Saturday 20 January 2018 02:43 PM IST

സൈബർ ക്രിമിനലുകളെ നിലയ്‌ക്ക് നിർത്താം! സുരക്ഷയ്‌ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Priyadharsini Priya

Senior Content Editor, Vanitha Online

cyber-crime001

2018 ആയാലും ഇന്റർനെറ്റ് സെക്യൂരിറ്റിയുടെ കാര്യത്തിൽ നമ്മൾ വളരെ പുറകിലാണ്. പ്രത്യേകിച്ചും ബാങ്ക് ഇടപാടുകൾ ഒട്ടും സുരക്ഷിതമല്ല എന്നർത്ഥം. ഇതിനുള്ള പ്രധാന കാരണം നമ്മുടെ എല്ലാ ഇടപാടുകളും ഇന്റർനെറ്റ് മുഖേനയാണ് എന്നുള്ളതാണ്. മൊബൈൽ റീചാർജ് ചെയ്യുന്നത് മുതൽ ഉപ്പു തൊട്ടു കർപ്പൂരം വരെ എന്ത് വാങ്ങിക്കാനും ഇന്റർനെറ്റ് സേവനം തേടുന്നു. ഇതിനായി ഒട്ടേറെ സൈറ്റുകളെ ആശ്രയിക്കുന്നു.

സോഷ്യൽ സൈറ്റുകളിലോ ജിമെയിലുകളിലോ വരുന്ന സന്ദേശങ്ങളെയാണ് ഇക്കാര്യത്തിൽ കൂടുതൽ പേടിക്കേണ്ടത്. പുതിയ ഓഫറുകളെക്കുറിച്ചുള്ള ബാങ്കുകളുടെ മെയിൽ ലഭിക്കുമ്പോൾ പലരും ഇത് തുറന്നു നോക്കുന്നു. അല്ലെങ്കിൽ അവർ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു മുന്നോട്ടുപോകുന്നു. ഇതോടെ വ്യക്തിയുടെ കമ്പ്യൂട്ടറിലെ പാസ്‌വേഡ് ഉൾപ്പെടെ മുഴുവൻ വിവരങ്ങളും ഹാക്കർമാർക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഫെയ്‌സ്ബുക്ക് മുഖേനയും ഇത്തരം ലിങ്കുകൾ ലഭിക്കാം. അതിൽ ക്ലിക്ക് ചെയ്തു പുലിവാലു പിടിക്കാതിരിക്കുന്നതാണ് നല്ലത്. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നല്ല കരുതൽ ആവശ്യമാണ്. സ്വത്തും പണവും മാത്രമല്ല ചിലപ്പോൾ മാനവും പോകും എന്ന് ചുരുക്കം.    
 
ഇന്റർനെറ്റ് സെക്യൂരിറ്റിക്കായി ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് വനിതാ ഓൺലൈനോട് ഫ്രോഡ് അനലിസ്റ്റായ സരിതാ റിജു പറയുന്നു.  

1. ഒരിക്കലെങ്കിലും ഓൺലൈൻ ഷോപ്പിങ് നടത്താത്തവർ വിരളമായിരിക്കും. അംഗീകൃത വെബ്‌സൈറ്റിൽ നിന്ന് മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുകയാണ് നല്ലത്. അതുപോലെ ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്തുമ്പോൾ നല്ല ശ്രദ്ധ വേണം. ആദ്യം നോക്കേണ്ടത് ക്യാഷ് ഓൺ ഡെലിവറി ഉണ്ടോ എന്നാണ്. അങ്ങനെ ഒരു ഓപ്‌ഷൻ ഉണ്ടെങ്കിൽ അത് സ്വീകരിക്കുകയാണ് ഉത്തമം. ഏതെങ്കിലും പരിചിതമല്ലാത്ത സൈറ്റ് ആണെങ്കിൽ യൂആര്‍എല്‍ വ്യക്തമായി പരിശോധിച്ചശേഷം മാത്രം ഇടപാടുകള്‍ നടത്തുക. യൂആര്‍എല്‍ അഡ്രസ് ബാര്‍ ശ്രദ്ധിച്ചാല്‍ അതില്‍ ഒരു ലോക്കിന്റെ ഐക്കണ്‍ കാണാം സാധാരണ ഇത് പച്ച നിറത്തില്‍ ഹൈലൈറ്റഡ് ആയിരിക്കും. അതുകൂടാതെ http:// പ്രോട്ടോകോളിനു പകരം https:// എന്ന പ്രോട്ടോകോള്‍ ആയിരിക്കും ഉപയോഗിക്കുക.  

2. ബാങ്ക് ഇടപാടുകളെല്ലാം ഔദ്യോഗിക സൈറ്റിൽ കയറി നടത്തുന്നതായിരിക്കും നല്ലത്. അതുപോലെ നെറ്റ് ബാങ്കിങ്ങിനെക്കാൾ നല്ലത് ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിക്കുന്നതാണ്. ഇത് കൂടുതൽ സുരക്ഷിതമാണ്. വലിയ ക്യാഷ് ഇടപാടുകൾക്കാണെങ്കിൽ ഒടിപി ഉപയോഗിക്കുന്നതാണ് സേഫ്. വൺ ടൈം പാസ്വേർഡ് ആണ് ഒടിപി. ഇത് നമ്മുടെ രജിസ്റ്റേർഡ് മൊബൈലിലേക്ക് സന്ദേശമായി എത്തും. അഞ്ചു മിനിറ്റ് മാത്രമായിരിക്കും ഈ പാസ്വേർഡ് ആക്ട്ടീവായിരിക്കുക. ബാങ്കിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ പിന് നമ്പർ ഒരുകാരണവശാലും കാർഡിന് പുറകിൽ എഴുതി സൂക്ഷിക്കരുത്. കംപ്യൂട്ടറിലോ മൊബൈലിലോ സേവ് ചെയ്തുവെക്കുന്നതും നല്ലതല്ല. ആറ് മാസം കൂടുമ്പോൾ പിൻ നമ്പർ മാറ്റിക്കൊണ്ടിരിക്കണം. എടിഎമ്മിൽ ഉപയോഗിക്കുമ്പോൾ മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത രീതിയിൽ ഒരു കൈ കൊണ്ട് മറച്ച് പിൻ നമ്പർ നൽകുക.

3 . പാസ്വേർഡ്‌ തിരഞ്ഞെടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതിൽ ചെറിയ അക്ഷരവും വലിയ അക്ഷരവും അക്കങ്ങളും ചിഹ്നങ്ങളുമെല്ലാം ഉൾപ്പെടുത്തണം. ഉദാഹരണത്തിന് h$15@Tm# പോലെ.

4. ഇപ്പോൾ ഫെയിസ്ബുക്കിൽ പ്രവചിക്കുന്ന ആപ്പുകളുടെ മേളമാണ്. അടുത്ത ജന്മത്തിൽ നിങ്ങൾ ആരാണ്, ആരാണ് നിങ്ങളെ പ്രണയിക്കുന്നത്, നിങ്ങളുടെ അടുത്ത കൂട്ടുകാർ ആരൊക്കെ... ഇതുപോലുള്ള ചോദ്യങ്ങൾ കാണുമ്പോൾ ആവേശം മൂത്ത് ആപ്പിൽ ചാടിക്കേറി ഉത്തരം നോക്കാൻ തോന്നുന്നുണ്ടെങ്കിൽ വേണ്ട. ഇതുമൂലം നിങ്ങളുടെ പാസ്വേർഡ് എളുപ്പത്തിൽ മോഷ്ടിക്കപ്പെടാം.   

5 . പല അക്കൗണ്ടുകള്‍ക്കും വേവ്വേറെ പാസ്വേർഡ് ഉപയോഗിക്കുക. പലരും എളുപ്പത്തിൽ ഓർത്തിരിക്കാൻ വേണ്ടി ഒരേ പാസ്വേർഡ് ആണ് ഉപയോഗിക്കാറ്. ഇങ്ങനെ ചെയ്യുന്നത് കാരണം ഒരു അക്കൗണ്ട്‌ ഹാക്ക് ചെയ്യപ്പെട്ടാൽ മറ്റെല്ലാത്തിനേയും അത് ദോഷകരമായി ബാധിക്കും. അതുപോലെ മൊബൈൽ ഫോൺ ഓൺലൈൻ റീചാർജിന് കമ്പനി പോർട്ടലുകൾ മാത്രം ഉപയോഗിക്കുക.

6 . നെറ്റ് കഫെകളിൽ പണമിടപാട് പോലുള്ള കാര്യങ്ങൾ ചെയ്യുന്നത് സുരക്ഷിതമല്ല. സോഷ്യൽ സൈറ്റുകൾ ഉപയോഗിക്കുമ്പോൾ പാസ്വേർഡ് സേവ് ചെയ്യാനോ എന്നുള്ള ചോദ്യത്തിന് ’നോ’ എന്നുതന്നെ കൊടുക്കണം. അതുപോലെ ബ്രൗസിംഗ് കഴിയുമ്പോൾ സൈറ്റ് ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്. പബ്ലിക് വൈഫൈ ഉപയോഗിച്ചുള്ള ബ്രൗസിങ്ങില്‍ കഴിയുന്നതും ഒഴിവാക്കുക. നിങ്ങളുപയോഗിക്കുന്ന പബ്ലിക് വൈഫൈയില്‍ ഒരു ഹാക്കറും ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് വളരെ നിസാരമായി നിങ്ങളുടെ യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഹാക്ക് ചെയ്യാന്‍ കഴിയും.

7 . അടുത്തത് കംപ്യൂട്ടറിന്റെ സുരക്ഷയാണ് പ്രധാനം. ഇതിനു ആന്റി വൈറസ് സോഫ്റ്റ്വെയർ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്യേണ്ടത് നിർബന്ധമാണ്. ഒരു വർഷമായിരിക്കും ഇതിന്റെ കാലാവധി. സുരക്ഷാ സംവിധാനമില്ലാത്ത കംപ്യൂട്ടറുകളിൽ വൈറസ് കടന്നുകൂടാൻ എളുപ്പമാണ്. ഓട്ടോമാറ്റിക് അപ്പ്‌ഡേഷൻ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ഓപ്പറേറ്റിങ്ങ്‌ സിസ്റ്റവും ആന്‍റി വൈറസും കൂടാതെ ആന്‍റി സ്പൈവെയര്‍ പാക്കേജുകളും എല്ലായ്പ്പോഴും പുതുക്കണം.

8 . പുതിയ സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നല്ലപോലെ വായിച്ചു നോക്കി വ്യക്തത വരുത്തുക. അശ്രദ്ധ മൂലം വൈറസ് കയറിയാൽ അത് കംപ്യൂട്ടറിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തെ മുഴുവൻ ബാധിക്കും.