Thursday 08 February 2018 09:52 AM IST : By സ്വന്തം ലേഖകൻ

വഴിതെറ്റിക്കാൻ പോൺ വിഡിയോയും സെക്സ് ചാറ്റും: 90,000 ട്വിറ്റർ അക്കൗണ്ടുകള്‍ പൂട്ടിച്ചു

twitter

ഓണ്‍ലൈന്‍ സെക്‌സ് പ്രോത്സാഹിപ്പിക്കുന്നതിനു ഉപയോഗിച്ചിരുന്ന 90,000 വ്യാജ അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടിച്ചു. 'സൈറന്‍' എന്ന പേരില്‍ ഉണ്ടായിരുന്ന വ്യാജ ബോട്ട്‌നെറ്റ് ക്യാംപയിനായിരുന്നു ഇതിനു പിന്നില്‍. ഇത് തിരിച്ചറിഞ്ഞ അമേരിക്കൻ സൈബര്‍ സുരക്ഷാ സ്ഥാപനമായ സീറോഫോക്‌സ് ആണ് സംഭവം ട്വിറ്ററിനെ അറിയിച്ചത്. 'ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഉണ്ടാകാവുന്നതില്‍ വച്ച് ഏറ്റവും മലിനമായ ക്യാംപയിന്‍' എന്നാണു ഇവര്‍ ഇതിനെ വിശേഷിപ്പിച്ചത്.

90,000 ഓളം അക്കൗണ്ടുകളില്‍ നിന്നായി ഏകദേശം 8,500,000 ട്വീറ്റുകളാണ് സീറോഫോക്‌സ് തിരിച്ചറിഞ്ഞത്. 'സൈറന്‍ ക്യാംപയിന്‍ വലിയ വിജയമായിരുന്നു. 30,000,000 ലധികം ക്ലിക്കുകള്‍ ഇതില്‍ നിന്നുണ്ടായി. ഇതിന്റെ വിശദാംശങ്ങള്‍ ഗൂഗിളില്‍ നിന്നും കിട്ടാവുന്നതേയുള്ളൂ.' സീറോഫോക്‌സ് പറയുന്നു. കഴിഞ്ഞയാഴ്ച ഇവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ ഗൂഗിളിനും ട്വിറ്ററിനും സമര്‍പ്പിച്ചിരുന്നു.

കണ്ടെത്തിയ അക്കൗണ്ടുകളില്‍ മുഴുവന്‍ സ്ത്രീകളുടെ ഫോട്ടോകളും വിവരങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്. പ്രത്യേക ആളുകളെ ലക്ഷ്യം വച്ച് തന്നെയായിരുന്നു ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിച്ചിരുന്നതും. ലൈംഗികച്ചുവയുള്ള ഭാഷയായിരുന്നു അവര്‍ ഇതില്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ ക്ലിക്ക് ചെയ്തുപോയാല്‍ പോണ്‍ വെബ്‌സൈറ്റുകളിലേയ്ക്കാണ് പോവുക. ഇങ്ങനെയുള്ള വെബ്‌സൈറ്റുകള്‍ തന്നെയാണ് ഈ വ്യാജ പ്രൊഫൈലുകള്‍ക്ക് പിന്നിലെന്നും ഇവര്‍ പറയുന്നു.

കൂടുതല്‍ അക്കൗണ്ടുകളിലും സ്ത്രീനാമങ്ങളും സ്ത്രീകളുടെ അര്‍ധനഗ്‌നമോ നഗ്‌നമോ ആയ ചിത്രങ്ങളുമാണ് കാണപ്പെട്ടത്. ഇവരുടെ ഭാഷ റഷ്യനായി ക്രമീകരിച്ചിരുന്നു. ഇതിലെ മോശം ഭാഷയും മറ്റും വച്ച് നോക്കുമ്പോള്‍ യൂറോപ്പിന്റെ കിഴക്കന്‍ ഭാഗത്ത് നിന്നുള്ള സംഘമാണ് ഇതിനു പിന്നിലെന്ന് അനുമാനിക്കുന്നതായി സീറോഫോക്‌സ് പറഞ്ഞു.

ടെക്നോളജി വാർത്തകൾ വായിക്കാം