Thursday 08 February 2018 09:57 AM IST : By സ്വന്തം ലേഖകൻ

അമേരിക്കയിൽ സൂര്യഗ്രഹണത്തിനൊപ്പം ഉദിച്ച് ഈ കറുത്ത സൂര്യനും; ആൻഡ്രോയ്ഡ് ഓറിയോ എന്ന പുതിയ പതിപ്പിന്റെ വിശേഷങ്ങൾ

oreo_android

അമേരിക്കയെ ഇന്നലെ സൂര്യഗ്രഹണം മറച്ചപ്പോൾ മറ്റൊരു സൂര്യൻ ഉദിച്ചുയർന്നു, ആൻഡ്രോയ്ഡ് ഓറിയോ. ഇരുണ്ട നിറത്തിലെങ്കിലും ഫീച്ചേഴ്സിൽ ഇവൻ നല്ല ഒന്നാന്തരം സൂര്യൻ തന്നെ. ഗൂഗിള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ എട്ടാം പതിപ്പിന്റെ പേരുകളെക്കുറിച്ച് നേരത്തെ ഉണ്ടായിരുന്ന അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് ആന്‍ഡ്രോയ്ഡ് ഓറിയോ പിറന്നു. ഇന്നലെ അര്‍ധരാത്രിയാണ് ഗൂഗിൾ പേര് പുറത്തുവിട്ടത്. അമേരിക്കയില്‍ 91 വര്‍ഷത്തിനിടെ ഉണ്ടായ സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെയും വരവ് എന്നത് തന്നെ വളരെ സവിശേഷമാണ് ഈ പതിപ്പിന്റെ ലോഞ്ച്. ഓട്ട്മീല്‍ കുക്കീ, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ഗൂഗിള്‍ ഓറിയോയെ തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ സമയം രാത്രി 12.10ഓടെ ന്യൂയോര്‍ക്കിലായിരുന്നു ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ലോഞ്ചിങ്. കൂടുതല്‍ സ്മാര്‍ട്, സുരക്ഷിതം, കരുത്താര്‍ന്നത്, കൂടുതല്‍ മധുരതരമാര്‍ന്നത് എന്നീ വിശേഷണങ്ങളോടെയാണ് എട്ടാം പതിപ്പായ ഓറിയോയുടെ വരവ്. ഗ്രഹണത്തിന് സൂര്യനും ചന്ദ്രനും ചേര്‍ന്ന് ആകാശത്ത് സൃഷ്ടിക്കപ്പെടുന്ന ‘ഒ’ ആകൃതിക്കു സമാനമാണ് ആന്‍ഡ്രോയ്ഡ് ഒ എന്നു പറഞ്ഞായിരുന്നു ഗൂഗിള്‍ പുതിയ പതിപ്പ് എത്തിച്ചത്.

‘ഒ’യുടെ റിലീസിന്റെ കൗണ്ട്ഡൗണ്‍ ആന്‍ഡ്രോയ്ഡ് വെബ്‌പേജില്‍ ഗൂഗിള്‍ നടത്തിയിരുന്നു. ഇതിനൊടുവിലായിരുന്നു യൂട്യൂബ് വഴിയുള്ള ലൈവ് സ്ട്രീമിങ് നടന്നത്. ആന്‍ഡ്രോയിഡ് ഓരോ പതിപ്പിനും മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവും ഇത്തവണ ഗൂഗിള്‍ തെറ്റിച്ചില്ല. ആന്‍ഡ്രോയ്ഡ് നാലാം പതിപ്പിന്(4.4) കിറ്റ് കാറ്റ് എന്നായിരുന്നുപേര്. അന്ന് നെസ്‌ലെയുമായി സഹകരിച്ചായിരുന്നു ഗൂഗിളിന്റെ പ്രവര്‍ത്തനം. സമാനമായ രീതിയില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കുക്കീസ് നിര്‍മാതാക്കളായ നബിസ്‌കോയുമായി ഗൂഗിള്‍ ബന്ധം സ്ഥാപിച്ചെന്നാണ് വിവരം. നബിസ്കോയുടെ ഏറ്റവും പോപ്പുലർ പ്രോഡക്ട് ആണ് ഇപ്പോൾ ഓറിയോ.

oreo2

കൂടുതല്‍ മികച്ച ബാറ്ററി പെര്‍ഫോമന്‍സായിരിക്കും ആന്‍ഡ്രോയ്ഡ് ഒയുടെ ഏറ്റവും വലിയ സവിശേഷത. ബാക്ക്ഗ്രൗണ്ടിലുള്ള ആപ്ലിക്കേഷനുകളെ നിയന്ത്രിച്ചായിരിക്കും ബാറ്ററിയുടെ ആയുസ്സ്‌കൂട്ടുക. നോട്ടിഫിക്കേഷനുകള്‍ എങ്ങനെയാണ് ഫോണില്‍ ലഭിക്കേണ്ടത് എന്നതിന്മേല്‍ യൂസര്‍ക്ക് ‘ഒ’ വഴി കൂടുതല്‍ നിയന്ത്രണം ലഭിക്കും. ഇമോജികളില്‍ വരുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ഫീച്ചറുകളാണ് ‘ഒ’യില്‍ കാത്തിരിക്കുന്നതും. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപണ്‍സോഴ്‌സ്‌പ്രോജക്ട് വഴി ഓറിയോ ലഭ്യമാകും.

ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ എക്‌സ്എല്‍ എന്നിവയിലായിരിക്കും ആന്‍ഡ്രോയ് ഒ ഓപറേറ്റിങ് സിസ്റ്റം ആദ്യം വരികയെന്നാണ് റിപ്പോർട്ട്. നെക്‌സസസ് 5എക്‌സ്, നെക്‌സസ് 6 പി, നെക്‌സസ് പ്ലേയര്‍, പിക്‌സല്‍ സി എന്നിവയിലും എത്തും. നോക്കിയ 8ലും വൈകാതെ തന്നെ ആന്‍ഡ്രോയ്ഡ് ഒ എത്തുമെന്നാണ് അറിയുന്നത്. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നിവയ്ക്കും ആന്‍ഡ്രോയ്ഡ് ഒയുടെ അപ്‌ഡേറ്റ് ലഭിക്കും. വണ്‍ പ്ലസ് 3, 3ടി, 5 മോഡലുകള്‍ക്കും അപ്‌ഡേറ്റ് ലഭ്യമാക്കും.

ലെനോവോ കെ8ലും അസൂസ് സെന്‍ഫോണ്‍ 3, 4 സീരീസിലെ എല്ലാ ഫോണുകളിലും ഈ അപ്‌ഡേറ്റ് ലഭ്യമാക്കും. സോണി എക്‌സ്പീരീയ ഫോണുകള്‍ക്കും അപ്‌ഡേഷനുണ്ടെന്നാണു ഇപ്പോൾ ലഭ്യമായ വിവരം. കൂടാതെ സാംസങ്, എച്ച്ടിസി, ബ്ലാക്ക്‌ബെറി, എല്‍ജി ഫോണുകളും വൈകാതെ തന്നെ ആന്‍ഡ്രോയ്ഡ് ഒ അപ്‌ഡേഷനുകള്‍ ലഭ്യമാക്കാനും ഗൂഗിൾ പദ്ധതിയിട്ടിട്ടുണ്ട്.