Thursday 08 February 2018 04:03 PM IST : By റസല്‍ ഷാഹുല്‍

ഇങ്ങള് വന്നോളീ...കടലോളം മീൻകഥകളുമായി കോഴിക്കോട് വിളിക്കുന്നു

mavoor

കടലീന്ന് പിടിക്കണ ആകോലിയും അയ്ക്കൂറയുമാണ് കോഴിക്കോടിന് ഏറെ പ്രിയമുള്ള മീനുകൾ. എന്നാൽ, വണ്ടിയെടുത്ത് ഒന്നു കറങ്ങിയാൽ കടലോളം മീൻകഥകൾ പറഞ്ഞു തരും ഈ നാട്...

ഫോട്ടോയ്ക്കു വേണ്ടിയുള്ള പതിവു യാത്രയ്ക്കിടയിലാണ് മാവൂർ – പൈപ്പ് ലൈൻ റോഡിൽ വച്ച് സനുവിനെയും വിനുവിനെയും കണ്ടത്. റോഡിനരികിലുള്ള നീർത്തടത്തിൽ നിന്നു ചൂണ്ടയിട്ടു പിടിച്ച മീനുമായി വീട്ടിലേക്ക് ഒാടുകയായിരുന്നു അവർ. ആ വരവ് ഫ്രെയ്മിലാക്കിയ ശേഷം ചോദിച്ചു, ‘ഏതു മീനാ കിട്ടിയെ?’

‘കയിച്ചിലാ’, ഉത്തരം കോറസായി. ‘കയിച്ചിലോ?’ ‘രക്ഷപ്പെടുക’ എന്നതിനു കോഴിക്കോടുകാർ പറയുന്നത് കയിച്ചിലായി എന്നാണ്. ആ പേരിലും ഒരു മീനോ? കുട്ടികളെ അടുത്തു വിളിച്ച് നോക്കിയപ്പോൾ സംഗതി വരാലാണ്.

മുന്നാഴി വെള്ളത്തിൽ മൂന്നാളെ പറ്റിക്കുന്ന വിരുതനു പറ്റിയ പേര്. വടകരയിലും കോഴിക്കോട്ട് ജില്ലയുടെ ചില ഭാഗങ്ങളിൽ കയിച്ചിൽ, ചിലേടത്ത് ബ്രാല്, തോടന്‍, കുളമീൻ... ഇങ്ങനെ പല പേരിലാണ് വരാൽ മീൻപിടുത്തക്കാരിൽ നിന്ന് ‘കയിച്ചിലാകാൻ’ പാടുപെടുന്നത്.

കയിച്ചിലിന്റെ കഥ കേൾക്കാൻ വടകരയിലേക്കാണ് യാത്ര. തച്ചോളി ഒതേനൻ നീട്ടിവിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പരദേവത കുടിയിരിക്കുന്ന ലോകനാർകാവും തച്ചോളി മാണിക്കോത്ത് ക്ഷേത്രവും കണ്ട് കന്നിനടയിലെത്തി. ഒതേനൻ സഹോദരിക്ക് പുഴകടക്കാനായി പാലംപണിതെന്ന് ഐതിഹ്യം പേറുന്ന കന്നിനട. മുള്ളുമൂത്ത മീനിനു വേണ്ടി വരെ പടവെട്ടിയെന്നു പറയുന്ന വീരന്മാരുടെ നാട്. കടത്തനാടൻ കളരിയുടെ നാട്ടിൽ മീൻ പിടിക്കാനും അടവേറെയാണ്.

വീശു വല വിടർത്തുന്ന ചാത്തു

വടകര ആയഞ്ചേരി മുക്കടത്തും പൊയിൽ പടിഞ്ഞാറേ കേശോത്ത് ചാത്തു നെയ്തെടുത്ത വീശു വല വിടർത്തുകയാണ്. ഒൻപതര മുഴമുള്ള വീശു വലയുമായി രാത്രി കന്നിനട ചിറയിലേക്ക് ഇറങ്ങിയാൽ ഒരു ചാക്ക് മീനുമായാണ് കയറിയിരുന്നത്. ഓരോ കണ്ണികളും നെയ്ത് വലയൊരുക്കിയ കഥയുടെ മണികിലുക്കുകയാണീ എൺപത്തേഴുകാരൻ. പ്രായത്തിന്റെ അവശതകളെ കുടഞ്ഞെറിഞ്ഞ് ഇദ്ദേഹം കഥ പറഞ്ഞു തുടങ്ങി. പണ്ട് വലിയ മരങ്ങൾ കൊത്തിയാണ് കട്ടിലും മറ്റും നിർമിച്ചിരുന്നത്. പിന്നീടെത്തിയ ഈർച്ച വാൾ മരം മുറിയുടെ ക്ലേശം കുറച്ചു. ഈർച്ചമിൽ വന്നത് ഒരു അതിശയമായിരുന്നു.’’ ചാത്തുവിന്റെ കഥകളിൽ ബ്രിട്ടിഷ് പൊലീസിനെ കണ്ട് ഭയന്നതും വല മണിയുടെ ഇയ്യം വരെ ഉരുക്കി അച്ചിലൊഴിച്ച് വാർത്തെടുത്തതുമെല്ലാമുണ്ട്.

trvl_clt

‘‘16 വയസ്സു മുതൽ ഞാൻ അച്ഛനൊപ്പം വീശാൻ പോകുമായിരുന്നു. കയിച്ചിൽ, ചെമ്പല്ലി, മാലാൻ, വാള, ചേറു മീൻ, ആരൽ എന്നിവയായിരുന്നു അന്ന് സുലഭമായിരുന്ന മീനുകൾ. വാഴത്തട മുറിച്ച് വെള്ളത്തിലിട്ട് ചൂണ്ട കെട്ടിയിടുമായിരുന്നു. ചിറ്റാനും നരിമീനുമൊക്കെ കിട്ടുമതിൽ.’’ വല നന്നാക്കുന്നതിനിടയിൽ ചാത്തു പറഞ്ഞു. ഈ ചിറ്റാൻ നമ്മുടെ കരിമീനാണ്. നരിമീൻ കണ്ണിക്കൻ കാളാഞ്ചിയും. 101 കോവയിൽ നിന്നു മൂന്നു നിര വിരിമാറി കെട്ടി പിന്നെ മാറിട്ട് കെട്ടുമെന്നു പറഞ്ഞു വലകെട്ടിന്റെ ഇഴക്കണക്ക് ഒാർത്തെടുക്കുകയാണ് ചാത്തു. ‘‘ദിവസം രണ്ട് – മൂന്ന് മണിക്കൂർ വല കെട്ടാൻ മാറ്റിവയ്ക്കും. ഇങ്ങനെ ഒരു വർഷമെടുത്താണ് വല നെയ്തിരുന്നത്. മുള ചീകിയെടുക്കുന്ന ഒറ്റയുമായി മഴക്കാലത്ത പാടത്തിറങ്ങിയതും എല്ലാം ഇന്നലെയെന്ന പോലെ ഒാർമയുണ്ട്.’’ തേങ്ങാ അരയ്ക്കാതെ ചീനച്ചട്ടിയിൽ‌ കടുക് വരളിയെടുക്കുന്ന കയിച്ചിൽ കറിയാണ് ചാത്തുവേട്ടന് ഇഷ്ടമെന്ന് പറഞ്ഞ് ഭാര്യ പാറു വാതിൽപ്പടിയിലെത്തി.

മാങ്ങംമൂഴിയിലെ മീനും മുതലയും

മാങ്ങംമൂഴിയിലെ പുഴയോരത്തെ പാറയുടെ മറവിൽ പണ്ട് കൂറ്റനൊരു മുതലയുണ്ടായിരുന്നു. മോഷ്ടാക്കളെ പിടികൂടിയാൽ പുഴയിലേെക്കറിയുകയായിരുന്നു അന്ന് നാട്ടിലെ ശിക്ഷാവിധികളിലൊന്ന്. വെള്ളത്തിൽ വീഴുന്നയാളെ മുതല പിടിച്ചാൽ അയാൾ കള്ളനും രക്ഷപ്പെട്ടാൽ നിരപരാധിയും എന്നായിരുന്നു വയ്പ്. ഒരിക്കൽ നായയുടെ കഴുത്തിൽ കെട്ടിത്തൂക്കിയ വാൾ കൊണ്ട് ഒരു കള്ളൻ വാഴക്കുല മോഷ്ടിച്ചു. പിടിയിലായപ്പോൾ നായയാണ് മോഷ്ടാവ് എന്നയാൾ വാദിച്ചു. നായയെയും ഉടമയെയും ഭടന്മാർ പുഴയിലേക്കെറിഞ്ഞു. മുതല പിടിച്ചത് നായയെ. അതോടെ ‘നീതിമാനായ’ മുതലയുടെ പണിപോയി. പിന്നെ മുതലയ്ക്ക് മീൻ പിടിച്ച് കഴിയേണ്ടി വന്നു എന്ന് കഥ.

പക്ഷേ, മൂഴിക്കൽ ഇപ്പോൾ രാത്രിയിലെത്തുന്ന ചൂണ്ടക്കാർക്ക് വലിയ തൂക്കമുള്ള ചെമ്പല്ലിയും കാളാഞ്ചിയുമാണ് കിട്ടുന്നത്. കടവിൽ തമ്പടിച്ചിരിക്കുന്ന തെങ്ങു ചെത്തുകാരും വീശുവലയുമായി ഇറങ്ങും. മൂഴിയിലെ മീനുകൾ ഇനി അന്തിക്കള്ളിനൊപ്പം രുചിയുടെ കഥ പറയും. മറുകരെ വെള്ളത്തിലൊരു വെളിച്ചം, ടോർച്ച് കടിച്ചു പിടിച്ച് ചുവന്ന ഊറ്റു വലകൊണ്ട് ചെമ്മീൻ കോരുകയാണൊരു മിടുക്കൻ, പേര് അഭിരാം , ഡിഗ്രിക്ക് പഠിക്കുകയാണ്. ഒരു കറിക്കുള്ളത് വലയിലാക്കിയ മന്ദഹാസം ഇരുട്ടിലും കാണാം. മുഴിയിൽ നിന്ന് പുലർച്ചെ ചേലിയയിലേക്ക്.

ചേലുള്ള ചേലിയ ഗ്രാമം

ഗുരു ചേമഞ്ചേരിയുടെ ജന്മം കൊണ്ട് പവിത്രമായ നാട്. നൂറു നെയ്ത്തിരി തെളിച്ച പുണ്യം പോ ലെ കൃഷ്ണ വേഷത്തിന്റെ ലാസ്യം പരന്ന നാട്. ഗ്രാമം ഉണരുന്നു. രാവിലെ ഏഴു മണി, ചേലിയ കഥകളി വിദ്യാലയത്തിലേക്ക് ചിട്ടയോടെ നടന്നു പോകുന്ന കുട്ടികളെ കണ്ട് കൊയിലാണ്ടി ഉള്ളൂർക്കടവിലേക്ക്. അവിടെ രാവു പുലരും വരെയുള്ള അധ്വാനത്തിനു ശേഷം കുഞ്ഞലാത്ത് ഗംഗാധരൻ തോണി അടുപ്പിക്കുകയാണ്.

‘‘വീട്ടിൽ വിളക്ക് വയ്ക്കുമ്പോൾ പണിക്കിറങ്ങും. 14 കിലോ മീറ്ററോളം തുഴഞ്ഞ് അർധ രാത്രിയോടെ നെല്ലിയാടിയിലെത്തും. പുലർച്ചെ മൂന്നിന് മീനുമായി തിരിക്കും. വലയൊക്കെ കഴുകി ഒരു കാലിച്ചായയൊക്കെ കുടിച്ച് റെഡിയാകുമ്പഴേക്കും നേരമാകും.’’ കൊഞ്ചും ചെമ്മീനും കരിമീനും എല്ലാം കൂടി 850 രൂപയുടെ മീൻ കൊടുത്ത സന്തോഷത്തിലാണ് ഗംഗാധരൻ. ‘‘തരക്കേടില്ലാത്ത ദിവസം. ചിലപ്പോൾ ഒന്നും കിട്ടില്ല. 41 വർഷമായി പണി ചെയ്യുന്നു.വെറും കയ്യോടെ മടങ്ങിയ എത്രയോ ദിനങ്ങൾ. 1500 രൂപയുടെ വരെ മീൻ കിട്ടിയ ദിവസമുണ്ട്.. ’’

trvl_clt2

പയ്യോളിക്കും കോരപ്പുഴയ്ക്കും ഇടയിലുള്ള ഭാഗത്തെയാണ് ഉള്ളൂർ‌പ്പുഴയെന്നു വിളിക്കുന്നത്. തണ്ടാടിയും വീശു വലയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇരിമീൻ, ചിറ്റാൻ എന്നീ പേരുകളാണ് ഇവിടെ കരിമീനിന്.

‌മീനെടുക്കുന്ന ഷിബുവിന്റെ കടയുടെ ചില്ലി ൽ റോസ് കടലാസിൽ എഴുതി ഒട്ടിച്ച അറിയിപ്പ്. ‘മകളുടെ വിവാഹമാണ് – കുഞ്ഞലാത്ത് ഗംഗാധരൻ ’ ഇത് ഒരേ സമയം നാട്ടുകാർക്കുള്ള അറിയിപ്പും ക്ഷണവുമാണ്. ക്ഷണക്കത്ത് തയ്യാറാവുന്നതിനു മുന്നേയുള്ള വിവരം ധരിപ്പിക്കൽ. വേറാരും ഈ ദിവസം ചടങ്ങുകൾ വയ്ക്കാതിരിക്കാനും കൂടിയാണീ പരസ്യപ്പെടുത്തൽ. മകളെ പറഞ്ഞയക്കാൻ ഒരുങ്ങുന്ന ഗംഗാധരന് ഈ പുഴയാണ് പിഎഫും ഇഎസ്ഐയും എല്ലാം. പകൽ 11 മുതൽ 3 വരെ ഉറങ്ങി രാത്രി ഗംഗാധരൻ‌ പണിക്ക് പോകുന്നതുകൊണ്ട് അഞ്ചോളം കുടുംബങ്ങളാണ് പുലരുന്നത്. 400ഗ്രാമുള്ള കൊഞ്ച് തൂക്കി വാങ്ങിയപ്പോൾ 160 രുപയ്ക്ക് കിട്ടിയതിന്റെ ‘ആഘാതത്തിൽ’ നേരെ എളാട്ടേരിയിലേക്ക്.

പച്ചക്കുരുമുളകിട്ട ആനക്കൊഞ്ച് റോസ്റ്റ്

ചേലിയയിലെ എളാട്ടേരി കളത്തിൽ വീട്ടിലേക്ക് സുഹൃത്ത് വേണു കൂട്ടിയത് കുടുംബത്തിലൊരു വിശേഷമുണ്ട് എന്നു പറ‍ഞ്ഞായിരുന്നു. ഇളമുറക്കാരനായ ഗോകുലിന് ജോലി കിട്ടയതിന്റെ ആഘോഷത്തിലേക്കാണ് ആനക്കൊഞ്ചും കാരചെമ്മീനും മാലാനുമൊക്കെയായി കയറിച്ചെന്നത്. കൊഞ്ചിനെ കാണാനായിരുന്നു തിരക്ക്. ഗോകുലിന്റെ അമ്മ കമലേടത്തിയെ സഹായിക്കാനായി അടുത്ത ബന്ധുക്കളായ ജാനു, രാധ, സിനി , രമിന എന്നിവർ മത്സരിക്കുന്നു. കപ്പ പുഴുങ്ങിയതിനൊപ്പം മാലാൻ മുളകിട്ടത് സ്റ്റാർട്ടറായി ആദ്യമെത്തി. അപ്പോഴേക്കും കൊഞ്ച് പച്ചക്കുരുമുളകിന്റെ രുചിമേലാപ്പണിയാനുള്ള ഒരുക്കത്തിലായിരുന്നു.

കൊഞ്ചിന്റെ നീണ്ട നീലക്കാലിന്റെ കത്രിക പോലത്തെ അഗ്രം മാത്രം മുറിച്ചു നീക്കിയിട്ട് കാലുകൾ അടർത്തിയെടുത്ത് കമലേടത്തി ഭദ്രമായി മാറ്റിവച്ചു. തോടുകൾ അടത്തി രണ്ട് ഈൾ (ഈർക്കിൽ) കടത്തി ഉപ്പ്, മല്ലി, മുളക്, മഞ്ഞൾ പൊടികൾ ചേർത്ത വെള്ളത്തിൽ ഒന്നു വേവിച്ചെടുത്തു. ഈർക്കിൽ ബലപ്പെടുത്തിയതു കൊണ്ട് കൊഞ്ചും ചെമ്മീനും നട്ടെല്ലു വളയാത്തവരായി നിന്നു, കൊല്ലാം പക്ഷേ തോൽപിക്കാനാവില്ല എന്ന ഭാവത്തിൽ!

അഭിമാനത്തോടെ നിവർന്നവരെ തക്കാളിയും ഉള്ളികളും അരിഞ്ഞ് ഇഞ്ചി , പച്ചമുളക് എന്നിവ ചതച്ച് പേസ്റ്റാക്കി വഴറ്റിയ മസാലയിലേക്ക് എടുത്തു വച്ചു. വേപ്പിലയും മല്ലിച്ചപ്പും ഒടുവിലായി ചേർത്തു. എല്ലാം തനി നാട ൻ കറിക്കൂട്ടുകൾ. കൊഞ്ച് തയ്യാറാകുമ്പോൾ തന്നെ കുട്ടത്തിലെല്ലാവരുടെയും വായിൽ കപ്പലോടാൻ തുടങ്ങി. കഴിക്കണം ജീവിതത്തിലൊരിക്കലെങ്കിലും ഒറ്റയ്ക്കൊരു ആനക്കൊഞ്ചിനെ തിന്നു കഴിഞ്ഞവരൊക്കെ ആഗ്രഹിച്ചുണ്ടോ എന്നറിയില്ല, പക്ഷേ, ഞാൻ തീരുമാനിച്ചു കഴിഞ്ഞു.

വേറിട്ട ചില മീൻപിടുത്തങ്ങൾ

ഒരുവമ്മൽ താഴെ കാർത്തി മകൻ സത്യനെ ഈ ടൊരുക്കാൻ പുഴയിലേക്കു നയിക്കുന്നതു കണ്ട് അങ്ങോട്ടേക്കായി ഊണിനു ശേഷം നടത്തം. ന ടന്നു പോകാവുന്ന അകലത്തിൽ പുഴയിലൊരിടത്തു വൃത്താകൃതിയിൽ ചുള്ളിക്കമ്പുകൾ കൂട്ടിയിടും. അതിരിൽ ഓല മടലുകൾ കുത്തി കവചമൊരുക്കും. ദിവസവും രണ്ട് നേരം തീറ്റ ഇട്ട് കൊടുക്കും. കടകളിൽ നിന്നും ഒഴിവാക്കുന്ന ബ്രെഡ് ശേഖരിച്ചാണു തീറ്റയായി നൽകുന്നത്. ഈടിനു ചുറ്റും വല വിരിച്ച ശേഷം കമ്പുകൾ പുറത്തേക്കു മാറ്റും. പിന്നെ ഞണ്ടിനെ പിടിക്കുന്ന തരം വട്ടവല കൊണ്ട് മീനുകളെ കോരിയെടുക്കും. ഈടൊരുക്കിയുള്ള അമ്മയുടെയും മകന്റെയും മീൻപിടുത്തം കണ്ടശേഷം വെള്ള വലിക്കാരെ തേടി പൂതപ്പാറയിലേക്ക് നടന്നു.

പുഴയുടെ മറ്റൊരു ഭാഗത്തായി പൂതപ്പാറയിൽ ദിനകരനും മാധവനും ദാമോദരനും ഓരം ചേർന്ന് വെളളയുമായി വള്ളത്തിൽ‌ വരുകയാണ്. നീണ്ട കയറിൽ ഓരോ മുഴം ഇടവിട്ട് കെട്ടിയ കുരുത്തോലയാണ് ‘വെള്ള’ എന്ന ഇവരുടെ ആയുധം. വെളളത്തിൽ നടന്നു പോകാൻ പറ്റുന്നിടത്താണിവർ വെള്ള വലിക്കുന്നത്. ഒരാൾ കയറുമായി മുന്നോട്ട് നീങ്ങും. കയറിന്റെ മറ്റേ യറ്റവും വള്ളവുമായി രണ്ടാമൻ മറ്റൊരു ദിശയിലേക്കും. രണ്ട് വശത്തേക്കായി നീങ്ങുന്ന ഇവരുടെ ഈ മുന്നേറ്റത്തിന്റെ ചുക്കാൻ പിടിച്ച് നടക്കുന്നത് പിന്നിലെ മൂന്നാമൻ. വെള്ളത്തിൽ കുരുത്തോലയുടെ വെള്ളിത്തിളക്കം കണ്ട് ഭയന്ന് മീനുകൾ താഴേക്ക് പായും. മുന്നിൽ പോകുന്നവരുടെ കുരുത്തോല രണ്ടും പൊങ്ങിയിരിക്കും , പിന്നിൽ വരുന്നയാൾ താഴ്ത്തിപ്പിടിച്ചിരിക്കുന്ന ഭാഗത്തേക്ക് ഒളിക്കാൻ എത്തുന്ന മീനുകളൊക്കെ ചെളിയിലേക്ക് മുഖം കുത്തിയൊളിക്കും. ഇവരെ പെറുക്കിയെടുത്ത് അരയിലുറപ്പിച്ച ഓലക്കുട്ടയിൽ നിക്ഷേപിക്കുന്നതോടെ ജോലി ക ഴിഞ്ഞു. കരിമീനുകളാണ് കൂട്ടത്തോടെ വെള്ള കണ്ട് പേടിക്കുന്നവർ.

വലയിൽ കുടുങ്ങിയ ചെമ്പല്ലി

ബേപ്പൂരിലായിരുന്നു മീൻകഥ തേടി പിന്നെപ്പോയത്. വൈക്കം കാലയിന്റെ തീരത്തു നിന്നു ബേപ്പൂരിലേക്ക് സ്നേഹക്കൊട്ടാരം പണിത് കുടിയേറിയ വിഖ്യാതനായ വൈക്കം മുഹമ്മദ് ബഷീറിന്റെ നാട്. ഫാബി താത്തായുടെ കാല ശേഷം വൈലാലിൽ വീട് സ്നേഹ സ്മാരകമായി കാലത്തിനു നൽകിയ മകൻ അനീസിനെ കണ്ട് സുലൈമാനി കുടിച്ച ശേഷം പുലിമുട്ടിലേക്ക്. ചാലിയത്തും ബേപ്പൂരിലുമായി ഒരു കിലോമീറ്ററോളം കടലിലേക്ക് നീണ്ട രണ്ട് വലിയ പുലിമുട്ടുകൾ. ചൂണ്ട നീട്ടിയെറിഞ്ഞ് മീൻ പൊക്കുകയാണ് കുട്ടികൾ മുതൽ പ്രായമുള്ളവർ വരെ. സമദും സഫറും ഏരിയും ഏട്ടയുമാണ് ചൂണ്ടയിൽ പൊക്കിയെടുക്കുന്നത്. എട്ടര മുഴത്തിന്റെ വീശുവല പൂപോലെ വിടർത്തി എറിഞ്ഞു കാത്തു നിൽക്കുകയാണ് വിശ്വജിത്ത്. ഒന്നര വിരലിന്റെ തെളിഞ്ഞ കണ്ണിയുള്ള അര നമ്പർ നൂലിന്റെ വലയെന്നാണ് ഇതിനെ ക്ലാസിഫൈ ചെയ്തിരിക്കുന്നത്.

പുഴയിൽ വെട്ടിയ ചെമ്പല്ലിയെ പൊക്കിയേ അടങ്ങൂ എന്ന് ദ‍ൃഢ നിശ്ചയം മുഖത്തുണ്ട്. വലയിലെ ഇടി കയ്യിലറിയാം, അവൻ അകത്തുണ്ട്. വേട്ടക്കാരന്റെ കരുതലോടെയാണ് വല ഒതുക്കാൻ തുടങ്ങിയത്. വരുന്നില്ല, പാതി വഴിയി ൽ നിന്നു. മുരു വളർന്ന കല്ലിൽ ഉടക്കിയ വലയൊന്നു പിടിച്ചു. സുഹൃത്ത് ഷംസുവിന്റെ തോണിയിൽച്ചെന്നു നോക്കിയപ്പോഴതാ ഇയ്യക്കടിയുടെ അടുത്ത് ചെമ്പല്ലി പറ്റിക്കിടക്കുന്നു. തുകർത്തുടത്ത് വെള്ളത്തിലിറങ്ങി വലയെ മോചിപ്പിച്ചു. വീണ്ടും വലയുടെ നിയന്ത്രണം കയ്യിലാക്കി. പൊട്ടിച്ച് കടക്കാൻ സർവശ്രമവും നടത്തുന്നുണ്ട് മീൻ. ചെറുപ്പത്തിൽ അച്ഛനൊപ്പം മീൻ പിടിക്കാൻ പോയ കാലം തൊട്ടുള്ള പരിചയം ഇവിടെ കയ്യടക്കമായപ്പോൾ കുംഭം അയച്ച് വല ഒതുക്കി, ഉഗ്രനൊരു ചെമ്പല്ലിയതാ കരയിൽ. വീട്ടിലെത്തിയപ്പോൾ ഒന്നരക്കിലോയോളം പോന്ന പിടയ്ക്കുന്ന ചെമ്പല്ലിയുമായി ഭാര്യ അഡ്വ. കലാറാണി ആദ്യമൊരു സെൽഫിയെടുത്തു. പിന്നെ വറുത്തരച്ച് കറിയാക്കാൻ അടുക്കളയിലേക്ക്.

russel ചിത്രം, എഴുത്ത്- റസല്‍ ഷാഹുല്‍ (ആലപ്പുഴ സ്വദേശി.മലയാള മനോരമ പത്രത്തിൽ സീനിയർ ഫൊട്ടോഗ്രഫർ)