ദേഹത്തിന്റെ ലൂക്ക വിശേഷങ്ങളും.

ചിങ്കെ ടെറായിലെ ഗ്രാമങ്ങൾ

ചിങ്കെ ടെറാ (Cinque Terre) എന്നറിയപ്പെടുന്ന ഇറ്റലിയുടെ വടക്കേ തീരഗ്രാമങ്ങളായിരുന്ന അടുത്ത ദിവസത്തെ ലക്ഷ്യം. അതിരാവിലെ റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. തെരുവുകൾ ഉണർന്നു വരുന്നതേയുള്ളൂ. ഒന്നു രണ്ടു കഫേകൾ മാത്രം തുറന്നിട്ടുണ്ട്. പ്രഭാതസവാരിക്കിറങ്ങിയ ആളുകൾ പുഞ്ചിരി തൂകി ഗുഡ് മോർണിങ് പറഞ്ഞു കടന്നു പോകുന്നു. തിരികെ ഇറ്റാലിയനിൽ ‘ബൊൻജോർനോ’ എന്ന് മറുപടി പറയുമ്പോൾ അവർക്കു കൂടുതൽ സന്തോഷം. ഏഴു മണി ട്രെയിനിൽ ചിങ്കെ ടെറായിലെ റിമാജിറോ (Riomaggiore) ഗ്രാമത്തിലേക്ക് പുറപ്പെട്ടു.

italy1 മൊന്റെരസോ ട്രെക്കിങ് പാതയിൽ നിന്നുള്ള കാഴ്ച

യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുള്ള 5 മനോഹര ഗ്രാമങ്ങൾ ചേർന്നതാണ് ‘ചിങ്കെ ടെറാ’. നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളില്ലാത്ത ഈ ഗ്രാമങ്ങളിലേക്ക് റെയിൽ മാർഗവും കടൽ മാർഗവും മാത്രമേ എത്തിച്ചേരാനാകൂ.

രണ്ടു മണിക്കൂർ യാത്രയ്ക്കു ശേഷം റിമാജിറോ സ്റ്റേഷനില്‍ ചെന്നിറങ്ങി. പാസ് എടുത്താലേ ചിങ്കെയിലെ ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനൊക്കൂ. സന്ദർശകരുടെ തിരക്കു നിയന്ത്രിക്കാനാണ് ഈ സംവിധാനം. ടൂറിസത്തിന്റെ കടന്നു വരവോടെയാണ് പുറം ലോകവുമായി അധികം ബന്ധമില്ലാത്ത ഈ ഗ്രാമങ്ങൾ പ്രൗഢിയിലേക്കുയർന്നത്. ഇപ്പോൾ ദിവസവും ആയിരക്കണക്കിന് ആളുകൾ ഇവിടം സന്ദർശിക്കുന്നു. സാമ്പത്തികമായി വളരുമ്പോഴും സ്വന്തം ഗ്രാമത്തിന്റെ സംസ്കാരവും പാരമ്പര്യവും ഇവർ കാത്തുസൂക്ഷിക്കുന്നു. അതുകൊണ്ടു തന്നെ കോർപറേറ്റ് ഭീമന്മാരുടെ ബോർഡുകൾ ഇവിടെയില്ല. ഒരു കുന്നിൻ മുകളിലാണ് റെയിൽവേ സ്‌റ്റേഷൻ. താഴെ ഗ്രാമവും കൃഷിയിടങ്ങളും കാണാം. സ്റ്റേഷനിൽ നിന്ന് ഗ്രാമത്തിലേക്ക് ബസുകൾ സർവീസ് നടത്തുന്നുണ്ട്. അത് വേണ്ടെന്നു വച്ചു നടന്നു.

italy8 അർണോ നദി

കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും ഗ്രാമത്തിന്റെ മനോഹര ദൃശ്യങ്ങൾ തെളിഞ്ഞു. കടലിലേക്കു തള്ളി നിൽക്കുന്ന മലനിരകളിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. മലഞ്ചെരിവുകളിൽ പ്രദേശവാസികൾ മുന്തിരിയും ഒലിവും പൂക്കളും കൃഷി ചെയ്യുന്നു. ആകാശം പോലെ പരന്നുകിടക്കുന്ന ശാന്തമായ മെഡിറ്ററേനിയൻ കടൽ. തട്ടുകളായി മുന്തിരിത്തോട്ടങ്ങളും ഒലീവ് പാടങ്ങളും. കുന്നിൻ മുകളിൽ നിന്ന് ചിതറി തെറിച്ചു വീണപോലെ പല വര്‍ണത്തിലുള്ള വീടുകൾ...ഏതൊരു സഞ്ചാരിയുടെയും മനം കവരുന്ന കാഴ്ചകൾ.

italy6 ഗ്രാമങ്ങളിലൂടെയുള്ള റെയിൽവേ പാത

സിയചേറ്റ്ര വൈൻരുചി

മുന്തിരിതോപ്പുകൾക്കിടയിലൂടെ കുന്നിറങ്ങി വരുമ്പോൾ ഇടയ്ക്കിടെ ഗ്രാമവും തെരുവുകളും കാണാം. ഉദിച്ചു നിൽക്കുന്ന സൂര്യന് താഴെ നീല നിറത്തിൽ വെട്ടിതിളങ്ങുന്ന മെഡിറ്ററേനിയൻ കടൽ. ഒരു മണിക്കൂർ കൊണ്ട് താഴെ ഗ്രാമത്തിൽ എത്തിചേര്‍ന്നു. തെരുവുകളും ഒരു പള്ളിയും ബെൽ ടവറും കടപ്പുറവും ചേർന്നതാണ് ഗ്രാമം. കടലിനു സമാന്തരമായി വലിയ പാറക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെയാണ് ഓരോ തെരുവും കടന്നു പോകുന്നത്. താഴെ നീലക്കടലും കുന്നുകളില്‍ നിറയെ വർണവീടുകളും കാണാം.

ലോകപ്രശസ്തമായ ‘സിയചേറ്റ്ര വൈൻ’ ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ആ രുചിയറിയാനായി അടുത്തുള്ള വൈന്‍ ഷോപ്പില്‍ കയറി. ‘‘എല്ലാ വീഞ്ഞും ഈ ഗ്രാമത്തിലെ മുന്തിരിയില്‍ നിന്ന് ഉണ്ടാക്കിയതാണ്. ഓരോ തട്ടിലെ മുന്തിരിയില്‍ നിന്നും പല സമയങ്ങളില്‍ പല രുചിയിലും വീര്യത്തിലുമുള്ള വീഞ്ഞാണ് ഉത്പാദിപിക്കുന്നത്’’ –

കടയുടമ സ്റ്റെഫാനോ സിയചേറ്റ്രയുടെ പ്രത്യേകതകൾ വിവരിച്ചു.

മൽസ്യവിഭവങ്ങൾക്ക് പ്രശസ്തമാണ് ചിങ്കയിലെ ഗ്രാമങ്ങൾ. ചെറിയ കടകളില്‍ പല തരം ചെറുമീനുകൾ വറുത്തു പൊതികളിലാക്കി വില്‍ക്കുവാൻ വച്ചിരിക്കുന്നു. നാട്ടിൽ കപ്പലണ്ടി വിൽക്കുന്നത് പോലെയാണ് ഇവിടെ സീഫുഡ്‌ വിൽക്കുന്നത്. കടൽ രുചികൾ പരീക്ഷിക്കാനായി അടുത്തുള്ള ഹോട്ടലിൽ കയറി. കൂട്ടത്തിലെ പ്രമുഖ വിഭവമായ ‘സർഡിൻ’ ഓർഡർ ചെയ്തു. പോകുമ്പോൾ ഓരോ പൊതി പൊടിമീൻ വറുത്തതും വാങ്ങി – നടത്തത്തിനിടെ കൊറിക്കാൻ...

ഓർമിക്കാൻ ഒരു ട്രെക്കിങ്

‘ചിങ്ക ടെറയിലെ ഏറ്റവും മനോഹരമായ ഗ്രാമം’ എന്നറിയപ്പെടുന്ന ‘വെര്‍നാസ’യായിരുന്നു അടുത്ത ലക്ഷ്യം. തെരുവുകളിലെല്ലാം നല്ല തിരക്ക്. മലയിടുക്കുകളിലൂടെ അടുത്ത ഗ്രാമത്തിലേക്ക് പോകുന്ന ട്രെക്കിങ് പാതയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. വേർനാസായില്‍ നിന്ന് തുടങ്ങി അടുത്ത ഗ്രാമമായ ‘മൊന്റെരസോ’ (Monterosso) യിലെത്തുന്ന ഈ പാത സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ്.

ബെൽ ടവറില്‍ നിന്നാണ് മൂന്നു കിലോമീറ്റര്‍ ദൈർഘ്യമുള്ള ട്രെക്കിങ് പാതയുടെ തുടക്കം. തെരുവുകൾ പിന്നിട്ട് ഞങ്ങൾ കുന്നു കയറി. കടലിനു സമാന്തരമായ മലകളിലെപാത താരതമ്യേന കാഠിന്യമുള്ളതാണ്. ഒരു മണിക്കൂര്‍ കുന്നു കയറിയ ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഒരു പോസ്റ്റ്‌ കാര്‍ഡിലെന്നപോലെ വേർനാസ ഗ്രാമവും ബെല്‍ ടവറും. ക്യാമറയ്ക്കു പകർത്താവുന്നതിലും അപ്പുറമാണ് കുന്നിൻ മുകളിൽ നിന്നുള്ള വേർനാസ ഗ്രാമത്തിന്റെ മനോഹരകാഴ്ച.

കല്ലു പാകിയ വഴികളും കുന്നുകളും ഇടവഴികളും പിന്നിട്ട് യാത്ര തുടർന്നു. ഓരോ വളവു തിരിയുമ്പോഴും പുതിയ കാഴ്ചകൾ. മുന്തിരിത്തോപ്പുകള്‍, ഇടയ്ക്കിടെ പാറക്കൂട്ടങ്ങള്‍ക്കു താഴെ പ്രത്യക്ഷപ്പെടുന്ന കടൽ, ഇളം കാറ്റ്... ചിങ്ക ടെറയിലെ ഏറ്റവും മനോഹരദൃശ്യങ്ങള്‍ ഞങ്ങള്‍ക്കു മുന്നിൽ തെളിഞ്ഞു. ഇബ്നു ബത്തുത്ത പറഞ്ഞതു പോലെ നമ്മിലെ കഥാകാരനെ ഉണര്‍ത്തുന്ന കാഴ്ചകൾ.

italy10 ലോകപ്രശസ്തമായ ‘സിയചേറ്റ്ര വൈൻ’ ചിങ്കെ ടെറാ ഗ്രാമങ്ങളുടെ പ്രത്യേകതയാണ്.

മൊന്‍റെരസോയില്‍ എത്തിയപ്പോഴേക്കും സൂര്യന്‍ അസ്തമിക്കാനൊരുങ്ങിയിരുന്നു. ഓ രോ ‘ഗലാറ്റോ’യും നുകർന്ന് ബീച്ചിലേക്ക് നടന്നു. അസ്തമയം ആസ്വദിച്ച് കടൽക്കരയിലിരിക്കുമ്പോൾ ഒരു സ്വപ്നത്തിൽ ജീവിക്കുന്ന പ്രതീതി. ശരിയാണ്, സ്വപ്നം തന്നെയായിരുന്നു ചിങ്ക ടെറയിലെ ഗ്രാമങ്ങള്‍. നഗരജീവിതത്തിന്റെ തിരക്കുകളില്ലാത്ത, പ്രകൃതിയും മനുഷ്യനും മാത്രമുള്ള ഒരു സ്വപ്നലോകം...