Thursday 08 February 2018 09:54 AM IST : By സ്വന്തം ലേഖകൻ

പീഡനശ്രമമുണ്ടായാൽ അപായസന്ദേശമെത്തും; ‘സ്മാർട്ട് സ്റ്റിക്കർ’പ്രവർത്തിക്കുന്നത് ഇങ്ങനെ(വിഡിയോ)

smart_sticker

പീഡനശ്രമമുണ്ടായാൽ വിളിക്കേണ്ട ടോൾഫ്രീ നമ്പറുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. പക്ഷെ അപകടത്തിൽപെടുമ്പോൾ മൊബൈൽ ഫോൺ എടുത്ത് വിളിക്കാനാകുമോ എന്നത് പല ചർച്ചകളിലും ഉയർന്നു കേൾക്കാറുള്ള ഒരു ആശങ്കയാണ്. എന്നാൽ സാങ്കേതികവിദ്യ പുരോഗമിക്കുമ്പോൾ അതിനും പരിഹാരം കാണുമെന്നാണ് ടെക് ലോകത്തെ വാർത്തകൾ പറയുന്നത്. പീഡനശ്രമങ്ങൾക്കെതിരെ ‘സ്മാർട്ട് സ്റ്റിക്കർ’ എന്ന പുത്തൻ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് മസാചെസറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി(എംഐടി)യിലെ ഗവേഷകർ. അടിവസ്ത്രങ്ങളിൽ ഘടിപ്പിക്കാൻ കഴിയുന്ന ഉപകരണമാണ് സ്മാർട്ട് സ്റ്റിക്കർ.

ഈ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത പ്രത്യേകതരം സ്റ്റിക്കർ അടിവസ്ത്രത്തില്‍ ഘടിപ്പിച്ച് ആൻഡ്രോയ്ഡ് ഫോണിലെ ആപ്പുമായി ബ്ലൂട്ടൂത്ത് വഴി ബന്ധിപ്പിക്കാം. പീഡനശ്രമം ഉണ്ടായാലോ ശരീരഭാഗത്ത് ശക്തിയായ സ്പർശനമുണ്ടായാലോ സ്റ്റിക്കറിലെ ചിപ്പിന്റെ സഹായത്തോടെ നേരത്തെ സെറ്റ് ചെയ്ത് വച്ചിട്ടുള്ള നമ്പറുകളിലേക്ക് അപായ സിഗ്നൽ എത്തും. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകളിലേക്ക് കോളുകളായോ മെസേജുകളായോ അപായ സന്ദേശം സെറ്റ് ചെയ്ത് വയ്ക്കാം. കൂടാതെ ജിപിഎസ് സംവിധാനമുള്ളതിനാൽ ‘ഐ ആം അറ്റ് റിസ്ക്’ എന്ന സന്ദേശത്തോടൊപ്പം ഗൂഗിൾ മാപ്പിന്റെ ലിങ്കും എത്തും. അത്തരത്തിൽ അപകടസ്ഥലവും പെട്ടെന്ന് മനസിലാക്കാമെന്ന് എംഐടിയിലെ ഗവേഷക മനീഷ മോഹൻ പറയുന്നു.

അടിവസ്ത്രങ്ങളിൽ മാത്രമല്ല ശരീരത്തോട് ചേർന്ന് കിടക്കുന്ന ഏത് തരം തുണികളിലും ഈസിയായി ഈ സ്റ്റിക്കർ ഒട്ടിക്കാം. ആക്റ്റീവ് മോഡിലും രണ്ട് പാസീവ് മോഡിലും സ്റ്റിക്കർ സെറ്റ് ചെയ്യാം. ആക്റ്റീവ് മോഡില്‍ പീഡനത്തിന് ഇരയാകുന്നയാള്‍ ബോധരഹിതയാകുകയോ, അതല്ലെങ്കില്‍ കയ്യേറ്റം തടയാന്‍ സാധിക്കാതെ വരികയോ ചെയ്യുമ്പോള്‍ അപായസന്ദേശം ബന്ധപ്പെട്ട നമ്പറുകളിലേക്ക് പോകും. അടിവസ്ത്രം ഊരാന്‍ ശ്രമിക്കുമ്പോഴും അപായ സന്ദേശം എത്തും. കുട്ടികള്‍ക്കും, പ്രായമായവര്‍ക്കുമാണ് ഇത് ഏറെ പ്രയോജനപ്പെടുക. സ്വയം സ്റ്റിക്കര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുന്നതാണ് പാസീവ് മോഡ്. അപകടം നടക്കാനിടയാകുന്ന സാഹചര്യത്തിൽ സ്വയം അടിവസ്ത്രത്തിലുള്ള സ്വിച്ചിൽ അമർത്തിയാലും സന്ദേശം ഫോണ്‍ നമ്പറുകളിലേക്ക് പോകും.