Thursday 08 February 2018 12:18 PM IST : By സ്വന്തം ലേഖകൻ

ഇന്റർനെറ്റ് വേഗതയുടെ ലോക റാങ്കിങ്ങിൽ ഇന്ത്യ വളരെ പിന്നിൽ

mobile_phone

ന്യൂഡൽഹി: നമ്മൾ ഡിജിറ്റൽ ഇന്ത്യ ആണെങ്കിൽ ഇന്റർനെറ്റിന്റെ സ്പീഡ് കൂടി പരിശോധിച്ചിട്ട് ഉറപ്പിക്കാം എന്ന് പുതിയ വാർത്തകൾ ചൂണ്ടിക്കാട്ടുന്നു. മൊബൈൽ ഇന്റർനെറ്റ് വേഗതയിലാണ് പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും നേപ്പാളിനും താഴെ എത്തിയ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോർഡ്. ലോകത്ത് 109-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. സ്വകാര്യസ്ഥാപനമായ ഊക്‌ലായുടെ ഗ്ലോബൽ ഇന്റക്സിൽ ബ്രോഡ്ബാന്റ് വേഗതയിൽ ലോകത്ത് 76-ാം സ്ഥാനവും ഇന്ത്യയ്ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.

നോർവേയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇവിടെ 62.66 എംബിയാണ് ഒരു സെക്കന്റിൽ മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. 153.85 എംബിപിഎസുമായി സിംഗപ്പൂർ ബ്രോഡ്ബാന്റ് വേഗതയിൽ ഒന്നാമതുണ്ട്. എന്നാൽ 2017 ന്റെ തുടക്കത്തിൽ ഇന്ത്യയിലെ ഡൗൺലോഡ് സ്പീഡ് ശരാശരി 7.65എംബിപിഎസ് ആണ്. ഇത് നവംബറിൽ 8.80 എംബിപിഎസ് ആയി മെച്ചപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ മൊബൈൽ ഇന്റർനെറ്റ് വേഗത 15 ശതമാനവും ബ്രോഡ്ബാന്റ് വേഗത 50 ശതമാനത്തോളവുമാണ് വർധിച്ചത്. അതേസമയം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ എണ്ണം ഇന്ത്യയിൽ വളരെ കൂടുതലാണെന്നുള്ള വസ്തുതയും ഊക്‌ല പറയുന്നു. റിലയൻസ് ജിയോ കടന്നുവന്നവോടെ ഇന്ത്യൻ വിപണിയിൽ വലിയ മാറ്റങ്ങളാണ് ഇന്റർനെറ്റ് ഉപഭോഗത്തിൽ ഉണ്ടായത്.

എയർടെൽ, ഐഡിയ, വോഡഫോൺ, ബിഎസ്എൻഎൽ തുടങ്ങിയ കമ്പനികളെല്ലാം കുറഞ്ഞ നിരക്കിൽ 1ജിബി നെറ്റ് പ്രതിദിനം നൽകുന്നുണ്ട്. ഇത്രയധികം നെറ്റ്‌വർക്കുകളുണ്ടെങ്കിലും ഇന്ത്യയിൽ ഇന്റർനെറ്റ് വേഗത വർധിപ്പിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ഊക്‌ല പറയുന്നു.