Thursday 08 February 2018 03:53 PM IST : By സ്വന്തം ലേഖകൻ

ഏഴു മാസം, രണ്ട് ഭൂഖണ്ഡങ്ങൾ, 12 രാജ്യങ്ങൾ, 14000 കിലോമീറ്റർ; ലോകസഞ്ചാരം ഓട്ടോറിക്ഷയില്‍

auto3

സഞ്ചാരികൾ പലതരക്കാരാണ്. എങ്കിലും എല്ലാ യാത്രാപ്രേമികളെയും ഒരുപോലെ ബന്ധിപ്പിക്കുന്ന ഒരു സ്വപ്നമേയുള്ളൂ, ലോകം ചുറ്റിക്കാണുക. ഹൈദരാബാദ് സ്വദേശി നവീൻ റബേലിയെന്ന 35 കാരന്റെ യാത്രകൾ വേറിട്ടുനിൽക്കുന്നത് അയാൾ യാത്രയ്ക്കായി തെരഞ്ഞെടുത്ത വാഹനത്തിലൂടെയാണ്. തേജസ് എന്ന് നാമകരണം ചെയ്ത സൗരോർജ ഓട്ടോറിക്ഷയിൽ ഏഴുമാസം കൊണ്ട് 12 രാജ്യങ്ങൾ പിന്നിട്ടിരിക്കുകയാണ് നവീൻ. കേരളത്തിലെയും ബെംഗളൂരുവിലെയും വിവിധ ലോക്കൽ ഗാരേജില്‍ നിന്നാണ് നവീനും കൂട്ടരും Piaggio Ape എന്ന ഡീസൽ വണ്ടി സൗരോർജം ഉപയോഗിച്ച് ഓടിക്കാവുന്ന രൂപത്തിലേക്ക് മാറ്റിയെടുത്തത്. മൂന്നുവർഷത്തെ അധ്വാനം വേണ്ടിവന്നു ഇന്നത്തെ രൂപത്തിലേക്ക് വണ്ടി മാറ്റിയെടുക്കുവാൻ.

കമ്പ്യൂട്ടർ സംവിധാനങ്ങൾ, വണ്ടിയുടെ പെർഫോമൻസ് നിയന്ത്രിക്കാൻ ഡ്രൈവർ ഡിസ്പ്ലെ, ഒരു ബെഡ്, സോളാർ കുക്കർ, ആഹാരസാധനങ്ങൾ സൂക്ഷിക്കാനുള്ള അലമാര തുടങ്ങിയ സജ്ജീകരണങ്ങളും വണ്ടിയിൽ ഒരുക്കി. 2016 ഫെബ്രുവരി എട്ടിന് നവീൻ റബേലി തന്റെ സ്വപ്നയാത്രയ്ക്ക് തുടക്കമിട്ടു. ബെംഗളൂരുവിൽ നിന്നാരംഭിച്ച് പൂനെ വഴി മുബൈയിലേക്ക്. അവിടെ നിന്നും വാഹനം വിമാനമാർഗം ഷാർജയിൽ എത്തിച്ചു. ശേഷം ജലമാർഗം ഇറാനിെല ബന്തർ അബാസിലെത്തി. 11 രാജ്യങ്ങൾ പിന്നിട്ട ശേഷം സെപ്റ്റംബര്‍ 16ന് യാത്രയുടെ അവസാനഭാഗത്ത് ഇംഗ്ലീഷ് ചാനൽ കടന്ന് ലണ്ടനിൽ യാത്ര അവസാനിപ്പിച്ചപ്പോൾ ഈ യാത്ര ചരിത്രത്തിന്റെ ഭാഗമായി തീർന്നു.

auto2

യാത്ര പൂർത്തീകരിച്ച നവീൻ തന്റെ വാഹനം സ്വിറ്റ്സർലാൻഡിലെ ട്രാൻസ്പോർട്ട് മ്യൂസിയത്തിന് കൈമാറി. 14000 കിലോമീറ്റർ പിന്നിട്ട യാത്രയിൽ ഒരുതവണ പോലും വാഹനം പണിമുടക്കിയില്ലെന്ന് നവീൻ സാക്ഷ്യപ്പെടുത്തുന്നു. ഓരോ 80 കിലോമീറ്റർ പിന്നിടുമ്പോഴും സൂര്യനിൽ നിന്ന് ചാർജ് ചെയ്യാനായി വണ്ടി നിർത്തിയിടേണ്ടി വന്നു. ഈ കാത്തിരിപ്പിനെ തദ്ദേശീയരുമായി സംവദിക്കാനുള്ള സമയമാക്കി വിനിയോഗിച്ചു.

റിനീവബിൾ എനർജിയുടെ പിന്തുണക്കാരനായ നവീൻ ഇപ്പോൾ ജർമ്മനിയിലെ ഒരു കമ്പനിയുമായി ചേർന്ന് സിറ്റികളിൽ ഉപയോഗിക്കാവുന്ന സോളാർ ഹൈബ്രിഡ് കാറുകളുടെ നിർമാണത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ഒരു തുള്ളി ഡീസൽ പോലും കത്തിക്കാതെ മലിനീകരണ മുക്തമായ ലോകത്തെ സ്വപ്നം കണ്ട് യാത്രകൾ നടത്തുന്ന നവീൻ റബേലി സഞ്ചാരികൾക്കൊരു മാതൃകയാവുകയാണ്.

auto1

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട് : ദിലീപ് നാരായണൻ, നവീൻ റബേലി, പ്രണയമാണ് യാത്രയോട്