Thursday 08 February 2018 03:22 PM IST : By നിയാസ് കരീം

കുന്ദംകുളത്ത് നിന്ന് ഭൂട്ടാനിലേക്ക് കാറിൽ

bhutan_main അലന്‍ ജഫ്രി, മനു കൃഷ്ണന്‍, മനൂപ് ചന്ദ്രന്‍ എന്നിവര്‍

എൻ.ആർ.ഐ ക്വോട്ട പോലുള്ള കുറുക്കുവഴികളിലൂടെ തരപ്പെടുത്തിയെടുക്കുന്ന എം.ബി.ബി.എസ് അഡ്മിഷൻ പോലെയാണ് ചില യാത്രകൾ. പാകമല്ലാത്ത സീറ്റുകളിലേക്ക് ചിലർ മാനത്തുനിന്ന് പൊട്ടിവീഴുമ്പോൾ വേറെ ചിലർ നൂറു ശതമാനം മെറിറ്റടിസ്ഥാനത്തിൽ തങ്ങളുടെ സീറ്റുകൾ സ്വയം സൃഷ്ടിച്ച് യാത്ര ചെയ്യുന്നു. പുതിയ കാലനിഘണ്ടുവനുസരിച്ച് ഇത്തരം ഉദ്യമങ്ങളെ ഡു ഇറ്റ് യുവർസെൽഫ് (DIY -Do It Yourself) യാത്രകൾ എന്നു വിളിക്കാം. അങ്ങനെയൊരു യാത്രയുടെ കഥയാണിത്. ഈ യാത്രയുടെ ഫ്ളാഗ് ഒാഫ് കുന്ദംകുളത്ത് തുടങ്ങുന്നു..


The Crew


പെട്ടെന്നൊരു ദിവസം ഒന്നിച്ചുകൂടിയവരല്ല, വർഷങ്ങളായി പരസ്പരം ഉള്ളറിയുന്ന മൂന്ന് കൂട്ടുകാർ. സിവിൽ എൻജിനീയറായ മനു കൃഷ്ണൻ, പ്രഫഷനൽ ഫൊട്ടോഗ്രഫർമാരായ അലൻ ജെഫ്രി, മനൂപ് ചന്ദ്രൻ. മൂവരും ചെറുപ്പക്കാർ, അവിവാഹിതർ. തരംകിട്ടുമ്പോഴൊക്കെ ബൈക്കിൽ നാടും കാടും താണ്ടിയിരുന്നവർ. ഒറ്റദിവസത്തിൽ പിച്ചവച്ചിരുന്ന യാത്രകൾ വളർന്നുവളർന്ന് ലേ–ല‍‍‍‍ഡാക്ക് വരെയെത്തി. പിന്നിട്ടതിനേക്കാൾ നീളവും ആഴവും പരപ്പുമേറിയതാവണം അടുത്ത യാത്ര എന്ന ചിന്തയാണ് വ്യത്യസ്തമായ ഒരു ലക്ഷ്യത്തിലേക്ക് അവരെയെത്തിച്ചത്. സിനിമയിലെ അശോകേട്ടൻ എന്ന അക്കോസോട്ടോയ്ക്ക് ഉണ്ണിക്കുട്ടൻ റിംപോച്ചെ എന്ന പോലെ കുന്ദംകുളത്തെ കൂട്ടുകാർക്ക് വെളിപാടുപോലെ വീണുകിട്ടിയ ആ ലക്ഷ്യമായിരുന്നു ഭൂട്ടാൻ.


The Destination


ഇരുകയ്യും വീർപ്പിച്ച് നെഞ്ചുവിരിച്ചുനിൽക്കുന്ന മസിൽമാനായി ഇന്ത്യയുടെ മാപ്പിനെ സങ്കല്പിച്ചാൽ ‘അദ്ദേഹ’ത്തിന്റെ വലത്തേ ബൈസെപ്സിന്റെ ചെറിയൊരു ഭാഗമേ വരൂ ഭൂട്ടാൻ! ചെറുതെങ്കിലും പല കാര്യങ്ങളിലും ഹിമാലയം പോലെ ഉയരമുള്ള നാട്. രാജ്യത്തിന്റെ 60 ശതമാനം വനമായി നിലനിർത്തണമെന്ന് ഭരണഘടനയിൽ എഴുതിച്ചേർത്ത, 72 ശതമാനം വനമായി നിലനിർത്തിപ്പോരുന്ന നാട്.
രാജ്യത്തിന്റെ മൊത്ത ഉല്പാദനത്തേക്കാൾ (Gross National Product) ആ ളോഹരി ആനന്ദത്തിന് (Gross National Happiness) പ്രാധാന്യം കൊടുക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഭൂട്ടാൻ. 2006–ൽ നടന്ന ഒരു രാജ്യാന്തര സർവേയനുസരിച്ച് ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള രാജ്യം.
ഹിമാലയത്തിന്റെ കിഴക്കേ അറ്റത്തുള്ള ഭൂട്ടാൻ ചൈനയുമായും ഇന്ത്യയുമായും അതിർത്തി പങ്കിടുന്നു. സിക്കിം, അസ്സം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയുമായുള്ള അതിർത്തികൾ. ഭൂമിശാസ്ത്രം, ചരിത്രം, സംസ്കാരം എന്നിവയിലെല്ലാം അ വർക്ക് അതിർത്തികളില്ലാത്ത ബന്ധമുള്ളതും ഇന്ത്യയോടുതന്നെ.

bhutan03


The Drive


എന്തിന് ഭൂട്ടാൻ എന്നല്ല, എങ്ങനെ ഭൂട്ടാൻ എന്നതാണ് സൂഹ‍‍ൃത്തുക്കൾ ചർച്ച ചെയ്തത്. ‘യാത്രകളിൽ എവിടെ എത്തുന്നു എന്നതിനേക്കാൾ പ്രധാനം യാത്ര ചെയ്യുക എന്നതു തന്നെയാണ്’ എന്ന ബുദ്ധന്റെ വാക്കുകൾ ബുദ്ധമതക്കാരുടെ നാട്ടിലേക്കുള്ള യാത്രയിലും അവർക്കു വഴികാട്ടാനെത്തി. യാത്രയുടെ ‘ഫീൽ’ ഏറ്റവും നന്നായി കിട്ടുക റോഡ് മാർഗമുള്ള സഞ്ചാരത്തിലാണെന്ന് നേരത്തേ അവർ തിരിച്ചറിഞ്ഞിരുന്നു.
മനുവിന്റെ ഫോർഡ് ഫിഗോ. അതായിരുന്നു യാത്രയ്ക്കുള്ള വാഹനം. പിന്നിടേണ്ട ദൂരം ഏകദേശം 9,000 കിലോമീറ്റർ. കടന്നു പോകേണ്ടത് ഏഴുസംസ്ഥാനങ്ങൾ. യാത്രാസമയം പരമാവധി 25 ദിവസം. തയാറെടുപ്പുകൾ നേരത്തേ തുടങ്ങി.
അതിനിടെ മൂവർസംഘത്തിലേക്ക് സുഹൃത്തും വ ഴികാട്ടിയുമായി സാക്ഷാൽ ‘ഗൂഗിൾ’ എത്തി. ഭൂട്ടാന്റെ വിവരങ്ങൾ ഗൂഗിൾ ചെയ്തും വിവിധ ട്രാവൽ ബ്ലോഗുകളുടെ സഹായം തേടിയും ഏറെക്കുറെ ‘ഡാറ്റ’ സംഘടിപ്പിച്ചു. കാറിൽ ഒരു ജിപിഎസ് ഉപകരണം ( GPS devise), ഫോണിൽ ഗൂഗിൾ മാപ്പ്, വിരൽത്തുമ്പിൽ ഇന്റർനെറ്റ് ഭഗവാൻ എന്നിവയുടെ സഹായത്തോടെ അവർ യാത്ര തിരിച്ചു.

bhutan05


സ്റ്റിക്കറുകളൊട്ടിച്ച് കസ്റ്റമൈസ് ചെയ്ത വണ്ടി. ക്യാമറ, ലെൻസുകൾ, അത്യാവശ്യം വേണ്ട ഡ്രസ് – ഇതായിരുന്നു ലഗേജ്. ആദ്യ മൂന്നു ദിവസം ശരാശരി 900 കിലോമീറ്റർ വീതവും പിന്നീടുള്ള ദിവസങ്ങളിൽ 200 കിലോമീറ്റർ വീതവും ഡ്രൈവ് ചെയ്യുക. ഇന്ത്യയിൽ ഒാംഗോൾ (ആന്ധ്ര), ഭുവനേശ്വർ (ഒറീസ്സ), മാൾഡ (വെസ്റ്റ് ബംഗാൾ), ഡാർജിലിംഗ് (വെസ്റ്റ് ബംഗാൾ), ഗാങ്ടോക്ക് (സിക്കിം), ജയ്ഗോൺ (വെസ്റ്റ് ബംഗാൾ) എന്നിവിടങ്ങളിൽ രാത്രി വിശ്രമം. പകൽ രണ്ടുപേർ മാറിമാറി ഡ്രൈവ് ചെയ്യുമ്പോൾ പിന്നിലെ ആൾ വിശ്രമിക്കുക – ഇതായിരുന്നു  ട്രാവൽ പ്ലാൻ.

bhutan08


പ്ലാനനുസരിച്ച് ആദ്യ ദിവസം ഒാംഗോളിലും രണ്ടാം ദിവസം വിശാഖപട്ടണം വഴി ഒറീസ്സയിലെ ഭുവനേശ്വറിലുമെത്തി. ഒറീസ്സയിൽനിന്ന് മാൾഡയിലേക്കുള്ള റൂട്ടിൽ ജിപിഎസ് നിർദേശപ്രകാരം വഴിമാറ്റി. ചെന്നൈ–കൊൽക്കത്ത പ്രധാന ഹൈവേ വിട്ട് ബംഗാളിലെ ചാണകം മെഴുകിയ ചെറിയ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന സ്റ്റേറ്റ് ഹൈവേ. ചെറിയ റോഡ്. വഴിനിറയെ ആളുകൾ, ബ്ലോക്ക്, ഇടയ്ക്കിടെ പൊലീസ് ചെക്കിങ്.
ബിഹാർ അതിർത്തിയിലൂടെ റായ്ഗഞ്ചിലേക്കുള്ള യാത്രയിൽ ആയുധമേന്തിയ നാട്ടുകാർ തൊട്ടുമുന്നിലുണ്ടായിരുന്ന വണ്ടിയെ ആക്രമിച്ചു. ബസുകള്‍ അടക്കമുള്ള വാഹനങ്ങൾ നിർത്തിച്ച് മുഴുവൻ യാത്രക്കാരെയും  ഇറക്കിവിട്ടു. കാരണം മാത്രം പിടികിട്ടിയില്ല, ആരോടും ചോദിച്ചതുമില്ല. അല്ലെങ്കിലും ചോദിച്ചുവാങ്ങുന്ന തല്ലുകൾ ഇത്തരം യാത്രകൾക്ക് ചേർന്നതല്ലല്ലോ!  


കേരളം ഒരറുപതുവർഷം പിന്നോട്ടുപോയാൽ എങ്ങനെയിരിക്കും, അ തുപോലെയായിരുന്നു വഴിയിൽ കണ്ട ബംഗാൾ ഗ്രാമങ്ങൾ. സിനിമയിലെ ഫ്ലാഷ്ബാക്ക് പോലെ തോന്നിച്ച ആ ദൃശ്യങ്ങൾ നിറയെ സൈക്കിളും കാളവണ്ടികളും. സ്റ്റിക്കറൊട്ടിച്ച കാറും അതിനുള്ളിലെ ജിപിഎസ്, ക്യാമറ, ലെൻസുകൾ എന്നീ ‘കുന്ത്രാണ്ട’ങ്ങളുമൊക്കെ പല ഗ്രാമവാസികളും വാ തുറന്നു പുറത്തുചാടിയ അദ്ഭുതത്തോടെ നോക്കിനിന്നു!  


ഡാർജിലിങ് ഹിൽസ്റ്റേഷന്റെ ഭംഗി ആസ്വദിക്കാൻ പലപ്പോഴും റോഡുകൾ സമ്മതിച്ചില്ല. രണ്ടു വണ്ടി കഷ്ടിച്ച് കടന്നുപോകുന്ന റോഡുകൾ. ഒരുവശത്ത് നിറയെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു. വഴിയിലൊരിടത്ത് പൊലീസ് പാഞ്ഞുവന്ന് വണ്ടി നീക്കിയിടാൻ പറഞ്ഞു. നോക്കുമ്പോൾ കാറിന്റെ പിൻചക്രം റോഡരികിലെ ബ്രോഡ്ഗേജ് പാളത്തിൽ! ഒരുതരത്തിൽ കാർ മാറ്റിയപ്പോഴേക്കും ചൂളം വിളിച്ച് ട്രെയിൻ കടന്നുപോയി. പിന്നെയും കുറേനേരം കഴിഞ്ഞാണു മനസ്സിന്റെ കുലുക്കം വിട്ടുമാറിയത്!
ഗാങ്ടോക്കിലെത്തിയപ്പോൾ കാർ സർവീസിനുകൊടുത്ത് ജീപ്പിൽ നാഥുലാ പാസിലേക്ക്. ഇന്ത്യ–ടിബറ്റ് ബോർഡറായ അവിടം സമുദ്രനിരപ്പിൽനിന്നും 14,000 അടി ഉയരെയാണ്. പട്ടാളക്കാരുടെ കീഴിലുള്ള പ്രദേശം. തണുപ്പ് പൂജ്യത്തിനും താഴെയായതിനാൽ പത്തുമിനിറ്റുപോലും നിൽക്കാനായില്ല.
വരുന്നവഴിക്ക് ബാബ ഹർഭജൻ സിങ്ങിന്റെ ആശ്രമത്തിൽ കയറി. മുമ്പെങ്ങോ മരിച്ച ഹർഭജൻ സിങ് എന്ന പട്ടാളക്കാരന്റെ ആത്മാവ് ഇന്നും മലമുകളിലെ പട്ടാളക്കാരെ കാത്തുരക്ഷിക്കുന്നു എന്നാണ് ആ നാട്ടുകാരുടെ വിശ്വാസം. അല്ലെങ്കിലും ഉറ്റവർ ഒപ്പമില്ലാതെ മരവിച്ച മലമുകളിൽ ഒറ്റപ്പെട്ടുകഴിയുന്നവർക്ക് ഉടയവരായെത്തുന്നത് ഇത്തരം ചില വിശ്വാസങ്ങളാണല്ലോ!     

bhutan04


Entry to Bhutan


ഏഴാം ദിവസം ഗാങ്ടോക്കിൽനിന്ന് ഇന്ത്യ–ഭൂട്ടാൻ അതിർത്തിയ പശ്ചിമ ബംഗാളിലെ ജയ്ഗോണിലെത്തി. അന്നുരാത്രി അവിടെ തങ്ങി. പിറ്റേന്നു രാവിലെ അതിർത്തിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂട്ടാനിലേക്കു കടക്കണം.
സഞ്ചാരികളെ നിയന്ത്രിക്കാനായി വിദേശികൾക്ക് കനത്ത ഫീസ് ഈ ടാക്കുന്ന ഭൂട്ടാനിൽ ഇന്ത്യക്കാർക്ക് പ്രവേശനം സൗജന്യമാണ്. ഭൂട്ടാനിൽ ഇന്ത്യൻ കറൻസി എടുക്കുമെങ്കിലും 500, 1000 നോട്ടുകൾ സ്വീകരിക്കാറില്ല. നേപ്പാളിലും ഭൂട്ടാനിലും നമ്മുടെ വീസ കാർഡുകളൊന്നും ഉപയോഗിക്കാനാവില്ലെന്ന് നേരത്തേതന്നെ മനസ്സിലാക്കിയിരുന്നു. (ഇക്കാര്യം എല്ലാ വീസ കാർഡുകൾക്കു പിന്നിലും എഴുതിവച്ചിട്ടുമുണ്ട്.)
അതിർത്തിയിലെത്തും മുമ്പേ ഭൂട്ടാന്റെ മാപ്പ് ഗൂഗിൾ മാപ്പ്സിൽ നിന്നും പണം കൊടുത്തുവാങ്ങിയിരുന്നു. പിറ്റേന്നു രാവിലെ ഭൂട്ടാനിലെ അതിർത്തിപട്ടണമായ ഫുയെന്റ്ഷോളിങ്ങിലെ (Phunetsholing) എമിഗ്രേഷൻ ഒാഫിസിൽ ചെന്ന് വണ്ടിക്കും ‍ഡ്രൈവർക്കുമുള്ള പെർമിറ്റ് എടുത്തു. ഏഴു ദിവസത്തേക്കുള്ള പെർമിറ്റ് ആണ് ലഭിക്കുക. തലസ്ഥാനമായ തിംബു (Thimphu), പാറോ (Paro) എന്നിവിടങ്ങളിൽ പോകാൻ മാത്രമേ അനുവാദമുള്ളൂ. ആവശ്യമെങ്കിൽ തിംബുവിൽ ചെന്ന് പെർമിറ്റ് നീട്ടാം.
എമിഗ്രേഷൻ നടപടികൾ അര മണിക്കൂറിനകം പൂർത്തിയാക്കി ഭൂട്ടാനിലെ സിം കാർഡുകൾ എടുത്ത് യാത്ര തുടർന്നു. സ്വർഗത്തിലേക്കുള്ള പാതപോലെ മുന്നിൽ‍ വിശാലമായ ഭൂട്ടാൻ ഹൈവേ.

bhutan01


The Great Bhutanese Experience


വായിച്ചറിഞ്ഞ ഭൂട്ടാനേക്കാൾ മനോഹരമാണ് അനുഭവങ്ങളിലെ ഭൂട്ടാൻ എന്ന് വൈകാതെ തിരിച്ചറിഞ്ഞു. വണ്ടിയോടിക്കാൻ ഏറെ സുഖമുള്ള മികച്ച റോ‍‍ഡ്. ഹോണടി ഇല്ലേയില്ല. ഒരു വണ്ടിയുടെ പിന്നിൽ രണ്ടു മിനിറ്റ് പോയാൽ മതി, ഉടൻ ലെഫ്റ്റ് ഇൻഡിക്കേറ്റർ ഇട്ട് ആ വണ്ടി ഒതുക്കിത്തരും. കടന്നുപോകുമ്പോൾ നന്ദിസൂചകമായി ഒരു ‘ഹാഫ് ഹോൺ’ പരസ്പരം കൈമാറും. തിരക്കൊഴിഞ്ഞ റോഡിൽ അനുവദിച്ചയിടങ്ങളിൽമാത്രം പാർക്കിങ്. ഹൈവേകളിൽ യു ടേൺ ഇല്ല.
അതിഥികളെ ഏറ്റവും നന്നായി സൽക്കരിക്കുക എന്നതാണ് ഭൂട്ടാൻകാരുടെ രീതി. ഒരിക്കല്‍ പരിചയപ്പെട്ടയാളെ പിന്നീട് എവിടെവച്ച് കണ്ടാലും വണ്ടി നിർത്തി പരിചയം പുതുക്കും. എത്ര വിലപിടിപ്പുള്ള ബാഗും ഏതു കടയിലും വിശ്വസിച്ചേൽപ്പിക്കാം. പൊതുവേ പ്രസന്നരായ ജനങ്ങൾ.
പാറോ (Paro), തിംപു (Thimphu), പുനക (Punakha), പോബ്ജിക (Phobjika), ജകാർ(Jakar), മോങ്ഗാർ (Mongar) എന്നിവിടങ്ങളിലായി ആകെ എട്ടു ദിവസം ഭൂട്ടാനിൽ. വണ്ടിയോടിച്ച ദൂരം ഏതാണ്ട് 3,000 കിലോമീറ്റർ. ഇതിനിടെ ഒരിക്കൽ മാത്രമാണ് പോലീസ് ചെക്കിങ് ഉണ്ടായത്. കാറിന്റെ രേഖകൾ പരിശോധിച്ചശേഷം യാത്ര വൈകിച്ചതിന് പൊലീസ് മാപ്പു ചോദിച്ചു. ഒരു ചെക്ക് പോസ്റ്റിലെ പൊലീസുകാരനോട് കേരളത്തിൽനിന്നാണെന്നു പറ‍ഞ്ഞപ്പോൾ അയാൾ ഭൂട്ടാനീസ് ചുവയിൽ ‘തിത്തിത്താരാ തിത്തിത്തൈ’ എന്ന വഞ്ചിപ്പാട്ടിന്റെ വരികൾ ചിരിച്ചുകൊണ്ട് പാടി!

bhutan02


ടൈഗേഴ്സ് നെസ്റ്റ്  എന്നറിയപ്പെടുന്ന കുന്നിനുമുകളിലെ ബുദ്ധക്ഷേത്രമാണ് പാരോയിലെ പ്രധാന ആകർഷണം. രണ്ടരമണിക്കൂറിലേറെ നടന്നുവേണം മുകളിലെത്താൻ. ലോകത്തിലെവിടെയും മലയാളിയുണ്ടെന്ന ചൊല്ലിനെ ശരിവച്ചുകൊണ്ട് അവിടെവച്ച് മുംബൈയിൽനിന്നുള്ള ഒരു മലയാളി കുടുംബത്തെ കണ്ടുമുട്ടി.
നാഷനൽ മ്യൂസിയം ഒാഫ് ഭൂട്ടാൻ, ദേശീയമ‍ൃഗമായ ടാക്കിനെ (Takin) സംരക്ഷിക്കുന്ന റിസർവ് വനം, 169 അടി ഉയരത്തിൽ, ഒരു ലക്ഷം ബുദ്ധപ്രതിമകളെ അടക്കം ചെയ്തുകൊണ്ട് ലോകാദ്ഭുതങ്ങളിലൊന്നാവാൻ പണിതുയർത്തുന്ന ബുദ്ധ ഡോർ‍‍‍ഡെൻമ (Buddha Dordenma) എന്ന കൂറ്റൻ ബുദ്ധപ്രതിമ തുടങ്ങിയവയാണ് പാറോയിലെ പ്രധാന കാഴ്ചകൾ.
പാറോയിൽ രണ്ടു ദിവസം പിന്നിട്ട് മൂന്നാം ദിവസം തലസ്ഥാനമായ തിംബുവിലെത്തി. എറണാകുളത്തിന്റെയത്ര പോലുമില്ലാത്ത ചെറിയൊരു പട്ടണമാണ് തിംബു. പെർമിറ്റ് നീട്ടിക്കിട്ടുന്നതിനായി ഏതാണ്ട് മൂന്നു മണിക്കൂറെടുത്തു. എത്ര ദിവസം തങ്ങും, എവിടെയൊക്കെ പോകും, യാത്രയുടെ ലക്ഷ്യം തുടങ്ങിയ വിവരങ്ങളൊക്കെ ക‍ൃത്യമായി എഴുതിക്കൊടുക്കണം.  


14 ദിവസം കൂട്ടി വാങ്ങി നേെര പുനക (Punakha)യിലേക്ക്. ഭൂട്ടാനിലെ ഏറ്റവും വലിയ ബുദ്ധവിഹാരമായ പുനക സോങ് (Punakha Tzong) അവിടെയാണ്.
ആലിപ്പഴം പൊഴിയുന്ന പാതയിലൂടെ സ്വപ്നതുല്യമായ ഡ്രൈവ്! ഭൂട്ടാനിലെ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഫോബ്ജിക്ക എന്ന സ്ഥലത്താണ് അടുത്ത ദിവസം തങ്ങിയത്. അവിടേക്കുള്ള വഴിയിൽ വിചിത്രമായ ഒരനുഭവമുണ്ടായി.

bhutan06


വിജനമായ മലയോരപാതയിൽ പ്രാക‍ൃതവേഷം ധരിച്ച ഒരാൾ കാറിനു കൈകാട്ടി. മനസ്സറിയാതെ മനു ബ്രേക്ക് ചെയ്തതും അയാൾ അകത്തുകയറി.
തുടർന്ന് കാറിലെ അപരിചിതരോട് തനിക്കു മാത്രം മനസ്സിലാകുന്ന ഭാഷയിൽ അയാൾ നിർത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു. കരയണോ ചിരിക്കണോ അതോ പേടിക്കണോ എന്നു പകച്ചുപോയ നിമിഷങ്ങൾ.


ഒരു മണിക്കൂറിനുശേഷം അയാൾക്കിറങ്ങേണ്ട സ്ഥലമെത്തി. ഇറങ്ങാൻ നേരം ഫോബ്ജിക്കയിലേക്കുള്ള വഴി ചോദിച്ചു. ഗൂഗിൾ മാപ്പ് കാട്ടിത്തന്നതിനു നേരെ എതിര‍്‍ദിശയിലേക്ക് അയാൾ കൈചൂണ്ടി. രണ്ടും കൽപിച്ച് ആ വഴിക്കുവിട്ടു. ഫോബ്ജിക്കയിൽ തങ്ങാനുറപ്പിച്ച ഹോട്ടലിനുമുന്നിൽ ക‍ൃത്യമായെത്തി!
കറന്റ് പോലുമില്ലാത്ത, വൃത്തിയുള്ള ഹോട്ടൽ–ഹോംസ്റ്റേകളിൽ. കാട്, മല, വെള്ളച്ചാട്ടം, പക്ഷികൾ, കളങ്കമില്ലാത്ത ഗ്രാമീണർ, ബുദ്ധവിഹാരങ്ങൾ തുടങ്ങി ഹൃദ്യമായ കാഴ്ചകൾക്കും അനുഭവങ്ങൾക്കും ശേഷം Samudra Jongar എന്ന മറ്റൊരു അതിർത്തിവഴി ഇന്ത്യയിലേക്ക്. ഭൂട്ടാൻ അകമഴിഞ്ഞു നൽകിയ ശുദ്ധവായുവിനും പരിശുദ്ധമായ ഒാർമകൾക്കും വിട!


Road Home


അതിർത്തി കഴി‍ഞ്ഞിട്ടും മനസ്സ് ഭൂട്ടാനിൽത്തന്നെയായിരുന്നു. അടുത്ത രണ്ടു ദിവസങ്ങൾ മാൾഡ, പുരി എന്നിവിടങ്ങളിൽ തങ്ങി. ന ക്സൽ ഭീഷണിയുള്ള പല ഗ്രാമങ്ങളും ഭീതിയോടെ പിന്നിട്ടു. ‘നീലാകാശം പച്ചക്കടൽ’ സിനിമയിലെ ബീച്ചുകളും ചരിത്രമൊളിപ്പിച്ച കൊണാർക്ക് സൂര്യക്ഷേത്രവും തൃശൂർപൂരത്തിന്റെ തിരക്കുള്ള ജഗന്നാഥക്ഷേത്രവുമൊക്കെ കൺനിറയെകണ്ട് മൂന്നാം ദിവസം ആന്ധ്രയിലെ ഒാംഗോളിലേക്ക്. അവിടെ ഒന്നും കാണാനില്ലാത്തതുകൊണ്ടും വീടിന്റെ വിളി തടുക്കാനാവാഞ്ഞതുകൊണ്ടും ഒാംഗോളിൽനിന്നും നേരെ കുന്ദംകുളത്തേക്ക് വണ്ടിവിട്ടു. തുടർച്ചയായി 2,000 കിലോമീറ്റർ ഡ്രൈവ്. 32 മണിക്കൂറിൽ പുരിയിൽനിന്ന് കുന്ദംകുളത്തേക്ക്! ഭൂട്ടാനിലുടനീളം വിശ്രമിച്ച ഹോണിന് ഇന്ത്യയിൽ അറിഞ്ഞധ്വാനിക്കേണ്ടിവന്നു.


ഒാരോ ഡ്രൈവ് അവസാനിക്കുന്നിടത്തു നിന്ന് അടുത്ത യാത്ര തുടങ്ങും. കാതങ്ങളേറെ താണ്ടുന്ന റോഡുകൾ മനുവിനെയും മനൂപിനെയും അലനെയും ഏറെ മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഉടൽനിറയെ നിറങ്ങളും മരുഭൂമിയും കൊട്ടാരങ്ങളും കാട്ടിക്കൊതിപ്പിച്ച് രാജസ്ഥാൻ അവരെ വിളിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. അടുത്ത ഡ്രൈവ് മിക്കവാറും അങ്ങോട്ടാകും...