Thursday 08 February 2018 03:47 PM IST : By സ്വന്തം ലേഖകൻ

കാടാണ് കണ്ണുപോലെ കാക്കാം; മനോരമ ട്രാവലർ ‘നേച്ചർ ആൻഡ് വൈൽഡ് സ്പെഷൽ’

manorama_traveller

വേനൽ നാടിനെ കരിച്ചുണക്കി തുടങ്ങി. കുന്നുകളും മരങ്ങളും നീർത്തടങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നാടുറക്കെ ചിന്തിക്കേണ്ട സമയം. പ്രകൃതി നമുക്ക് സമ്മാനിച്ച പച്ചപ്പും നമ്മളെപ്പോലെ ഭൂമിയുടെ അവകാശികളായ ജീവജാലങ്ങളെയും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും നമ്മൾ തിരിച്ചറിയണം. ആ ഒരു ലക്ഷ്യത്തോടെയാണ് ഈ ലക്കം മനോരമ ട്രാവലർ ‘നേച്ചർ ആൻഡ് വൈൽഡ് സ്പെഷൽ’ ആയി അവതരിപ്പിക്കുന്നത്.

‘കാവ് തീണ്ടരുത്, കുളം വറ്റും’ എന്ന പഴമൊഴി ഒരു ദുരന്തസത്യമായി നമുക്ക് മുമ്പിൽ തെളിയുകയാണ്. വാശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമപ്പുറം ഒരു നാടിന്റെ കാലാവസ്ഥയെ നിർണയിക്കുന്ന റഗുലേറ്ററുകളാണ് കാവുകൾ. കഥകളും കാഴ്ചകളും ഒരുപാട് ഉള്ളിലൊളിപ്പിക്കുന്ന കാവുകൾ നമ്മുടെ സഞ്ചാരലക്ഷ്യങ്ങളാകണം. അവയുടെ സംരക്ഷണത്തിനും നിലനിൽപ്പിനും അത്തരമൊരു ജനശ്രദ്ധ ആവശ്യമാണ്. എന്നാലതു കാവുകളുടെ വിശുദ്ധിയും അവിടുള്ള ആചാരങ്ങളും സംരക്ഷിച്ചു കൊണ്ടാവണം. ഉത്തരവാദിത്ത ടൂറിസം വികസനത്തിൽ കാവുകളെക്കൂടി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് കണ്ണൂരെ മാടായിക്കാവിന്റെയും ചാമക്കാവിന്റെയും കഥ നേച്ചർ ആൻഡ് വൈൽഡ് സ്പെഷലിലുൾപ്പെടുത്തിയത്.

പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ നിഷ പുരുഷോത്തമൻ പങ്കുവയ്ക്കുന്ന കാടിന്റെ അനുഭവങ്ങൾ, ഇന്ത്യയിലെ ആദ്യത്തെ കടുവ സംരക്ഷണ കേന്ദ്രമായ ജിം കോർബറ്റിലെ സഫാരി, മലപ്പുറം ജില്ലയിലെ കടലുണ്ടിയിലെ കണ്ടൽവന ടൂർ, പക്ഷികൾ വിരുന്നു വരുന്ന തൃശൂരെ പാലക്കൽ, മൂന്നാറിലെ ആനവിശേഷങ്ങളുമായി ഫോട്ടോ ഫീച്ചർ തുടങ്ങി സഞ്ചാരലോകത്തെ പ്രകൃതി വൈവിധ്യങ്ങൾ വായനക്കാർക്ക് സമ്മാനിക്കുകയാണ് ഈ ലക്കം ‘നേച്ചർ ആൻഡ് വൈൽഡ് സ്പെഷൽ’.

ലക്ഷക്കണക്കിനു കടൽ കാഴ്ചകൾ ചിപ്പിക്കുള്ളിൽ ഒളിപ്പിക്കുന്ന ലക്ഷദ്വീപുകളിലെ കൽപേനി, മിനിക്കോയി ദ്വീപുകളിലെ കൗതുകങ്ങൾ, ബുള്ളറ്റിൽ ഒറ്റയ്ക്ക് ഇന്ത്യ ചുറ്റിക്കറങ്ങുന്ന പ്രവീണ, മുംബൈയുടെ ഊട്ടി എന്നു വിശേഷിപ്പിക്കുന്ന മതേരൻ കുന്നിലേക്ക് ഒരു യാത്ര, അധികമാരുമറിയാത്ത ചൈനയുടെ ചുവപ്പൻ വിശേഷമാണ് ‘പാൻജിൻ ഡെൽറ്റ’, വിയന്നയിലെ കാഴ്ചക്കുറിപ്പുകൾ, കൊച്ചി മുസ്സരിസ്സ് ബിനാല, റായലസീമയുടെ തനത് ആന്ധ്ര രുചികൾ, പാലക്കാടിന്റെ മീൻകഥകൾ തുടങ്ങിയ അക്ഷരക്കാഴ്ചകളുമായാണ് മനോരമ ട്രാവലർ ‘നേച്ചർ ആൻഡ് വൈൽഡ് സ്പെഷൽ’ വായനക്കാരിലേക്ക് എത്തുന്നത്.