Thursday 08 February 2018 03:56 PM IST : By സ്വന്തം ലേഖകൻ

ഈ യാത്ര ഒരു പോരാട്ടമാണ്, നിരക്ഷരതയ്ക്കെതിരെയുള്ള ഒരു ഇന്ത്യൻ സവാരി

travel1

കാഴ്ചകൾക്കപ്പുറമുള്ള യാഥാർത്ഥ്യം തേടി യാത്രകൾ നടത്തുന്ന ചില സഞ്ചാരികളുണ്ട്. ഇന്ത്യയിലുടനീളം യാത്ര പോകുന്ന സഞ്ചാരി ഒരു കാഴ്ചക്കാരനപ്പുറം എന്തായിരിക്കണം എന്നു കാണിച്ചു തരികയാണ് സാജിദ്, ജസീൽ, ഷഹീൻ എന്നിവരുടെ ഇന്ത്യൻ യാത്ര. 15 സംസ്ഥാനങ്ങളിലൂടെ 10,000 കിലോമീറ്റർ പിന്നിട്ടത് ഇന്ത്യയിലെ നിരക്ഷരരായ 30 കോടി ജനങ്ങളിലേക്ക് ഒരു തരിയെങ്കിലും അറിവിന്റെ വെളിച്ചം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു. ‘പത്താം ക്ലാസു മുതൽ പി.ജി വരെ വിദ്യാഭ്യാസമുള്ള ഓരോ വിദ്യാർത്ഥിയും ഒരു നിരക്ഷരനെ വീതം എഴുത്തും വായനയും പഠിപ്പിച്ച് കൊടുക്കാമെങ്കിൽ വെറും ഒരു മാസം കൊണ്ട് ഭാരതത്തെ 90 ശതമാനം സാക്ഷരതയുള്ള രാജ്യമാക്കി മാറ്റാൻ സാധിക്കും എന്ന തിരിച്ചറിവാണ് യാത്രയ്ക്കു പിന്നിലെ പ്രേരകശക്തിയെന്ന്’ ഇവർ പറയുന്നു.

travel4

‘കോഴിക്കോട് എ.ഡബ്ലൂ.എച്ച് എഞ്ചിനീയറിങ് കോളേജിലാണ് ഞങ്ങൾ മൂന്നുപേരും പഠിച്ചത്. കോഴിക്കോടു തന്നെയാണ് സാജിദിന്റെ സ്വദേശം. ജസീൽ കണ്ണൂരുകാരനാണ്. കോളേജിൽ നിന്നും വിട്ട ശേഷമുള്ള കൂടി ചേരൽ ഒരു യാത്രയിലൂടെ ആകാമെന്നു വച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ ആറിനാണ് ഞങ്ങൾ മലപ്പുറത്ത് നിന്നും യാത്ര പുറപ്പെടുന്നത്. 33 ദിവസം നീണ്ട യാത്രയിൽ 15 സംസ്ഥാനങ്ങളിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും കയറി പ്രധാന അധ്യാപകരെയും, എൻ.എസ്.എസ് പ്രവർത്തകരേയും മറ്റു പാഠ്യേതര ക്ലബ് ഭാരവാഹികളെയും കണ്ട് യാത്രാ ഉദ്ദേശം പറഞ്ഞ് ബോധിപ്പിച്ചു. വിശപ്പിന്റെ വിളിയ്ക്കു മുന്നിൽ വിദ്യാഭ്യാസത്തിന്റെ രുചി വേണ്ടെന്നു തീരുമാനിച്ച ഒരു ജനതയെ നേരിട്ട് കണ്ടായിരുന്നു പിന്നീടുള്ള യാത്ര. അറിവിന്റെ വെളിച്ചം തട്ടാത്ത ഒരു ഇരുണ്ട സമൂഹത്തെ നേരിട്ട് കണ്ടത് ഉത്തർ പ്രദേശ്, ബീഹാർ യാത്രയ്ക്കിടെ ആയിരുന്നു. മലപ്പുറം സ്വദേശി ഷഹീൻ പറയുന്നു.

travel2

‘ഹോട്ടലിൽ പാത്രം കഴുകിക്കൊണ്ടിരിക്കുന്ന ഒമ്പതു വയസ്സുകാരൻ, റോഡരികിലെ തണലിൽ തന്റെ കുഞ്ഞനുജനെ ഉറക്കുന്ന പെൺകുട്ടി, തിങ്ങി നിൽക്കുന്ന ഇടിഞ്ഞുവീഴാറായ ഷീറ്റു കെട്ടിടങ്ങൾ. പൊതു ഇടങ്ങളിൽ പോലും മലമൂത്രവിസർജനം നടത്തുന്ന മനുഷ്യർ, പേരിനു പോലും സ്കൂളില്ലാത്ത ഉൾഗ്രാമങ്ങൾ...യാത്രയിലെ കാഴ്ചകൾ ഞങ്ങളുടെ ദൗത്യം ചോദ്യം ചെയ്തു തുടങ്ങി. പട്ടിണി മാറ്റാൻ നെട്ടോട്ടമോടുന്ന ജനതയുടെ ഇടയിലേക്ക് എങ്ങനെയാണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധവത്കരിക്കുക. എങ്കിലും പലരും ഞങ്ങളുടെ യാത്രോദ്ദേശത്തെ പിൻതാങ്ങി. ചിലർ പൂർണമായും നിരാശപ്പെടുത്തി.

travel3

യാത്രയ്ക്കു വേണ്ടിയുള്ള നാലുമാസത്തെ തയ്യാറെടുപ്പിനിടയിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ ഉദ്ബോധിപ്പിക്കുന്ന നോട്ടീസുകൾ ഞങ്ങൾ തയ്യാറാക്കിയിരുന്നു. 33 ദിവസം കൊണ്ട് പലയിടങ്ങളിലായി വിതരണം ചെയ്ത ആ നോട്ടീസുകൾക്കും വാക്കുകൾക്കും എത്ര നിമിഷത്തിന്റെ ആയുസ്സാണ് ഉള്ളതെന്ന് അറിയില്ല. ഞങ്ങളെ കൊണ്ട് കഴിയും വിധം നടത്തിയ ചെറിയൊരു ബോധവത്കരണത്തിന്റെ സന്തോഷവും അതിലൂടെ ആസ്വദിച്ച മനോഹരമായൊരു യാത്രയുടെ അനുഭവങ്ങളുമാണ് മടങ്ങുമ്പോൾ കൂടെയുണ്ടായിരുന്ന സമ്പത്ത്.