Saturday 20 January 2018 12:29 PM IST : By സ്വന്തം ലേഖകൻ

ക്രൂസ് ടൂറിസം: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ

dubai-cruise-tourism

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ക്രൂസ് ടൂറിസം പാക്കേജുകൾ തുടങ്ങാൻ പ്രമുഖ കമ്പനികൾ ഒരുങ്ങുന്നു. ഒാളപ്പരപ്പിലെ ഉല്ലാസയാത്ര കൂടുതൽ പേരെ ആകർഷിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലേക്കും സർവീസ് തുടങ്ങാനുള്ള തീരുമാനം. ആദ്യഘട്ടത്തിൽ മുംബൈ, ഗോവ, മെംഗളൂരു എന്നിവിടങ്ങളിലേക്കാണ് സർവീസ് ആരംഭിക്കുക.

യുഎഇ ക്രൂസ് ടൂറിസം സീസണോട് അനുബന്ധിച്ച്  ഇന്ത്യയിലെ വിവിധയിടങ്ങളിൽ നടത്തിയ  റോഡ്ഷോകൾ വൻ വിജയമായിരുന്നു. ഈ രംഗത്തെ പ്രമുഖ രാജ്യാന്തര കമ്പനികളായ കോസ്റ്റ ക്രൂസസ്, എംഎസ് സി ക്രൂസസ്, റോയൽ കരീബിയൻ ക്രൂസസ് എന്നിവയുടെ സഹകരണത്തോടെ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ദുബായ് ടൂറിസത്തിന്റെ റോഡ് ഷോ. വിനോദസഞ്ചാരികൾക്കു പലതരത്തിലുള്ള പാക്കേജുകൾ ലഭ്യമാണ്. അഞ്ചും ഏഴും പതിനാലും  അതിൽ കൂടുതലും രാത്രികൾ തങ്ങാവുന്ന പാക്കേജുകളുണ്ട്.

യുഎഇയിൽ ഒക്ടോബർ 25 ന് ക്രൂസ് ടൂറിസം സീസൺ ആരംഭിച്ചതു മുതൽ പ്രമുഖ രാജ്യങ്ങളിൽ നിന്നുള്ള ആഡംബര കപ്പലുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാരികളുടെ എണ്ണത്തിലും വൻവർധന രേഖപ്പെടുത്തുന്നു. അബുദാബിയിലേക്കും ദുബായിലേക്കും കൂടുതൽ സർവീസുകൾ തുടങ്ങുമെന്ന് ഇറ്റലിയിലെ എംഎസ് സി ക്രൂസസ് അറിയിച്ചു. സർ ബനിയാസ്, കസബ്, ബഹ്റൈൻ എന്നിവിടങ്ങളിലേക്കും വിവിധ കമ്പനികൾ സർവീസ് നടത്തും.

മികച്ച കാലാവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ‍,  വളർന്നുവരുന്ന ടൂറിസം, സുരക്ഷിതത്വം തുടങ്ങിയ ഘടകങ്ങൾ‍ യുഎഇയിലേക്ക് കൂടുതൽ‍ സന്ദർ‍ശകരെ ആകർ‍ഷിക്കുന്നു. ജലയാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള  നൂതന സർവീസ് കേന്ദ്രങ്ങളും യുഎഇയിലുണ്ട്. കഴിഞ്ഞ സീസണിൽ ‍ 6.25 ലക്ഷത്തിലേറെ വിനോദസഞ്ചാരികൾ‍ കടൽയാത്ര  നടത്തി ദുബായിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച്  15% വർധന. കപ്പലുകളുടെ എണ്ണത്തിൽ‍ 18% വർ‍ധനയുണ്ടായി.