Wednesday 07 February 2018 02:10 PM IST : By സ്വന്തം ലേഖകൻ

ഇടിമുറികൾക്ക് വിട ഇനി 'ഇ' മുറികൾ! ചോദ്യം ചെയ്യൽ എസി റൂമിൽ, ദൃശ്യങ്ങൾ ഒപ്പാൻ കാമറയും മൈക്കും

police

ലോകത്തെ മികച്ച പോലീസ് ഏതെന്ന് ചോദിച്ചാൽ ഏത് കുട്ടിയും സംശയമന്യേ പറയുന്ന പേരാണ് സ്കോട്ട്ലാന്റ യാഡ്. ജനങ്ങളോടുള്ള പെരുമാറ്റവും കുറ്റവാളികളെ ചോദ്യം ചെയ്യുന്നതിൽ സ്വീകരിക്കുന്ന നൂതന മാർഗങ്ങളുമാണ് സ്കോട്ട്ലാന്റ് യാഡിനെ ലോകത്തെ മികച്ച പോലീസ് എന്ന ഗണത്തിലേക്ക് എത്തിച്ചത്. അടുത്ത കാലത്തായി പുത്തൻ പരിഷ്കാരങ്ങൾക്ക് പിന്നാലെ പോകുന്ന കേരള പോലീസും നൂതന സാങ്കേതിക വിദ്യകൾ കുറ്റം തെളിയിക്കുന്നതിനും, പ്രതികളെ ചോദ്യം ചെയ്യുന്നതിനുമെല്ലാം പരീക്ഷിക്കുന്നുണ്ട്.

അതിന്റെ ഭാഗമായി ഏറ്റവുമൊടുവിൽ പോലീസിൽ കൊണ്ടുവന്ന പരിഷ്കാരമാണ് 'ഇ മുറികൾ' അഥവാ Interrogation method. ലോക്കപ്പിലെ മർദ്ദനങ്ങളോ മൂന്നാം മുറയോ ഇല്ലാതെ പ്രതിയെന്ന് സംശയിക്കുന്നവരെ ശീതീകരിച്ച മുറിക്കുള്ളിൽ ഒരു മേശക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് പോലീസുകാർ ചോദ്യം ചെയ്യുന്ന രീതിയാണിത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ Interrogation മുറി രണ്ടു ഭാഗങ്ങളായാണ് ക്രമീകരിക്കുന്നത്.

police2

അതിൽ ഒരു ഭാഗത്ത് വീഡിയോ ക്യാമറ, മൈക്ക് തുടങ്ങിയ ഉപകരണങ്ങളാൽ സജ്ജീകരിച്ച മുറിയിലാണ് പ്രതിയെ ഇരുത്തി വിവരങ്ങൾ ചോദിച്ചറിയുന്നത്. ഇവിടത്തെ ക്യാമറ, മൈക്ക് എന്നിവയിലെ ഔട്ട്പുട്ട് വൺവേ മിറർ ഉപയോഗിച്ച് വേർതിരിച്ച മുറിയിലേക്കാണ് എത്തുന്നത്. ഇവിടെ മുതിർന്ന പോലീസുദ്യോഗസ്ഥൻ നിരീക്ഷണത്തിനുണ്ടാവും. പ്രതിയുടെ ചലനങ്ങും, സംസാരങ്ങളുമെല്ലാം നിരീക്ഷിച്ച് വയർലെസ് സിസ്റ്റത്തിലൂടെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥന് നിർദ്ദേശങ്ങൾ നൽകുന്നു. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളെ ശാസ്ത്രീയ രീതികളിലൂടെ പരിശോധിച്ചാണ് പ്രതി പറയുന്നതിലെ സത്യാവസ്ഥയും, കള്ളവുമെല്ലാം മനസ്സിലാക്കുന്നത്.

അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വീഡിയോ ക്യാമറകൾ ചൈനയിൽ നിന്നും, വയർലെസ് സിസ്റ്റം ജർമ്മനിയിൽ നിന്നും ഓഡിയോ സിസ്റ്റം ജപ്പാനിൽ നിന്നുമാണ് കൊണ്ടുവരുന്നത്. പദ്ധതിയുടെ ആദ്യ യൂണിറ്റ് കോട്ടയം ജില്ലയിൽ യാഥാർത്ഥ്യമായി. എല്ലാ ജില്ലയിലേയും പോലീസ് ആസ്ഥാനത്ത് വൈകാതെ തന്നെ ഈ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിൽ മൊത്തമായി ഈ പദ്ധതി യാഥാർത്ഥ്യമാക്കി പാശ്ചാത്യ രാജ്യങ്ങളിലെ പോലീസുമായി കിടപിടിക്കാൻ ഒരുങ്ങുകയാണ് കേരളാ പോലീസും..