Thursday 08 February 2018 03:28 PM IST : By ഷംനാദ് ഷാജഹാന്‍

പുള്ളിച്ചുണ്ടൻ വിരുന്നെത്തുന്ന നാട് കാണാം; കൊക്കെരെ ബെല്ലൂർ, രംഗനതിട്ടു

ranga1 Text | Photo : Shamnadh Shajahan

പക്ഷികൾ ഐശ്വര്യം കൊണ്ടു വരുന്നു എന്ന വിശ്വാസവുമായി ഒരു ഗ്രാമം. കർണാടകയിലെ കൊക്കെരെ ബെല്ലൂർ. പക്ഷിനിരീക്ഷകരുടെയും പക്ഷിസ്നേഹികളുടെയും തീർഥാടനകേന്ദ്രമാണ് ഈ ഗ്രാമവും രംഗനതിട്ടു പക്ഷി സങ്കേതവും...

വെളുപ്പു കലർന്ന തവിട്ടു നിറം. നീണ്ടു മെലിഞ്ഞ കഴുത്ത്. നാടൻ താറാവിന്റേതിനോടു സാമ്യമുള്ള ഉൗതി വീർപ്പിച്ച ശരീരം. അൽപ്പം വലുതെങ്കിലും താറാവിന്റേതു പോലെ തന്നെ കാലുകൾ. നീണ്ടു പരന്ന കൊക്ക്. അതിൽ കല്ലു കൊത്തിയതുപോലെ പുള്ളികൾ. അതും ഒറ്റ വരി മാത്രം. സുറുമ എഴുതിയ നിഷ്കളങ്കമായ മിഴികൾ. ചില ന്യൂ ജനറേഷൻ ഡൂഡ്സിനെ പോലെ തലയിലെ തൂവലുകൾ "സ്പൈക്" ചെയ്തിരിക്കുന്നു! മൊത്തത്തിൽ ആ രൂപത്തിനൊത്തൊരു ഒരു പേരും, പുള്ളിച്ചുണ്ടൻ കൊതുംബനം (Spot-billed Pelican).

ഏതൊരു പക്ഷി പ്രേമിയെയും പോലെ ഈ കിളിയെ കാണാൻ വേണ്ടി മാത്രം നടത്തിയ യാത്രകളേറെ. ആദ്യമായി ‘കൊക്കെരെ ബെല്ലൂർ’ എന്ന പേരു കേൾക്കുന്നത് പുള്ളിച്ചുണ്ടൻ കൊതുംബനത്തെ തേടി കബനീ നദീതീരത്തേക്കു നടത്തിയ യാത്രയ്ക്കിടയിൽ വച്ചാണ്. കൊക്കെരെ ബെല്ലൂർ എന്നാൽ വർണകൊക്കുകളുടെ നാട് എന്നാണർഥം. തങ്ങളുടെ നാടു തേടി വിരുന്നെത്തുന്ന പക്ഷികൾക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ഒരു ഗ്രാമം..! കർണാടകയിൽ മാണ്ടിയ ജില്ലയില്‍ മദൂറിനടുത്തേക്കാണ് ഞങ്ങളുടെ യാത്ര. അവിടെയാണ് വർണകൊക്കുകളെ ആരാധനയോടെ സമീപിക്കുന്ന കൊക്കെരെ ബെല്ലൂർ...

പേരു പോലെ സുന്ദരി...

ranga6

കൊക്കെരെ ബെല്ലൂർ, പേരു പോലെ സുന്ദരിയാണ് ഈ ഗ്രാമം. ഗ്രാമത്തിന്റെ വിശുദ്ധി നിലനിർത്തുന്നത് കൊക്കുകളാണെന്ന വിശ്വാസക്കാരാണ് കൊക്കെരെ ബെല്ലൂരിലെ ഗ്രാമീണർ. അതുകൊണ്ടു തന്നെ പക്ഷികളെ സംരക്ഷിക്കുന്ന കാര്യത്തിൽ തലമുറകളായി പകർന്നു കിട്ടിയ ഒരുപാട് അറിവുകളവർക്കുണ്ട്. നവംബർ മുതല്‍ കൊക്കെരെ ബെല്ലൂർ തേടി പക്ഷികൾ വന്നു തുടങ്ങും. കൂടു കൂട്ടി മുട്ടയിട്ട ശേഷം വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങൾക്കു പറക്കമുറ്റുന്നതുവരെ ഗ്രാമത്തിൽ തങ്ങുന്നു. ശേഷം, മാർച്ചു മാസത്തോടെ മറ്റുനാടുകൾ തേടി തിരികെ പോകുന്നു. മനസ്സിൽ ചെറിയ കണക്കുകൂട്ടലുകൾ നടത്തി. യാത്ര ഡിസംബറിലേക്ക് മാറ്റിവെച്ചാലോ? സെപ്റ്റംബർ ആയതിനാൽ പക്ഷികൾ എത്തുന്നതേ ഉണ്ടാകൂ. ചിലപ്പോൾ ഒരു പക്ഷിത്തൂവൽ പോലും ഇല്ലെന്നും വരും..! പക്ഷേ, പക്ഷികളെ കാണാനുള്ള ആകാംക്ഷ ആ ചിന്തയെ തോൽപ്പിച്ചതിനാൽ യാത്ര പോകാൻ തന്നെ തീരുമാനിച്ചു. കൂടെ മറ്റു മൂന്നു പക്ഷിപ്രേമികൾ കൂടിയുണ്ട്. ജോബി, സച്ചിന്‍, അനൂപ്. ബാംഗ്ലൂർ - മൈസൂർ റോഡു വഴിയേ കൊക്കെരെ ബെല്ലൂരിലേക്ക്...

കളിപ്പാട്ടങ്ങളുടെ നഗരം എന്നറിയപെടുന്ന ചന്നപട്ടണം കഴിഞ്ഞതും കണ്ണുകൾ സൈൻ ബോർഡിലുടക്കി. മഞ്ഞയിൽ കറുത്ത അക്ഷരങ്ങൾ വ്യക്തമായി കണ്ടു, കൊക്കെരെ ബെല്ലൂർ. മനസ്സിൽ ഒരായിരം വർണകൊക്കുകൾ ചിറകടിച്ചു പൊങ്ങി. മൈസൂർ ഹൈവേ വിട്ട് ഞങ്ങളുടെ കാർ ഗ്രാമ ഭംഗിയിലേക്ക് നീങ്ങിത്തുടങ്ങി. പതിനഞ്ചു കിലോമീറ്റർ പിന്നിട്ടിരിക്കുന്നു. വഴിയോരത്തു നിരനിരയായി ഓടുമേഞ്ഞ ചെറിയ വീടുകൾ. വയലിൽ കന്നുപൂട്ടുന്ന കർഷകർ. ആടുകളെ തെളിച്ചു വരുന്ന ഇടയൻ. വൈക്കോൽ കറ്റകള്‍ പേറിവരുന്ന കാളവണ്ടികൾ. രാവിലത്തെ കറവക്കുശേഷം മയങ്ങുന്ന പശുക്കൾ. ആടുകളും മുയലുകളും വേറെ. വെയിലിൽ ഉണക്കാനിട്ടിരിക്കുന്ന ധാന്യമണികൾ കൊത്തിപ്പെറുക്കുന്ന കോഴികൾ. കാൻവാസിൽ വരച്ചിട്ട പെയിന്റിങ് പോലെ മുന്നിലൊരു ഗ്രാമം.

ഗ്രാമത്തിലേക്ക് കടന്നതും കണ്ണുകൾ മരച്ചില്ലകളിലേക്ക്... എങ്ങാനും പക്ഷികൾ കൂടുകൂട്ടിയിട്ടുണ്ടോ? ചെവികൾ സ്വയം ജാഗരൂകരായി. ഇല്ല, ചില കെട്ടിടങ്ങളുടെ മേൽക്കൂരകളിലും അ ങ്ങിങ്ങായി ചില മരങ്ങളിലും ഒഴിഞ്ഞ കൂടുകൾ മാത്രം. നിരാശയുടെ നിമിഷങ്ങൾ... കാർ പിന്നെയും മുന്നോട്ട് നീങ്ങി. ചായക്കട എന്ന് തോന്നിച്ച ഒരു കൂരയ്ക്ക് മുന്നിലാണ് വണ്ടി നിന്നത്. ഒരു ചായ കുടിക്കുക എന്നതിലുപരി കടക്കാരനോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുക എന്നതാണ് ഉദ്ദേശ്യം. കടക്കാരന്റെ കന്നട ശരവർഷത്തിൽ നിന്നു ചില കാര്യങ്ങൾ മാത്രം മനസ്സിലായി. "കൊക്കുകൾ വന്നുതുടങ്ങിയിട്ടില്ല. ചിലപ്പോൾ ഒരു മാസം കൂടി എടുത്തേക്കും. അപ്പോൾ വന്നാൽ നല്ല പടങ്ങൾ കിട്ടും.." നിരാശ നിറഞ്ഞ മുഖത്തു കഷ്ടപ്പെട്ടു വരുത്തിയ പുഞ്ചിരി നന്ദി സൂചകമായി അയാൾക്കു സമ്മാനിച്ച് ഞങ്ങൾ മടങ്ങി.

രംഗനതിട്ടിലെ വർണചിറകുകൾ...

ranga2

മൈസൂർ ഹൈവേ വഴി തിരികെ പോകുമ്പോഴാണ് ഒരു വലിയ പുഴയും ചുറ്റിലും പച്ചപ്പു നിറഞ്ഞ മനോഹരമായ പ്രദേശവും കണ്ടത്. കാർ നിർത്തി ക്യാമറയുമായി പുറത്തിറങ്ങി. എന്തെങ്കിലും തടഞ്ഞാലോ..? പറഞ്ഞു വച്ചതുപോലെ ഒരു നീല പൊന്മാനും (Small Blue Kingfisher) ഒരു നാടൻ താമരക്കോഴിയും (Bronze-winged Jakana).. കോഴിയെങ്കിൽ കോഴി എന്ന മുഖഭാവത്തോടെ അനൂപ് ചിത്രങ്ങൾ പകർത്തി തുടങ്ങി. നീണ്ടു മെലിഞ്ഞ കാലുകളുമായി കുളവാഴയുടെ ഇലകളുടെ മുകളിലൂടെ അനായാസമായി നടന്നു നീങ്ങുന്ന താമരക്കോഴിയെ അൽപം അദ്ഭുതത്തോടെ തന്നെ നോക്കിനിന്നു. ഇതൊക്കെ എന്ത്! എന്ന ഭാവത്തിൽ ജോബിയും സച്ചിനും കാറിൽ തന്നെ ഇരുന്നു.

പുള്ളിച്ചുണ്ടനെ കിട്ടാത്ത പ്രതിഷേധത്തിൽ ക്യാമറ പോലും പുറത്തെടുത്തിട്ടില്ല. താഴെ പുഴയുടെ തീരത്ത് ശരം പോലെ പറന്നുപൊങ്ങിയ നീലപ്പൊന്മാനെ ക്യാമറയുടെ വ്യൂ ഫൈന്ററിലൂടെ പിന്തുടർന്ന അനൂപ് ഉറക്കെ വിളിച്ചു "പെലിക്കൻ..!!" കണ്ണുകൾ ആകാശം പരതി... വിശറിച്ചിറകു വിരിച്ചു പറന്നടുക്കുെന്നാരു പുള്ളിച്ചുണ്ടൻ...! പച്ച പരവതാനി പോലെ നീണ്ടു കിടന്ന മനോഹരമായ പുഴയെ കൃത്യം രണ്ടായി പകുത്തുകൊണ്ട് ഒരു പെർഫെക്റ്റ് ലാന്റിങ്. സഞ്ചി പോലെയുള്ള കീഴ്ച്ചുണ്ടിൽ എന്തോ കൊത്തിയെടുത്തതും പറന്നു പൊങ്ങിയതും ഒരുമിച്ച്. കണ്ടതെന്താണെന്ന് മനസ്സിലാകും മുമ്പേ അവൻ ആകാശ നീലിമയിൽ മറഞ്ഞു. ഇതിനിടയിൽ ക്യാമറക്കണ്ണുകൾ പലവെട്ടം തുറന്നടഞ്ഞിരുന്നു.

രംഗനതിട്ടു പക്ഷിസങ്കേതം

കാർ അടുത്തു കണ്ട ചായക്കട ലക്ഷ്യമായി നീങ്ങിത്തുടങ്ങി. അവിടെ വച്ചാണ് വീണ്ടും പ്രത്യാശയുടെ പുതുനാമ്പ് വീണുകിട്ടിയത്, "രംഗനതിട്ടു പക്ഷി സങ്കേതം". ‘ഒറ്റക്കാഴ്ചയിൽ കണ്ണിനെ കൊതിപ്പിച്ച് പുഴയിൽ പറന്നിറങ്ങിപ്പോയത് രംഗനതിട്ടു പക്ഷി സങ്കേതത്തിലെ അന്തേവാസി ആകാനാണ് സാധ്യത’. കടക്കാരന്റെ ഈ നിഗമനം ശരിയാകാൻ പ്രാർഥിച്ച് രംഗനിട്ടു പക്ഷിസങ്കേതത്തിലേക്ക്. ലോകത്തേറ്റവും കൂടുതൽ കരിമ്പു കൃഷി ചെയ്യപ്പെടുന്ന സ്ഥലങ്ങളിലൊന്നായ മാണ്ടിയയും ‘മൈസൂർ കടുവ’ ടിപ്പു സുൽത്താന്റെ സാമ്രാജ്യമായിരുന്ന ശ്രീ രംഗപട്ടണവും കടന്നു കാർ മടിക്കേരി റൂട്ടിലേക്കു തിരിഞ്ഞു.

ranga5

ഇനിയുള്ള യാത്ര നെൽപ്പാടങ്ങൾക്കും കരിമ്പിൻത്തോട്ടങ്ങൾക്കും ഇടയിലൂടെ കടന്നുപോകുന്ന ചെമ്മൺപാതയിലൂടെയാണ്. ഏകദേശം 15 മിനിറ്റ് പിന്നിട്ടു. പെട്ടെന്നു ശ്രദ്ധക്കപ്പെ ടുന്ന രീതിയിൽ വലതു വശത്ത് സിമന്റ് കൊണ്ടൊരു ആർച്ച്. അതിൽ പല നിറത്തിലും രൂപത്തിലുമുള്ള പക്ഷികളുടെ ശിൽപങ്ങൾ ഭംഗിയായി കൊത്തിയിരിക്കുന്നു. അതിനു താഴെ ഇംഗ്ലീഷിൽ വ്യക്തമായി പേരും "Ranganathittu Bird Sanctuary". സങ്കേതത്തിലെ സ്ഥിര താമസക്കാരുടേയും വിരുന്നുകാരായി വരാറുള്ളതുമായ വിവിധ തരം പക്ഷികളുടെ നീണ്ട ലിസ്റ്റ് ബോർഡിൽ. ബോർഡിന്റെ നീളം കണ്ടതും മനസ്സിൽ സന്തോഷം ചിറകടിച്ചുയർന്നു.

ചുറ്റിലും കിളികളുടെ കളകള ശ ബ്ദം. നെല്ലിക്ക പോലെ എന്തോ ഒരു തരം കനി നിറയെ കായ്ച്ചു നില്ക്കുന്ന മരത്തിലേക്കാണ് ആദ്യം ശ്രദ്ധപോയത്. ഇലയനക്കം മാത്രം കാണാം. അല്പ സമയത്തിനു ശേഷം വ്യക്തമായി കണ്ടു. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ എന്ന ചൊല്ലിനെ പരിഹസിച്ച് തന്നോളം പോന്നൊരു ഫലം കൊത്തിപ്പിടിച്ചിരിക്കുന്നൊരു ഇത്തിക്കണ്ണിക്കുരുവി. സങ്കേതത്തിന് അകത്തേക്കുള്ള നടത്തത്തിനിടയിൽ തന്നെ മണ്ണാത്തി (Oriental Magpie Robin), നാട്ടുബുള്‍ബുൾ (Red Vented Bulbul), കുട്ടുറുവൻ (White Cheeked Barbet), കതിര്‍‌വാലന്‍ കുരുവി (Ashy Prinia) എന്നിവയുടെ ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞു. വഴി പിന്നിടുന്നതനുസരിച്ച് വിവിധ തരത്തിലുള്ള പക്ഷികളുടെ ചിത്രങ്ങളും പേരുകളും അടങ്ങിയ ഫലകങ്ങൾ പലയിടത്തായി കാണാം.

ranga4

പെട്ടെന്ന് ഇതുവരെ കേട്ടുപരിചയമില്ലാത്ത "ടപ് ടപ് " ശബ്ദം. കൊട്ടുവടിയി ൽ ചുറ്റിക വീഴും പോലെ...നടക്കുന്തോറും അത് അടുത്തടുത്ത് വന്നു. ദൂരെനിന്നേ കണ്ടു, മരച്ചില്ലകളുടെ ഏറ്റവും മുകളിലായി കൂടുകൂട്ടിയിരിക്കുന്ന ഒരു പറ്റം പുള്ളിച്ചുണ്ടന്മാർ...! കൊതുമ്പു പോലെയുള്ള ചുണ്ടുകൾ തമ്മിൽ കൂട്ടിയടിപ്പിച്ചാണ് ഈ ശബ്ദമുണ്ടാക്കുന്നത്. ഓരോ ചില്ലയിലും പത്തെണമെങ്കിലും കാണും. ചിലർ ആകാശത്തു വട്ടമിട്ടു പറക്കുന്നു. മറ്റു ചിലർ നീല ജലാശയത്തിൽ നീന്തിത്തുടിക്കുന്നു. പ്രകൃതി കനിഞ്ഞരുളിയ പക്ഷികളുടെ വിഹാരകേന്ദ്രം...

പ്രകൃതിസൗഹൃദം

കാവേരി നദിയിൽ ചിതറിക്കിടക്കുന്ന ആറു ദ്വീപുകളുടെ സംഗമകേന്ദ്രമാണ് രംഗനതിട്ട്. സഞ്ചാരികൾക്കായി ബോട്ട് സർവീസുണ്ട്. ഒന്നിൽ പത്തുപേർക്കെങ്കിലും സുഖമായി ഇരിക്കാം. ബോട്ടിന്റെ ശബ്ദം പക്ഷികളുടെ ആവാസവ്യവസ്ഥയെ താറുമാറാക്കും എന്നതിനാൽ ഇവിടെ മോട്ടോർ ഘടിപ്പിച്ച ബോട്ടുകളില്ല. ശനിയാഴ്ച ആയതിനാലാവണം ബോട്ടിങ് സെന്ററിൽ നല്ല തിരക്ക്. 15 മിനിറ്റ് ബോട്ട് യാത്രയ്ക്ക് ഒരാൾക്ക് 50 രൂപ. കണക്കുകൾ വ്യക്തമാക്കുന്ന ബോർഡിൽ നിന്ന് ജോബി ഒരു സ്പെഷൽ ഓഫറിന്റെ കാര്യം വായിച്ചു. ബോട്ട് ഒന്നിന് 1000 രൂപ. ഒരു മണിക്കൂർ. നാലുപേർ. ഞങ്ങൾക്കായി പ്രത്യേകം എഴുതിവെച്ചതുപോലെ കിടിലൻ ഓഫർ. സ്പെഷൽ ബോട്ട് മിനിറ്റുകൾക്കകം റെഡിയായി. ഗൈഡും തുഴക്കാരനും ഒരാൾ തന്നെ. മുതലകൾ വെയിൽ കാഞ്ഞു കിടക്കുന്ന പാറക്കൂട്ടങ്ങൾ നിറഞ്ഞ ജലാശയത്തിലേക്ക്... അടുത്ത ഒരു മണിക്കൂർ പക്ഷികളുടെ സ്വകാര്യതകളിലേക്ക് ഒരു എത്തിനോട്ടം. കയ്യിലുള്ള മുറി ഹിന്ദി വച്ച് തുഴക്കാരനെ പരിചയപ്പെടാൻ ഒരു ശ്രമം നടത്തി. പേര് കിഷോർ. മൂന്നു വർഷമായി രംഗനതിട്ടുവിൽ പക്ഷികളുടെ തോഴനായി ജോലി നോക്കുന്നു. അവയോരോന്നിന്റെയും പേരും സ്വഭാവ ഗുണഗണങ്ങളും അയാൾക്ക്‌ നന്നായി അറിയാം. കിഷോറിൽ നിന്നും അല്പം ചരിത്രം ചോദിച്ചറിഞ്ഞു.

1648ൽ മൈസൂർ ഭരിച്ചിരുന്ന ഖന്ധീരവ നരസിംഹരാജ വാടിയാർ രാജാവ് കാവേരി നദിക്കു കുറുകെ ഒരു തടയണ പണിതു. അതിലെ തുരുത്തുകള്‍ തേടി പക്ഷികൾ എത്തിത്തുടങ്ങി. വൈകാതെ ദേശാടനക്കിളികളുടെ പ്രജനന കേന്ദ്രമായി മാറി. ലോക പ്രശസ്ത പക്ഷി ശാസ്ത്രഞ്ജൻ ഡോക്ടർ സാലിം അലിയാണ് പക്ഷികളുടെ ഈ സ്വർഗം കണ്ടെത്തിയത്. ശാന്തമായ ജലാശയം. നല്ല മത്സ്യസമ്പത്ത്, കൂടുകൂട്ടാൻ ധാരാളം മരങ്ങളും മുളങ്കാടുകളും ചുറ്റിനും വിശാലമായ കൃഷി നിലങ്ങൾ. പക്ഷികൾ ഇവിടം സ്ഥിര താമസത്തിനായി തിരഞ്ഞെടുക്കുന്നതിൽ അദ്ഭുതമില്ലല്ലോ!

thicknee

ചിന്തകൾ ചിറകു വിരിച്ച് അധിക ദൂരം പറക്കും മുമ്പേ ബോട്ട് തുരുത്തുകളോട് അടുത്തു. മുളങ്കാടുകളിൽ ഒരുപിടി കടുകുമണി വാരി എറിഞ്ഞതുപോലെ നിറയെ കറുത്ത പൊട്ടുകൾ. അടുത്തപ്പോൾ വ്യക്തമായി കണ്ടു, വവ്വാലുകൾ. അവയുടെ കരച്ചിൽ കാറ്റത്തു മുളകൾ തമ്മിലുരുമി ഉണ്ടാകുന്ന സംഗീതത്തെ മുറിച്ചുകളയുന്നു. ആ കാഴ്ച കണ്ടിരിക്കവേ ഒരു നീർകാക്ക എന്തോ കൊത്തിയെടുത്തു തൊട്ടടുത്തുകൂടി പറന്നകന്നു. ചുറ്റിലുമുള്ള ഓരോ മരത്തിലും പല തരം പക്ഷികൾ പ്രത്യേക കൂട്ടങ്ങളായി കൂട് കൂട്ടിയിരിക്കുന്നു.

ranga3

ഈ കൂടുകൂട്ടലിനും ഒരു കാലക്രമം ഉണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വന്നു കൂടണയുന്നത് കഷണ്ടി കൊക്കുകളും ചേര കൊക്കന്മാരും. നവംബർ മുതൽ എത്തിത്തുടങ്ങുന്ന പുള്ളിച്ചുണ്ടന്മാരും ചട്ടുക കൊക്കന്മാരും. ഡിസംബറോടെ വന്നണയുന്ന വർണക്കൊക്കുകൾ അങ്ങനെയങ്ങനെ... എന്തൊക്കെ പറഞ്ഞാലും താരങ്ങളിൽ താരം പുള്ളിച്ചുണ്ടൻ തന്നെ. വലിപ്പംകൊണ്ടും ശബ്ദകോലാഹലം കൊണ്ടും ആരുടേയും ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് അങ്ങിങ്ങായി പാറി നടക്കുന്നു. ഇന്ത്യയിലും ശ്രീലങ്കയിലും ആണ് പുള്ളിച്ചുണ്ടന്മാരെ സാധാരണ കണ്ടുവരുന്നത്.

തെക്കേ ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ളത് മൂന്ന് പെലിക്കനുകളിൽ ഒന്ന് മാത്രം. മറ്റു രണ്ടെണ്ണവും വടക്കേ ഇന്ത്യയിൽ കണ്ടുവരുന്നവയാണ്. വയൽക്കണ്ണൻ, പാതിരാക്കൊക്ക്, പുള്ളി മീൻകൊത്തി, ആള, കുളക്കൊക്ക്, നീർക്കാക്ക, കാക്ക മീൻകൊത്തി... അങ്ങിനെ കണ്ണിലും ക്യാമറയിലും പതിഞ്ഞ പക്ഷികളുടെ നീണ്ടനിര. മെമ്മറി കാർഡാണോ മനസ്സാണോ നിറഞ്ഞത് എന്നു ചോദിച്ചാൽ, മനസ്സു തന്നെ.