Thursday 08 February 2018 10:15 AM IST : By സ്വന്തം ലേഖകൻ

ബ്ലൂവെയില്‍ ഗെയിം നിരോധിക്കാന്‍ സാങ്കേതികമായ പ്രയാസമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂപ്രീം കോടതിയില്‍

blue_whale_game

നിരവധി കൗമാരക്കാരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച് കൊലയാളി  ഗെയിമായ ബ്ലൂവെയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ബ്ലൂവെയില്‍ ഗെയിം നിരോധിക്കാന്‍ സാങ്കേതികമായ പ്രയാസമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന ഓണ്‍ലൈന്‍ ഗെയിം സാധാരണ ആപ്ലിക്കേഷന്‍ ഗെയിമുകള്‍ പോലെ നിയന്ത്രിക്കുന്നതില്‍ പരിമിതിയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. അതേസമയം ബ്ലൂ വെയിൽ പോലുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കപ്പെടുന്ന ഗെയിമുകളിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സുപ്രീംകോടതി എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 

കുട്ടികളെ ആസക്തരാക്കി ആത്മഹത്യ വരെ കൊണ്ടെത്തിക്കുന്ന ഓൺലൈൻ ഗെയിമുകളുടെ അപകടങ്ങളെക്കുറിച്ചു സ്കൂൾ കുട്ടികൾക്കിടയില്‍ ബോധവത്കരണം  സംഘടിപ്പിക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. കുട്ടികളെ വിലപ്പെട്ട ജീവനെക്കുറിച്ചും ജീവിതം നന്നായി മുന്നോട്ടുപോയാൽ ലഭിക്കുന്ന സൗഭാഗ്യത്തെക്കുറിച്ചും ബോധ്യപ്പെടുത്തണമെന്നും  ജസ്റ്റിസുമാരായ എൻ. ഖൻവിൽക്കർ ഡി.വൈ. ചന്ദ്രചൂഢ് എന്നിവരുൾപ്പെടുന്ന സുപ്രീംകോടതി ബെഞ്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി അതത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തണമെന്നും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തോട് കോടതി അറിയിച്ചിട്ടുണ്ട്.

ബ്ലൂ വെയിലുമായി ബന്ധപ്പെട്ട്  സംഭവിച്ചതെന്ന് കരുതുന്ന ആത്മഹത്യകളെ കുറിച്ച് പഠിക്കാനായി വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്ലൂവെയിലിന്റെ പേരിലെങ്കിലും ഇതുവരെ അത്തരത്തിലുള്ള ആത്മഹത്യകളാണ് നടന്നിട്ടുള്ളതെന്ന് തെളിഞ്ഞിട്ടില്ല എന്ന കേന്ദ്ര റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനാൽ തന്നെ വിശദമായ പഠനത്തിനുശേഷം കുട്ടികളുടെ ജീവൻ അപഹരിക്കുന്ന ഡിജിറ്റൽ ഗെയിമുകളിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കാനായി വേണ്ടകാര്യങ്ങൾ ചെയ്യാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകയായ സ്നേഹ കലിത നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രിം കോടതി.