Thursday 08 February 2018 09:52 AM IST : By സ്വന്തം ലേഖകൻ

സൗജന്യമായി 4ജി ഫോണ്‍ പുറത്തിറക്കി റിലയന്‍സ് ജിയോ; മുടക്കുന്ന 1500 രൂപ ഉപഭോക്താവിന് തന്നെ തിരികെ കിട്ടും

jio_1500

സൗജന്യമായി 4ജി ഫോണ്‍ പുറത്തിറക്കി വാണ്ടും രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. ഫോണിൽ വോയ്സ് കോളുകളും എസ്എംഎസും സൗജന്യമാണ്. ഇന്‍റർനെറ്റ് സേവനം ലഭിക്കാൻ മാത്രം പണം നൽകിയാൽ മതി. ടെലികോം രംഗത്തെ ഈ ആദ്യ പ്രഖ്യാപനം ഇങ്ങനെ. ആവശ്യക്കാർക്കെല്ലാം റിലയൻസ് ജിയോ 4ജി ഫോൺ സൗജന്യമായി നൽകും. എന്നാൽ 1,500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി മുൻകൂർ നൽകണം എന്നുമാത്രം. മൂന്ന് വർഷത്തിന് ശേഷം ഈ തുക ഉപഭോക്താവിന് തിരിച്ച് കിട്ടും. ഫോണിൽ വോയ്സ് കോളുകളും എസ്എംഎസും സൗജന്യമാണ്. ഇന്‍റലിജൻസ് ഫോൺ എന്ന വിശേഷണത്തോടെ ഫീച്ചർ ഫോണിനോട് സാമ്യമുള്ള മോഡലാണ് ജിയോ ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്.

2.4 ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണിൽ, 22 ഭാഷകൾ, ക്യാമറ, ജിയോ ആപ്പുകൾ എന്നീ സൗകര്യങ്ങളുണ്ട്. ഇന്‍റർനെറ്റ് അനായാസം ഉപയോഗിക്കാമെന്നതാണ് ജിയോ ഫോണിന്‍റെ സവിശേഷത. പ്രതിമാസം 153 രൂപ നൽകിയാൽ ഫോണിൽ പരിധിയില്ലാതെ 4ജി ഇന്‍റർനെറ്റ് ലഭിക്കും. 512 എം.ബി റാമും, 4 ജിബി ഇന്റെർണൽ സ്പേസും വാഗ്ദാനം ചെയ്യുന്ന ലൈഫ് ഫോണുകൾ വിപണിയിൽ എത്തുന്നതോടെ എല്ലാ ജനങ്ങളിലേക്കും പുതിയൊരു മാറ്റം ആണ് ജിയോ കൊണ്ടുവരാൻ പോകുന്നത്. റിലയന്‍സ് ഇൻഡസ്ട്രീസ് 40-ാമാത് വാർഷിക പൊതു യോഗത്തിൽ അംബാനി ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.

അംബാനിയുടെ പ്രഖ്യാപനം ഒറ്റനോട്ടത്തിൽ

 

ഓഗസ്റ്റ് 24 മുതൽ പ്രീ ബുക്കിങ് നടത്താം. മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് സെപ്റ്റംബർ മുതൽ ജിയോഫോൺ നൽകിത്തുടങ്ങും.

 

മാസം 153 രൂപ നൽകാനില്ലാത്തവർക്കു ചെറിയ ഡേറ്റാ പ്ലാനുകളുമുണ്ട്. രണ്ട് ദിവസത്തേക്ക് 24 രൂപയ്ക്കും ഒരാഴ്ചത്തേക്ക് 54 രൂപയ്ക്കുമുള്ള പ്ലാനുകൾ ആണുള്ളത്.

 

ജിയോ ഫോൺ വരുന്നതിലൂടെ 2ജി ഫോണുകൾ കാലഹരണപ്പെടും. ജിയോയിലൂടെ പുതിയ ലോക റെക്കോർഡാണ് ഉണ്ടാകുന്നത്.

 

40 വർഷത്തിനിടെ റിലയൻസിന്റെ ലാഭം 4,700 മടങ്ങ് വർധിച്ചു.

 

ഇക്കാലത്തിനിടെ മൂന്നു കോടിയിൽനിന്നു 30,000 കോടി രൂപയിലേക്കു ആകെ ലാഭം ഉയർന്നു. 1977ൽ 32 കോടി രൂപയായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ആകെ സമ്പാദ്യം. ഇപ്പോൾ ഏഴു ലക്ഷം കോടി രൂപയിലെത്തി. വർധന 20,000 മടങ്ങ്.

 

1977ൽ കമ്പനിയിലെ ജീവനക്കാർ 3500. ഇപ്പോൾ ലോകമാകെ രണ്ടര ലക്ഷം ജീവനക്കാർ.

 

പ്രഖ്യാപിച്ച് ആറു മാസത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിമാസ ഡേറ്റാ ഉപയോഗം 20 കോടി ജിബിയിൽനിന്ന് 120 കോടി ജിബിയായി ഉയർന്നു.

 

സെപ്റ്റംബറോടെ രാജ്യത്താകമാനം 10,000 ജിയോ ഓഫിസുകൾ. പ്രധാനപ്പെട്ട ഇ കൊമേഴ്സ് പ്ലാറ്റഫോമുകളുമായി ജിയോയെ ബന്ധിപ്പിക്കും.

 

ഫോണിനൊപ്പം ‘ജിയോഫോൺ ടിവി കേബിൾ’ കൂടി ഉപഭോക്താക്കൾക്കു നൽകും. ഏതു ടിവിയുമായും ഈ കേബിൾ വഴി ജിയോ ഫോൺ ബന്ധിപ്പിക്കാം.