Thursday 08 February 2018 10:01 AM IST : By സ്വന്തം ലേഖകൻ

ഫെയ്സ്ബുക്കിൽ വരുന്ന വാർത്തകളിൽ നിന്ന് ശരിയായ വാർത്ത എങ്ങനെ തിരിച്ചറിയും; ഇതാ 10 വഴികൾ

fb_tips

ഫെയ്സ്ബുക്കിലൂടെയാണ് ഇന്ന് എല്ലാ പുതിയ വാർത്തകളിലും ജനങ്ങളിലേക്കെത്തുന്നത്. എല്ലാ മാധ്യമങ്ങളുടെയും അതാത് ഫെയ്സ്ബുക്ക് പേജിൽ നിന്ന് ന്യൂസ് ഫീഡുകൾ ഓരോ മിനിറ്റും വന്നു നിറയുകയാണ്. എന്നാൽ ഫെയ്സ്ബുക്കിൽ വരുന്ന വാർത്തളിൽ എത്രമാത്രം സത്യമുണ്ട്? അതു കണ്ടെത്താൻ ഫെയ്സ്ബുക് നിർദേശിക്കുന്നു, 10 വഴികൾ.
ഫെയ്സ്ബുക്കിലൂടെ പ്രചരിക്കുന്ന ഒട്ടേറെ വിവരങ്ങളും വാർത്തകളും തീർത്തും അടിസ്ഥാനരഹിതാണെന്നു ഫെയ്സ്ബുക്ക് തന്നെ കണ്ടെത്തിയതോടെയാണ് അവർ തന്നെ തട്ടിപ്പു വാർത്തകൾ തിരിച്ചറിയാൻ ഉപയോക്താക്കൾക്കു വഴികാട്ടുന്നത്. ‘നമുക്കൊരുമിച്ച് വ്യാജവാർത്തകളുടെ പ്രചാരണം തടയാം’ എന്ന തലക്കെട്ടോടെ ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളിൽ ഇന്നു പ്രസിദ്ധീകരിച്ച മുഴുപ്പേജ് പരസ്യത്തിൽ ഫെയ്സ്ബുക്ക് നൽകുന്ന ടിപ്സ് ഇതാണ്. ഫെയ്സ്ബുക്ക് പോജിൽ കയറുമ്പോൾ മുകളിലായും ഈ ടിപ്സ് കാണാൻ കഴിയും.

1. തലക്കെട്ട്: തെറ്റായ വാർത്തകൾക്ക് എപ്പോഴും ആശ്ചര്യം ജനിപ്പിക്കുന്ന തലക്കെട്ടുകളുണ്ടാകും. ആശ്ചര്യ ചിഹ്നവും കണ്ടേക്കാം. തലക്കെട്ടുകൾ വായിക്കുമ്പോൾ തന്നെ വിശ്വസനീയമല്ലെന്നു തോന്നിയാൽ വാർത്ത തെറ്റാകാനാണു സാധ്യത കൂടുതൽ.

2. യുആർഎൽ: യുആർഎൽ വ്യാജമാണോ എന്നു പരിശോധിക്കുക. മിക്ക തട്ടിക്കൂട്ടു വാർത്താ വെബ്സൈറ്റുകളും മുഖ്യധാരാ മാധ്യമങ്ങളുടേതിനു സമാനമായ പേര് ഉപയോഗിക്കാറുണ്ട്.

3. എബൗട്ട് പറയും: അത്ര അറിയപ്പെടാത്ത സൈറ്റുകളിൽ നിന്നുള്ളതാണു വാർത്തയെങ്കിൽ, ‘എബൗട്’ സെക്‌ഷനിൽ പോയി സ്ഥാപനത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശ്വസിക്കാവുന്നതാണോ എന്ന് ഉറപ്പു വരുത്തുക.

4. തെറ്റുകൾ:  വ്യാജ വാർത്താ സൈറ്റുകളിലും താൽക്കാലിക സൈറ്റുകളിലും കാണുന്ന വാർത്തകളിൽ ഒട്ടേറെ അക്ഷരത്തെറ്റുകളുണ്ടാകാം. പേജിന്റെ രൂപകൽപനയും നിലവാരമില്ലാത്തതാകാം.

5. ചിത്രങ്ങൾ: വ്യാജ വാർത്തകൾക്കൊപ്പം നൽകുന്ന ചിത്രങ്ങളും വ്യാജനാകാം. അതിനാൽ ചിത്രം ശ്രദ്ധിക്കൂ.

6. ടൈംലൈൻ: ടൈംലൈനിൽ ഒരു അർഥവുമില്ലാത്ത എന്തെങ്കിലും കുറിച്ചിട്ടുണ്ടാകും.

7. വസ്തുത: വാർത്തകളിൽ പേരുകളും വസ്തുതകളും ഒഴിവാക്കിയിട്ടുണ്ടാകും. പകരം വിദഗ്ധർ പറയുന്നു എന്നോ മറ്റോ ചേർക്കും.

8. ചെക്ക് ചെയ്യാം: നിങ്ങൾ വായിക്കുന്ന വാർത്ത മറ്റു പ്രമുഖ മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ടാകാം. എന്നാൽ അങ്ങനെ അല്ലെങ്കിൽ തെറ്റായ വാർത്തയാകാം.

9. ആക്ഷേപഹാസ്യം: ആക്ഷേപ ഹാസ്യവും വാർത്തയും തമ്മിൽ പലപ്പോഴും തിരിച്ചറിയാൻ കഴിയാറില്ല. വാർത്ത നൽകിയവർ ആക്ഷേപഹാസ്യം എഴുതുന്നവരാണോ എന്നു പരിശോധിക്കുക. തമാശയ്ക്കായി എഴുതിയ കാര്യങ്ങൾ വായനക്കാർ ഗൗരവത്തിലെടുത്താൽ ഫലം വിപരീതമാകും.

10. വിമർശന ബുദ്ധി: വാർത്തകളെ എപ്പോഴും വിമർശന ബുദ്ധിയോടെ കാണുക. വേണ്ടത്ര പരിശോധിക്കാതെ കിട്ടുന്നതു മുഴുവൻ ഷെയർ ചെയ്ത് വ്യാജ വാർത്തയുടെ പ്രചാരകരാകാതിരിക്കാൻ ശ്രദ്ധിക്കുക.