Thursday 08 February 2018 10:06 AM IST : By സ്വന്തം ലേഖകൻ

ആൾട്ടോ ക്യൂട്ടി! ഉടന്‍ വരുമോ ഈ ആൾട്ടോ 660 സിസി

alto-new4

സ്ത്രീ ഡ്രൈവർമാരുടെ പ്രിയപ്പെട്ട കാറായ ആൾട്ടോയും രൂപം മാറി കൂടുതൽ സുന്ദരിയായി എത്തുന്നു. പുതിയ പതിപ്പില്‍ 660 സിസി പെട്രോള്‍ എഞ്ചിനാകും കരുത്തു പകരുക എന്നാണ് സൂചന. ആദ്യം 800 സിനിസിയിൽ എത്തിയ ആൾട്ടോ പിന്നീട് എ സ്റ്റാറിൽ നിന്ന് കടംകൊണ്ട 1000 സിസി എഞ്ചിനിലൂടെ കൂടുതൽ കരുത്താർജിച്ചിരുന്നു.

നിലവിലുള്ള 796 സിസി എഞ്ചിനില്‍ നിന്നും 658 സിസി എഞ്ചിനിലേക്കുള്ള ചുവട് മാറ്റം ഒരുപക്ഷെ ആള്‍ട്ടോ ആരാധകരെ നിരാശപ്പെടുത്താം. എന്നാൽ ഭാരം കുറച്ചു കൂടുതൽ സുന്ദരിയായാകും വരവ്. സ്വിഫ്റ്റിന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിൽ എത്തിച്ചതിനു പിന്നാലെയാണ് മാരുതി ആൾട്ടോയിലും കൈവയ്ക്കുന്നത്. നിലവിലുള്ള മോഡലില്‍ നിന്നും അടിമുടി മാറിയാകും പുത്തന്‍ ആള്‍ട്ടോ എത്തുക.

ക്രോസ്ഓവര്‍ പരിവേഷത്തിലാകും ആൾട്ടോയുടെ വരവ്. 2018 ആള്‍ട്ടോയുടെ വരവ് സംബന്ധിച്ച് വിവരങ്ങള്‍ മാരുതി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അടുത്തിടെ ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെട്ട ആള്‍ട്ടോയുടെ ജാപ്പനീസ് പതിപ്പ്, മോഡലിന്റെ വരവിലേക്കുള്ള സൂചനയാണ് പറഞ്ഞ് വെയ്ക്കുന്നത്. 2018 അവസാനത്തോടെയാകും പുത്തന്‍ ആള്‍ട്ടോയെ മാരുതി ഇന്ത്യയില്‍ കാഴ്ചവെക്കുക.

എന്‍ട്രി-ലെവല്‍ ശ്രേണിയില്‍ ഡാറ്റ്സനില്‍ നിന്നും റെനോയില്‍ നിന്നും നേരിടുന്ന ശക്തമായ ഭീഷണിയാണ് പുത്തന്‍ ആള്‍ട്ടോയുടെ വരവിന് വഴിതെളിഞ്ഞത്. ലൈറ്റ് വെയിറ്റ് പ്ലാറ്റ്ഫോമിനൊപ്പം റെട്രോ എക്‌സ്റ്റീരിയറും ആകര്‍ഷകമായ ഇന്റീരിയറും പുതിയ ആള്‍ട്ടോയുടെ മോടി കൂട്ടുമെന്നാണ് കരുതുന്നത്.

ബേസ് മോഡലിന് 2.8 ലക്ഷമാകും വില. ഫുൾ ഓപ്ഷന് 660 സിസി ആൾട്ടോയ്ക്ക് 4.2 ലക്ഷത്തിൽ അധികം വില വരില്ലെന്നാണ് കരുതുന്നത്. സിറ്റിയിൽ 24 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഹൈവേയിൽ 30 കിലോമീറ്റർ മൈലേജും ഈ കുഞ്ഞൻ ആൾട്ടോ നൽകും.

alto-new2