Thursday 08 February 2018 03:54 PM IST : By സ്വന്തം ലേഖകൻ

വേനൽ ചൂടിൽ നിന്ന് രക്ഷപ്പെടണോ? മൊയ്തീന്റെയും കാഞ്ചനമാലയുടെയും ഇരുവഴിഞ്ഞി നിങ്ങളെ കാത്തിരിക്കുന്നു! (വിഡിയോ കാണാം)

iruvazhinji

ഹൊ, വല്ലാത്തൊരു ചൂട്! - മാറുന്ന കാലാവസ്ഥയിൽ നമ്മളെല്ലാവരും ഒരുപാട് പ്രാവശ്യം ആവർത്തിക്കുന്ന വാചകമാണ്. ഈ ചൂടിൽ നിന്ന് സുഹൃത്തുക്കളെയും കൂട്ടി പ്രകൃതിയുടെ തണുപ്പിലേക്കൊരു ട്രിപ്പിട്ടാലോ?

കോഴിക്കോട് ജില്ലയിലെ അരിപ്പാറ വെള്ളച്ചാട്ടം ബെസ്റ്റാണ്. പാറക്കെട്ടുകളുടെ ഭംഗിയും പച്ചപ്പിന്റെ അഴകും വേനലിൽ വേഗം കുറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്‍റെ നുരയുന്ന ലഹരിയും ഒന്നിക്കുന്ന ഇരുവഴിഞ്ഞിപ്പുഴയുടെ കാഴ്ച. (ഈ ഇരുവഴിഞ്ഞി തന്നെയാണ് മൊയ്ദീന്റെയും കാഞ്ചനമാലയുടെയും ഇരുവഴിഞ്ഞിയായി ഒഴുകുന്നത് )

പൊള്ളുന്ന വെയിലിലും നല്ല തണുപ്പോടെ ഒഴുകിയെത്തുന്ന വെള്ളം. നീന്തിത്തുടിക്കാൻ പാകത്തിലുള്ള പാറക്കെട്ടുകൾ. പോകുന്ന വഴിക്ക് കിടിലൻ നാട്ടുരുചി ഒരുക്കുന്ന നാടൻ ഭക്ഷണ ശാലകൾ...അങ്ങനെ ഒരു ഹോളിഡേ ട്രിപ്പിന് വേണ്ടതെല്ലാം ഇവിടെയുണ്ട്. പാറക്കൂട്ടങ്ങൾക്കിടയിൽ ഊർന്നിറങ്ങിയും തണുത്ത ജലത്തിൽ ചാടിക്കുളിച്ചും വേനലിന്റെ ചൂടിനെ മറക്കാം. മലയോരത്തിന്റെ സുഖമുള്ള കാറ്റ് കൂടിയാവുമ്പോൾ കാര്യങ്ങൾ ഗ്രാന്റാവും.

ബൈക്കോ കാറോ എടുത്തു പോവുകയാണ് നല്ലത്. ബസ് സർവീസ് വളരെ പരിമിതമാണ്. കോഴിക്കോട് നഗരത്തിൽ നിന്നും മുക്കം - തിരുവമ്പാടി - പുല്ലൂരാംപാറ വഴി അരിപ്പാറ വെള്ളച്ചാട്ടത്തിലെത്താം. 45 കിലോമീറ്ററിന്റെ കാര്യമേയുള്ളു. മലപ്പുറം ഭാഗത്തു നിന്ന് വരുന്നവർക്ക് മുക്കം - കൂടരഞ്ഞി - പുല്ലൂരാംപാറ വഴിയും അരിപ്പാറയിലെത്താം.

ആവേശത്തോടെ വെള്ളത്തിലേക്കിറങ്ങുമ്പോൾ പ്രേത്യേകം ഓർക്കുക - മലവെള്ളം പെട്ടെന്നൊഴുകി എത്തുന്ന സ്ഥലമാണ്. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കരുത്. പിന്നെ പാറക്കെട്ടുകൾക്കിടയിൽ ആഴമേറിയ കുഴികളുണ്ട്. അതിലേക്കിറങ്ങരുത്. അല്ലാതെ തന്നെ നീന്തിത്തുടിക്കാൻ ആവോളം ഇടമുണ്ടല്ലോ...