Thursday 08 February 2018 10:19 AM IST : By സ്വന്തം ലേഖകൻ

ഇനി ചോദിച്ചു ചോദിച്ചു പോകേണ്ട! ടൂവീലറുകൾക്ക് മാത്രമായി ഗൂഗിള്‍ മാപ്സിന്റെ പുതിയ ഫീച്ചർ

google_maps

ടൂ വീലറിൽ ഹിമാലയം വരെ വേണമെങ്കിലും ചുറ്റാമെന്ന ധൈര്യമാണ് ഇന്നത്തെ യാത്രാപ്രേമികൾക്ക്. കാരണം വഴിതെറ്റാതെ അവരെ നയിക്കാൻ ഗൂഗിൾ മാപ്സ് ഉണ്ട്, മാത്രമല്ല ലോകം മുഴുവനും യാത്രക്കാർക്കായി പണ്ടത്തേക്കാളേറെ സൗകര്യങ്ങളുമുണ്ട്. എന്നാലിതാ ടൂ വീലർ യാത്രക്കാർക്കായി ഗൂഗിള്‍ മാപ്സ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു, മോട്ടോര്‍സൈക്കിള്‍ മോഡ് അഥവാ ടുവീലര്‍ മോഡ്‌. ഈ മോഡിലൂടെ ബൈക്ക്‌ യാത്രികര്‍ക്ക്‌ അവര്‍ക്ക്‌ മാത്രമായുള്ള നാവിഗേഷന്‍ തിരഞ്ഞെടുക്കാം. ഫോര്‍വീലറുകള്‍ക്ക്‌ ലഭ്യമാകാത്ത ഏറ്റവും മികച്ച റൂട്ടായിരിക്കും ഇതിലുണ്ടാകുക.

ബൈക്ക്‌ യാത്രികര്‍ക്ക്‌ ഏറ്റവും മികച്ച റൂട്ടുകളും ഇടിഎ(എത്തുന്നതിന്‌ കണക്കാക്കുന്ന സമയം) യും കാണിച്ച്‌ നല്‍കും എന്നതാണ്‌ ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. ഫോര്‍വീലറുകളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സാധാരണ ഇടിഎ വിവരങ്ങളില്‍ നിന്ന്‌ അല്ലാതെ ബൈക്ക്‌ യാത്രികരില്‍ നിന്നും മാത്രമായി സ്വീകരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും ഇതിലെ ഇടിഎ. ഈ ഫീച്ചർ ഉപയോഗിച്ച് ഇടുങ്ങിയ വഴികളില്‍ കാര്‍ ഡ്രൈവര്‍മാരേക്കാള്‍ എളുപ്പത്തില്‍ ബൈക്കേഴ്‌സിന്‌ യാത്ര ചെയ്യാന്‍ കഴിയും.

google_maps2

ഗൂഗിള്‍ മാപ്പ്‌സിന്റെ മോട്ടോര്‍സൈക്കിള്‍ മോഡ്‌ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്കാണ്‌ കൂടുതല്‍ പ്രയോജനപ്പെടുക എന്ന്‌ ടെക് ലോകം റിപ്പോർട്ട് ചെയ്യുന്നു. കാരണം ഇവിടെ പല റൂട്ടുകളും കാറുകള്‍ക്ക് പോകാന്‍ കഴിയുന്ന വീതിയിലുള്ളതല്ല. ഈ വഴികള്‍ എളുപ്പ യാത്രകൾക്കായി ബൈക്ക്‌ യാത്രികര്‍ക്ക്‌ പ്രയോജനപ്പെടുത്താന്‍ കഴിയും.

ഗൂഗിള്‍ മാപ്‌സില്‍ മോട്ടോര്‍സൈക്കിള്‍ മോഡ്‌ ഉണ്ടെങ്കിലും റൂട്ട്‌ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കാൻ സ്പീക്കർ ഓൺ ആക്കി ഹെഡ് സെറ്റിൽ കണക്ട് ചെയ്യുന്നതാകും സുരക്ഷിതം.